????

അഷിതയുടെ രണ്ടു കുഞ്ഞിക്കഥകൾ

കാക്ക കൊണ്ടോയീ....

ഒരിടത്ത് ഒരിടത്ത് ഒരു അമ്മൂമ്മ ഉണ്ടായിരുന്നു. കഥ പറയുന്ന ഒരു അമ്മൂമ്മ. കഥ കേള്‍ക്കാനത്തെുന്ന കുട്ടികള്‍ അവരെ കഥയമ്മ എന്നു വിളിച്ചുപോന്നു. കഥയമ്മയുടെ കൈയില്‍ ഒരു ഭാണ്ഡമുണ്ട്. അതിന്‍െറ ഉള്ളിലെന്താണെന്ന് ആര്‍ക്കുമറിയില്ല. കഥയമ്മയോട് കുഞ്ഞുങ്ങള്‍ ചോദിച്ചാല്‍ പറയും അതില്‍ നിറയെ കഥകളാണെന്ന്. സത്യമായിരിക്കണം. കാരണം, അതിന്‍െറ ഉള്ളില്‍ ഓറഞ്ചിട്ടാല്‍ ഉടനെ വരും ഓറഞ്ചിനെക്കുറിച്ചൊരു കഥ. ഒരു പഴമിട്ടാല്‍ ഉടനെ വരും വാഴയെക്കുറിച്ചൊരു കഥ.
ഒരു ദിവസം കഥയമ്മ ഒരു ആല്‍ത്തറയില്‍ ഭാണ്ഡത്തിന്‍െറ മുകളില്‍ തലയുംവെച്ച് മയങ്ങുമ്പോള്‍ ചിന്നു എന്നൊരു രണ്ടു വയസ്സുകാരി അമ്മ കാണാതെ വീട്ടില്‍നിന്നിറങ്ങി കഥയമ്മയുടെ അടുത്തത്തെി.
-ആരാണ് കിടന്നുറങ്ങുന്നത്, കഥയമ്മയല്ളേ !
വെളുവെളാന്ന് നരച്ചമുടി; പളപളാന്ന് തിളങ്ങുന്ന മൂക്കുത്തി.  ഹായ് ! ചിന്നു തന്നത്താനെ വരച്ച സ്വന്തം ചിത്രം കഥയമ്മയുടെ ഭാണ്ഡത്തിലേക്കിട്ടു. കഥയമ്മ ഉണര്‍ന്നെഴുന്നേറ്റ് ചിന്നുവിനെ മടിയിലിരുത്തി ചിന്നുവിനെക്കുറിച്ച്  ഒരു കഥ പറഞ്ഞു.
-ഒരിടത്തൊരിടത്ത് ചിന്നു എന്നു പേരായി ഒരു കുസൃതിക്കുട്ടി ഉണ്ടായിരുന്നു. ചിന്നൂന്‍െറ  അമ്മ ഒരു ഗൗരവക്കാരിയും മടിച്ചിയും ആയിരുന്നു. ചിന്നു എന്തു കളിപ്പാട്ടം കളിക്കാനായി ചോദിച്ചാലും അത് എടുത്തുകൊടുക്കേണ്ട മടിക്ക് ചിന്നുവിന്‍െറ അമ്മ പാടും.
‘അയ്യോ, അതു കാക്ക കൊണ്ടോയീ ചിന്നൂ, കാക്ക കൊണ്ടോയീ...’
എല്ലാ കളിപ്പാട്ടങ്ങളും കാക്ക കൊണ്ടുപോയാല്‍ ഒരു കുട്ടി എന്തുവെച്ചാണ് കളിക്കുക? ചിന്നുവിനു ദേഷ്യം വന്നു. മൂക്കത്താണ് ചിന്നുവിനു ദേഷ്യം. അതുകൊണ്ട് അമ്മ ഉറങ്ങുന്ന നേരം ചിന്നു വീടുവിട്ട് ഇറങ്ങിയതാണ്, കാക്കയെ അന്വേഷിച്ച്. കാക്കയോട് ചോദിച്ചിട്ടുതന്നെ  കാര്യം. വരുന്ന വഴിക്ക് കാക്ക വാഴക്കയ്യിലിരിക്കുന്നതു കണ്ടു. ചിന്നു കളിപ്പാട്ടം ചോദിച്ചപ്പോള്‍ കാക്ക പാടി. ‘അയ്യോ, പൂച്ച കൊണ്ടോയീ, ചിന്നൂ പൂച്ചകൊണ്ടോയീ’.
 പിന്നെയും നടന്നുനടന്ന് പൂച്ചയെ കണ്ട് ഭീഷണിപ്പെടുത്തിയപ്പോള്‍ പൂച്ച എന്തു പറഞ്ഞെന്നോ ‘അയ്യോ, പപ്പി കൊണ്ടോയീ, ചിന്നൂ പപ്പി കൊണ്ടോയീ’.
ചിന്നൂന് സങ്കടം വന്നു. എന്തൊരു ലോകം ! ഒരു ചെറിയ കുട്ടിയെ കളിക്കാനും സമ്മതിക്കില്ളേ? വീട്ടിലേക്കുള്ള വഴിയും മറന്നു. അങ്ങനെ നടക്കുമ്പോഴാണ് കഥയമ്മ കിടന്നുറങ്ങുന്നതു കണ്ടത്.
അപ്പോള്‍ എന്തു സംഭവിച്ചുവെന്നോ !
-മുടിയൊക്കെ പാറിപ്പറന്ന്, ചിന്നൂന്‍െറ അമ്മ! അതാ കരഞ്ഞുകരഞ്ഞ് ഓടിവരുന്നു! ചിന്നു ഒരു ചാട്ടത്തിന് കഥയമ്മയുടെ പിന്നിലൊളിച്ചു. ചിന്നൂന്‍െറ അമ്മ കഥയമ്മയുടെ മുന്നില്‍ വന്നുനിന്നു കരയാന്‍ തുടങ്ങി.
‘ചിന്നൂനെ കാണാനില്ല കഥയമ്മേ...
ചിന്നൂനെ എവിടെയെങ്കിലും കണ്ടോ?
ഈശ്വരാ, ഞാനിനി എന്തിനു ജീവിക്കണം’?
അത്രയും കേട്ടപ്പോള്‍ ചിന്നു കഥയമ്മയുടെ പിറകില്‍ ഒളിച്ചിരുന്നു പാടി
‘കാക്ക കൊണ്ടോയീ ചിന്നൂനെ കാക്ക കൊണ്ടോയീ...’
കഥയമ്മ പൊട്ടിച്ചിരിച്ചുപോയി. ചിന്നുവിന്‍െറ അമ്മ ചിന്നുവിനെ വാരിയെടുത്ത് നിറയെ ഉമ്മ കൊടുത്തു.
പിന്നീടൊരിക്കലും കളിക്കാന്‍ കളിപ്പാട്ടം കിട്ടാതെ ചിന്നു സങ്കടപ്പെട്ടിട്ടില്ലത്രെ...

ചിത്രീകരണം: പ്രശാന്തന്‍ മുരിങ്ങേരി
 


ചിന്നുവും കഥയമ്മയും

ചിന്നു വീട്ടുമുറ്റത്തു കളിച്ചുകൊണ്ടു നില്‍ക്കുമ്പോഴാണ്  മാങ്ങാക്കാരന്‍ അതിലേ മാങ്ങേയ് എന്നു വിളിച്ചു കൊട്ട തലയിലേറ്റി വന്നത്. ഉടനെ ചിന്നു കളിനിര്‍ത്തി ചോദിച്ചു.
ഇക്കാക്കാ, ഇക്കാക്കാ കൊട്ടേലെന്താണ്? പയ്ത്ത മാങ്ങാ പയ്ത്ത മാങ്ങാ, കാശിനു രണ്ടെണ്ണം എന്നു മമ്മദ്കാക്ക ഉത്തരം പറഞ്ഞു. ചെറിയ കുട്ടികളുടെ കൈയിലെവിടുന്നാ കാശ്? അതുകൊണ്ട് ചിന്നുവും കൂടെ കളിക്കുകയായിരുന്ന പപ്പിയും പൂച്ചയും  തലതാഴ്ത്തി നിന്നു. അപ്പൊ മമ്മദ്ക്ക വീണ്ടും പാടി ‘വാങ്ങിക്കോ മോളേ വാങ്ങിക്കോ മോളേ’ വിശക്കുമ്പോ തിന്നാലോ...
ചിന്നുവിന്‍െറ തുടുത്ത കൈയിലേക്ക് മമ്മദ്ക്ക കുഞ്ഞു മാമ്പഴം വെച്ചുകൊടുത്തു. അതുകണ്ട കാക്ക ഓടിപ്പറന്നു വന്ന് മാമ്പഴം കൊത്തിയെടുത്തു ഒറ്റ പോക്ക്! ‘ചിന്നുവും ഓടി പിന്നാലെ’ ചിന്നുവിന്‍െറ പിന്നാലെ പപ്പിയും പപ്പിയുടെ പിന്നാലെ പൂച്ചയും. കശ്മല എന്ന കാക്ക മരക്കൊമ്പില്‍ ചെന്നിരുന്നു. കുറച്ചുനേരം ആരും ഒന്നും മിണ്ടിയില്ല. അപ്പോഴാണ് കാക്കയെ പണ്ടൊരു നീലാണ്ടന്‍ കുറുക്കന്‍ പറ്റിച്ച കഥ പൂച്ച ചിന്നുവിന്‍െറ ചെവിയില്‍ പറഞ്ഞത്.

ചിന്നു കാക്കയോട് ഉറക്കെ ചോദിച്ചു.
‘കാക്കേ കാക്കേ കൂടെവിടെ’ കശ്മല മിണ്ടിയില്ല. പണ്ടൊരു കുറുക്കന്‍ പറ്റിച്ചതാണ്. ഇനി ഒരുത്തനും പറ്റിക്കണ്ട. അപ്പോള്‍ പപ്പി വിളിച്ചു ചോദിച്ചു കൂട്ടിനകത്തൊരു കുഞ്ഞില്ളേ?
കശ്മലയുടെ കണ്ണുനിറഞ്ഞു. നേരാണ്. നേരം ഇത്രയായിട്ടും ഒന്നും കൊത്തിക്കൊണ്ടു കൊടുക്കാന്‍ കഴിഞ്ഞില്ല. ഈ മൂന്നും പോയിട്ടുവേണം മാങ്ങയും കൊണ്ടു പറക്കാന്‍. അപ്പോള്‍ പൂച്ച ചോദിച്ചു ‘കുഞ്ഞിനു തീറ്റ കൊടുക്കാഞ്ഞാല്‍ കുഞ്ഞു വെശന്നു കരയൂലെ’? പാവം കശ്മലക്ക് നെഞ്ചു തകരുന്ന പോലെ തോന്നി. അവള്‍ വാവിട്ടു കാ... കാ... എന്നു വിളിച്ചു കരഞ്ഞു.  മാമ്പഴം താഴെ വീഴുന്നതു കണ്ട, ചിന്നു കുപ്പായം നിവര്‍ത്തി അതിലേക്കു പിടിച്ചെടുത്തു.  പിന്നെ പപ്പിയും പൂച്ചയുമൊത്ത് നൃത്തംചവിട്ടി പോയി. കഥയമ്മയുടെ അരികിലേക്ക്, കഥയമ്മ മാങ്ങ പൂളി. എല്ലാവരും തിന്നു തീര്‍ത്തപ്പോള്‍ വട്ടക്കണ്ണു നിറച്ച് ചിന്നു പറഞ്ഞു ‘എന്നാലും പാവം കാക്ക അല്ളേ!’
കണ്ണു തുടച്ച് പൂച്ച പറഞ്ഞു: അതെ.
ചുണ്ടു നക്കിത്തുടച്ച് പപ്പിയും പറഞ്ഞു: ‘അതെയതെ!’

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.