????? ???????????????

ടോള്‍സ്റ്റോയിയുടെ മാനസപുത്രികള്‍

1828 സപ്തംബര്‍ ഒമ്പതിന് പടിഞ്ഞാറന്‍ റഷ്യയിലെ റ്റൂള നഗരത്തിനടുത്തുള്ള യാസ്നയ പോല്യാനയില്‍ ജനിച്ച ലിയോ നിക്കോളെവിച്ച് ടോള്‍സ്റ്റോയിയുടെ രചനകള്‍ 19ാം നൂറ്റാണ്ടിലെ റഷ്യന്‍ ജീവിതത്തിന്‍റെ നേര്‍ക്കാഴ്ചയായിരുന്നു. തനത് ആവിഷ്കാരത്തിന്‍റെയും മനുഷ്യ ജീവിതത്തിലെയും ചരിത്രത്തിലെയും പ്രശ്നങ്ങളോടുള്ള സമഗ്രമായ സമീപനത്തിന്‍റെയും പേരില്‍ അദ്ദേഹത്തിന്‍റെ കൃതികള്‍ ശ്രദ്ധിക്കപ്പെട്ടു. എക്കാലത്തെയും മികച്ച 10 നോവലുകളില്‍ ആദ്യത്തേതായി ടോള്‍സ്റ്റോയിയുടെ “യുദ്ധവും സമാധാനവും’, “അന്നകരെനീന’ എന്നിവ വിലയിരുത്തപ്പെട്ടു. യുദ്ധവും സമാധാനവും എന്ന നോവലിലെ കേന്ദ്ര കഥാപാത്രമായ നടാഷയും അന്നകരെനീനയിലെ അതേ പേരുള്ള നായികയും തങ്ങളുടെ സ്വാതന്ത്ര്യത്തിനും വ്യക്തിതാല്‍പര്യങ്ങള്‍ക്കും വേണ്ടി സമൂഹത്തിന്‍റെ സദാചാര നിയമങ്ങളോട് കലഹിക്കുകയും ഒടുവില്‍ അതേ നിയമങ്ങളുടെ ചുഴിയില്‍ പെട്ട് ഉഴലുകയും ചെയ്തവരാണ്.

നടാഷ -സമരസപ്പെടാന്‍ വിധിക്കപ്പെട്ടവള്‍
“യുദ്ധവും സമാധാനവും’ പത്തൊമ്പാം നൂറ്റാണ്ടില്‍ റഷ്യന്‍ മേഖലയിലുണ്ടായ നെപ്പോളിയന്‍റെ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ടതാണ്. നെപ്പോളിയന്‍ ബോണപ്പാര്‍ട്ട് റഷ്യ അക്രമിച്ചപ്പോഴുണ്ടായ റഷ്യയിലെ യുദ്ധ സന്നാഹങ്ങളുടെയും യുദ്ധത്തില്‍ പോരാടിയ പടയാളികളുടെയും അവരുടെ കുടുംബങ്ങങ്ങളുടെയും അവരെ ആശ്രയിച്ചു കഴിഞ്ഞിരുന്നവരുടെയും കഷ്ടത നിറഞ്ഞ ജീവിതങ്ങളുടെ ഹൃദയ ഭേദകമായ കഥയാണ് നോവലിന്‍റെ ഇതിവൃത്തം. കഥ നടക്കുന്ന 1805-1820 കാലഘട്ടത്തിലെ റഷ്യന്‍ ജനതയുടെ മൊത്തം വികാര വിചാരങ്ങള്‍ 18 വര്‍ഷമെടുത്ത് എഴുതിയ നോവലില്‍ പ്രതിഫലിക്കുന്നുണ്ട്. അഞ്ച് കുടുംബങ്ങളിലെ അംഗങ്ങളുടെ ജീവിതത്തിലൂടെ കഥ പറഞ്ഞു പോകുന്ന നോവലിന്‍റെ തുടക്കത്തില്‍ 12 വയസുകാരിയായ നടാഷ റെസ്തോവയെ കാണാം. ഏറെ പ്രസന്നവദനയല്ലെങ്കിലും ജീവസുറ്റവളും നൃത്തം ചെയ്യുകയും പാട്ടു പാടുകയും ചെയ്യുന്ന പെണ്‍കുട്ടിയായാണ് നടാഷയെ പരിചയപ്പെടുത്തുന്നത്. നോവലിന്‍റെ തുടക്കത്തില്‍ തന്‍റെ ഇഷ്ടങ്ങളുടെയും സ്വപ്നങ്ങളുടെയും ചിറകിലേറി അവള്‍ പറക്കുന്നു.

ടോള്‍സ്റ്റോയിയുടെ 'യുദ്ധവും സമാധാനവും' എന്ന പുസ്തകത്തിന്‍റെ കവർ
 


അമ്മയോടൊപ്പം റൊസ്തോവ് എസ്റ്റേറ്റില്‍ താമസിക്കുന്ന യുവ പ്രഭു ബോറിസ് ഡ്രുബസ്കോയുമായി നടാഷ അടുപ്പത്തിലാവുന്നു. എന്നാല്‍, ജോലിക്കായി ബോറിസ് മറ്റൊരു സ്ഥലത്തേക്ക് പോകുന്നതോടെ അവര്‍ തമ്മിലുള്ള ബന്ധം ശിഥിലമായി. തന്‍റെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായ പിയറി ബഷ്കോവ് നടാഷയുടെ ചങ്ങാതിയാണ്. ഒരിക്കല്‍ പിയറി, ആന്‍ഡ്രേ ബോള്‍കോണ്‍സ്കി രാജകുമാരനെ നടാഷക്ക് പരിചയപ്പെടുത്തുന്നു. ഇരുവരും പ്രണയിത്തിലാവുകയും വിവാഹം നിശ്ചയിക്കുകയും ചെയ്യുന്നു. എന്നാല്‍, അവരുടെ ബന്ധത്തെ ആന്‍ഡ്രേയുടെ പിതാവ് എതിര്‍ക്കുകയും വിവാഹം ഒരു വര്‍ഷത്തേക്ക് നീട്ടിവെക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. ഈ സമയം ആന്‍ഡ്രേ പോളിഷ് അതിര്‍ത്തിയില്‍ സ്റ്റാഫ് ഓഫീസറായി ജോലി നോക്കുകയായിരുന്നു. ആന്‍ഡ്രേയുടെ അഭാവത്തില്‍, വിവാഹിതനായ അനാട്ടോള്‍ കുറാഗിന്‍ സന്ദര്‍ഭം മുതലെടുക്കാന്‍ ശ്രമിക്കുന്നു. നടാഷ അയാളുടെ പ്രലോഭനത്തിലകപ്പെടുന്നു. ഇവരുടെ ബന്ധത്തെ നടാഷയുടെ ബന്ധു സോണിയ എതിര്‍ത്തെങ്കിലും അവളെ ധിക്കരിച്ചു കൊണ്ട് ആന്‍ഡ്രേയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതിനായി ആന്‍ഡ്രേയുടെ സഹോദരി മരിയക്ക് നടാഷ കത്തയക്കുന്നു. കുറാഗിനോടൊപ്പം ഒളിച്ചോടാനുള്ള നടാഷയുടെ ശ്രമം തകരുന്നതോടെ അവള്‍ ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും ജീവിതത്തിലേക്ക് തിരിച്ചുവരുന്നു. നെപ്പോളിയന്‍ റഷ്യയിലേക്ക് കടന്നതോടെ മോസ്കോയിലെ വീട്ടിലേക്കു മാറിയ റെസ്തോവ് കുടുംബം അവിടെ നിന്നും പാലായനം ചെയ്യാന്‍ നിര്‍ബന്ധിതരാവുന്നു. പരിക്കേറ്റ സൈനികരെ കൊണ്ടുപോകുന്ന വണ്ടിയാണ് അവര്‍ യാത്രക്കായി തിരഞ്ഞെടുത്തത്. പരിക്കേറ്റ സൈനികരില്‍ ആന്‍ഡ്രേയുമുണ്ടെന്ന് മനസിലാക്കിയ നടാഷ മുഴുവന്‍ സമയവും അവനെ പരിചരിക്കാനായി നീക്കിവെക്കുന്നു. ഫ്രഞ്ച് സൈന്യം മോസ്കോയില്‍ നിന്ന് നീങ്ങിയപ്പോള്‍ നടാഷ മരിയയെ കാണുകയും അവര്‍ ഒരുമിച്ച് അവനെ ശുശ്രൂഷിക്കുകയും ചെയ്യുന്നു. പീന്നീട് നടാഷ പിയറിയെ കണ്ടുമുട്ടുന്നു. പിയറിയുമായി അകന്നു കഴിയുകയായിരുന്ന അയാളുടെ ഭാര്യ മരിച്ചിരുന്നു. നടാഷയും പിയറിയും ഒന്നിച്ചൊരു ജീവിതം തുടങ്ങുകയും നാലു കുട്ടികള്‍ക്ക് ജന്മം നല്‍കുകയും ചെയ്യുന്നതോടെ നോവലിന് ശുഭപര്യവസാനമാകുന്നു. സന്തോഷകരമായ ജീവിതത്തില്‍ നിന്നുമുള്ള നടാഷയുടെ വീഴ്ചയും ഉയര്‍ത്തെഴുന്നേല്‍പ്പുമാണ് കഥയെ മുന്നോട്ട് നയിക്കുന്നത്. സ്വന്തം സ്വാതന്ത്ര്യത്തില്‍ വിശ്വസിച്ചിരുന്ന നടാഷ നോവലിന്‍റെ അവസാന ഭാഗത്തില്‍ സമൂഹത്തിന്‍റെ കെട്ടുപാടുകളില്‍ ചേരുകയും സാധാരണ സ്ത്രീയായി പരിണമിക്കുകയും ചെയ്യുന്നു.

അന്ന -സദാചാര നിയമങ്ങളുടെ ഇര
'അന്നകരെനീന' എന്ന വിഖ്യാത നോവലിലെ നായിക അന്നയുടെ സാമൂഹിക അവസ്ഥയും നടാഷയുടേതിനോട് സമാനമാണ്. പത്തൊമ്പതാം നൂറ്റാണ്ടിലെ റഷ്യന്‍ സാമൂഹിക ജീവിതത്തിന്‍റെ പശ്ചാത്തലത്തില്‍ ചില കുടുംബങ്ങളുടെ കഥകള്‍ കൂട്ടിയിണക്കിയതാണ് “അന്നകരെനീന’യുടെ ഇതിവൃത്തം. സ്നേഹരഹിതമായ ഒരു വിവാഹത്തിന്‍റെ ബന്ധനം സൃഷ്ടിച്ച ശൂന്യതയില്‍ വിവാഹേതര പ്രണയത്തിലേക്കും അവിശ്വസ്തതയിലേക്കും തള്ളിനീക്കപ്പെട്ട ഒരു സ്ത്രീയുടെ കഥയാണ് നോവല്‍ പറയുന്നത്.” സന്തുഷ്ടകുടുംബങ്ങളെല്ലാം ഒരേ മട്ടാണ്, എന്നാല്‍ ഓരോ അസന്തുഷ്ടകുടുംബവും അസന്തുഷ്ടമായിരുക്കുന്നത് അതിന്‍റേതായ രീതിയിലാണ്.’ എന്ന പ്രശസ്തമായ വാക്യത്തില്‍ തുടങ്ങുന്ന നോവല്‍, കുടുംബബന്ധങ്ങളിലെ പ്രതിസന്ധികളെ പിന്തുടരുന്നു. തന്നേക്കാള്‍ 20 വയസ് പ്രായംകൂടിയ ഭര്‍ത്താവുമൊത്ത് ജീവിക്കുവാന്‍ വിധിക്കപ്പെട്ടവളായിരുന്നു അന്ന. സമൂഹത്തിന്‍റെ സദാചാര നിയമങ്ങളുടെ ഇരയായിരുന്നു അവള്‍. അന്ന അവളുടെ സഹോദരന്‍റെ തകര്‍ന്ന ദാമ്പത്യജീവിതത്തിലേക്ക് വരുന്നതോടെയാണ് കഥ തുടങ്ങുന്നത്. പീറ്റേഴ്സ്ബര്‍ഗിലെ ഒരുയര്‍ന്ന ഉദ്യോഗസ്ഥന്‍റെ ഭാര്യയായ അന്നാ കരേനിന മോസ്കോവില്‍ വെച്ച് വ്രോണ്‍സ്കി എന്നയാളുടെ കാമുകിയായിത്തീര്‍ന്നു. അന്നയെ വിവാഹം ചെയ്യാന്‍ വ്രോണ്‍സ്കി താൽപര്യം പ്രകടിപ്പിക്കുന്നു. എന്നാല്‍, റഷ്യന്‍ സാമൂഹിക നിയമങ്ങളുടെയും റഷ്യന്‍ ഓര്‍ത്തഡോക്സ് പള്ളിയുടെ ധാര്‍മികതയുടെയും സ്വന്തം അരക്ഷിതാവസ്ഥയുടെയും ചങ്ങലക്കുള്ളില്‍ അന്ന അകപ്പെട്ടിരിക്കുകയാണ്. അന്നയും വ്രോണ്‍സ്കിയും ഇറ്റലിയിലേക്ക് പോകുന്നു. എന്നാല്‍, അവരുടെ ബന്ധം മുന്നോട്ട് പോകുന്നില്ല. തിരിച്ച് റഷ്യയിലെത്തുന്ന അവള്‍ കൂടുതല്‍ ഒറ്റപ്പെടുന്നു. വ്രേണ്‍സ്കി തന്‍റെ സാമൂഹിക ജീവിതം തുടരുമ്പോള്‍ സ്വയം നിയന്ത്രണം വിട്ടുപോകുമെന്ന ഭയത്തിലാണ് അന്ന ജീവിക്കുന്നത്. ഒടുവില്‍ ജീവിതം സമസ്യയാക്കി മാറ്റിക്കൊണ്ട് അവള്‍ ആത്മഹത്യയില്‍ അഭയം തേടുന്നു.

ടോള്‍സ്റ്റോയിയുടെ 'അന്നകരെനീന' എന്ന പുസ്തകത്തിന്‍റെ കവർ
 


ഇവരോ സ്ത്രീ മാതൃക?
1862ല്‍ 34ാം വയസില്‍ 19 വയസുള്ള സോഫിയ അഡ്രീനയെ വിവാഹം കഴിച്ച ടോള്‍സ്റ്റോയി തന്‍റെ രണ്ടു നായികമാരെയും ജീവിതത്തിന്‍റെ ഒരു ഘട്ടത്തില്‍വെച്ച് ആത്മഹത്യയിലേക്ക് തള്ളിവിടുന്നുണ്ട്. സമൂഹത്തിലെ ദുരാചാരങ്ങളെയും അതിലകപ്പെട്ടു പോകുന്ന സ്ത്രീ ജീവിതങ്ങളെയും കുറിച്ച് ടോള്‍സ്റ്റോയി തുറന്നെഴുതിയെങ്കിലും അത്തരം സാമൂഹികാവസ്ഥയില്‍ മാറ്റം സൃഷ്ടിക്കാന്‍ അദ്ദേഹം ശ്രമിച്ചില്ലെന്ന വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. സമൂഹത്തിന്‍റെ സദാചാര നിയമങ്ങളെ എതിര്‍ത്ത നായികമാരുടെ പതനമാണ് ടോള്‍സ്റ്റോയി രേഖപ്പെടുത്തിയത്. നടാഷ മരണത്തില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും അന്ന മരണത്തില്‍ അഭയം പ്രാപിക്കുന്നു. നടാഷ ജീവിതത്തിലേക്ക് മടങ്ങിവരാന്‍ കാരണം അവളുടെ പ്രശ്നങ്ങളില്‍ കുടുംബം ഒപ്പം നിന്നതും തന്നെ സ്വയം ദൈവത്തില്‍ സമര്‍പ്പിച്ചതുമാണെന്ന് ടോള്‍സ്റ്റോയി വ്യഗമായി പറഞ്ഞുവെക്കുന്നുണ്ട്. എന്നാല്‍, കുടുംബത്തില്‍ നിന്നും ഒറ്റപ്പെട്ട് കഴിഞ്ഞ അന്നക്ക് ആരില്‍ നിന്നും ആശ്രയം ലഭിച്ചില്ല. സാമൂഹിക ചുറ്റുപാടുകളും വിലക്കുകളും സ്ത്രീയെ തന്‍റെ സ്വാതന്ത്ര്യത്തില്‍ നിന്നും സന്തോഷത്തില്‍ നിന്നും എത്രമാത്രം അകറ്റി നിര്‍ത്തുന്നുവെന്ന് ടോള്‍സ്റ്റോയി ഈ രണ്ടു നായികമാരിലൂടെ വെളിപ്പെടുത്തുന്നു. എന്നാല്‍, ആ വ്യവസ്ഥിതിയെ തച്ചുടക്കാന്‍ അദ്ദേഹം തയാറായതുമില്ല.

അന്നയും നടാഷയും 19ാം നൂറ്റാണ്ടിലെ സ്ത്രീകളായിരുന്നു. 21ാം നൂറ്റാണ്ടിലെ സ്ത്രീയുടെ അവസ്ഥയും ഇവരില്‍ നിന്നും തെല്ലും വ്യത്യസ്തമല്ലെന്നത് ഭീതിതമായ യാഥാർഥ്യമാണ്. ഇരയെ കുറ്റവാളിയായി കാണുന്ന കാലത്ത് സമൂഹത്തിന്‍റെ ജീര്‍ണതയെ വാക്കുകള്‍ കൊണ്ട് തുടച്ചുകളയാന്‍ എഴുത്തുകാര്‍ ആര്‍ജവം കാണിക്കേണ്ടതുണ്ട്. ഈ ദൗത്യമേറ്റെടുക്കാന്‍ ധൈര്യപ്പെട്ടത് ചുരുക്കം ചില എഴുത്തുകാര്‍ മാത്രമാണ്. ഇവര്‍ കപട സദാചാരക്കാരുടെ വാളിന് ഇരയാവുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്.
(നവംബര്‍ 20ന്  ലോക പ്രശസ്ത റഷ്യന്‍ എഴുത്തുകാരനും ചിന്തകനുമായ ലിയോ ടോള്‍സ്റ്റോയിയുടെ 106ാം ചരമവാര്‍ഷികം)

Tags:    
News Summary - writer Leo Tolstoy' books war and peace & anna karenina

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.