അവിശ്വസനീയത മറികടന്നെത്തുന്ന നൊമ്പരം: അങ്കണം ഷംസുക്കയെക്കുറിച്ച് സുസ്മേഷ് ചന്ത്രോത്ത്

വല്ലാത്ത ഷോക്കിലും വേദനയിലും അവിശ്വസനീയതയെ മറികടന്നെത്തിയ സങ്കടത്തിലുമാണ് ഇതെഴുതുന്നത്. അങ്കണം സാംസ്‌കാരികവേദിയുടെ എല്ലാമെല്ലാമായിരുന്ന ആര്‍. ഐ. ഷംസുദ്ദീന്‍ എന്ന ഷംസുക്ക ഇനി നമുക്കിടയിലില്ല. മൂന്ന് പതിറ്റാണ്ടുകള്‍ നിസ്വാര്‍ത്ഥമായി ഒരു സംഘടനയെ കൊണ്ടുനടന്നു എന്നത് ചെറിയ കാര്യമല്ല. എന്നാല്‍ അതിലും വലിയ കാര്യമാണ് മൂന്ന് പതിറ്റാണ്ടുകൊണ്ട് ഒരുപിടി യുവപ്രതിഭകളെ മലയാളഭാഷയ്ക്കും സാഹിത്യത്തിനുമായി അദ്ദേഹം സ്വന്തം കൈയിലെ പണം മുടക്കി വളര്‍ത്തിയെടുത്തുവിട്ടു എന്നത്.

എന്നെ സംബന്ധിച്ച് അങ്കണം സാഹിത്യവേദികൂടി ഉരുക്കിയെടുത്ത് പണിത ചരക്കാണ് ഞാന്‍. തൊണ്ണൂറുകളുടെ പകുതി മുതല്‍, ജീവിതത്തിലെ പല സന്ദര്‍ഭങ്ങളിലും അങ്കണം എന്ന സംഘടനയും ഷംസുക്കയും എന്നോടൊപ്പം നിന്നിട്ടുണ്ട്. അതിനും മുന്നേ അനൂപേട്ടന്‍ എന്ന വലിയ മരത്തിന്റെ തണലിലായിരുന്നു ഞാനെപ്പോഴും. പിന്നെ ശങ്കരേട്ടന്റെയും. അതിന്റെ സുരക്ഷിതത്വത്തില്‍ എനിക്ക് ലഭിച്ച തെന്നലുകളും കുളിര്‍മ്മയുമായിരുന്നു അങ്കണവും ഗീതാ ഹിരണ്യന്‍ ടീച്ചറും ഷംസുക്കയുമെല്ലാം.

ഇ. പി. സുഷമ എന്ന എഴുത്തുകാരിയെ ഇന്ന് കേരളം ഓര്‍ക്കുന്നുണ്ടെങ്കില്‍ അതിന്റെ കാരണക്കാരന്‍ ഈ ഷംസുക്ക മാത്രമാണ്.

തികച്ചും മതേതരമായ ജീവിതം. മാതൃകയാക്കാവുന്ന ദാമ്പത്യജീവിതം. പങ്കാളിയോടുള്ള സ്‌നേഹത്തിനും സമര്‍പ്പണത്തിനും കണ്ണടച്ചുദാഹരിക്കാവുന്ന വ്യക്തിത്വം. കോണ്‍ഗ്രസുകാരനായി ജീവിക്കുമ്പോഴും സാംസ്‌കാരിക സംഘടനയില്‍ കാര്യമായി രാഷ്ട്രീയം കലര്‍ത്താതിരുന്ന ചുമതലക്കാരന്‍. ഒത്തുതീര്‍പ്പുകള്‍ക്ക് തയ്യാറായാല്‍ എത്രവേണേലും ഫണ്ട് കിട്ടുമെങ്കിലും സംഘടനയുടെ നടത്തിപ്പ് കാര്യങ്ങളില്‍ ഫണ്ടിനു വേണ്ടി കോംപ്രമൈസ് ചെയ്യാതിരുന്ന ഒരാള്‍. 

ഷംസുദീനും സരസ്വതി ടീച്ചറും
 

ഓരോ ക്യാമ്പിലും പങ്കെടുക്കുന്ന ഒരുപാട് കുട്ടികള്‍ക്ക് അവരുടെ രക്ഷാകര്‍ത്താവിനെ പോലെ നിന്ന ആള്‍. പഠിക്കാന്‍ സാമ്പത്തിക പ്രതിസന്ധിയുള്ള കുട്ടികള്‍ക്ക് ലാഭേച്ഛയോ സ്വാര്‍ത്ഥതാല്‍പര്യമോ ഇല്ലാതെ പണം കൊടുത്ത് സഹായിച്ചിരുന്ന ഒരാള്‍. 

ഓരോ കഥയും കവിതയും സരസ്വതി ടീച്ചര്‍ വായിച്ച് വിലയിരുത്തി ക്യാമ്പിലേക്ക് തെരഞ്ഞെടുക്കുന്ന കുട്ടികളെ അവരിരുവരും ജീവിതത്തിലേക്കാണ് തെരഞ്ഞെടുക്കുന്നതെന്ന് തോന്നിയിട്ടുണ്ട്. അതായിരുന്നു വാസ്തവം. ഞങ്ങള്‍ കൗമാരക്കാരെല്ലാം രാവും പകലും താമസിച്ച് പങ്കെടുക്കുന്ന ക്യാമ്പുകളില്‍ പെണ്‍കുട്ടികളുടെ സൗകര്യവും സുരക്ഷയും നോക്കി അവരെല്ലാം ഉറങ്ങാന്‍ കിടക്കുന്നതുവരെ ക്യാമ്പില്‍ ഉറക്കമൊഴിച്ച് നില്‍ക്കുന്ന ഷംസുക്ക ഒരു മാതൃകയായിരുന്നു. കുഴപ്പക്കാരായ ആണ്‍കുട്ടികളേയും കുഴപ്പമുണ്ടാക്കാനിടയുള്ള നിരീക്ഷകരേയും മറ്റും പ്രത്യേകമായി നിരീക്ഷിക്കാന്‍ ക്യാമ്പ് തീരും വരെ ആളുണ്ടാവും.

ടി. പത്മനാഭനും എം. എ ബേബിയും വി. എം സുധീരനും കെ. ജി ശങ്കരപ്പിള്ളയുമടങ്ങുന്ന സാഹിത്യ സാംസ്‌കാരിക സംഘം അങ്കണം വേദികളില്‍ അതിഥികളായി വന്നുപോകുന്നത് അദ്ദേഹത്തിന്റെ സംഘടനാപാടവത്തില്‍ ഒന്നുമാത്രം.
വലത്തോട്ടുടുത്ത കസവ് മുണ്ട്. രണ്ടുപടി കൈ മടക്കിവച്ച മുഴുനീളന്‍ കുപ്പായം. കൈയിലിറുക്കിപ്പിടിച്ച തൂവാല. എണ്ണ കിനിഞ്ഞിറങ്ങുന്ന മുടിയും നെറ്റിയും. കണ്ണട. ചുഴിഞ്ഞും ചുളിഞ്ഞും നോക്കുന്ന കണ്ണുകള്‍.. അടുത്തെത്തുമ്പോള്‍ ചുമലില്‍ ചേര്‍ത്തുപിടിച്ച് സ്വകാര്യമായി പറയുന്ന ചില വാര്‍ത്തകള്‍.. വിശേഷങ്ങള്‍.. സംഘടനയെ സംബന്ധിച്ച ആകുലതകള്‍..

ഇപ്പോള്‍ ഇതെല്ലാം ഓര്‍ക്കുമ്പോള്‍ വല്ലാത്ത വിഷമം മാത്രം. പെട്ടെന്നുപോയ ഷംസുക്കയെ ഓര്‍ത്ത്. രോഗപീഢകളെ അതിജീവിച്ച് ഷംസുക്കയ്ക്കായി ജീവിക്കുന്ന ടീച്ചറിനെയോര്‍ത്ത്..
വല്ലാത്ത വല്ലാത്ത നൊമ്പരം മാത്രം..

Tags:    
News Summary - susmesh chandroth writes abourt ankanam shamsudeen-literature news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.