സുധീഷിന് ഒരു പൂവ്

കഥകളെഴുതിത്തുടങ്ങുകയും അല്പസ്വല്പം പേരായിത്തുടങ്ങുകയും ചെയ്ത  കാലം . ഏതോ ചില കുറിപ്പുകളില്‍, മരുന്നു മണക്കുന്ന എന്‍്റെ കുട്ടിക്കാലത്തിന്‍റെ കണ്ണീരുപ്പു പുരണ്ടു . കുട്ടിക്കാലം , വളര്‍ച്ചയുടെ വഴികള്‍ എന്നീ സ്ഥിരം ചോദ്യങ്ങളടങ്ങുന്ന ഏതോ പത്രത്തിന്‍റെ കലാപരിപാടിയ്ക്ക് ഉത്തരമൊരുക്കിയപ്പോഴാണ് ആശുപത്രിയും  വേദനയും മരുന്നും ചേര്‍ന്ന് ഒരു വലിയ കണ്ണൂനീര്‍ത്തുള്ളിയായി  താളുകളില്‍ വീണത്.

പിറ്റേ ആഴ്ചത്തെ ഒരു മാസികയില്‍ കഥാകൃത്ത് വി . ആര്‍ . സുധീഷ് ഒരു ലേഖനത്തിനിടെ ഒരു വാചകമെഴുതി - ഇവിടെ  ഒരു കഥാകൃത്ത് ഞാനൊരു ആശുപത്രിക്കുട്ടിയാണേ എന്നു പറഞ്ഞ് കരഞ്ഞുകൊണ്ടേയിരിക്കുന്നു. എനിക്കത് വലിയ സങ്കടവും അതിനേക്കാള്‍ വലിയ അത്ഭുതവും ആയി. എന്‍്റെ കുട്ടിക്കാലത്തിന്‍റെ നടവരമ്പുകളെക്കുറിച്ചു ചോദിച്ചാല്‍ പിന്നെ ഞാനെന്തെഴുതണം? എനിക്ക് കൂടല്ലൂരും താന്നിക്കുന്നുമില്ല. കൊല്‍ക്കത്തയും നീര്‍മാതളവുമില്ല. ഉള്ളത്, ഇറങ്ങി ഓടിക്കളിക്കാന്‍ വിളിക്കുന്ന പഞ്ചാരമണല്‍ നിറഞ്ഞ മുറ്റവും ഒരു കീറാകാശവും നോക്കി കിടക്കാന്‍ പാകത്തില്‍ ജനലിനോട് ചേര്‍ത്തിട്ട കട്ടിലും  കുറച്ചാശുപത്രികളും കുറെയേറെ ഡോക്ററര്‍മാരും. എരമല്ലൂരില്‍ നാഷണല്‍ ഹൈവേയുടെ അടുത്ത് ഒരിടവഴിയുടെ  തുടക്കത്തിലാണ് എന്‍റെ വീട്. ഇടവഴിയുടെ ഒടുക്കം കടലാണ്. മഴക്കാലത്ത് കടലിരമ്പം കേള്‍ക്കാം. പക്ഷേ ആ കടലോളം ഒന്നുപോയിവരാന്‍ ഒരിക്കലും കഴിഞ്ഞിട്ടില്ലാത്ത ഒരസുഖക്കാരി പിന്നെന്ത് എഴുതണം ബാല്യത്തെക്കുറിച്ച് എന്നാണ് വി ആര്‍ സുധീഷ് കരുതുന്നത് എന്ന് ചോദിച്ച് ഒരു കത്ത്  മാസികയിലേക്കോ സുധീഷിനോ എഴുതാന്‍ പലതവണ എന്‍്റെ കൈ തരിച്ചു. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്ന   "ദൈവത്തിന് ഒരു പൂവ്" വായിച്ച്  ആരാണ് ഈ സുധീഷ് എന്ന ആലോചനയുമായി താടിയ്ക്ക് കൈകൊടുത്തിരുന്ന പെണ്‍കുട്ടിയെ പിന്നോട്ട് തിരിഞ്ഞുനോക്കുമ്പോള്‍  എനിക്ക് കാണാമായിരുന്നു.  കഥാകൃത്തുക്കള്‍ക്കൊക്കെ മനുഷ്യരെ മനസ്സിലാവാതായോ അതോ അവര്‍ക്ക് കഥാപാത്രങ്ങളെയേ മനസ്സിലാവുകയുള്ളോ എന്ന സങ്കടം എന്നെ വന്ന് മൂടി .

വി.ആർ,സുധീഷ്
 

എഴുതാനിരുന്നതിനിടയിലെപ്പോഴോ സങ്കടത്തിനും ദേഷ്യത്തിനും രൂപാന്തരം വന്നു. അമര്‍ത്തിവയ്ക്കുന്തോറും പുറത്തേക്ക് ചിറകുവച്ചുകുതിക്കുന്ന വാശിയായി പിന്നീടത്. വാശി, എന്നോട് പറഞ്ഞു , ഒസ്യത്തായി കിട്ടിയ ആശുപതികളെക്കുറിച്ച് ഇനിയുമിനിയുമെഴുതണം. ഇതാണ് ഞാന്‍ എന്ന് ഉറക്കെയുറക്കെ വിളിച്ചുപറയണം. കാറ്റ് പോലുമനങ്ങാത്ത ഇടങ്ങളായ , ഇരുട്ടു വിഴുങ്ങി നില്‍ക്കുന്ന, അവസാനതുള്ളി  സ്വപ്നവുമപഹരിക്കാന്‍ തന്നാലാവത് ചെയ്യുന്ന എന്‍റെ ആശുപത്രികളെക്കുറിച്ച്  പിന്നെ ആരും ചോദിക്കാതെയും ഞാന്‍ എഴുതാന്‍  തുടങ്ങി. പ്രിയ എ.എസ് എന്ന എഴുത്തുകാരിയുടെ വേര്, മരുന്നുകളുടെ കെട്ടുകള്‍ക്കുള്ളിലാണ് എന്ന് പുറംലോകത്തിനോട് തലയുയര്‍ത്തിപ്പിടിച്ച് ഞാന്‍ പറഞ്ഞുകൊണ്ടേയിരുന്നു. ഇടയ്ക്ക്  കണ്ണീരൊഴുകിയത് ഞാന്‍ ചിരിച്ചുകൊണ്ട് തുടച്ചുകളഞ്ഞു.

പിന്നീട് വി ആര്‍ സുധീഷ് ഒന്നും എനിക്കെതിരെ പറഞ്ഞുകണ്ടില്ല. അധികം വൈകാതെ  അനുഭവക്കുറിപ്പുകളുടെ ഒരു സമാഹാരം  ഞാന്‍ പ്ളാന്‍ പെയ്തു. മിക്കവാറുമെല്ലാക്കുറിപ്പുകളിലും ആശുപത്രി തന്നെയായിരുന്നു പശ്ചാത്തലം. സമര്‍പ്പണം, വി ആര്‍ സുധീഷിന് എന്നുതന്നെയായിരുന്നു മനസ്സിലെഴുതിയത്. പക്ഷേ പുസ്തകത്തില്‍ ഞാനങ്ങനെയൊന്നും എഴുതിയതേയില്ല. "ഒഴുക്കില്‍ ഒരില " എന്നു ഞാന്‍ പുസ്തകത്തിന് പേരിട്ടു. ആമുഖക്കുറിപ്പില്‍ ഞാനെഴുതി -ആശുപത്രികളും ഞാനും  കഥയും ചേര്‍ന്നതാണീ കുറിപ്പുകള്‍. ആശുപത്രികളെക്കുറിച്ച് ഞാനിങ്ങനെ പേര്‍ത്തും പേര്‍ത്തും പറയുന്നത്  വായനക്കാരെ നേടാനുള്ള ഒരു ഞൊടുക്കുവേലയാണെന്ന ആരോപണം  ഞാനിതിനകം കേട്ടുകഴിഞ്ഞതാണ്. ആശുപത്രിയുടെ ഇടനാഴിയില്‍ വച്ചെന്നോ അണച്ചുപിടിച്ചെന്‍റെ തലവരയായവളാണ് എന്‍റെ സരസ്വതി എന്നുമാത്രം അവര്‍ക്കെന്‍റെ മറുപടി.

പ്രിയ എ.എസ്
 

ഒരുപാടുവര്‍ഷങ്ങള്‍ കഴിഞ്ഞു പോയി. ഏതായാലും "ഒഴുക്കില്‍ ഒരില " യിലൂടെ, ഞാനും ആശുപത്രികളും തമ്മിലുള്ള പൊക്കിള്‍ക്കൊടിബന്ധം വായനക്കാര്‍ക്കൊക്കെയും ബോധ്യമാവുകയോ കാണാപ്പാഠമാവുകയോ ചെയ്തു. അങ്ങനിരിക്കെ ഒരു ദിവസം, കോട്ടയത്തെന്തോ പ്രോഗാമിനു വന്ന സുധീഷ്, എന്നെ ഫോണില്‍ വിളിക്കുകയും എന്‍്റെ വീട്ടില്‍ വരികയും എന്‍റെ അമ്മ സുധീഷിന് ഊണുവിളമ്പിക്കൊടുക്കുകയും ഞങ്ങളെല്ലാവരും അവരവരുടെ  'ആത്മഗാന"ങ്ങളെക്കുറിച്ചു നിറയെ ഓരോന്ന്്് പറയുകയും ചെയ്തു. ആരും ആ  പഴയ ലേഖനത്തെക്കുറിച്ച് യാതൊന്നും  പറഞ്ഞില്ല. പിന്നെ എന്നോ ഒരിയ്ക്കല്‍ ഫോണില്‍ സംസാരിക്കുമ്പോഴാണെന്നുതോന്നുന്നു, എന്തെല്ലാമോ പറഞ്ഞുവരവേ സുധീഷ് പറഞ്ഞു, എന്‍റെ അമ്മ സുധീഷിനെഴുതിയ  കത്തിനെക്കുറിച്ച്്. എന്ന്,  ആര്, എപ്പോ എന്നൊക്കെ ചോദിച്ച് ഞാന്‍ കണ്ണുംമിഴിച്ചിരുന്നു. ആ പഴയ വി . ആര്‍ . സുധീഷ് ലേഖനത്തിലെ കളിയാക്കല്‍ കണ്ട് ഞാന്‍ നൊന്തുനൊന്തിരുന്നപ്പോള്‍ ഏറെ നൊന്തത്  എന്‍റെ അമ്മയ്ക്കാണെന്ന്്്, എനിക്കന്ന് മനസ്സിലാവാതെപോയി. അമ്മ എന്താ കത്തിലെഴുതിയിരുന്നത് എന്ന് എത്രചോദിച്ചിട്ടും സുധീഷ് പറഞ്ഞില്ല. അമ്മയോട് ചോദിച്ചപ്പോള്‍ കത്തെഴുതി എന്നല്ലാതെ, എന്തെഴുതി എന്നോര്‍മ്മയില്ല എന്ന് അമ്മ.

കാലംപോകെപ്പോകെ ഒരഞ്ചുവര്‍ഷം കഥയെഴുതാതെ ഇരുന്നു ഞാന്‍. "പൂക്കാതിരിക്കാന്‍ എനിക്കാവതില്ളേ " എന്ന കഥയുമായി ഞാന്‍ വീണ്ടും പ്രത്യക്ഷപ്പെട്ടപ്പോള്‍, സുധീഷ് എന്നെ വിളിച്ചു പറഞ്ഞു - അടുത്ത കഥാസമാഹാരം ഈ പേരിലാവണം. പിന്നെ ഞാന്‍ "അപ്പക്കാര സാക്ഷി " എന്ന കഥ എഴുതിയപ്പോള്‍,  അപ്പോഴും സുധീഷ് എന്നെ വിളിച്ചു.   ടി .പി .ചന്ദ്രശേഖരന്‍  വധം ആസ്പദമാക്കി വന്ന ആ കഥയില്‍ ഇങ്ങനെ ഒരു വാചകമുണ്ടായിരുന്നു - ക്ളാസ്മുറിയിലിട്ടു രാഷ്ര്ടിയക്കാരന്‍ അദ്ധ്യാപകനെ വെട്ടിക്കൊല്ലുന്നതു കണ്ടുകണ്ടങ്ങനെ ഇരിക്കേണ്ടിവന്ന ഒരുപിടി ഒന്നാംക്ളാസുകാര്‍, അവര്‍ വലുതായി ആരായി എന്തായി എന്ന കഥയാണ് ഞാന്‍ ആദ്യമായി ചെയ്യാനുദ്ദേശിക്കുന്ന സിനിമ എന്ന്  ഞാന്‍ അച്ഛനോട് പറഞ്ഞു. ഫോണിലൂടെ സുധീഷ് പറഞ്ഞു - ആ വാചകം കണ്ട് സത്യത്തില്‍ ഞാന്‍ ഞെട്ടിപ്പോയി. മനസ്സ് കുറേ നാളായി അടയിരിക്കുന്ന വിഷയമാണത്.

ഒരു സമാഹാരത്തിനുള്ള കഥകള്‍ തികച്ചപ്പോള്‍, "അപ്പക്കാര സാക്ഷി എന്ന പേര് പ്രലോഭിപ്പിച്ചിട്ടും ഞാന്‍  പുസ്തകത്തിന്  കൊടുത്ത  പേര് "പൂക്കാതിരിക്കാന്‍ എനിക്കാവതില്ളേ  എന്നാണ്.
ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് ഓരോ വയസ്സു കൂടുന്ന ഓരോ ഓഗസ്റ്റ് പതിനഞ്ചിനും ഞാന്‍  സ്വാതന്ത്യത്തിന് വയസ്സാകുന്നു എന്ന കഥയെഴുതിയ സുധീഷിനെ ഓര്‍ക്കാറുണ്ട്.  ഇത്തവണ ഞാന്‍ വാട്സ് ആപ് മെസേജ് അയച്ചു. സ്വാതന്ത്യത്തിന് അറുപത്തഞ്ചുവയസ്സാകുന്നു.

 

ഇപ്പോള്‍ ഞാന്‍, എസ്റ്റാബ്ളിഷ്ഡ് രോഗിയും  എഴുത്തുകാരിയും ആണ്. മാതൃഭൂമി ഓണപ്പതിപ്പ് അവരുടെ രോഗം സ്പെഷ്യലിലേക്ക് ലേഖനം ചോദിച്ചപ്പോള്‍, ഒരു ചെറുപുഞ്ചിരിയോടെ ഞാന്‍ സുധീഷിനെ ഓര്‍ത്തു. കഴിഞ്ഞ  ഏഴുമാസങ്ങളായി ഞാന്‍ വീണ്ടും കയറിയിറങ്ങുകയാണ് ആശുപത്രികള്‍. താറുമാറായ എന്‍റെ നട്ടെല്ലിനെ വകവെയ്ക്കാതെ എന്‍റെ മനസ്സിന്‍റെ നട്ടെല്ലില്‍ ഞാന്‍ മുറുകെ പിടിക്കുന്നു, മുന്നോട്ട് നടക്കുന്നു. ഒപ്പം, റഫീക്ക് അഹമ്മദിന്‍റെ "ഈ മഴക്കാലവും തീര്‍ന്നുപോകും" എന്ന വരിയെ,  ഈ പൊരിവെയില്‍ക്കാലവും തീര്‍ന്നുപോകും എന്നുമാറ്റിച്ചൊല്ലുകയും ചെയ്യുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.