തിരൂര്‍: ‘മാധ്യമം’ 30ാം വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി നടക്കുന്ന ‘മാധ്യമം ലിറ്റററി ഫെസ്റ്റ്’ ശനിയാഴ്ച തിരൂര്‍ തുഞ്ചന്‍പറമ്പില്‍ ജ്ഞാനപീഠം ജേതാവ് എം.ടി. വാസുദേവന്‍ നായരും മഹാത്മഗാന്ധിയുടെ പൗത്രനും പ്രമുഖ ഗ്രന്ഥകാരനുമായ രാജ്മോഹന്‍ ഗാന്ധിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും.
‘ആവിഷ്കാരത്തിന്‍െറ ശബ്ദങ്ങള്‍’ തലക്കെട്ടില്‍ നടക്കുന്ന രണ്ടുനാളിലെ സാഹിത്യോത്സവത്തില്‍ ആശയപ്രകാശനവും ആവിഷ്കാരവും നേരിടുന്ന പ്രശ്നങ്ങളും പ്രതിരോധവും ചര്‍ച്ച ചെയ്യുമെന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ പി.കെ. പാറക്കടവും മാധ്യമം എക്സിക്യൂട്ടിവ് എഡിറ്റര്‍ വി.എം. ഇബ്രാഹിമും വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. നൂറോളം പ്രതിഭകള്‍ സെഷനുകളില്‍ പങ്കെടുക്കും. കേരളത്തില്‍ ആദ്യമായാണ് ഒരു പത്രസ്ഥാപനം വിപുലമായ സാഹിത്യോത്സവം സംഘടിപ്പിക്കുന്നത്.
ശനിയാഴ്ച രാവിലെ പത്തിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ സച്ചിദാനന്ദന്‍, പെരുമ്പടവം ശ്രീധരന്‍, ഡോ. കെ. ജയകുമാര്‍, രവി ഡി.സി തുടങ്ങിയവര്‍ പങ്കെടുക്കും. മാധ്യമം-മീഡിയവണ്‍ ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിക്കും. ഗള്‍ഫ് മാധ്യമം-കമലാ സുറയ്യ പുരസ്കാരം എഴുത്തുകാരന്‍ സക്കറിയക്ക് ‘മാധ്യമം’ വൈസ് ചെയര്‍മാന്‍ എം.കെ. മുഹമ്മദലി സമര്‍പ്പിക്കും. തുടര്‍ന്ന്, സക്കറിയ പ്രഭാഷണം നടത്തും.
തുഞ്ചന്‍പറമ്പില്‍ പ്രത്യേകം സംവിധാനിച്ച ‘തലയോലപ്പറമ്പ്’, ‘തസ്രാക്ക്’, ’പൊന്നാനിക്കളരി’ എന്നീ പേരിട്ട വേദികളില്‍ 13 സെഷനുകളിലായാണ് പരിപാടികള്‍. ശനിയാഴ്ച ഉച്ചക്ക് 12ന് തലയോലപ്പറമ്പില്‍ ‘പൊരുതുന്ന കാമ്പസ്’, മൂന്നിന് തസ്രാക്കില്‍ ‘എഴുത്തനുഭവങ്ങള്‍’, തലയോലപ്പറമ്പില്‍ ‘മലയാളത്തിന്‍െറ മലപ്പുറം’, പൊന്നാനിക്കളരിയില്‍ ‘പുതുതലമുറ: എഴുത്തും രാഷ്ട്രീയവും’ എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. വൈകീട്ട് നാലിന് കവിയരങ്ങില്‍ കുരീപ്പുഴ ശ്രീകുമാര്‍, ഇ.കെ.എം. പന്നൂര്‍, പി.പി. രാമചന്ദ്രന്‍, ഒ.പി. സുരേഷ്, മണമ്പൂര്‍ രാജന്‍ബാബു, വി.പി. ഷൗക്കത്തലി, വീരാന്‍കുട്ടി, പി.എ. നാസിമുദ്ദീന്‍, ആര്യഗോപി, കെ.ടി. സൂപ്പി തുടങ്ങിയവര്‍ പങ്കെടുക്കും. വൈകീട്ട് ആറിന് ‘ആവിഷ്കാരത്തിന്‍െറ ശബ്ദങ്ങള്‍’ ചര്‍ച്ചയില്‍ സച്ചിദാനന്ദന്‍, സേതു, മനു ചക്രവര്‍ത്തി, ടി.ഡി. രാമകൃഷ്ണന്‍, കല്‍പറ്റ നാരായണന്‍, സുനില്‍ പി. ഇളയിടം, ഡോ. കൂട്ടില്‍ മുഹമ്മദലി, ഡോ. യാസീന്‍ അശ്റഫ് എന്നിവര്‍ സംസാരിക്കും. വൈകീട്ട് എട്ടിന് പൊന്നാനിക്കളരിയില്‍ ഷഹ്ബാസ് അമന്‍െറ ഗസല്‍ നടക്കും.
ഞായറാഴ്ച രാവിലെ 10ന് ‘മലയാളിയുടെ പ്രവാസവും സാഹിത്യവും’, ‘സാഹിത്യം, സിനിമ’ വിഷയങ്ങളിലാണ് ചര്‍ച്ച. 11.30ന് പൊന്നാനിക്കളരിയില്‍ നടി മഞ്ജുവാര്യര്‍ സംസാരിക്കും. ഉച്ചക്ക് രണ്ടിന് തലയോലപ്പറമ്പ്, തസ്രാക്ക്, പൊന്നാനിക്കളരി വേദികളില്‍ യഥാക്രമം ‘പെണ്‍പോരാട്ടങ്ങള്‍’, ‘ആത്മീയതയും സാഹിത്യവും’, ‘മലയാളത്തിന്‍െറ പാട്ടുപാരമ്പര്യം’ എന്നിവ ചര്‍ച്ചയാകും. വൈകീട്ട് ആറിന് തിരൂര്‍ ഗവ. ബോയ്സ് ഹൈസ്കൂളില്‍ ‘മധുരമെന്‍ മലയാളം’ പരിപാടിയില്‍ എം.ടി. വാസുദേവന്‍ നായര്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, ആര്‍ട്ടിസ്റ്റ് നമ്പൂതിരി, നടന്‍ മധു, ഡോ. എം. ലീലാവതി, അക്കിത്തം, റംല ബീഗം എന്നിവരെ ആദരിക്കും. തുടര്‍ന്ന്, പാട്ടെഴുത്തിന്‍െറ അനശ്വര പ്രതിഭകള്‍ക്ക് ഗാനാഞ്ജലിയുമായി എം.ജി. ശ്രീകുമാര്‍ നയിക്കുന്ന ഗാനമേളയോടെ പരിപാടികള്‍ സമാപിക്കും. മാധ്യമം അഡ്മിന്‍ ജനറല്‍ മാനേജര്‍ കളത്തില്‍ ഫാറൂഖ്, ഡെപ്യൂട്ടി എഡിറ്റര്‍ ഇബ്രാഹിം കോട്ടക്കല്‍, പി.ആര്‍ മാനേജര്‍ കെ.ടി. ഷൗക്കത്തലി, പരിപാടിയുടെ ജനറല്‍ കണ്‍വീനര്‍ കെ.വി. മൊയ്തീന്‍കുട്ടി എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.