റിച്ചാര്‍ഡ് ഫ്ളനാഗന് ബുക്കര്‍ പുരസ്കാരം

ലണ്ടന്‍: ദേശാതിര്‍ത്തികള്‍ക്കിടയിലെ മരണപ്പാതയുടെ കഥപറഞ്ഞ പ്രശസ്ത ആസ്ട്രേലിയന്‍ നോവലിസ്റ്റ് റിച്ചാര്‍ഡ് ഫ്ളനാഗന് ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പുരസ്കാരം. മ്യാന്മറിനും തായ്ലന്‍ഡിനുമിടയിലെ മരണപ്പാത എന്നറിയപ്പെടുന്ന സിയാം-ബര്‍മ റെയില്‍പാതയുടെ നിര്‍മാണത്തിന് നിയോഗിക്കപ്പെട്ട യുദ്ധത്തടവുകാരനെ ചിത്രീകരിച്ച ‘ ദ നാരോ റോഡ് ടു ദ ഡീപ് നോര്‍ത്’ എന്ന നോവലാണ് പുരസ്കാരത്തിനര്‍ഹമായത്. ചൊവ്വാഴ്ച ലണ്ടനില്‍ നടന്ന ചടങ്ങിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. 50,000 പൗണ്ട് (48 ലക്ഷം രൂപ)യാണ് സമ്മാനത്തുക.
ബുക്കറിന്‍െറ 46 വര്‍ഷത്തെ ചരിത്രത്തില്‍, കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെയും അയര്‍ലന്‍ഡ്, സിംബാബ്വെ എന്നീ രാജ്യങ്ങളിലെയും എഴുത്തുകാരെ മാത്രമേ പുരസ്കാരത്തിനായി പരിഗണിച്ചിരുന്നുള്ളൂ. ഇന്ത്യന്‍ വംശജനായ നീല്‍ മുഖര്‍ജിയും അവസാന ആറു പേരുടെ പട്ടികയിലുണ്ടായിരുന്നു. 
ഫ്ളനാഗന്‍െറ ആറാമത്തെ നോവലാണ് ‘ ദ നാരോ റോഡ് ടു ദ ഡീപ് നോര്‍ത്’.  12 വര്‍ഷമാണ് ഈ നോവലെഴുതാന്‍ എടുത്തത്. യുദ്ധത്തടവുകാരുടെ ഈ കഥയില്‍ തന്‍െറ പിതാവിന്‍െറ ചില അനുഭവങ്ങളും ഉള്‍ക്കൊള്ളിച്ചതായി അദ്ദേഹം പുരസ്കാരദാന ചടങ്ങില്‍ പറഞ്ഞു. ജപ്പാന്‍െറ യുദ്ധത്തടവുകാരനായി സിയാം-ബര്‍മ റെയില്‍വേ നിര്‍മാണ പ്രവൃത്തികളില്‍ അദ്ദേഹവും പങ്കാളിയായിരുന്നു. 98ാം വയസ്സില്‍ അദ്ദേഹം മരിക്കുന്ന അതേദിവസം തന്നെയാണ് നോവലിന്‍െറ കൈയെഴുത്തുപ്രതി പ്രസാധകന് അയച്ചുകൊടുത്തതെന്നും ഫ്ളനാഗന്‍ വെളിപ്പെടുത്തി.
1961ല്‍ താസ്മാനിയയിലാണ് ഫ്ളനാഗന്‍െറ ജനനം. പത്രപ്രവര്‍ത്തനത്തിലൂടെ എഴുത്തുജീവിതത്തിലേക്ക് കടന്ന അദ്ദേഹത്തിന്‍െറ ആദ്യ നോവല്‍ ‘ഡത്തെ് ഓഫ് എ റിവര്‍ ഗൈഡ്’ (1994)ആണ്. 1997ല്‍ പുറത്തിറങ്ങിയ ‘ദ സൗണ്ട് ഓഫ് വണ്‍ ഹാന്‍ഡ് ക്ളാപ്പിങ്’ ആണ് അദ്ദേഹത്തിന്‍െറ ശ്രദ്ധേയമായ മറ്റൊരു രചന. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-07 10:02 GMT