ഉറൂബിന്‍െറ ‘സുന്ദരികള്‍’ക്കപ്പുറം മലയാള നോവല്‍ വളര്‍ന്നിട്ടില്ല -സേതു

തൃശൂര്‍: തകഴിയെയും കേശവദേവിനെയും പോലെ മഹാരഥന്മാരുടെ മികച്ച രചനകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഉറൂബിന്‍െറ ‘സുന്ദരികളും സുന്ദരന്മാരും’ എന്ന കൃതിക്കപ്പുറം മലയാള നോവല്‍ സാഹിത്യം ഇന്നും വളര്‍ന്നിട്ടില്ളെന്ന് എഴുത്തുകാരന്‍ സേതു. സി.വി. രാമന്‍പിള്ളയുടെ ‘മാര്‍ത്താണ്ഡവര്‍മ’യിലെ സുഭദ്രക്കു ശേഷം ഉറൂബിന്‍െറ ഉമ്മാച്ചുവാണ് മലയാളത്തിലെ ഏറ്റവും ശക്തയായ സ്ത്രീ കഥാപാത്രമെന്നും അദ്ദേഹം പറഞ്ഞു. കേരള സാഹിത്യ അക്കാദമി രണ്ട് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ഉറൂബ് ജന്മശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു സേതു.
ഓര്‍മ കുറയുകയും മറവി കൂടുകയും ചെയ്യുന്ന ഇക്കാലത്ത് ഉറൂബിനെപ്പോലുള്ളവരെ ഓര്‍ക്കാന്‍ ചടങ്ങുകള്‍ വേണ്ടിവരുന്നു. മലയാളത്തിലെ എക്കാലത്തേയും ഈ വലിയ നോവലിസ്റ്റ് വിസ്മരിക്കപ്പെട്ടവരുടെ കൂട്ടത്തിലാണ്. കൊണ്ടുനടക്കാന്‍ സംഘടനയും പ്രസ്ഥാനവും ഇല്ലാതെ പോയതായിരിക്കാം കാരണം. എന്നാല്‍, മറ്റു പല എഴുത്തുകാരേക്കാള്‍ പതിന്മടങ്ങ് വായനക്കാര്‍ അദ്ദേഹത്തിന് അന്നും ഇന്നുമുണ്ട്. ഉറൂബിന്‍െറ വ്യക്തി വിശുദ്ധി അദ്ദേഹത്തിന്‍െറ കഥാപാത്രങ്ങള്‍ക്കുമുണ്ട്. പ്രാദേശിക സ്വത്വമായിരുന്നു അദ്ദേഹത്തിന്‍െറ കരുത്ത്. ചെറിയൊരു ലോകത്തുനിന്ന് ഊര്‍ജം സമാഹരിച്ച് മറ്റൊരു ലോകത്തേക്ക് വിനിമയം ചെയ്യാന്‍ അദ്ദേഹത്തിന് സാധിച്ചു. മാനവികതയായിരുന്നു അദ്ദേഹത്തിന്‍െറ എഴുത്തിലെ രാഷ്ട്രീയമെന്നും സേതു അഭിപ്രായപ്പെട്ടു.
അക്കാദമി സെക്രട്ടറി ആര്‍. ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഉറൂബിനെയും കഥാപാത്രങ്ങളെയും ആധാരമാക്കി ലളിതകലാ അക്കാദമിയുമായി സഹകരിച്ച് നടത്തിയ ചിത്രകലാ ക്യാമ്പിലെ രചനകളുടെ പ്രദര്‍ശനം ലളിതകലാ അക്കാദമി അംഗം കെ.യു. കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. ഉറൂബിന്‍െറ കഥാപാത്രങ്ങളെക്കുറിച്ച് മകന്‍ ഇ. സുധാകരന്‍ സംസാരിച്ചു. അക്കാദമി പബ്ളിക്കേഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഡോ. അജിതന്‍ മേനോത്ത് സ്വാഗതവും മാനേജര്‍ പുഷ്പജന്‍ കനാരത്ത് നന്ദിയും പറഞ്ഞു. ഉറൂബിന്‍െറ രണ്ട് കഥകളുടെ നാടക ഭാഷ്യത്തോടെ ജന്മശതാബ്ദി ആഘോഷ പരിപാടികള്‍ ശനിയാഴ്ച സമാപിക്കും.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 06:38 GMT
access_time 2024-05-05 06:34 GMT