ഹെർബേറിയത്തിന്‍റെ പരിസ്ഥിതി വർത്തമാനങ്ങൾ

1986 ല്‍ റോമിലെ മക്ഡോണള്‍ഡിനു മുന്നില്‍  പ്രതിഷേധിക്കുമ്പോള്‍ മനുഷ്യജീവിതാവേഗത്തെ വീണ്ടുവിചാരത്തോടെ ത്വരിതപ്പെടുത്തുകയും പുനര്‍നിശ്ചയിക്കുകയും വേണമെന്ന ഒരു വിചാരധാരയുടെ, അതിന്‍റെ സംഘടിതമായ പ്രവര്‍ത്തനത്തിന്‍െറ തുടക്കമാണ് താന്‍ നിര്‍വഹിക്കുന്നതെന്ന് കാര്‍ലോ പെട്രിനി കരുതിയിട്ടുണ്ടാവില്ല. ഒരു തമാശയായി ചുറ്റുമുള്ളവര്‍ കരുതിയ ആ സമരം, ഫാസ്റ്റ് ഫുഡിനു പകരം സ്ളോ ഫുഡ് എന്ന ആശയം പിന്നീട് സ്ളോ മൂവ്മെന്‍റ് എന്നൊരു പ്രസ്ഥാനമായി വളരുകയുണ്ടായി. മനുഷ്യജീവിതത്തിന്‍െറ എല്ലാ മേഖലകളിലും പ്രസക്തമായ സാംസ്കാരിക ദര്‍ശനമായി സ്ളോ മൂവ്മെന്‍റിനെ മാറ്റുന്നതില്‍ പ്രധാന പങ്കുവഹിച്ച രചനയായിരുന്നു കാള്‍ ഹോണര്‍ രചിച്ച ഇന്‍ പ്രെയ്സ് ഓഫ് സ്ളോനെസ് (In Praise of Slowness) എന്ന പുസ്തകം. സ്ളോ മൂവ്മെന്‍റിന്‍െറ പ്രസക്തിയും സാന്നിധ്യവും കലയിലും സാഹിത്യത്തിലും മാത്രമല്ല ഭക്ഷണരീതിയിലും പ്രകടമാണ്.  
മലയാള സമകാലിക സാഹിത്യത്തില്‍ സ്ളോ സാഹിത്യദര്‍ശനത്തിന്‍െറ ഏറ്റവും പുതിയ ഉദാഹരണമാണ് സോണിയ റഫീക്കിന്‍െറ ‘ഹെര്‍ബേറിയം’ എന്ന നോവല്‍. രണ്ടു വിരുദ്ധ സാമൂഹിക, ജൈവികാവസ്ഥകളെ പ്രതിനിധാനം ചെയ്യുന്നുണ്ട് ഈ നോവലിന്‍െറ പരിസരം. സഞ്ചാരത്തിന്‍െറ ഏറ്റവും വേഗംകൂടിയ, ലോകം ഇനിയും പരീക്ഷിച്ചിട്ടില്ലാത്ത മാതൃകകളില്‍ ഒന്നായ സൂപ്പര്‍ ലൂപ് ജീവിതത്തിന്‍െറ ഭാഗമാകാന്‍ ഒരുങ്ങുന്ന ദുബൈപോലെ ഒരു നഗരവും ഭൗതികപുരോഗതി നേടിയിട്ടും ചിന്തകളില്‍ ഒരു വലിയ ഗ്രാമമായിത്തന്നെ നില്‍ക്കുന്ന കേരളവുമാണത്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട ചിന്തകളിലും പ്രവര്‍ത്തനങ്ങളിലും ഇതേ അന്തരമുള്ള രണ്ടിടങ്ങളെ ചേര്‍ത്തുവെച്ചാണ് ഹെര്‍ബേറിയം മുന്നോട്ടുപോകുന്നത്. പ്രകൃതി സ്വാഭാവികമായി കനിഞ്ഞുനല്‍കിയ ജൈവ, ഹരിത ഉറവിടങ്ങളെ അതിവേഗ ജീവിതത്തിന്‍െറ (fast life) സാധ്യതകളാക്കി അതിവേഗം ആഹരിക്കുകയോ സംഹരിക്കുകയോ ചെയ്യുന്ന കേരളവും മരുഭൂമിയെന്ന തങ്ങളുടെ യാഥാര്‍ഥ്യത്തില്‍നിന്ന് ഹരിതലോകമെന്ന സ്വപ്നത്തിലേക്ക് പരിമിതികളെ മറികടന്നുള്ള ഒരു സഞ്ചാരം നടത്തുന്ന ദുബൈയും പറിച്ചുനടാനുള്ള ശ്രമമാണ് ഈ നോവല്‍ എന്ന് പറയാം.

ഫാത്തിമ എന്ന ഉമ്മുടുവിന്‍െറയും മകന്‍ ടിപ്പുവിന്‍െറയും കഥയാണിത്, ഒപ്പം ഫാത്തിമയുടെ ഭര്‍ത്താവായ ആസിഫിന്‍െറയും. ഒരു ചുവരിനുള്ളിലെ മനുഷ്യന്‍െറ മൂന്നവസ്ഥകളാണ് ആസിഫും ഫാത്തിമയും ടിപ്പുവും. ഫാത്തിമ കാലാവസ്ഥക്കനുസരിച്ച് ഇലകള്‍ പൊഴിക്കുകയും തളിരിടുകയും ചെയ്യുന്ന മരത്തിനു സമാനമാണ്. ഏതു മണ്ണിലും വേരിറങ്ങുകയും ഏതു കാറ്റിലും ചിറകു വിടര്‍ത്തുകയും ചെയ്യുന്നു അവള്‍. ആസിഫ് ഏറെ നാടുകളും വീടുകളും മാറിത്താമസിക്കുകയും ഒട്ടേറെ സ്കൂളുകളില്‍ പഠിക്കുകയും ചെയ്തയാളാണ്. ടിപ്പു കൊച്ചുമിടുക്കനാണ്. എല്ലാവര്‍ക്കും അറിയാവുന്നവ അവനറിയില്ല. അവനറിയുന്ന കാര്യങ്ങള്‍ മറ്റാര്‍ക്കും അറിയുകയുമില്ല. അവന്‍ ചിത്രം വരക്കുകയും നിറംകൊടുക്കുകയും ചെയ്യുന്നത് അവന്‍െറ ഉമ്മുടുവിന് (ഫാത്തിമ) ഇഷ്ടമാണ്. അവനത് ചെയ്യുന്നതും അവള്‍ക്കു വേണ്ടിയാണ്. എന്നാല്‍, അവന്‍െറ ചിത്രങ്ങളില്‍ പൂവും കായും ഇലയും മരവും മണ്ണും മഴയും ഉണ്ടാവാറില്ല എന്നത് ഉമ്മുടുവിനു വിഷമമുണ്ടാക്കാറുണ്ട്. അമ്മയുടെ അസാന്നിധ്യം ഒരു തരത്തിലും അവനെ ബാധിച്ചിട്ടില്ല. തലാപ്പിയ തടാകം കാണാന്‍ പോയ ഉമ്മുടു ഏതുനേരത്തും തിരികെവരും എന്നതാണ് അവന്‍െറ വിശ്വാസം.

ഫാത്തിമയുടെ അസാന്നിധ്യം ആസിഫിനെ നാട്ടിലേക്ക് പറിച്ചുനടാന്‍ നിര്‍ബന്ധിതനാക്കുന്നു. ആദ്യ പടിയായി ടിപ്പുവിനെ നാട്ടിലേക്ക് അയക്കുന്നു. ലോകത്തിലെ ഒരു വലിയ കുട്ടിയായി ടിപ്പു ഒറ്റക്ക് നാട്ടില്‍ വരുന്നതും അവിടെ അമ്മമ്മ നബീസുവിന്‍െറ ഒപ്പം ലോകം കാണുന്നിടത്തുമാണ് നോവലിസ്റ്റ്  സ്ളോ മൂവ്മെന്‍റിന്‍െറ ഭാഗമായ സ്ളോ സിനിമശൈലിയെ എഴുത്തുരീതിയാക്കുന്നത്. ടിപ്പുവിന് നാട്ടില്‍ കിട്ടുന്ന ആദ്യ ചങ്ങാതിയാണ് അമ്മാളു. അവളുമായുള്ള ചങ്ങാത്തം മുതല്‍ അവന്‍െറ ജീവിതത്തില്‍ ചുറ്റുമുള്ള കാഴ്ച, പ്രകൃതിയും പരിസ്ഥിതിയും ജീവിതത്തെ സ്വാധീനിക്കുന്ന ഘടകങ്ങളായി മാറുകയാണ്. മജീദ് മജീദിയുടെയോ ജാഫര്‍ പനാഹിയുടെയോ ഒരു ചിത്രം മനസ്സില്‍ തെളിഞ്ഞുവരുന്നുണ്ടാവും ഈ രണ്ടു കുട്ടികളുടെ യാത്രകളില്‍. ടിപ്പുവിന്‍െറ ജീവിതത്തിലേക്ക് കടന്നുവരുകയും അവന്‍െറ ചിന്തകളില്‍ സ്ഥാനം നേടുകയും ചെയ്ത മറ്റു രണ്ടു പേരാണ് തങ്കിയമ്മയും അവര്‍ വളര്‍ത്തുന്ന അങ്കുവെന്ന ആമയും. തങ്കിയമ്മ ഒരു സൂപ്പര്‍മാനാണ് ടിപ്പുവിന്‍െറ ഭാവനയില്‍. ദീര്‍ഘായുസ്സിയായ അങ്കു ഫാത്തിമയുടെയും ചങ്ങാതിയായിരുന്നു. അങ്കുവിനെപ്പറ്റിയുള്ള ചിന്തകള്‍ ടിപ്പുവിലും ടിപ്പുവിനെപ്പറ്റിയുള്ള ചിന്തകള്‍ അങ്കുവിലും പ്രവര്‍ത്തിക്കുന്നുണ്ട്.

ടിപ്പുവിന്‍െറയും അമ്മാളുവിന്‍െറയും മുന്നില്‍ അതിശയത്തിന്‍െറ മറ്റൊരു ലോകം തുറക്കുന്നത് അമ്മാളുവിന്‍െറ പിതാവ് വിനീതിന്‍െറ ലാബില്‍നിന്നാണ്. അയാള്‍ അവര്‍ക്ക് ഇലക്കുള്ളിലെ പ്രപഞ്ചം കാട്ടിക്കൊടുക്കുന്നു. അവര്‍ ഒരു കൗതുകത്തിനു ശേഖരിച്ചുതുടങ്ങിയ പുഴുതിന്ന ഇലകളില്‍നിന്ന് അവരുടെ ശ്രദ്ധ വിനീത് സൂക്ഷിച്ച ഹെര്‍ബേറിയത്തിലേക്ക് മാറുന്നു. ആ ഹെര്‍ബേറിയത്തിലുള്ള ചെടികളെ കണ്ടത്തൊനുള്ള ശ്രമത്തില്‍ അമ്മാളുവും ടിപ്പുവും പിന്തുടര്‍ന്ന കളിയാണ് ഹെര്‍ബാറഷ്. ഹെര്‍ബേറിയത്തിലുള്ള നൂറു ചെടികളുടെ ഇലകളില്‍ പത്തെണ്ണം ഒഴികെ അവര്‍ കണ്ടത്തെുന്നു. ബാക്കിയായ പത്തെണ്ണം കണ്ടത്തെുന്നതില്‍ ലോകവും തോറ്റുപോയിരിക്കുന്നു. ടിപ്പുവിന്‍െറ ഹെര്‍ബേറിയം സ്കൂളിന്‍െറ ഭാഗമാവുകയും കുട്ടികളും രക്ഷിതാക്കളും അതിന്‍െറ ഭാഗമാവുകയും ചെയ്യുന്നിടത്ത് നോവല്‍ അതിന്‍െറ സാമൂഹിക ഉത്തരവാദിത്തത്തില്‍ ഊന്നിയുള്ള പാരിസ്ഥിതിക ദര്‍ശനത്തെ (Social Ecology) പ്രതിനിധാനം ചെയ്യുന്നതായി കാണാം. മുറെ ബുക്ക്ചിന്‍െറ ഹരിത അരാജകത്വ ദര്‍ശനങ്ങളെ ഇവിടെ ഓര്‍ക്കാവുന്നതാണ്. ജനാധിപത്യപരവും വികേന്ദ്രീകൃതവുമായ പരിസ്ഥിതിയുടെ സംരക്ഷണവും ജനാധിപത്യപരമായ ഉപഭോഗവും വിഭാവനം ചെയ്യുകയായിരുന്നു സ്വയം ഒരു അരാജകവാദി എന്ന് വിളിക്കാനിഷ്ടമുള്ള ബുക്ചിന്‍. വിശ്വാസത്തിന്‍െറ കാപട്യങ്ങളും ഭക്തിജന്യമായ ഭീതിയുമൊക്കെ പ്രകൃതിയുടെ നിലനില്‍പിനായി ഉപയോഗപ്പെടുത്തുന്നതിലൂടെ ന്യായികരിക്കപ്പെടുന്ന ഇടമാണ് കാവുകള്‍. കാവുകളുമായി ബന്ധപ്പെട്ട വിശ്വാസത്തിന്‍െറയും പുരാണങ്ങളുടെയും ചില ഉദാഹരണങ്ങള്‍ ഈ നോവലിലുണ്ട്.
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്‍െറ ലളിതവും സങ്കീര്‍ണവുമായ തലങ്ങളെ തൊട്ടുപോകാന്‍ കഥാപാത്രങ്ങളുടെ നിര്‍മിതിക്ക് ആവുന്നുണ്ട്. ഹരിത രാഷ്ട്രീയം തമാശപ്രയോഗമാക്കി മാറ്റിയ ഒരു സമൂഹത്തിന്‍െറ പരിമിതികളെ മുന്നില്‍ക്കണ്ടാവണം കുട്ടികള്‍ക്കായി മുതിര്‍ന്ന ഒരാള്‍ എഴുതിയതെന്നോ ഒരു കുട്ടി മുതിര്‍ന്നവര്‍ക്കുവേണ്ടി എഴുതിയതെന്നോ പറയേണ്ടിവരുന്നത്. ലളിതമാണ് ഈ നോവലിന്‍െറ ഭാഷ. ഒപ്പം കുട്ടികളുടെ ലോകത്തിന്‍െറ പ്രത്യേകതകളായ ഗെയിമുകളെ മുന്‍നിര്‍ത്തിയാണ് അവരുടെ മനോവ്യാപാരങ്ങളെ അടയാളപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, ഇടക്കത് മാറുന്നത് ഫാത്തിമയുടെ കുറിപ്പുകളിലൂടെയാണ്. ഒപ്പം മുതിര്‍ന്ന കഥാപാത്രങ്ങള്‍ ഇടപെടുന്ന ചില സന്ദര്‍ഭങ്ങളിലും. നോവലിന്‍െറ ഒരു ന്യൂനതയായി പറയാവുന്നത് ഇടക്കിടെ കാണാനാവുന്ന കാഴ്ചകളുടെ ചലച്ചിത്രഭാഷ്യമാണ്. അതുപോലെ സാമൂഹിക മാധ്യമങ്ങളുടെ പരിചിതമായ ചില ഇടപെടലുകളും. അത് നോവലിന്‍െറ അവസാനത്തിലും പ്രകടമാണ്. എന്നിരുന്നാലും വേറിട്ട ഒരു ലക്ഷ്യത്തിന്‍െറ അടയാളപ്പെടുത്തലില്‍ ഹെര്‍ബേറിയം വേറിട്ടുനില്‍ക്കുന്ന ഒരു മലയാള നോവലാണ്. കുട്ടികളിലൂടെ ലോകത്തിന്‍െറ ഹരിത, പാരിസ്ഥിതിക ഭാവിയെ സുരക്ഷിതമാക്കാനുള്ള ഏറ്റവും മികച്ച മറ്റൊരു ശ്രമം.

 

Tags:    
News Summary - Herberium

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.