നാടോടി സംഗീതത്തിന്‍െറ നൊബേല്‍ പെരുമ

ലോകമറിയുന്ന എഴുത്തുകാരുടെ നിരയില്‍നിന്നൊരാള്‍ ഇക്കുറി സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം കരസ്ഥമാക്കുമെന്നു കരുതിയിരുന്നപ്പോഴാണ് ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് അമേരിക്കന്‍ റോക് സംഗീതജ്ഞന്‍ ബോബ് ഡിലന് പുരസ്കാരം പ്രഖ്യാപിക്കപ്പെട്ടത്. സാധാരണ ശാസ്ത്രത്തിനും സമാധാനത്തിനുമുള്ള നൊബേല്‍ പ്രഖ്യാപിച്ച് അതേ ആഴ്ചയില്‍തന്നെ സാഹിത്യ നൊബേലും പ്രഖ്യാപിക്കുകയാണ് പതിവ്. പക്ഷേ, ഇക്കുറി വൈകിയതിനു കാരണമായി സ്വീഡിഷ് മാധ്യമങ്ങള്‍ വിലയിരുത്തുന്നത് അവാര്‍ഡ് നിര്‍ണയ സമിതിയില്‍ അഭിപ്രായഭിന്നത ഉണ്ടായിരുന്നുവെന്നാണ്.

അക്കാദമിയിലെ 18 അംഗങ്ങള്‍ക്കിടയില്‍ രൂക്ഷമായ ഭിന്നതയുണ്ടായതായി സ്വീഡിഷ് റേഡിയോ റിപ്പോര്‍ട്ടര്‍ മത്യാസ് ബെര്‍ഗ് പറയുന്നു. അഡോണിസ് എന്നറിയപ്പെടുന്ന സിറിയന്‍ കവി അലി അഹ്മദ് സെയ്ദ് എസ്ബറിന്‍െറ പേരായിരുന്നു പൊതുവില്‍ ഉയര്‍ന്നുവന്നത്. എന്നാല്‍, രാഷ്ട്രീയ ഇസ്ലാമിനെക്കുറിച്ച് അഡോണിസ് സമീപകാലത്ത് നടത്തിയ ചില വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ അഡോണിസിനെ ഒഴിവാക്കി ബോബ് ഡിലനെ പരിഗണിക്കുകയായിരുന്നുവെന്നാണ് സ്വീഡിഷ് മാധ്യമങ്ങള്‍ നല്‍കുന്ന സൂചന.
2005ല്‍ ടര്‍ക്കിഷ് എഴുത്തുകാരനായ ഒര്‍ഹാന്‍ പാമുക്കിന്‍െറ കാര്യത്തിലും സമാനമായ അനുഭവമുണ്ടായതായി ഒബ്സര്‍വര്‍ ലേഖകന്‍ അലക്സ് ഡുവാല്‍ സ്മിത്ത് അനുസ്മരിച്ചു. മിക്കവരും പാമുക്കിന്‍െറ പേര് നിര്‍ദേശിച്ചെങ്കിലും വിവാദങ്ങളുടെ പേരില്‍ അദ്ദേഹത്തെ ഒഴിവാക്കി ബ്രിട്ടീഷ് നാടകകാരനായ ഹരോള്‍ഡ് പിന്‍ററിന് അവാര്‍ഡു നല്‍കുകയായിരുന്നു. എന്നാല്‍, തൊട്ടടുത്ത വര്‍ഷം നൊബേല്‍ പുരസ്കാരം പാമൂക്കിനെതന്നെ തേടിയത്തെി.

പക്ഷേ, ലോകം കണ്ട എക്കാലത്തെയും മികച്ച സംഗീതജ്ഞരില്‍ ഒരാളായി അറിയപ്പെടുന്ന ബോബ് ഡിലന്‍െറ പുരസ്കാര ലബ്ധിയെ സാഹിത്യ ലോകം വിസ്മയത്തോടെ അംഗീകരിക്കുമ്പോഴും ബോബിലെ പ്രതിഭയെ അവര്‍ നിരാകരിക്കുന്നില്ല. 1941 മേയ് 24ന് അമേരിക്കയിലെ മിനിസോടയില്‍ അബ്രാം സിമ്മര്‍ മാന്‍െറയും ബിയാട്രിസ് സ്റ്റോണിന്‍െറയും മകനായി ജനിച്ച റോബര്‍ട്ട് അല്ലന്‍ സിമ്മര്‍മാന്‍ പില്‍ക്കാലത്ത് സംഗീത ലോകത്തില്‍ ബോബ് ഡിലന്‍ ആയി വളരുകയായിരുന്നു.

ചെറിയ പ്രായത്തില്‍ റേഡിയോ ബ്ളൂസ് സംഗീതം ആസ്വദിച്ചുനടന്ന ഡിലന്‍ റോക് ആന്‍ഡ് റോളിലേക്ക് വെച്ചുമാറുകയായിരുന്നു. കോളജ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് സംഗീതത്തിലേക്ക് മാത്രമായി തിരിഞ്ഞ ഡിലന്‍െറ ജീവിതം കോഫി ഷോപ്പുകളിലും ക്ളബ്ബുകളിലും കറങ്ങിത്തിരിഞ്ഞു. യുവ ഹൃദയങ്ങളില്‍ സമരാവേശം നിറക്കാന്‍ പ്രാപ്തമായ അമേരിക്കന്‍ നാടോടി സംഗീതത്തിന്‍െറ വഴിതന്നെ തെരഞ്ഞെടുത്ത ഡിലന്‍െറ ജീവിതത്തില്‍ വഴിത്തിരിവായത് സംഗീത നിര്‍മാതാവ് ജോണ്‍ ഹാമ്മന്‍റുമായി കരാറൊപ്പിട്ടതാണ്്. പിന്നെ അമേരിക്കന്‍ സംഗീതത്തില്‍ അര നൂറ്റാണ്ട് ഡിലന്‍െറതായിരുന്നു. ഡിലന്‍ രചിച്ച് പാടിയ പാട്ടുകളുടെ ആല്‍ബങ്ങള്‍ അമേരിക്കയും കടന്ന് ലോകത്തിന്‍െറ നാനാ ദിക്കുകളിലേക്ക് പറന്നുയര്‍ന്നു. 1965ല്‍ ബ്രിങ്ങിങ് ഇറ്റ്, ആള്‍ ബാക് ഹോം, ഹൈവേ 61 റീവിസിറ്റഡ് തുടങ്ങിയ ആല്‍ബങ്ങള്‍ ലോക പ്രശസ്തമായി.

20ാം നൂറ്റാണ്ടില്‍  ഡിലന്‍െറ സംഭാവനകളായ ബ്ളോവിന്‍ ഇന്‍ ദ വിന്‍റും ദ ടൈംസ് ദേ ആര്‍ എ ചാങ്കിനും 60കളില്‍ സജീവമായിരുന്ന യുദ്ധവിരുദ്ധ വികാരങ്ങളുടെയും  മനുഷ്യാവകാശ മുന്നേറ്റങ്ങളുടെയും പ്രചാരണ ഗീതമായി മാറി. 75കാരനായ ഡിലന്‍െറ പാട്ടുകള്‍ കാതുകള്‍ക്ക് കാവ്യത്മകമായ അനുഭൂതിയാണ് പകര്‍ന്നത് എന്ന് സ്വീഡിഷ് അക്കാദമിയുടെ സ്ഥിരം സെക്രട്ടറി സാറ ഡാന്യൂസ് അഭിപ്രായപ്പെട്ടത് വെറുതെയല്ല.
1941 മേയ് 24ന് അമേരിക്കയിലെ തീരദേശ നഗരമായ മിനിസോടയിലെ ദുലുതില്‍ ഇടത്തരം ജൂത കുടുംബത്തില്‍ ജനിച്ച റോബര്‍ട്ട് അലന്‍ സിമ്മര്‍മാനാണ് അമേരിക്കന്‍ നാടോടി സംഗീതത്തിന്‍െറ തലയെഴുത്തു തിരുത്തിക്കുറിച്ച് ബോബ് ഡിലന്‍ എന്നറിയപ്പെട്ടത്. അര നൂറ്റാണ്ടുകാലം ബോബ് എഴുതി പാടിയതത്രയും അമേരിക്കന്‍ ജീവിതത്തിന്‍െറ ആകുലതകളായിരുന്നു. അതില്‍ യുവത്വത്തെ ത്രസിപ്പിച്ച നാടന്‍ പാട്ടുകളും യുദ്ധവിരുദ്ധ ഗാനങ്ങളുമെല്ലാമുണ്ടായിരുന്നു. 1992ല്‍ സാഹിത്യത്തില്‍ നൊബേല്‍ നേടിയ ടോണി മോറിസനുശേഷം ഈ വിഭാഗത്തില്‍ നൊബേല്‍ നേടുന്ന ആദ്യ അമേരിക്കക്കാരനാണ് ഡിലന്‍.

Tags:    
News Summary - bob dylan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.