?????? ???????? ???????????? ?????? ??????????

നിറങ്ങളുടെ ചിറകുകളില്‍ വെളിച്ചം വിതറിയവന്‍

രാവിലെ പി. സുരേന്ദ്രന്‍െറ ഫോണ്‍. ‘യൂസുഫ് അറയ്ക്കല്‍ മരിച്ചു.’ സുരേന്ദ്രന്‍െറ ശബ്ദം വല്ലാതെ തളര്‍ന്നിരിക്കുന്നു. പെട്ടെന്ന് ഒരു ഷോക്കേറ്റതുപോലെ. സുരേന്ദ്രനാണ് വര്‍ഷങ്ങള്‍ക്കുമുമ്പ് യൂസുഫിനെ പരിചയപ്പെടുത്തിയത്. മനുഷ്യ മഹാസങ്കടങ്ങളുടെ ചിത്രകാരനുമായി സുരേന്ദ്രന് വളരെക്കാലം മുമ്പേ ബന്ധമുണ്ട്. പിന്നീട് യൂസുഫുമായും അദ്ദേഹത്തിന്‍െറ ചിത്രങ്ങളുമായും നിരന്തരമായി ബന്ധപ്പെടാന്‍ അവസരമുണ്ടായി. അദ്ദേഹത്തിന്‍െറ ബംഗളൂരുവിലെ വീട്ടിലും ഭാര്യ സാറ നടത്തുന്ന അദ്ദേഹത്തിന്‍െറ സ്റ്റുഡിയോയിലും കുടുംബസമേതം പോയ ഓര്‍മ. യൂസുഫിന്‍െറ ഇടക്കിടെയുള്ള ഫോണ്‍കോളുകളുടെ സ്മരണ. ഒരിക്കല്‍ യൂസുഫ് വിളിച്ചു: ‘നിനക്ക് ഞാനൊരു സഡന്‍ സര്‍പ്രൈസ് തരുന്നു.’ യൂസുഫ് അറയ്ക്കല്‍ വരച്ച് ഒപ്പിട്ട അദ്ദേഹത്തിന്‍െറ ചിത്രം ഫ്രെയിം ചെയ്ത് ടൈംസ് ഓഫ് ഇന്ത്യയിലെ സുഹൃത്ത് പി. സുധാകരന്‍ വശം എനിക്കദ്ദേഹം കൊടുത്തയച്ചു. എന്‍െറ വീട്ടിലെ ചുവരില്‍ ഇപ്പോള്‍ ആ അതുല്യനായ ചിത്രകാരന്‍െറ അമൂല്യമായ പെയിന്‍റിങ്.

യൂസുഫിന്‍െറ ചിത്രങ്ങളിലെ മനുഷ്യരുടെ മുഖങ്ങളില്‍ ആഹ്ളാദത്തിന്‍െറ സൂര്യനെ കണ്ടെന്നുവരില്ല. മനുഷ്യനും അവന്‍െറ പങ്കപ്പാടുകളും ബാല്യത്തില്‍ ഏറെ ദുരിതമനുഭവിച്ച ഈ ചിത്രകാരനെ എന്നും വേട്ടയാടുന്നു. പി. സുരേന്ദ്രന്‍ നിരീക്ഷിച്ചതുപോലെ മനുഷ്യനാണ് എക്കാലത്തും യൂസുഫിനെ പ്രചോദിപ്പിക്കുന്നത്. ഗംഗ എന്ന സീരീസ്തന്നെ നോക്കൂ. ഗംഗയുടെ ആത്മീയ പാരമ്പര്യമോ ആ നദി നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങളോ അതിന്‍െറ തീരത്തെ ഹരിതഭംഗികളോ ഒന്നുമല്ല യൂസുഫ് കണ്ടത്. ഗംഗാതീരത്തെ മനുഷ്യന്‍െറ ഇടിഞ്ഞുപൊളിഞ്ഞ ജീവിതമാണ്!

‘എ ഹോമേജ് ടു ബഷീര്‍’ എന്ന പേരിലുള്ള യൂസുഫിന്‍െറ പരമ്പര ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.  ബഷീറിന്‍െറ വ്യക്തിജീവിതത്തിലേക്കും സാഹിത്യ ജീവിതത്തിലേക്കും ആഴത്തില്‍ കണ്ണോടിക്കുന്ന ചിത്രങ്ങളായിരുന്നു അവ. പാത്തുമ്മയുടെ ആടും ആനവാരി രാമന്‍ നായരും പൊന്‍കുരിശു തോമായും കൊച്ചു ത്രേസ്യയും മാത്രമല്ല, മാങ്കോസ്റ്റൈന്‍ മരവും ഒഴിഞ്ഞ കസേരയുമൊക്കെ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നു. ഓയില്‍, ചാര്‍ക്കോള്‍, അക്രിലിക് എന്നീ മാധ്യമങ്ങളിലാണ് യൂസുഫ് ഈ രചനകള്‍ നടത്തിയത്.

‘മതത്തിന്‍െറ തടവുകാരന്‍’ എന്ന യൂസുഫിന്‍െറ പഴയ എണ്ണച്ചായാചിത്രം നോക്കൂ. മുഖമില്ലാത്ത മനുഷ്യന്‍ ഇവിടെയും. മനുഷ്യാകൃതിയുണ്ടെങ്കിലും പഴന്തുണിക്കെട്ടുപോലെ കെട്ടിമുറുക്കപ്പെട്ടിരിക്കുന്നു. വസ്ത്രങ്ങളുടെ മൂടുപടത്തിനുള്ളില്‍ കണ്ണും കാതും മൂക്കുമില്ലാത്ത രൂപത്തിന്‍െറ കൂനിയിരുത്തത്തില്‍ ഈ ലോകവുമായി അവനൊരു ബന്ധവുമില്ളെന്ന് വരുന്നു.

കരിങ്കല്ലില്‍ കവിത കൊത്താനുള്ള യൂസുഫിന്‍െറ പ്രാഗല്ഭ്യത്തിന് തെളിവാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ‘ദ ഗ്രനൈറ്റ് ഓഫ് അറയ്ക്കല്‍’ എന്ന പേരില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങള്‍. ‘ഇന്‍ ആസ്പിരേഷന്‍ ഓഫ് ടെക്നോളജി’ എന്ന ശില്‍പങ്ങളിലും ‘ഹോമേജ് ടു ഫൈ്ളറ്റി’ലും ടെക്നോളജിയോടുള്ള അഗാധമായ പ്രേമം കാണാം.
ഇന്ത്യന്‍ ചിത്രകലയെ കുറിച്ച് ഗൗരവമായ പഠനങ്ങളൊന്നുമുണ്ടാകുന്നില്ളെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് വാരാദ്യമാധ്യമത്തിനു വേണ്ടി ലേഖകന്‍ നടത്തിയ ഒരഭിമുഖത്തില്‍ പറഞ്ഞതോര്‍ക്കുന്നു. കലാനിരൂപകന്‍ വിഭാഗീയമായി ചിത്രകലാ നിരൂപണം നടത്തുന്നതിനാല്‍ തെന്നിന്ത്യയില്‍ ചിത്രകലയില്ല എന്ന അവസ്ഥപോലും പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട് എന്ന് യൂസുഫ്. സമകാലീന ഇന്ത്യനവസ്ഥയിലേക്ക് കണ്ണും കാതും തുറന്നുവെക്കുന്ന ശക്തരായ ഇന്ത്യന്‍ ചിത്രകാരന്മാര്‍ക്ക് നേരെ നിരൂപകര്‍ കണ്ണടക്കുകയാണിവിടെ.

ചുട്ടുപൊള്ളുന്ന അനുഭവങ്ങള്‍ ഒരുപാടുണ്ട് ഈ ചിത്രകാരന്. തെരുവിലെ ജീവിതം, പാലങ്ങള്‍ക്ക് താഴെ കിടന്നുറങ്ങിയ രാവുകള്‍, പട്ടിണിയുടെ രുചിയറിഞ്ഞ ചുണ്ടുകള്‍. അതുകൊണ്ടുതന്നെ മനുഷ്യന്‍െറ ദൈന്യവും പങ്കപ്പാടുകളും ലോകം മുഴുവന്‍ അറിയപ്പെടുന്ന ചിത്രകാരനായപ്പോഴും യൂസുഫ് മറന്നില്ല.
ആദ്യചിത്രം വിറ്റത് ഇരുപത് രൂപക്കായിരുന്നു. പിന്നീട് ചിത്രങ്ങള്‍ക്ക് ലക്ഷങ്ങളായി. തീക്ഷ്ണാനുഭവങ്ങളുടെ ഊര്‍ജപ്രസരമുള്ള ആ ചിത്രങ്ങള്‍ ലക്ഷങ്ങള്‍ മുടക്കി സ്വന്തമാക്കാന്‍ ലോകത്തിന്‍െറ എല്ലാ കോണുകളിലും കലാസ്വാദകരുണ്ടായിരുന്നു. വരക്കുന്ന ചിത്രങ്ങളിലെ മനുഷ്യന്‍ ഒരര്‍ഥത്തില്‍ താന്‍തന്നെയാണെന്ന് ഈ ചിത്രകാരന്‍. ഏകാന്തത ചവച്ചരക്കുന്ന ഒരു കൊച്ചുകുട്ടി എന്നും ഈ വലിയ ചിത്രകാരന്‍െറ ഉള്ളിലുണ്ടായിരുന്നു.

ലോകം മുഴുവന്‍ പലതവണ സഞ്ചരിച്ച ചിത്രകാരന്‍. ഒരിക്കല്‍ യൂസുഫ് പറഞ്ഞു: ‘പിക്കാസോ മ്യൂസിയത്തില്‍ തൂണിനോട് ചേര്‍ന്ന് കെട്ടിയിട്ട പിക്കാസോവിന്‍െറ ആടിന്‍െറ അരികിലിരുന്ന് ഞാന്‍ ചിന്തിച്ചത് അദ്ദേഹത്തിന്‍െറ ആശയത്തെ അഴിച്ചുപണിയുന്നതിനെ കുറിച്ചായിരുന്നു.’ ഒരു ചിത്രകാരന്‍ എന്ന നിലയില്‍ എങ്ങനെ സ്വയം വിലയിരുത്തുന്നു എന്ന ചോദ്യത്തിന് ഉത്തരമായി യൂസുഫ് പറഞ്ഞു: ‘ഞാനൊരു ആധുനിക കാലഘട്ടത്തിലെ ചിത്രകാരനാണെങ്കിലും ഞാനെന്നെ പഴയ മാസ്റ്റര്‍ പെയിന്‍റര്‍മാരിലൊരാളായി സങ്കല്‍പിക്കുകയും അവരെപോലെ ചിത്രം വരക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു.’ ‘ഇന്ന് നമ്മള്‍ പോസ്റ്റ് മോഡേണിസത്തെ കുറിച്ച് സംസാരിക്കുന്നു. ആധുനികതയും ഉത്തരാധുനികതയും തമ്മിലുള്ള അതിര്‍ത്തിരേഖ എവിടെയാണെന്ന് ഞാന്‍ കാണുന്നില്ല.’

പല ചിത്രകാരന്മാരെയുംപോലെ അലസതക്ക് തീറെഴുതിക്കൊടുത്ത ജന്മമല്ല ഈ വിശ്രുത ചിത്രകാരന്‍േറത്. കലയുടേതായ ഒന്നും യൂസുഫിന് അന്യമല്ല. മൂവായിരത്തിലേറെ പെയിന്‍റിങ്ങുകള്‍, അഞ്ഞൂറിലേറെ ശില്‍പങ്ങള്‍, കൊളാഷ്, ഗ്രാഫിക്, മ്യൂറലുകള്‍. ഇംഗ്ളീഷില്‍ കലാസംബന്ധിയായെഴുതിയ ഒട്ടേറെ ലേഖനങ്ങള്‍. ഇംഗ്ളീഷില്‍തന്നെയെഴുതിയ നിരവധി കവിതകള്‍. നിറങ്ങള്‍ കരയുന്നതും കാന്‍വാസിന്‍െറ ചെറുസുഷിരങ്ങള്‍ സംസാരിക്കുന്നതും ഒരു കവിതയില്‍ വരച്ചിട്ടിട്ടുണ്ട് ഈ ചിത്രകാരന്‍ (ചിത്രകാരന്‍ എന്നാണ് കവിതയുടെ പേരും).

രാജാ രവിവര്‍മ പുരസ്കാരം 2012ല്‍ ലഭിച്ചെങ്കിലും കേരളത്തില്‍ ജനിച്ച, അയല്‍ സംസ്ഥാനത്ത് ജീവിക്കുന്ന ഈ വിശ്രുത ചിത്രകാരനെ നമ്മള്‍ വേണ്ടവിധം അറിഞ്ഞാദരിച്ചിട്ടില്ല എന്നുള്ളതാണ് സത്യം. നിറങ്ങളുടെ ചിറകുകളില്‍ വെളിച്ചം വിതറിയ ഈ ചിത്രകാരന്‍ ലോകപ്രശസ്തനായിരുന്നു.
‘ജീവിതം’ എന്ന പേരില്‍ യൂസുഫ് അറയ്ക്കല്‍ ഇംഗ്ളീഷിലെഴുതിയ ഒരു കവിതയുണ്ട്; ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള കവിത.
‘മരണശേഷം
എനിക്കൊരു രക്തസാക്ഷിയായി
അറിയപ്പെടേണ്ട.
മരണശേഷം
എനിക്കൊരു നായകനാവേണ്ട.
മരണശേഷം
സുഹൃത്തുക്കളാലോ ശത്രുക്കളാലോ
ഞാന്‍ സ്നേഹിക്കപ്പെടേണ്ട.
എനിക്ക് ജീവനോടെയിരിക്കണം.
ജീവിതം, അമൂല്യമായ ജീവിതം.
എല്ലാ തേജസ്സോടെയും എനിക്ക് ജീവിക്കണം.’
കാലത്തിന്‍െറ മറുകരയില്‍ യാത്രപോയി യൂസുഫ് അറയ്ക്കല്‍ എന്ന വിശ്രുത ചിത്രകാരന്‍ ഭൂമിയിലെ മനുഷ്യ മഹാസങ്കടങ്ങളുടെ ചിത്രങ്ങള്‍ വരക്കുകയാണിപ്പോള്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.