എഴുതാതിരിക്കാന്‍ എനിക്കാവതില്ലേ..

ലിംഗത്തില്‍നിന്ന് പ്രാണികള്‍ പറക്കുന്ന മംഗോളിയന്‍ മുഖമുള്ള ആണ്‍കുട്ടിയുടെ പടവുമായി ആരാച്ചാരിലെ ഒരധ്യായം, മാധ്യമം ആഴ്ചപ്പതിപ്പില്‍ വന്നത് എന്നാണെന്ന് എഴുതിയ മീരക്കോ വരച്ച ഭാഗ്യനാഥിനോ ഓര്‍മയുണ്ടാവില്ല. പക്ഷേ, എനിക്കോര്‍മയുണ്ട്. ഫെബ്രുവരി 2012ല്‍ ആയിരുന്നു അത്.

ഏഴുവയസ്സുകാരന്‍ മകനെ ഉറക്കിയശേഷം കിട്ടുന്ന എന്‍േറതു മാത്രമായ പാതിരാത്രി നേരത്താണ് ഞാന്‍ മാധ്യമം ആഴ്ചപ്പതിപ്പില്‍ കെ.ആര്‍. മീരയുടെ ‘ആരാച്ചാര്‍’ വായിക്കാറുണ്ടായിരുന്നത്. ‘ആരാച്ചാര്‍’ താളുകളിലെ കടുംതുടിത്താളം, എന്‍െറയുറക്കത്തിലേക്ക് ദു$സ്വപ്നങ്ങളെ ആവാഹിച്ചുവരുത്തുകയും എനിക്ക് ജയിലില്‍ പോകേണ്ടുന്നതായ ഒരു മുഹൂര്‍ത്തം, സ്ഥിരം ദു$സ്വപ്നത്താളായി ഉറക്കത്തിലൂടെ പറന്നുതിമിര്‍ക്കുകയും ചെയ്തു. അനാദികാലത്തോളം നീളുമെന്നുറപ്പുള്ള ആ ജയില്‍ത്താമസകാലത്ത് ആരെന്‍െറ കുഞ്ഞുമകനെ വേണ്ടപോലെ നോക്കുമെന്ന് ഉരുകിപ്പിടച്ച്, ഉറക്കത്തിന്‍െറ പാതിവഴിയേ അന്തംവിട്ടുണരുക പതിവായിരുന്നു അക്കാലത്ത്. പാതിരാത്രിക്ക് ‘ആരാച്ചാര്‍’ വായിച്ചാല്‍ സ്വസ്ഥമായി ഉറങ്ങാനാവില്ല, പകല്‍നേരത്തേക്ക് മാറ്റണം വായന എന്നു പലതവണ കരുതിയെങ്കിലും അത് പ്രായോഗികമായിരുന്നില്ല. ‘ആരാച്ചാര്‍’ വായിക്കാന്‍ പറ്റാതെ ഉറങ്ങുമ്പോഴുള്ള അസ്വസ്ഥതയെക്കാള്‍ വലുതായിരുന്നില്ല അത് വിടര്‍ത്തിവിട്ട ദു$സ്വപ്നങ്ങള്‍ വിഴുങ്ങുമ്പോഴുള്ള പിടച്ചില്‍.


അങ്ങനെ വായനയും ഉറക്കംമുറിയലും എന്ന കലാപരിപാടി അനുസ്യൂതം തുടരുന്നതിനിടെയാണ് ഒരു കവിള്‍ രക്തം വായിലേക്ക് ഇരച്ചുകയറിവന്ന് ഞാന്‍ ഒരു പാതിരാനേരത്ത് എറണാകുളം നഗരത്തിലെ പ്രസിദ്ധമായ ഒരു ആശുപത്രിയിലായത്. ഫെബ്രുവരി 2012ല്‍ ആയിരുന്നു അത്.

അബോധാവസ്ഥയിലേക്കുള്ള പടികളിലൂടെ വേച്ചുവേച്ചിറങ്ങുകയായിരുന്നു ഞാന്‍. വീല്‍ചെയറില്‍ പിടിച്ചിരുത്തി എന്നെ എല്ലാവരുംകൂടി. ആശുപത്രിയില്‍ തല്‍ക്കാലം കിട്ടിയത് മൂന്നുപേരുള്ള ഒരു കുടുസ്സുമുറിയാണ്. മൂന്നു രോഗികളും അവരുടെ ബൈസ്റ്റാന്‍ഡറുമാരും വീതിച്ചെടുത്ത മുറിയെ, ആര്‍ത്തുമൂളുന്ന കൊതുകും തൊട്ടടുത്തുള്ള കാനയില്‍നിന്നു പരക്കുന്ന കെട്ടമണവും എന്‍െറ ആളുന്ന ചിന്തകളുംകൂടി വീണ്ടും നുറുക്കിത്തകര്‍ത്തു. വീട്ടുകാര്യങ്ങള്‍ എന്‍െറ അസാന്നിധ്യത്തിലെങ്ങനെയാവും എന്നു ചിന്തിച്ചു കുഴയുന്നതിനൊപ്പം, എഴുതണമെന്നാഗ്രഹമുണ്ടായിരുന്നിട്ടും എഴുതാതെപോയ ഒരായിരം കാര്യങ്ങള്‍, അനുനിമിഷം മങ്ങിക്കൊണ്ടിരിക്കുന്ന ബോധമണ്ഡലത്തിലൂടെ ചീറിപ്പായാന്‍ തുടങ്ങി. എഴുതാനും മകനെ വളര്‍ത്താനും ഇനി എത്രനേരം ബാക്കിയുണ്ട് എന്ന് എനിക്ക് പൊള്ളി.

അതിനിടെ, ഉള്ളിലെ കള്ളികളില്‍നിന്ന് പുറത്തുചാടി മറ്റുചിലത്. ഇത്രകാലം എഴുതിക്കോളാം എന്നു സത്യപ്രതിജ്ഞയൊന്നും എടുത്തിട്ടല്ലല്ളോ എഴുതാന്‍ തുടങ്ങിയത്, എന്‍െറ മകന് അവന്‍െറ അമ്മയെ ആവശ്യമുള്ളപ്പോള്‍ അവനൊപ്പമിരിക്കലാണ് എനിക്ക് കഥയെഴുത്തിനെക്കാള്‍ പ്രധാനം, മീരയൊക്കെ ഒന്നാന്തരം കഥയെഴുതുന്ന ഈ കാലത്ത് ഞാനൊരു കഥാജീവി കഥയെഴുതിയിട്ടുവേണോ കഥാലോകം പുഷ്കലമാകാന്‍ എന്നെല്ലാമായിരുന്നു കഥയെഴുത്തില്‍നിന്നുള്ള വിട്ടുനില്‍ക്കലിന് കാരണമായി ഞാന്‍ പറയാറുണ്ടായിരുന്ന ന്യായങ്ങള്‍. എഴുതാതിരിക്കുമ്പോള്‍ പനിച്ച്പിടിച്ച് തുള്ളുന്ന എന്‍െറ മനസ്സിനെ മൂടിപ്പൊതിഞ്ഞുവെക്കാന്‍ ഞാന്‍ കണ്ടുപിടിച്ച വെറും ഒഴിവുകഴിവുകളായിരുന്നു അതെല്ലാം എന്ന് ഉള്ളുകള്ളികളില്‍നിന്ന് പുറത്തുചാടിയവ ഉറക്കെയുറക്കെ വിളിച്ചുപറഞ്ഞു.

എഴുതാതിരിക്കലാണ് മരണം എന്ന്, എഴുതാതിരുന്നപ്പോള്‍ അനുഭവപ്പെട്ടിരുന്നതായിരുന്നു ശരിക്കുള്ള മരണവെപ്രാളമെന്ന്, ഞാന്‍ കോറിയിട്ട ഓരോ അക്ഷരവും ചേര്‍ന്നതാണെന്‍െറ പ്രാണന്‍െറ ഓരോ തുടിപ്പും എന്ന്, ഞാനെഴുതേണ്ടത് എന്നൊരു വിഭാഗമുണ്ട് ഈ അക്ഷരഭൂമികയില്‍ എന്നും അത് എഴുതാന്‍ മീരക്കോ വേറെയാര്‍ക്കെങ്കിലുമോ ആവില്ല എന്നും തിരിച്ചറിഞ്ഞ ആ നേരം, എനിക്ക് കരച്ചില്‍ പൊട്ടി. അക്ഷരച്ചിമിഴുകളുടെ ഉള്ളിലാണ് ഞാന്‍ എന്‍െറ പ്രാണനെ സൂക്ഷിച്ചിരിക്കുന്നത്, പറ്റിപ്പിടിച്ചുവളരാന്‍ അക്ഷരച്ചിമിഴിടം കാണാഞ്ഞിട്ടാണ് എന്‍െറ പ്രാണന്‍െറ വേര് നേര്‍ത്തുപോയത് എന്ന് ബോധത്തിന്‍െറ മിന്നല്‍പ്പിണരുകള്‍ അബോധത്തിന്‍െറ ഇരുട്ടിലേക്ക് വന്ന് വീണുകൊണ്ടേയിരുന്നു . എന്‍െറ പ്രാണന്‍െറ നിലനില്‍പിനെ അടയാളപ്പെടുത്താന്‍ ആശുപത്രിയിലെ ഒരുപകരണത്തിനുമാവില്ല എന്നും മനസ്സിലായി. ചിന്തകളും കൊതുകുകളും കെട്ടനാറ്റവുംകൂടി , അവശേഷിക്കുന്ന ബോധത്തെ മാന്തിപ്പറിച്ചുകൊണ്ടിരുന്നു.

മീരയുടെ ചേതനയുടെ പൊള്ളുന്ന ചേതനയും ഭാഗ്യനാഥിന്‍െറ നിര്‍ഭാഗ്യരുടെ പടങ്ങളും എനിക്കപ്പുറവുമിപ്പുറവും നില്‍ക്കുന്നത് തികച്ചും അവ്യക്തമായിട്ടായിരുന്നെങ്കിലും അപ്പോഴും ഞാന്‍ കാണുന്നുണ്ടായിരുന്നു. എന്‍െറ പിടച്ചിലിലേക്ക് അവരാല്‍ കഴിയുന്ന സംഭാവനചെയ്ത് സംതൃപ്തരായി അവര്‍ അവിടൊക്കത്തെന്നെ ചുറ്റിത്തിരിഞ്ഞ് തിമിര്‍ത്തുനിന്നു. ഗര്‍ഭാവസ്ഥയില്‍ പൊക്കിള്‍ക്കൊടി കഴുത്തില്‍ ചുറ്റി കുഞ്ഞുമരിക്കാറുള്ള സംഭവത്തെ മീര, അമ്മക്കുള്ളില്‍വെച്ചേ ‘കുരുക്കിടല്‍’ എന്ന പാരമ്പര്യത്തൊഴില്‍ കലാപരമായി ചെയ്തിരുന്നു ചേതന എന്ന ഒരേടാക്കി മാറ്റിയത്, എന്നെ അമ്പരപ്പിച്ചിരുന്നു. ആ ഏടിനെ ഭാഗ്യനാഥ് വരയാക്കിമാറ്റിയ വിധം എന്നെ അതിലേറെ അമ്പരപ്പിച്ചിരുന്നു. അതുപോലെതന്നെയൊരു പൊള്ളലായിരുന്നു ലിംഗത്തില്‍നിന്ന് പ്രാണികള്‍ പറക്കുന്ന കുട്ടിയുടെ ചിത്രമുള്ള ‘ആരാച്ചാര്‍’ -ഏട്. ശരീരത്തിന്‍െറ വേദനയും ആത്മാവിന്‍െറ പിടച്ചിലും ആരാച്ചാരും ആരാച്ചാര്‍-പടങ്ങളുംകൊണ്ട് എനിക്ക് പൊറുതിമുട്ടി. മുഴുവന്‍ ബോധവും പോയിരുന്നെങ്കില്‍ എന്ന് ഞാന്‍ ഭ്രാന്തമായി കൊതിച്ചു.

എനിക്ക് ഒന്നുറങ്ങണമായിരുന്നു.

ഉറക്കത്തിലേക്ക് വീണ്, എനിക്ക് എന്നെ മറക്കണമായിരുന്നു. സര്‍വതും മറക്കണമായിരുന്നു.
എത്ര ശ്രമിച്ചിട്ടും മനസ്സ് ശാന്തമാകുന്നുണ്ടായിരുന്നില്ല, അതുകൊണ്ടുതന്നെ ഉറക്കം എന്‍െറ വരുതിയില്‍ വന്നേയില്ല. ഉള്‍ച്ചൂടിനെ പൊതിഞ്ഞുവെക്കാന്‍ ഉറക്കത്തിന്‍െറ ഒരു തുണ്ട് പഞ്ഞിക്കഷണം അന്വേഷിച്ച് ഞാന്‍ വലഞ്ഞു. അബോധാവസ്ഥയിലേക്ക് ആഴ്ന്നുപൊയ്ക്കൊണ്ടിരിക്കുന്ന ആ ഭ്രാന്തന്‍നേരത്ത് ഒരു സിസ്റ്റര്‍ കയറിവന്നു, അവരോട് എനിക്കൊന്നുറങ്ങണം, ഉറങ്ങിയേ പറ്റൂ എന്ന് ഞാന്‍ വാശിപിടിച്ച് പറഞ്ഞു. അവരെന്‍െറ നിസ്സഹായതയെ ദയാപൂര്‍വം നോക്കിനിന്നു, തിരികെവന്ന് അവരെനിക്ക് രണ്ട് ഗുളികകള്‍ തന്നു. അതോടെ മയക്കംവന്നെന്നെ തട്ടിപ്പൊത്തിക്കിടത്തി. ഒപ്പം, ബോധാബോധത്തിന്‍െറ നേര്‍ത്ത നൂല്‍വരമ്പുകളില്‍നിന്ന് ഏതോ ഒരു കഥ പറന്നുവന്നെന്നെ കെട്ടിപ്പിടിച്ചു. ആശുപത്രിയിലേക്ക് കോണിപ്പടികള്‍ കയറിവരുന്ന പശുക്കളുടെ കഥയായിരുന്നു അത്. തൊണ്ടോടുകൂടിയ കരിക്കുകള്‍ കൊണ്ടുപോകുന്നത് നിരോധിച്ചിരിക്കുന്നു എന്ന കുറിപ്പ് ലിഫ്റ്റിനടുത്ത് പതിച്ചുവെച്ചിരിക്കുന്നത് ലിഫ്റ്റുകാത്ത് വീല്‍ചെയറിലിരിക്കുമ്പോള്‍, എന്‍െറ തളര്‍ന്നുകൂമ്പിയ കണ്ണില്‍പെട്ടിരുന്നു. തൊണ്ടോടുകൂടിയ കരിക്കുമാത്രമല്ളേ കൊണ്ടുപോകാന്‍ പറ്റാതുള്ളൂ, ബാക്കി എന്തും കൊണ്ടുപോകാമല്ളോ അല്ളേ എന്നു ചോദിച്ച് അപ്പോള്‍ എന്‍െറ മനസ്സിലേക്ക് രണ്ടു പശുക്കള്‍ ഉംബേ എന്ന് അമറിക്കൊണ്ട് കയറിവന്ന് എന്നെ ചിരിപ്പിച്ചു. വീല്‍ചെയറില്‍ തളര്‍ന്നിരിക്കുമ്പോഴും തമാശ തുള്ളുന്ന മനസ്സുള്ള എന്നെയോര്‍ത്ത് എനിക്കപ്പോള്‍ വീണ്ടും ചിരിപൊട്ടി. ജനിച്ചിട്ടിന്നേവരെ കാണാത്ത ഏതോ ഒരു അന്നംകുട്ടിച്ചേടത്തിയുടെ പശുക്കളായിരുന്നു അവ.

ഭാഗ്യനാഥിന്‍െറയും മീരയുടെയും ഇടയിലൂടെ ആ പശുക്കള്‍ അമറിനടന്നു. ഞാന്‍ സര്‍വതും മറന്ന് എന്നെയും മറന്ന്, ആകെ രസിച്ച് ചുണ്ടത്ത് ചിരിയുമായി, കെട്ട മണമുള്ള ആ ആശുപത്രിയിലെ കിടക്കയില്‍ ചരിഞ്ഞുകിടന്ന് ആ പശുക്കളെ മനസ്സിന്‍െറ താളിലേക്ക് പകര്‍ത്തി. ഒരു പേജോളം എഴുതിയപ്പോഴേക്ക്, ഉറക്കഗുളികയുടെ നക്കിത്തോര്‍ത്തലില്‍ ലയിച്ച് എന്‍െറ മനസ്സുറങ്ങി. പശുക്കള്‍ എന്നെ ഉരുമ്മുന്നുണ്ടായിരുന്നു. നല്ല സുഖമുണ്ടായിരുന്നു ഉറങ്ങാന്‍...

പിറ്റേന്ന് വൈകുന്നേരംവരെ ഞാന്‍ ബോധംകെട്ടുറങ്ങി. ഡോക്ടര്‍ വന്നതോ പോയതോ ഇന്‍ജക്ഷനുകള്‍ മാറിമാറിക്കിട്ടിയതോ ഒന്നും ഞാനറിഞ്ഞില്ല. ഉറക്കഗുളിക എനിക്ക് തീരെയും അപരിചിതമായിരുന്നു. ഒരു ഡോക്ടറോടും ചോദിക്കാതെ ഉറക്കഗുളിക, അതും രണ്ടെണ്ണം കൊടുത്തതിന് പിറ്റേന്ന് ആ നഴ്സിന് വേണ്ടുവോളം വഴക്കുകിട്ടിയതായി പിന്നീട് അറിഞ്ഞു.

എനിക്കപ്പോഴും ഓര്‍മയുണ്ടായിരുന്നു മയക്കത്തിലേക്ക് വീഴുന്നതിനിടെ ഞാന്‍ എഴുതിയ ആ ഒരു പേജിലെ കഥാവാക്കുകള്‍.

ഡിസ്ചാര്‍ജ്ചെയ്ത് വീട്ടിലത്തെിയശേഷം ഒരു മാസക്കാലമെടുത്തു ഒന്നുനേരെ നിവര്‍ന്നിരിക്കാന്‍. അങ്ങനെ ഇരിക്കാറായതും ഞാന്‍ ആ ഒരു പേജ് -കഥ, ടൈപ് ചെയ്തിട്ടു. തിരിച്ചുവരവില്‍ ആദ്യകഥയായത്, ‘പൂക്കാതിരിക്കാന്‍ എനിക്കാവതില്ളേ’ ആണ്. ആശുപത്രിയെക്കുറിച്ച് എന്നു കരുതി തുടങ്ങിവെച്ച ആ ഒരു പേജ് കഥയിലെ പശുക്കള്‍, എന്‍െറ കൈയിലെ കയര്‍ത്തുമ്പുവിട്ട് മലയാളസിനിമയിലേക്ക് കയറിപ്പോയി.
‘എഴുതാതിരിക്കാനെനിക്കാവതില്ളേ’ എന്ന് ഞാന്‍ തിരിച്ചറിഞ്ഞത് ഭാഗ്യനാഥും മീരയും, അവരുടെ ചിത്രങ്ങളും എഴുത്തുമായി ഇടംവലംനിന്നെന്നെ പൊരിച്ചെടുത്ത ആ രാത്രിയിലാണ്. അവര്‍ക്ക് നന്ദി.........
ഈ അക്ഷരച്ചിമിഴുകളിലാണ്, എന്‍െറ പ്രാണന്‍െറ നിലനില്‍പ് ...
അക്ഷരങ്ങള്‍ തുണക്കുന്നിടത്തോളം ഞാനുണ്ടാവും...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.