നീ നിഴലല്ല സായാ.. ഞങ്ങളുടെ വെളിച്ചമാണ്

കോഴിക്കോട് പാവമണി റോഡിലെ പെട്രോൾ പമ്പിന്‍റെ അരികിലുള്ള ആളൊഴിഞ്ഞ വഴിയുടെ ഇരുട്ടിലൂടെ, വനിതാ പൊലീസ് സ്റ്റേഷനിലേക്ക് ഞാനും ഭാര്യ രേഖയും കടന്നുചെല്ലുമ്പോൾ, സമയം രാത്രി പത്ത് മണിയോടടുത്തിരുന്നു. സ്റ്റേഷന്‍റെ നീണ്ട ഇടനാഴിയിലെ അങ്ങേ തലയ്ക്കലുള്ള ഒരു ബെഞ്ചിൽ പുറംതിരിഞ്ഞ് ഇരിക്കുന്നുണ്ടായിരുന്നു അവൾ. കനത്തുനിന്ന ഭയാനകമായ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട്, ഇരുമ്പ് ഗ്രില്ലിന്‍റെ ഗെയ്റ്റ് പൊലീസുകാർ തുറന്നുതന്നു. ശബ്ദംകേട്ട് അവൾ പതുക്കെ ഒന്ന് തല ചെരിച്ചുനോക്കി. ഞങ്ങളെ തിരിച്ചറിഞ്ഞതോടെ ചാടിയെഴുന്നേറ്റ്, പുഞ്ചിരിച്ചുകൊണ്ട് 'ദീദീ' എന്ന് വിളിച്ച് ഓടിവന്ന അവൾ രേഖയെ മുറുകെ കെട്ടിപിടിച്ചു. വിങ്ങിവിങ്ങി കരഞ്ഞുകൊണ്ട് അവൾ എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു. മിനിറ്റുകളോളം അവളങ്ങനേ രേഖയെ കെട്ടിപിടിച്ചു കൊണ്ട് കരഞ്ഞപ്പോൾ, ഞാനും പൊലീസുകാരും ഒന്നും മിണ്ടാതെ മാറിനിന്നു.

കെ.അജിത 'ഞാൻ എന്ന മുറിവ്' പ്രകാശനംചെയ്യുന്നു
 

കൃത്യം 90 ദിവസം മുൻപേ, വെള്ളിമാടുകുന്നിലെ ഗവ. മഹിളാമന്ദിരത്തില്‍ വെച്ച് അവളെ ഞങ്ങൾ ആദ്യമായി കണ്ട ദിനം ഞാൻ ഓർത്തു. സെക്‌സ് റാക്കറ്റിൻറെ വലയില്‍പ്പെട്ട് കോഴിക്കോട്ടെ ഒരു ഫ്‌ളാറ്റിനകത്ത് കെട്ടിയിട്ട നിലയില്‍ പീഡിപ്പിക്കപ്പെട്ട ഈ ബംഗ്ലാദേശി യുവതിയെ ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്നതും അവളുടെ കണ്ണുനീർ തന്നെയായിരുന്നു. മഹിളാമന്ദിരത്തിലെ സഹോദരിമാര്‍ക്കെല്ലാം ആം ഓഫ് ജോയ് (Arm of Joy) എന്ന ഞങ്ങളുടെ എന്‍.ജി.ഒയുടെ ബാനറില്‍ പുതിയ ചെരിപ്പുകള്‍ സമ്മാനിച്ചുകൊണ്ട്, സ്‌പോണ്‍സറുടെ രണ്ടു വയസ്സുകാരന്‍ മകൻറെ പേരില്‍ പിറന്നാള്‍ കേക്ക് മുറിക്കുമ്പോള്‍, തട്ടമിട്ട് പുറകില്‍ നില്‍ക്കുന്നുണ്ടായിരുന്നു ഈ യുവതി. ഒരുവശത്തേക്കായി ഒതുങ്ങി നില്‍ക്കുകയായിരുന്ന എന്‍റെയടുത്തുവന്ന്, അവള്‍ പൊടുന്നനെ കരയുന്നു. ''മേരി ബച്ചി കി ബര്‍ത്ത്‌ഡേ ഭി ഐസേഹീ മനാത്തീ ത്തീ...'' എന്നുപറഞ്ഞ് അവളൊഴുക്കിയ കണ്ണീര്‍തുള്ളികള്‍ മഹിളാമന്ദിരത്തിന്‍റെ അകത്തളത്തെ ചുട്ടുപൊള്ളിക്കുന്നുണ്ടായിരുന്നു.

ചിത്രപ്രദർശനത്തിൽ നിന്ന്
 

വിഷയം മാറ്റാന്‍ ചുമരിലെ ചിത്രങ്ങളൊക്കെ ആരാണ് വരച്ചത് എന്ന് ചോദിച്ചപ്പോഴേക്കും, അവളുടെ നനഞ്ഞ കണ്ണുകളില്‍ ഒരു തിളക്കം ഞാന്‍ കണ്ടു. ''യേ സബ് മേനേഹീ കിയാ ഹേ...'' എന്നു പറയുമ്പോള്‍ അവളുടെ മുഖത്ത് ഒരു പിഞ്ചുകുട്ടിയുടേതെന്ന പോലുള്ള ഒരു ആവേശപുഞ്ചിരി വിടര്‍ന്നു നില്‍ക്കുന്നുണ്ടായിരുന്നു. നന്നായിട്ടുണ്ട് എന്ന് പറഞ്ഞപ്പോഴേക്കും തൻറെ മുറിയിലേക്ക് ഓടിച്ചെന്ന്, അവള്‍ ഒരു ഡയറിയുമായി വന്നു. ''ഭയ്യാ... യേ ദേഖോ... യേബീ മേനെ ലിഖാ ഹേ...'' ബംഗ്ലയില്‍ കുനുകുനെയുള്ള അക്ഷരക്കൂട്ടുകളാല്‍ അവള്‍ തീര്‍ത്ത കഥകളും കവിതകളും പേജുകളിലൂടെ മറിഞ്ഞുവീണുകൊണ്ടേയിരുന്നു. വിശ്വസിക്കാനാവാതെ ആ താളുകളിലേക്ക് ഞാന്‍ നോക്കിനില്‍ക്കുമ്പോള്‍ അവള്‍ പറയുന്നു. ''യേ ആപ് രഖ്‌ലോ ഭയ്യാ...''. അടുത്ത തവണ വരുമ്പോള്‍ തിരികെ തന്നാല്‍ മതിയെന്ന് പറഞ്ഞ് ആ ഡയറി എനിക്ക് തരുമ്പോഴും, അവള്‍ ഒരു അത്ഭുതമായി തന്നെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുകയായിരുന്നു.

തൻറെ ഏറ്റവും പ്രിയപ്പെട്ട ആ ഡയറി ആദ്യമായി മാത്രം കണ്ട് സംസാരിച്ച എനിക്ക് അവള്‍ തന്നുവിട്ടത് എന്തു വിശ്വാസത്തിൻറെ ബലത്തിലായിരിക്കണം?! എനിക്ക് ഉത്തരമില്ലായിരുന്നു. കാപട്യം നിറഞ്ഞ ഈ ലോകത്ത്, ആരെയും അവിശ്വസിക്കാന്‍ കഴിയാതെ പോയ ആ മനസ്സായിരിക്കില്ലേ അവളെ ഈ നിലയിലേക്കും എത്തിച്ചത്! അന്ന് രാത്രി ആ ഡയറി കൈയ്യിലെടുത്ത് ഞാന്‍ മനസ്സിലുറപ്പിച്ചു... എന്‍റെ സഹോദരിക്ക് ജീവിതത്തില്‍ ഏറ്റവും വിലപിടിപ്പുള്ള ഒരു സമ്മാനം നല്‍കാന്‍ ശ്രമിക്കണമെന്ന്.

ബംഗ്ലയില്‍ നിന്നും വിവര്‍ത്തനം ചെയ്യാന്‍ പറ്റിയവരെ തിരയലായി പിന്നീട്. ആ തിരച്ചില്‍ ഒരല്‍പ്പം നീണ്ടുപോയതിനിടയില്‍, ഞാന്‍ ഒരു വാര്‍ത്ത കേള്‍ക്കുന്നു. മഹിളാമന്ദിരത്തില്‍വെച്ച് അവള്‍ ആത്മഹത്യാശ്രമം നടത്തിയെന്ന്. തന്നെ കാത്ത് ബംഗ്ലാദേശില്‍ കഴിയുന്ന തൻറെ മൂന്നു പെണ്‍മക്കളെയോര്‍ത്ത്, എപ്പോഴും ഒരു വിഷാദച്ചിത്രം പോലെ കാണെപ്പടാറുണ്ടായിരുന്നവള്‍... കേസിന്‍റെ നൂലാമാലകളില്‍പെട്ട് ഇവിടെയീ മണ്ണില്‍ കുരുങ്ങിക്കിടക്കുമ്പോള്‍, പ്രതീക്ഷയറ്റ ഏതോ നിമിഷത്തിലായിരിക്കണം അങ്ങനെയൊരു ശ്രമം നടത്താന്‍ അവള്‍ക്ക് തോന്നിയത്. ഇതോടെ അവളെ, ബലാത്സംഗത്തിനിരയായ പെണ്‍കുട്ടികള്‍ക്ക് അഭയം നല്‍കുന്ന 'നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമി'ലേക്ക് മാറ്റുന്നു. അവളിലേക്ക് പ്രതീക്ഷയുടെ വെളിച്ചം പകരാന്‍ പുസ്തക പ്രസിദ്ധീകരണം വേഗത്തിലാക്കണം എന്ന തീരുമാനത്തില്‍ എത്തിയത്.

ഏതോ ദേശത്തിലെ ഏതോ ഗ്രാമത്തിലെ ഏതോ ഒരു പെണ്ണ് എന്‍റെ പ്രിയപ്പെട്ട സഹോദരിയായി മാറിയ ദിവസങ്ങളാണ് പിന്നീട് കടന്നുപോയത്. ബംഗ്ലയിൽ നിന്നും ഇംഗ്ലീഷിലേക്കും ഇംഗ്ലീഷിൽ നിന്നും മലയാളത്തിലേക്കുമുള്ള വിവർത്തനങ്ങളും ഡി.ടി.പിയും ലേഔട്ടും എല്ലാം ദിവസങ്ങൾ കൊണ്ട് തീർത്ത്, നവംബർ 14ന് ടൌണ്‍ഹാളിൽ വെച്ച് 'ഞാൻ എന്ന മുറിവ്' എന്ന അവളുടെ പുസ്തകത്തിൻറെ പ്രകാശനം ഞങ്ങൾ നടത്തി. എഴുതിയ ആൾ ഇല്ലാതെ ടൌണ്‍ഹാളിൽ നടന്ന ആദ്യ പുസ്തക പ്രകാശനമായിരിക്കണം അത്. ഒഴിഞ്ഞുകിടന്ന അവളുടെ കസേര കുറച്ചൊന്നുമല്ല അന്ന് ഞങ്ങളെ വേദനിപ്പിച്ചത്.

പുസ്തകം വിൽക്കുന്ന കൗണ്ടർ
 

എന്‍റെ ബംഗ്ലാദേശി സഹോദരിയുടെ പേര് പുറത്തുപറയാന്‍ പാടില്ലെന്നാണ് വ്യവസ്ഥിതി അനുശാസിക്കുന്നത്. തന്‍റെ പേരില്‍ തന്നെ പുസ്തകമിറങ്ങണമെന്ന് അവളാഗ്രഹിച്ചിട്ടും, അതിനെ തടയിടാന്‍ ഇവിടുത്തെ നിയമപരമായ നൂലാമാലകള്‍ക്കും സമൂഹത്തിന്‍റെ വികലമായ കാഴ്ചപ്പാടുകൾക്കും അനായാസം സാധിക്കുന്നു. പേര് നഷ്ടപ്പെട്ടവളോട് മറ്റൊരു പേര്‌ വേണം എന്ന് പറഞ്ഞപ്പോള്‍, അവള്‍ തന്നെ പറഞ്ഞതാണ് 'സായ' എന്ന്. നിഴല്‍ എന്നര്‍ത്ഥം. ശരീരവും പേരും മുഖവുമെല്ലാം കവര്‍ന്നെടുക്കപ്പെട്ട് കഴിഞ്ഞപ്പോള്‍, താന്‍ വെറുമൊരു നിഴല്‍ മാത്രമായിപോയി എന്നവള്‍ക്ക് തോന്നി കാണണം.

പക്ഷെ ഒരിക്കലും അവളില്‍ നിന്നും കവര്‍ന്നെടുക്കാന്‍ കഴിയാത്ത ഒന്നുണ്ട്. സര്‍ഗ്ഗാത്മകമായ ആ മനസ്സ്. നഷ്ടപ്പെടാത്ത ആ സമ്പത്താണ് അവളെ  ജീവിപ്പിച്ച് നിര്‍ത്തിയത്. കടന്നുവന്ന വഴികളിലെ ക്രൂരമായ പീഡനങ്ങളെക്കുറിച്ചോര്‍ത്ത് മനസ്സ് അസ്വസ്ഥമാകുമ്പോള്‍, അവള്‍ ഒച്ചവെച്ചില്ല. പകരം, കിട്ടിയ കടലാസുകളില്‍ എഴുതിക്കൂട്ടി, ക്യാന്‍വാസുകളില്‍ വരച്ച് നിറച്ചു.

അവളുടെ വാക്കുകളില്‍ പ്രണയവും വാത്സല്യവും സാഹോദര്യവും ദേശീയബോധവും ദൈവഭക്തിയുമെല്ലാം നിറഞ്ഞുനിൽക്കുന്നുണ്ട്. ശപിക്കപ്പെട്ട ജീവിതത്തിലെ ഭീകരാനുഭവങ്ങള്‍ക്കൊടുവിലും, അവള്‍ തന്‍റെ അള്ളാഹുവില്‍ അതിരറ്റ വിശ്വാസമര്‍പ്പിക്കുന്നുമുണ്ട്. പരമകാരുണികനും കരുണാനിധിയുമായ അള്ളാഹുവിൻറെ നാമത്തില്‍, 'ബിസ്മില്ലാഹിര്‍ റഹിമാനിര്‍ റഹീം' എന്ന് കുറിച്ചിടാതെ അവള്‍ ഒന്നും തന്നെ എഴുതി തുടങ്ങുന്നില്ല. നിഴലില്‍ നിന്നും നിറങ്ങളിലേക്ക് തിരികെ വരാന്‍ അവള്‍ ഒരുപാടൊരുപാട് മോഹിക്കുന്നുണ്ട്. ആ മോഹത്തിന് ഒരു കൈത്താങ്ങാവാനാണ്, പുസ്തകത്തിലൂടെ ഞങ്ങള്‍ ശ്രമിച്ചത്.

പുസ്തകപ്രകാശനത്തിനൊപ്പം തന്നെ ഒരു ചിത്രപ്രദർശനവും നടത്തണമെന്നത് ഞങ്ങളുടെ വലിയ ആഗ്രഹമായിരുന്നു. നവംബർ ആദ്യവാരം ആർട്ട് ഗാലറി ബുക്ക് ചെയ്തതിന് ശേഷമായിരുന്നു ഇരുപതോളം ക്യാൻവാസും പെയിന്റും ബ്രഷുമൊക്കെ ഞാൻ 'നിർഭയ'യുടെ ഗെയ്റ്റിനിപ്പുറത്ത് വെച്ച് അവൾക്കായി ഏൽപ്പിച്ചത്. അഞ്ചോ ആറോ ദിവസങ്ങൾ കൊണ്ടാണ് അവൾ ചിത്രങ്ങളത്രയും വരച്ചു തീർത്തത്. ഊണും ഉറക്കവുമില്ലാതെ ഭ്രാന്തമായി ചിത്രങ്ങൾ വരച്ചു കൂട്ടി അവൾ. പലപ്പോഴും പബ്ലിക് പ്രോസിക്ക്യൂട്ടറും പൊലീസുകാരുമൊക്കെ വന്ന് കാത്തുനിൽക്കുമ്പോൾ വരച്ച ചിത്രങ്ങൾ...

നവംബർ 14 മുതൽ 21 വരെ ആർട്ട് ഗാലറിയിൽ നടന്ന പ്രദർശനം ആയിരക്കണക്കിന് ആളുകളാണ് കണ്ടത്. 8 ദിവസം കൊണ്ട് മുഴുവൻ ചിത്രങ്ങളും വിറ്റുപോയി. പെയിന്‍റിങ്ങുകൾക്ക് അരികിൽ നിന്നും കണ്ണു നിറഞ്ഞുപോയവർ എത്രയോ ഉണ്ടായിരുന്നു. ചിലർ വേദനയോടെ അവൾക്ക് കുറിപ്പുകൾ എഴുതി. ഇതുവരെ കാണാത്തവൾക്ക്, പേരറിയാത്തവൾക്ക്, അവരെഴുതിയ സ്നേഹത്തിൻറെ സാന്ത്വനത്തിൻറെ പ്രോത്സാഹനത്തിൻറെ കുറിപ്പുകൾ. പ്രദർശനം നടന്ന ദിവസങ്ങളിലൊന്നിൽ, രാത്രി എൻറെ നമ്പറിലേക്ക് ഒരാൾ ഫോണ്‍ ചെയ്തത് മറക്കാൻ കഴിയില്ല. പ്രദർശനം കാണാൻ പകൽ വന്നിരുന്നു എന്നും, പുസ്തകം വാങ്ങുകയും വായിക്കുകയും ചെയ്തു എന്നും അയാൾ പറയുമ്പോൾ ശബ്ദം ഇടറുന്നുണ്ടായിരുന്നു. ഒടുവിൽ അയാൾ എന്നോട് ചോദിക്കുകയാണ്, ആ സഹോദരിയെ നമുക്ക് ഈ നാട്ടിൽ തന്നെ നിർത്തികൂടെ എന്ന്... ഒരു കലാകാരിയായി തന്നെ ഈ മണ്ണിൽ ജീവിക്കാനുള്ള അവസരം ഉണ്ടാക്കി കൊടുത്തുകൂടെ എന്ന്... അത്രയ്ക്ക് സായ പലർക്കും പ്രിയപ്പെട്ടവളായി മാറികഴിഞ്ഞിരുന്നു.

ഈ നാട്ടിൽ നിന്നും അവൾക്കനുഭവിക്കേണ്ടി വന്ന യാതനകൾക്ക്, ഇത്തരത്തിൽ പ്രായ്ശ്ചിത്തമൊരുക്കാൻ എളിയ രീതിയിലെങ്കിലും സാധിച്ചു എന്നതായിരുന്നു, ഈ പുസ്തകത്തിലൂടെയും പെയിന്റിംഗ് പ്രദർശനത്തിലൂടെയും ഉണ്ടായ നേട്ടം. പെയിന്റിങ്ങുകൾ വിറ്റു കിട്ടിയ 60,000 രൂപയും പുസ്തകങ്ങളുടെ വിൽപ്പനയിൽ നിന്നുള്ള 25,000 രൂപയും ചേർത്ത് ആകെ 85,000 രൂപയുമായി 'നിർഭയ'യുടെ ഗെയ്റ്റ് വരെ വീണ്ടും ഞാൻ ചെന്ന നിമിഷം എന്നും മനസ്സിൽ ഉണ്ടാവും. ബംഗ്ലാദേശി കറൻസിയിലേക്ക് മാറ്റിയാൽ ഒരു ലക്ഷം ടാക്കയാണ് അവളുടെ കൈകളിലേക്ക് അന്ന് എത്തിക്കാൻ കഴിഞ്ഞത്. ജീവിതത്തിൽ ആദ്യമായാണ്‌ ഇത്രയും തുക ഒരുമിച്ച് കാണുന്നത് എന്ന് പറഞ്ഞ് അവളന്ന് വികാരാധീനയായി. പക്ഷെ അന്നും ഗെയ്റ്റിനപ്പുറത്തുള്ള അവളെ ഞാൻ കണ്ടില്ല.

ഒടുവിൽ ബംഗ്ലാദേശിലേക്കുള്ള മടക്കയാത്ര ആരംഭിക്കുന്നതിന് തൊട്ടുമുൻപാണ് അവൾ വനിതാ പോലീസ് സ്റ്റേഷനിലുണ്ടെന്നും കാണണമെങ്കിൽ അവിടേക്ക് ചെല്ലാം എന്നും ഒരു അഭിഭാഷക സുഹൃത്ത്‌ വിളിച്ചറിയിച്ചത്. "യഹാം കാ സബീ ലോഗ് അബ് മുജേ ഇത്ത്നാ പ്യാർ കർത്താ ഹേ..." എന്ന് പറഞ്ഞ് അവൾ ഒരുപാട് നേരം നിർത്താതെ സംസാരിച്ചു. ഞങ്ങൾ കൊടുത്ത പണവും ആത്മവിശ്വാസവും വെറുതെ ആയിപോവില്ലായെന്ന് ഞങ്ങൾക്ക് വാക്കു തന്നു.

കോഴിക്കോട്ടുകാരായ നിരവധിപേരുടെ സ്നേഹക്കുറിപ്പുകളും പ്രദർശനത്തിൻറെ ഫോട്ടോ ആൽബവും ഒക്കെ ഞങ്ങൾ നേരത്തെ തന്നെ അവളെ ഏൽപ്പിച്ചിരുന്നു. എല്ലാം ഭദ്രമായി പായ്ക്ക് ചെയ്തു വെച്ച അവളുടെ ബാഗുകൾ, പോലീസ് സ്റ്റേഷൻറെ തറയിൽ യാത്രയ്ക്ക് തയ്യാറായി നിൽക്കുന്നുണ്ടായിരുന്നു. 'ഞാൻ എന്ന മുറിവ്' എന്ന പുസ്തകത്തിൻറെ കവർ ചിത്രത്തിലേതെന്ന പോലെ, നീലയും വെള്ളയും കലർന്ന ചുരിദാറും തട്ടവുമിട്ട് അവൾ ഞങ്ങളോട് ഒരിക്കൽ കൂടെ യാത്ര പറഞ്ഞു. മാംസകച്ചവടത്തിനായി ഈ നാട്ടിലേക്ക് കടത്തികൊണ്ട് വന്ന പെണ്ണ്, തിരിച്ചുപോവുകയാണ്... നല്ലവരായ നാട്ടുകാരുടെ ഹൃദയം നിറയ്ക്കുന്ന സ്നേഹം ഏറ്റുവാങ്ങികൊണ്ട്... തൻറെ കുഞ്ഞുങ്ങളോട് സംവദിക്കുന്നതായി അവളെഴുതിയ കവിതയിലെ അവസാന വരികൾ ഞാനോർത്തു, "പിഴവുകൾക്കെല്ലാമപ്പുറം നന്മ മാത്രം കൈനീട്ടി സ്വീകരിച്ചീടുവിൻ..."

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.