കഥയുടെ നീല ഞരമ്പ്

ആരുടെയും അനുയായിയാവാതെ, ആണ്‍പക്ഷവും പെണ്‍പക്ഷവും തകര്‍ക്കുന്ന സംവാദങ്ങളില്‍പ്പെടാതെ മനുഷ്യമനസ്സിന്‍െറ വേവും ചൂടും ആവാഹിച്ചെടുക്കലാണ് കലയുടെ മര്‍മവും ധര്‍മവുമെന്ന് മനസ്സിലാക്കിയിരുന്നു സുഷമ. മനുഷ്യന് ഒരു മുഖച്ഛായയേ ഉള്ളൂ എന്നും വിശ്വസിച്ചിരുന്നു. ആത്യന്തികമായി ആണും പെണ്ണും നോക്കുന്നത് ഒരേ ദൂരത്തിലും വെളിച്ചത്തിലുമാണെന്ന് പറഞ്ഞുറപ്പിക്കുകയും അതൊരു ആഖ്യാന രൂപമായി കൊരുത്തെടുക്കുകയും ചെയ്തു. മേയ് 17 ഇ.പി. സുഷമയുടെ അമ്പതാം ജന്മദിനമായിരുന്നു.

‘‘ഇപ്പോഴും ഈ നീല അക്ഷരങ്ങളിലൂടെ നിനക്കെന്നെ കാണാമോ, കാമുകിയുടെ കണ്ണുകളിലെ പറഞ്ഞറിയിക്കാന്‍ കഴിയാത്ത ഭാവത്തിനും ആകാശത്തിന്‍െറ അനന്തതക്കും ഒരേ നിറമാണെന്ന് കണ്ടത്തെിയ എന്‍െറ കൂട്ടുകാരാ നിനക്കിപ്പോള്‍ ഞാന്‍ പറയുന്നത് മനസ്സിലാക്കാന്‍ കഴിയുന്നുണ്ടോ? തൈക്കാട്ടു പൊതുശ്മശാനത്തില്‍ ഒരു നീലത്തുമ്പിയായി പറന്നുനടക്കുന്ന നിനക്ക്... നമുക്കിടയിലെ മൗനം നീണ്ടുപോവുമെന്ന് ഞാന്‍ ഭയപ്പെടുന്നു. അതിനിടവരുത്താതെ നോക്കാം’’ (സ്വന്തം നീലിമ).
ദൈവം സുഷമയുടെ ഈ വാക്കുകള്‍ കേട്ടിരുന്നുവോ? ഇടവേളക്ക് സമയം കൊടുക്കാതെ കാലത്തിന്‍െറ അരക്കല്ലിലേക്ക് മനസ്സ് മനസ്സോട് മന്ത്രിച്ചതെല്ലാം ഉരുക്കിയൊഴിച്ചുകൊടുത്തത് അതുകൊണ്ടാണോ? ഇ.പി. സുഷമ എന്ന എഴുത്തുകാരി ജീവിച്ചിരുന്നെങ്കില്‍ അമ്പതു വയസ്സായേനേ ഇപ്പോള്‍. പ്രൗഢയായ ഒരു സ്ത്രീ (കുപ്പിവളകള്‍ ഇടുമോ അപ്പോഴും) സമകാലിക പരിസ്ഥിതികളോട് കലഹിച്ച്, പ്രതികരിച്ച്, പ്രതിരോധിച്ച് മലയാള സാഹിത്യത്തിന്‍െറ നെഞ്ചിനുള്ളിലെ മിടിപ്പായി നമുക്ക് മുന്നിലുണ്ടായേനേ. ഓര്‍മകള്‍ക്ക് ഉണര്‍വേകുന്ന വ്യക്തിത്വമായിരുന്നുവല്ളോ സുഷമയുടേത്. ഇന്ന് തടയുന്നതും ഹൃദയംകൊണ്ട് തൊടുന്നതും ഇതുവരെ അറിയാത്തതെന്തോ ആണെന്ന് തോന്നുന്നു. 
ആരുടെയും അനുയായിയാവാതെ, ആണ്‍പക്ഷവും പെണ്‍പക്ഷവും തകര്‍ക്കുന്ന സംവാദങ്ങളില്‍പ്പെടാതെ മനുഷ്യമനസ്സിന്‍െറ വേവും ചൂടും ആവാഹിച്ചെടുക്കലാണ് കലയുടെ മര്‍മവും ധര്‍മവുമെന്ന് മനസ്സിലാക്കിയിരുന്നു സുഷമ. മനുഷ്യന് ഒരു മുഖച്ഛായയേ ഉള്ളൂ എന്നും വിശ്വസിച്ചിരുന്നു. ആത്യന്തികമായി ആണും പെണ്ണും നോക്കുന്നത് ഒരേ ദൂരത്തിലും വെളിച്ചത്തിലുമാണെന്ന് പറഞ്ഞുറപ്പിക്കുകയും അതൊരു ആഖ്യാന രൂപമായി കൊരുത്തെടുക്കുകയും ചെയ്തു. തുറന്നുപറയലാണ് പറയാതിരിക്കുന്നതിനെക്കാളൊക്കെ നല്ലതെന്ന് ആദ്യരചനമുതലേ സുഷമ ചൂണ്ടിക്കാട്ടി. സാമൂഹികജീവിതത്തെ ഊറ്റിയെടുക്കുന്ന രാസവിദ്യ സുഷമയുടെ കഥകള്‍ക്കു മാത്രം സ്വന്തമെന്നു പറയാം. മണപ്പുറത്തിന്‍െറ ഭൂപടത്തില്‍നിന്ന് മാറിപ്പോകാന്‍ വൈമുഖ്യം ഉണ്ടായിരുന്നെങ്കിലും തന്‍െറ വലയില്‍ കോരിയെടുത്ത ജീവിതങ്ങള്‍ പുറം മണ്ഡലത്തിലുമുണ്ടെന്ന് മിടുക്കോടെ ചൂണ്ടിക്കാട്ടിയ കുസൃതിക്കുട്ടിയുടെ ചിരിയാണ് സുഷമയുടെ കഥകള്‍. ഈടുവെപ്പുകള്‍ക്ക് സാന്ദ്രതയേകുന്ന ശക്തമായ പാദമുദ്ര. 
എഴുതണം എന്നുമാത്രം ആഗ്രഹിച്ച, എഴുത്ത് പ്രാണവായുവായി കണ്ട എഴുത്തുകാരിയാണ് സുഷമ. എന്തെഴുതുന്നു എന്നതിനെക്കാള്‍ എഴുതിയതൊന്നും മായ്ച്ചുകളയാനാവാത്തതാണെന്ന യാഥാര്‍ഥ്യത്തിനാണ് പ്രസക്തി. മഷിത്തണ്ടുകൊണ്ട് സ്ളേറ്റ് മായ്ക്കുന്നതുപോലെ സുഷമയുടെ കഥകളെ ഇന്നും തുടച്ചുനീക്കാനാവില്ല. ഒരുപാട് പറയാനുള്ളതുകൊണ്ടും അത് വേഗംതന്നെ വേണമെന്നുള്ളതുകൊണ്ടുമാണോ (ഒരു മുന്‍കരുതല്‍പോലെ) തന്‍െറ കഥകളിലെല്ലാംതന്നെ പലരെയും പലതിനെയും ഒപ്പംകൂട്ടി. കഥക്കുള്ളിലെ കഥയെന്ന് സുഷമതന്നെ പലേടത്തും ഇതേപ്പറ്റി പറയുന്നുമുണ്ട്. ഓരോ കഥാപാത്രത്തിനും അളന്നുമുറിച്ച ചുവടുകള്‍ കണക്കാക്കിയിരുന്നു, തച്ചുശാസ്ത്രജ്ഞനെപ്പോലെ. ഒരാളും പുറത്തേക്ക് ചാടിയില്ല. ഒതുക്കത്തോടെ സ്രഷ്ടാവിന്‍െറ വിരല്‍ചൂണ്ടുന്നിടത്ത് നിഴലുകള്‍ തീര്‍ത്ത് ഓരോരുത്തരും ഇരുന്നു. ശില്‍പിയുടെ ചാരുത ഓരോ കഥയിലും കനത്തുനിന്നു. 
തൊണ്ടയില്‍ കുരുങ്ങിക്കിടക്കുന്ന തേങ്ങല്‍പോലെയാണ് എല്ലാ കഥകളെങ്കിലും അതിനുമുണ്ടൊരു ദ്വികാലം- രോഗത്തിനു മുമ്പും പിമ്പും. ഗൃഹാന്തരീക്ഷത്തിലെ കലുഷത, സ്നേഹഭ്രംശം, നെറികേടും അതിന്‍െറ ഫലമായ നിസ്സഹായതയും, ദാമ്പത്യബന്ധത്തിലെ വിള്ളലുകള്‍, പരാജിതന്‍െറ ഒച്ചയടച്ച കരച്ചില്‍, കൂട്ടത്തില്‍ പെരുമീനുദിക്കുംപോലെ പ്രണയത്തിളക്കവും. സാഹിത്യവും ജീവിതവും ഇത്രമേല്‍ കൂട്ടിക്കുഴച്ചൊരു രചന സുഷമയുടെ പ്രത്യേകതയാണെന്ന് തോന്നുന്നു. തന്‍െറ കഥകളുടെ കുഴപ്പംകൊണ്ട് ബന്ധങ്ങള്‍ ഉടഞ്ഞുപോകുന്നുവോ എന്ന് സംശയിക്കുന്ന, നിഴലുകളെ പിന്തുടരുന്നവരിലെ മായയും കഥയില്ലായ്മകളിലെ സുജാതയും അക്ഷരങ്ങള്‍കൊണ്ട് കുരിശുതീര്‍ത്ത പെണ്‍കുട്ടികളാണ്. ഈ വരികള്‍ തന്‍െറ രണ്ടു കഥകളില്‍ സുഷമ ആവര്‍ത്തിക്കുന്നുണ്ട്. ഒരാത്മവിമര്‍ശത്തിന് വിധേയമാവാന്‍ സ്വന്തം കഥാപാത്രങ്ങളെയും കഥകളെയും സുഷമ വിട്ടുകൊടുക്കുന്നുണ്ട്. കഥയും കഥാകാരിയും അന്യരല്ലാതാവുകയും ചെയ്യുന്നുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ കഥയെ കഥയായി കാണാതിരിക്കുകയും മറന്നുനില്‍ക്കുന്ന സത്യത്തിന്‍െറ പച്ചപ്പിനെ തേടിയെടുക്കുകയും ചെയ്ത് പുച്ഛവും പരിഹാസവും പെയ്യുമ്പോള്‍ പതറുന്ന തന്‍െറ മനസ്സിനത്തെന്നെയല്ളേ സുഷമ കഥകളിലും പകര്‍ത്തിയത്? എഴുതാന്‍ മടിക്കുന്നവരും എഴുതിത്തളര്‍ന്നവരും നിത്യസാന്നിധ്യമാണ് കഥകളില്‍. നീലനിറത്തിലുള്ള പേനയും നീലക്കടലാസും പൂര്‍ണതക്കായി സുഷമയുടെ കഥകളില്‍ പലേടത്തും കാത്തിരിക്കുന്നുണ്ട്. 
പാതിവിടര്‍ന്ന പൂവുപോലെയാണ് സുഷമയുടെ പ്രണയകഥകള്‍. അത്യപൂര്‍വമായ മണം ചൊരിയുകയും രാത്രിയില്‍ ശുഭ്രവെളിച്ചം പകരുകയും ചെയ്യുന്ന വനജ്യോത്സനയാണിവിടെ പ്രണയം. തുറന്നുപറയാനും പറയാതിരിക്കാനും വയ്യ. ഒരു താരകയെ കാണുമ്പോളത് കണ്ണുചിമ്മും. സൂര്യശോഭയേറ്റാല്‍ വീഴാന്‍ പോകും. പലപ്പോഴും മനസ്സ് സാക്ഷയിട്ടാണ് സുഷമയുടെ കഥകളിലെ ഹേമയും മായയും സുജാതയും അമ്മുവും മീരയുമൊക്കെ വരുന്നത്. വെളിച്ചത്തേക്കു കൊണ്ടുവന്നൊന്ന് ക്ളാവ് മാറ്റി ഈയം പൂശിയെടുക്കാവുന്ന ഒരു ജീവിതവുമില്ല കൂട്ടത്തില്‍. എന്നാലും, പാതിരാവിന്‍െറ മടിയില്‍ പ്രണയനിലാവിനെയൊളിപ്പിച്ച് തനിക്കു ചുറ്റും ജീവിതത്തിന്‍െറ സുഗന്ധമുണ്ടെന്ന് തിരിച്ചറിയുന്നുണ്ട് ഇവരൊക്കെ. എപ്പോഴോ അറിഞ്ഞ അച്ഛന്‍െറ പ്രണയബന്ധവും സുജാത ഓര്‍ത്തെടുക്കുന്നുണ്ട്. ജീവിതത്തോട് തീര്‍ത്താല്‍ തീരാത്ത മോഹം നിലനില്‍ക്കവെയാണ് രോഗത്തിന്‍െറ പരുത്ത വിരലുകള്‍ ഞെക്കി ഞെരുക്കുന്നത്. മരണത്തെ സ്നേഹിക്കുന്ന പെണ്‍കുട്ടിയും കടപ്പുറത്തെ എരിഞ്ഞടങ്ങുന്ന പകലും കുന്നിന്‍ചരിവിലെ അസ്തമയവും നമുക്ക് കണ്ടുമുട്ടാനാവുന്നു. മാവു പുളിച്ചു പതഞ്ഞുവരുമ്പോലെ ഞരമ്പുകള്‍ വറ്റി ശരീരത്തില്‍ തുളകള്‍ ഉണ്ടാകുമ്പോള്‍ നിസ്സഹായതയുടെ പരകോടി കാണുന്നു, ‘മകളി’ലെ കൃഷ്ണയും ‘മുറിപ്പാടുകളി’ലെ ഹേമയും. തന്‍േറതല്ലാത്ത കാരണങ്ങള്‍കൊണ്ട് കലാലയത്തിന്‍െറ പടിയിറങ്ങേണ്ടിവരുകയും പിന്നീട് താന്‍ വിചാരിച്ച ബിരുദങ്ങള്‍ കൈക്കലാക്കുകയും ചെയ്തെങ്കിലും ജോലിയുടെ കാര്യത്തില്‍ നിരാശപ്പെടുന്നു, സുഷമയുടെ കഥാപാത്രങ്ങളും സുഷമയും. 
സുഷമയുടെ ‘മകള്‍’ എന്ന കഥക്ക് അതിശയകരമായൊരു വശ്യതയുണ്ട്. അറിയപ്പെടുന്ന ഒരു എഴുത്തുകാരന്‍െറ രേഖാചിത്രം തെളിഞ്ഞുവരുന്ന ആ കഥ എന്തുകൊണ്ടോ മറ്റു ചില കഥകളിലേക്ക് മനസ്സിനെ കൊണ്ടുപോകും. അച്ഛനാകാന്‍, എന്തിന് ചെറിയൊരു കുട്ടിയെ ലാളിക്കാന്‍പോലും അറിയാത്ത കഥാകൃത്ത് രോഗശയ്യയില്‍ കിടക്കുന്ന ആരാധികയെ കാണാന്‍ വന്ന് ലോകത്തിലാര്‍ക്കും സാധിക്കാത്തവിധം മഹത്ത്വമുള്ളൊരു അച്ഛനായി മാറുന്നു.
വര്‍ത്തമാനകാലത്ത് ഒരിക്കലും അച്ഛനായിട്ടില്ലാത്തയാള്‍ അച്ഛന്‍െറ വേദന അറിയുന്നു. അച്ഛനല്ളേ എന്ന ചോദ്യത്തിന് അല്ല എന്നയാള്‍ ഉത്തരം പറയുന്നില്ല. മനസ്സിന്‍െറ വേപഥു ഒപ്പിയെടുക്കുന്നു ആ കഥ. രോഗിയായി കിടന്നുകൊണ്ടുതന്നെ കൃഷ്ണ കുസൃതിയാവുന്നു. ‘‘എന്‍െറ നെഞ്ചിലൂടെയാണ് ഓരോ തീവണ്ടിയും പാഞ്ഞുപോയത് എന്ന് നൊമ്പരപ്പെട്ട ഒരച്ഛന്‍െറ വേദന ഞാന്‍ അറിയുന്നു.’’ യാത്രയുടെ തുടക്കമാവുന്ന യാത്രാമൊഴി സുഷമ നേരത്തേതന്നെ രേഖപ്പെടുത്തിയിരുന്നു. 
വളപ്പൊട്ടുകളും റിബണും പൂക്കളുമെല്ലാം സ്വത്തായി കരുതിയിരുന്ന പെണ്‍കുട്ടികള്‍ സുഷമയുടെ കഥകളില്‍ ഏറെയുണ്ട്. പ്രകൃതിയില്‍നിന്ന് വേറിടാതെ അതോടു രമിച്ചു രസിച്ച പെണ്‍കുട്ടി എഴുതുന്ന കഥകള്‍ അത്തരത്തിലേ വരൂ. കൈനിറയെ കുപ്പിവളയിട്ട, പച്ചയില്‍ സ്വര്‍ണവര്‍ണം കലര്‍ന്ന കുപ്പിവളകളുടെ കലപില ഇഷ്ടപ്പെടുന്ന പെണ്‍കുട്ടിയുടെ മൗനം ദു$ഖകരമാവുന്ന ചില സമയങ്ങളുണ്ട്. കൈ തളരുംവരെ എഴുതുമെന്ന് ‘ഇനിയു’മെന്ന കഥയിലെ വല്യോള് പറയുന്നു: ‘‘ദേ ഇവിടെ കുറച്ചു മുമ്പുവരെ ഒരു കല്ല് ഇറക്കിവെച്ച പ്രതീതിയായിരുന്നു, ഇപ്പോഴത് അലിഞ്ഞുപോയിരിക്കുന്നു. വല്യോള്‍ക്ക് ഈ ധൈര്യം എന്നും ഉണ്ടായാല്‍ മതി. ഏട്ടന്‍െറ വാക്കുകള്‍ ഇടറിയിരുന്നു. ചൂടുള്ള കണ്ണീര്‍ക്കണങ്ങള്‍ എന്‍െറ നെറുകയില്‍ വീണത് ഞാനറിഞ്ഞില്ല. ഞാനോര്‍ക്കുകയായിരുന്നു. അടുത്ത കഥയെപ്പറ്റി.’’ ഈ വല്യോള് ജീവിതത്തിന്‍െറ വല്യോളായ സുഷമതന്നെയല്ളേ?
തന്‍േറടമുള്ള സ്ത്രീത്വത്തിന്‍െറ പകര്‍പ്പാണ് സുഷമയുടെ ‘വസുന്ധര’. കറുത്തകര മുണ്ടുചുറ്റി നിലാവുപോലെ പുഞ്ചിരിച്ച് സാമീപ്യംകൊണ്ട് ആരെയും സാത്ത്വികതയിലേക്കത്തെിക്കുന്ന വസുന്ധര ആത്മാഭിമാനത്തിന്‍െറയും ആത്മധൈര്യത്തിന്‍െറയും പതാകവഹിക്കുന്നു. ആദിനാരായണന്‍െറ ആത്മഹത്യ സാമൂഹിക പ്രതികരണത്തിന്‍െറ ചെറിയൊരു ഒച്ച പുറപ്പെടുവിക്കുന്നു. മുരുകഞ്ചോലയിലെ അതിക്രമങ്ങളെക്കുറിച്ച് ആദി പറഞ്ഞുകേട്ട അറിവേ ഉള്ളൂവെങ്കിലും നേരിലതു ബോധ്യപ്പെടുമ്പോളാണ് ആദിയോടവള്‍ക്ക് ആദരവ് തോന്നുന്നത്. ‘‘ഗതികിട്ടാത്ത ആത്മാക്കളെപ്പോലെ വാടിയ അരളിപ്പൂക്കള്‍ ഒഴുകിനടക്കുന്നുവോ. മഴമേഘങ്ങള്‍ക്കപ്പുറത്തിരിക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരാ, നീയറിയുന്നോ ഈ മണ്ണിലെ വേദനകള്‍. മഞ്ഞുപെയ്യാത്ത താഴ്വരകളും ഈ ഭൂമിയിലുണ്ടെന്ന് ഓര്‍മപ്പെടുത്തിയതാര്? ഇത് നിനക്കായ് ഞാന്‍ കുറിക്കുന്ന വരികള്‍.’’ സ്ത്രീധനം വാങ്ങിച്ച് വിവാഹം കഴിക്കുന്ന കമ്പോളത്തിലെ ചെറുക്കന്മാര്‍ക്കിട്ടൊന്നു കൊടുക്കാനും സുഷമ മറക്കുന്നില്ല. ‘‘കല്യാണം കഴിക്കാന്‍ നേരത്തേ ഇവര്‍ക്കൊക്കെ അമ്മയോട് കൂടുതല്‍ ഇഷ്ടം വരൂ.’’ എന്തിനും ഏതിനും അമ്മയുടെ പേരുപറഞ്ഞ് തന്‍െറ കാര്യങ്ങള്‍ നേടുന്ന വിവാഹാര്‍ഥികളെ പരിഹസിക്കുന്നതിലൂടെ കഥയുടെ നര്‍മവും സുഷമ സ്വായത്തമാക്കുന്നു. കൊച്ചുകഥയാണെങ്കിലും ഓര്‍മത്തെറ്റ് മനസ്സിലേക്കിട്ടു തരുന്ന പുച്ഛംകൊണ്ടു പൊതിഞ്ഞ ഹാസ്യത്തിന് നല്ല വേദനയുണ്ട്. മധുരം പുരട്ടിയ വാക്കുകള്‍കൊണ്ട് പെണ്‍കുട്ടികളെ കാര്‍ന്നുതിന്നുന്ന കമ്പനി ഉദ്യോഗസ്ഥന്‍ തന്നെപ്പോലൊരു പെണ്‍കുട്ടിയെ വളച്ചെടുക്കുന്നതിന്‍െറ ഭാഗമായി തുണിക്കടയില്‍ ചെല്ലുന്നു. സെയില്‍സ് ഗേളായ പെണ്‍കുട്ടിയെ പരിചയമുണ്ടെന്ന് അയാള്‍ പറയുമ്പോള്‍ അവളത് നിഷേധിക്കുന്നു. പിന്നെ ആരും അടുത്തില്ളെന്നായപ്പോള്‍ വിജയഗര്‍വോടെ ‘‘ബ്ളൂമൗണ്ടിലെ 13ാം നമ്പര്‍ മുറിതന്നെയാണേ ഇപ്പോഴു’’മെന്ന് കല്ളെടുത്തൊരേറ്. ഇങ്ങനെ വാക്കുകള്‍കൊണ്ടുള്ള മാന്ത്രികത സുഷമയുടെ സ്വഭാവവും സ്വകാര്യതയുമാണ്. 
‘‘ഐ വില്‍ ട്രൈ ടു സ്മയില്‍, ഐ വില്‍ ട്രൈ. പ്രിയപ്പെട്ടവരെ എനിക്കൊന്നൂല്യാ അയാം ഓള്‍റൈറ്റ്’’ നിലാവിന്‍െറ വേദനയില്‍ ശ്യാമ-ശ്യാമളേന്ദു ആവര്‍ത്തിച്ചുപറയുന്നു. ചാമുട്ടനെന്നും കുട്ടനെന്നും വിളിപ്പേരുള്ളവള്‍, ‘വെള്ളത്തിലിട്ട സോഡിയം’പോലെ നടന്നിരുന്നവള്‍, ശരീരവും മനസ്സും തളര്‍ന്നിരിക്കുമ്പോഴും പേനത്തുമ്പില്‍ ഷെല്ലിയെ സ്വപ്നങ്ങള്‍ക്കായി വിരിയിക്കുന്നവള്‍ അത് ശ്യാമള എന്ന് വിളിപ്പേരുള്ള സുഷമയായിരുന്നില്ളേ. ‘അനുരാധ കരയുന്നു’ എന്ന കഥയിലെ ഹരിയുടെ ചിന്തകള്‍ ഇങ്ങനെയാണ്: ‘‘മരണത്തോട് ആഭിമുഖ്യമുള്ള കഥാപാത്രങ്ങളെപ്പോലും വെറുത്തിരുന്ന അനുരാധ, ജീവിതത്തിനോട് മാത്രം താല്‍പര്യമുള്ളവള്‍, ചിരി പൂത്തുലഞ്ഞ കണ്ണുകളുമായി മൈലാഞ്ചിയുടെയും കുപ്പിവളകളുടെയും ലോകത്ത് എല്ലാം മറന്ന പെണ്‍കുട്ടി.’’ സ്വയമീ വരികള്‍ കുറിക്കുമ്പോള്‍ സുഷമ ആഗ്രഹിച്ചത് ജീവന്‍െറ ഒരിഴയെങ്കിലും വിരലില്‍ ചുറ്റിപ്പിണക്കാനല്ളേ. ജീവിതം അന്യമായിട്ടില്ളെന്ന വിശ്വാസം ഊട്ടിയുറപ്പിക്കാന്‍ തത്രപ്പെട്ടിരുന്നു. ഒരു മടക്കയാത്ര അത് പ്രതീക്ഷിച്ചിരിക്കണം. സുഷമ ‘ഹൃദയ രേഖകളി’ലെ ലളിതയിലൂടെ അത് പ്രകടമാക്കുന്നുണ്ട്. ‘‘ഈ വീടുവിട്ടുപോകാന്‍ എന്‍െറ മനസ്സനുവദിക്കുന്നില്ല. ഇവിടെ എന്‍െറ വേരുകള്‍ ആഴ്ന്നിറങ്ങിയിരിക്കുന്നു. അതങ്ങനെ പറിച്ചെടുക്കാന്‍ വയ്യ.’’ ‘തകര്‍ച്ച’ എന്ന കഥയുടെ അവസാനത്തിലും സുഷമയെഴുതിയ വാക്കുകള്‍ക്ക് ശുഭചിന്തയുടെ പ്രകാശമുണ്ടായിരുന്നു. 
പക്ഷേ, ദൈവത്തിന്‍െറ കൈയൊപ്പ് ചാര്‍ത്തിയ തീട്ടൂരം മുന്നേ വന്നിരിക്കുന്നു. ‘‘പുഴ അവളെ മാടിവിളിച്ചു. വരൂ ഇവിടെ എനിക്ക് കൂട്ടായിരിക്കൂ, നിന്‍െറ നൂപുരധ്വനികള്‍ കേട്ട് ഞാന്‍ മയങ്ങട്ടെ. ഓളങ്ങള്‍ അവളുടെ കണങ്കാലില്‍ ഇക്കിളിയിട്ടു. അവള്‍ക്ക് രോമാഞ്ചമുണ്ടായി. അതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു അനുഭൂതി അവള്‍ അറിഞ്ഞു. അവളുടെ മനസ്സ് നിറഞ്ഞു. അപ്പോള്‍ പുഴയുടെ തണുപ്പ് അവളെ പൊതിഞ്ഞു...’’ (പുഴ).
അതെ, സുഷമയെ കാലത്തിന്‍െറ കയത്തിലേക്ക് ആഴ്ത്തിക്കളഞ്ഞു. അക്ഷരങ്ങളെ ഒരുപാട് സ്നേഹിച്ച്, അക്ഷരക്കൂട്ടിനെ ശ്വസിച്ച്, ക്ഷരമല്ലാത്ത ലോകത്തെ തന്നിട്ട് എഴുത്തുകാരി പിന്‍മറയുമ്പോള്‍ മനമില്ലാ മനസ്സോടെയുള്ള മടക്കയാത്രക്കൊരുങ്ങുമ്പോള്‍ ഇപ്പോഴെനിക്ക് മനസ്സിലാവുന്നു ആ നൊമ്പരം. ജീവന്‍െറ ചുണ്ടുകള്‍കൊണ്ട് കടിച്ചുപറിച്ചെടുക്കാനാഗ്രഹിച്ച മണ്ണിന്‍െറ മധുരത്തെ അന്യമാക്കേണ്ടിവരുമ്പോള്‍ ചെയ്യാനുള്ളത് വേഗത്തില്‍ ചെയ്തൊരു മാറിപ്പോക്ക്... അത്രയേ നമുക്കായി സുഷമക്ക് ചെയ്യാന്‍ കഴിയുമായിരുന്നുള്ളൂ.
(മാധ്യമം ആഴ്ചപ്പതിപ്പ് 2014 മെയ് 19 പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനം)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.