മലയാളം പൂത്തുലഞ്ഞ ഷാര്‍ജ പുസ്തകോത്സവം

അക്ഷരാര്‍ഥത്തില്‍ പുസ്തകങ്ങളുടെ വസന്തോത്സവമായി ഷാര്‍ജയില്‍ അരങ്ങേറിയ ലോകത്തെ നാലാമത്തെ വലിയ പുസ്തകമേള. ലോകമെമ്പാടുനിന്നുമത്തെിയ പുസ്തകങ്ങളുടെ പുതുഗന്ധം തേടി പ്രവാസികളടക്കമുള്ള ലക്ഷങ്ങള്‍ മേളയില്‍ അലഞ്ഞുനടന്നു. ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍ പണം നല്‍കി സ്വന്തമാക്കി. കുടുംബത്തോടൊപ്പമത്തെി പുസ്തകങ്ങള്‍ നിറച്ച ട്രോളിയുമായി മടങ്ങുന്നവര്‍ മേളയിലെ പതിവു കാഴ്ചയായി. എഴുത്തുകാര്‍ മേളയിലെ താരങ്ങളായി. പുസ്തകങ്ങളില്‍ അവരുടെ കൈയൊപ്പ് വാങ്ങാനും ഒപ്പംനിന്ന് ഫോട്ടോയെടുക്കാനും ഓരോരുത്തരും മത്സരിച്ചു. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തില്‍ നടന്ന 33ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം സന്ദര്‍ശകരുടെ എണ്ണത്തിലും റെക്കോഡിട്ടു. 14 ലക്ഷത്തോളം പേരാണ് 11 ദിവസം നീണ്ട പുസ്തകോത്സവത്തില്‍ സന്ദര്‍ശകരായത്തെിയത്. 17.8 കോടി ദിര്‍ഹത്തിന്‍െറ വിറ്റുവരവുണ്ടായി. യു.എ.ഇയിലെ 350 സ്കൂളുകളില്‍ നിന്ന് 46,000 വിദ്യാര്‍ഥികള്‍ മേളയിലത്തെി. മേളയുടെ സാമൂഹിക മാധ്യമ പേജുകള്‍ സന്ദര്‍ശിച്ചത് 61.3 കോടി ആളുകളാണ്. അക്ഷര പ്രേമിയായ ശൈഖ് സുല്‍ത്താന്‍ തന്നെയാണ് മേള ഉദ്ഘാടനം ചെയ്തത്. അദ്ദേഹത്തിന്‍െറ പുസ്തകങ്ങള്‍ മേളയില്‍ വന്‍ തോതില്‍ വിറ്റഴിക്കപ്പെട്ടു. 59 രാജ്യങ്ങളില്‍നിന്ന് 1256 പ്രസാധകര്‍ മേളയില്‍ പുസ്തകങ്ങള്‍ അണിനിരത്തി. 14 ലക്ഷത്തിലധികം തലക്കെട്ടുകളിലുള്ള പുസ്തകങ്ങള്‍ വില്‍പനക്കായത്തെിയിരുന്നു. 
ഡി.സി ബുക്സിന്‍െറ നേതൃത്വത്തില്‍ ഇന്ത്യയില്‍നിന്ന് നൂറോളം പ്രസാധകരാണ് ഇത്തവണ ഷാര്‍ജയിലത്തെിയത്. ഇതിലേറെയും മലയാളി പ്രസാധകരായിരുന്നു. ഡി.സി ബുക്സ്, മാതൃഭൂമി, കൈരളി, ഒലിവ്, ചിന്ത, ലിപി, ഇസ്ലാമിക് പബ്ളിഷിങ് ഹൗസ്, രിസാല, അദര്‍ ബുക്സ്, ഗ്രീന്‍ ബുക്സ് തുടങ്ങിയവയായിരുന്നു പ്രധാന മലയാളി പ്രസാധകര്‍. യു.എ.ഇയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന ‘ഗള്‍ഫ് മാധ്യമം’ അടക്കമുള്ള മലയാള പത്രങ്ങളുടെ സ്റ്റാളുകളും ഒരുക്കിയിരുന്നു. ഇന്ത്യയില്‍നിന്നുള്ള എഴുത്തുകാരുടെ എണ്ണത്തിലും ഇത്തവണ വര്‍ധനയുണ്ടായി. ഇംഗ്ളീഷ് എഴുത്തുകാരായ ശശി തരൂര്‍, ചേതന്‍ ഭഗത്, അമീഷ് ത്രിപാഠി, അമിതാവ് ഘോഷ്, ശിവ് ഖേര, രശ്മി ബന്‍സാള്‍ എന്നിവര്‍ക്കുപുറമെ മലയാളത്തില്‍നിന്ന് എം.പി. വീരേന്ദ്രകുമാര്‍, സേതു, പി. സുരേന്ദ്രന്‍, ആലങ്കോട് 
ലീലാകൃഷ്ണന്‍, പെരുമ്പടവം ശ്രീധരന്‍,  കെ.ജി. ശങ്കരപ്പിള്ള, കുരീപ്പുഴ ശ്രീകുമാര്‍, മധുസൂദനന്‍ നായര്‍, പ്രഭാവര്‍മ, പി.പി. രാമചന്ദ്രന്‍, കെ.ആര്‍.മീര, പി.കെ. പാറക്കടവ്, ജി. വേണുഗോപാല്‍, നടി മഞ്ജുവാര്യര്‍ എന്നിവരുമത്തെി. വാണിദാസ് എളയാവൂരിന്‍െറയും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍  ശശികുമാറിന്‍െറയും പ്രഭാഷണം ശ്രവിക്കാന്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.
പുസ്തകോത്സവത്തിന്‍െറ സംഘാടന മികവില്‍ വിസ്മയംപൂണ്ടാണ് മിക്ക മലയാളി എഴുത്തുകാരും സംസാരിച്ചത്. ദിവസവും 300 പേജ് വായിക്കുന്നയാളാണ് ഷാര്‍ജ ഭരണാധികാരിയെന്ന അറിവ് തന്നെ അദ്ഭുതപ്പെടുത്തിയതായി എം.പി. വീരേന്ദ്രകുമാര്‍ പറഞ്ഞു. സാംസ്കാരികമായി ഒൗന്നത്യം പുലര്‍ത്തുന്ന ഭരണാധികാരിക്കു മാത്രമേ സ്വന്തം ജനതയെ നേര്‍വഴിക്ക് നയിക്കാനാവൂ. ഓരോ വീട്ടിലും ലൈബ്രറി സ്ഥാപിക്കാനുള്ള ശൈഖ് സുല്‍ത്താന്‍െറ പദ്ധതി മാതൃകാപരമാണെന്നും മേളയില്‍ ആദ്യമായത്തെുന്ന അദ്ദേഹം അഭിപ്രായപ്പെട്ടു. രാജാവ് ദാര്‍ശനികനാവുമ്പോള്‍ പ്രജകള്‍ക്ക് അതിന്‍െറ ഗുണം ലഭിക്കുമെന്നതിന്‍െറ തെളിവാണ് പുസ്തകോത്സവമെന്നായിരുന്നു കേരള സാഹിത്യ അക്കാദമി പ്രസിഡന്‍റ് പെരുമ്പടവം ശ്രീധരന്‍െറ പക്ഷം. ഭൂമിയില്‍ അക്ഷരങ്ങള്‍ക്കൊരു സ്വര്‍ഗമുണ്ടെങ്കില്‍ അത് ഇതാണെന്നാണ് കവി ആലങ്കോട് ലീലാകൃഷ്ണന്‍ അഭിപ്രായപ്പെട്ടത്.  ലോകത്തിലെ അക്ഷരത്തിന്‍െറ കൂടാരമെന്നാണ് കവി വി. മധുസൂദനന്‍ നായര്‍ പുസ്തകോത്സവത്തെ വിശേഷിപ്പിച്ചത്. ഇവിടെ നടക്കുന്നത് നീതിയുടെ സാക്ഷാത്കാരമാണെന്നായിരുന്നു കവി കെ.ജി. ശങ്കരപ്പിള്ളയുടെ മതം. മലയാളത്തിന്‍െറ പ്രിയ എഴുത്തുകാരായ സേതു, പ്രഭാവര്‍മ എന്നിവരും അഭിമാനത്തോടെയാണ് പുസ്തകോത്സവത്തെ വര്‍ണിച്ചത്.  
മാധ്യമപ്രവര്‍ത്തകരടക്കമുള്ള പ്രവാസികളുടെ ഇരുപതോളം പുസ്തകങ്ങളാണ് മേളയില്‍ പ്രകാശനം ചെയ്യപ്പെട്ടത്. പ്രവാസി സാഹിത്യത്തില്‍ ഗൃഹാതുരതയുടെ കാലം കഴിഞ്ഞുവെന്നും ഇനി പൊള്ളുന്ന നേരനുഭവങ്ങളാണ് പ്രസിദ്ധീകരിക്കപ്പെടേണ്ടതെന്നും നിരവധി പ്രകാശന ചടങ്ങുകളില്‍ പങ്കെടുത്ത സേതു അഭിപ്രായപ്പെട്ടു. പുന്നയൂര്‍ക്കുളവും കാടും പുഴകളുമൊക്കെയടങ്ങുന്ന നഷ്ടസ്വപ്നങ്ങളായിരുന്നു ഒരുകാലത്ത് പ്രവാസി സാഹിത്യം. എന്നാല്‍, ആടുജീവിതംപോലുള്ള കൃതികളുടെ വരവോടെ ഇതിന് മാറ്റമുണ്ടായി. ഗള്‍ഫ് അനുഭവങ്ങളുടെ നേരെഴുത്തിന് ഇപ്പോള്‍ ഏറെ വായനക്കാരുണ്ടെന്നും അദ്ദേഹം പറഞ്ഞു. നോവലുകളേക്കാള്‍ അനുഭവക്കുറിപ്പുകള്‍ക്കാണ് ഇപ്പോള്‍ വായനക്കാരേറെയെന്ന അഭിപ്രായമായിരുന്നു ഷാജഹാന്‍ മാടമ്പാട്ടിന്‍േറത്. 
‘ഡാവിഞ്ചി കോഡ്’ എന്ന നോവലിലൂടെ പ്രശസ്തനായ ഡാന്‍ ബ്രൗണിന്‍െറ പ്രഭാഷണം ശ്രവിക്കാന്‍ ആയിരങ്ങളാണ് മേളയില്‍ ഒത്തുകൂടിയത്. ഇതില്‍ അധികവും മലയാളികളായിരുന്നു. കുറെപേര്‍ക്ക് ഹാളിനകത്ത് കയറാനാവാതെ പുറത്തുനില്‍ക്കേണ്ടിവന്നു. ശാസ്ത്രവും മതവും ഏറ്റുമുട്ടേണ്ടതില്ളെന്നും സത്യം കണ്ടത്തൊനുള്ള ശ്രമത്തില്‍ പരസ്പര പൂരകങ്ങളായി പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നുമുള്ള സന്ദേശമാണ് അദ്ദേഹം പ്രസംഗത്തിലൂടെ നല്‍കിയത്. ആത്മീതയോട് നിഷേധാത്മക സമീപനം സ്വീകരിക്കുന്നതല്ല തന്‍െറ നിലപാട്. ഏതിനെയും തുറന്ന മനസ്സോടെ പഠന വിധേയമാക്കുകയും ആവശ്യമുള്ളത് സ്വീകരിക്കുകയുമാണ് ചെയ്യുന്നത്. പ്രപഞ്ചോല്‍പത്തിക്കുപിന്നില്‍ കേവലം തന്മാത്രാ സിദ്ധാന്തത്തിനും ബിഗ്ബാങ് തിയറിക്കുമപ്പുറം എന്തൊക്കെയോ നിഗൂഢതകളുണ്ട്. ഇത് ഇഴപിരിച്ചെടുക്കുകയെന്നതാണ് വരും തലമുറയുടെ ദൗത്യം. മതങ്ങള്‍ ചോദ്യങ്ങള്‍ ഉന്നയിക്കുകയും ശാസ്ത്രം അതിന് ഉത്തരം നല്‍കുകയും ചെയ്യുന്നു. സത്യാന്വേഷണമാണ് മനുഷ്യരെ കൂട്ടിയിണക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  
കെ.ആര്‍. മീരയുടെ നോവലായ ‘ആരാച്ചാറാ’ണ് മേളയില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോയ മലയാള പുസ്തകം. മേളയിലത്തെിച്ച ആയിരത്തോളം കോപ്പികളുടെയും വില്‍പന നടന്നു. എന്നിട്ടും, ആവശ്യക്കാര്‍ ഏറെയായിരുന്നു. ഇംഗ്ളീഷില്‍ ചേതന്‍ ഭഗതിന്‍െറ ‘ഹാഫ് ഗേള്‍ ഫ്രണ്ടി’നായിരുന്നു ഡിമാന്‍ഡ്. മേളയില്‍ ആദ്യമായത്തെിയ ലിപി, ഗ്രീന്‍ ബുക്സ്, ഐ.പി.ബി എന്നീ പ്രസാധനാലയങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് വായനക്കാരുടെ ഭാഗത്തുനിന്ന് ലഭിച്ചത്. ഗള്‍ഫില്‍ പണമടച്ചാല്‍ നാട്ടില്‍ പുസ്തകമത്തെിക്കുന്ന പദ്ധതിക്ക് വന്‍ സ്വീകാര്യതയുണ്ടായി. ഇസ്ലാമിക് പബ്ളിഷിങ് ഹൗസിന്‍െറ പുസ്തകങ്ങള്‍ വാങ്ങാനും തിരക്ക് അനുഭവപ്പെട്ടു. ഓരോ വര്‍ഷവും അമ്പരപ്പിക്കുന്ന വളര്‍ച്ചയാണ് ഷാര്‍ജ പുസ്തകമേളക്കുണ്ടാകുന്നതെന്ന് ഇവിടെയത്തെുന്ന സന്ദര്‍ശകരുടെ എണ്ണം തെളിയിക്കുന്നു. പുസ്തകങ്ങള്‍ വാങ്ങുന്നതിലുപരി ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നത്തെുന്ന സൃഹൃത്തുക്കളുമായി ബന്ധം പുതുക്കാനത്തെുന്നവരും ഷാര്‍ജ പുസ്തകമേളയുടെ സ്ഥിരം സന്ദര്‍ശകരാണ്. ഇനി അടുത്തവര്‍ഷം കാണാമെന്നു പറഞ്ഞാണ് പലരും ഇവിടെനിന്ന് പിരിഞ്ഞത്. 

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.