Posted On
date_range Updated On
date_range കൊണവതി ..യാരം അഥവാ ഗുണവതി വിചാരം
- അവളാ പുഴ പോലൊരു പെണ്ണാണല്ലോ
അവളാ കടല്‍ പോലൊരു കടലാണല്ലോ
ആകാശം കാണുന്നേരം കണ്ണു പൊത്തും
ആളില്ലാ വഴികളില്‍ നടക്കാത്തോള്
കരിമാനം കണ്ടാലും പേടികൂടും
തെളിമാനം കണ്ടാലും പേടി കൂടും
അവളിന്നേവരെയന്തി കണ്ടിട്ടില്ല
അവളെക്കുറി ച്ചൊന്നും കേട്ടിട്ടില്ല
അവളാ കിളിവാതില്‍ തുറന്നിട്ടില്ല
തോണി നിലാവില്‍ തുഴഞ്ഞിട്ടില്ല
ചന്ദ്രപ്പിറയൊത്ത നെറ്റിമേല്
മര്യാദ ക്കുറിയേഴും വരഞ്ഞിട്ടുണ്ട്
അടിതൊട്ടു മുടിയോളം പൊതിഞ്ഞിട്ടുണ്ട്
അനുവാദം ചോദിച്ചു ചിരിയ്ക്കുന്നുണ്ട്
അവളാ വയല്‍ പോലൊരു വയലാണല്ലോ
അവളാ മരം പോലൊരു മരമാണല്ലോ
മാറത്തു കാറ്റെങ്ങാന്‍ കൈവച്ചാലും
നാണിച്ചവളങ്ങു ചൂളിപ്പോകും
കൈതയിരുള്‍ പെട്ടു മുറിഞ്ഞെന്നാലും
മറുവാക്കു പറയാത്ത പെണ്ണാണല്ലോ
ഭൂമിയറിയാതെ നടക്കുന്നോള്
പൂമാതിന്‍ മകളെന്നു ചെല്ലപ്പേര്
എന്നിട്ടും ...
എന്നിട്ടുമോളിങ്ങനെ കരയുന്നല്ലോ
കണ്ണീരാല്‍ കുതിരുന്ന മണ്ണായല്ലോ
അവളെങ്ങും തനിയെ പുറപ്പെട്ടില്ല
അവളമ്മ വാക്കിനെ മറുത്തിട്ടില്ല
അവളെങ്ങും ചോദ്യങ്ങള്‍ ചോദിച്ചില്ല
അവള്‍ക്കൊട്ടറിയാനു മൊന്നുമില്ല -
അവളെങ്ങും തീണ്ടാ പ്പാടം തീണ്ടീട്ടില്ല
ചൊല്ലുവിളിയുള്ള പെണ്ണാണല്ലോ
എന്നിട്ടും ...........
അവളാ നടവഴീല്‍ പിഞ്ഞിക്കീറി
ചോരനാരായി ക്കിടക്കുന്നല്ലോ
കൂമന്‍ കുറുനരി കാര്‍ന്നോമ്മാരും
കുറ്റം തെളീക്കാന്‍ നടക്കുന്നല്ലോ
അഴിഞ്ഞാടി നടക്കുന്ന തിള വെയില-----
ന്നരുംകൊല കണ്ടതു പറഞ്ഞിട്ടും
നേരും നെറീ മില്ലാ പെണ്ണായി
അവളെ പനയോല പൊതിഞ്ഞു കെട്ടീ
അതിലൊരു കടലിപ്പോളിരമ്പുന്നുണ്ട്
അതിലൊരു പുഴയിപ്പോള്‍ കവിയുന്നുണ്ട്
പോകുന്ന പോക്കിലാ കൈതക്കാടിന്‍
അടിയോളം തീ വന്നു മൂടുന്നുണ്ട്
അവളിങ്ങനെ വാക്കായി പൂത്തിട്ടാകും
മിണ്ടാപ്പൂവെല്ലാം മിണ്ടിപ്പോയി.
അനുവാദം ചോദിക്കാതവളിന്നത്തെ
സൂര്യനെയെടുത്തങ്ങു പൊട്ടു തൊട്ടു
അവളാ നിറമായി പടരുന്നല്ലോ
അവളാ കടലായി നിറയുന്നല്ലോ . -
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.