കൂട്ടു വന്ന മാലാഖ...

ഴയും വെയിലും ഒരുമിച്ചു വന്നാൽ കുറുക്ക​​െൻറ കല്ല്യാണമാണെന്ന് പഠിച്ച ആ സ്കൂളി​​െൻറ ഓർമ്മക്ക് ചെമ്പനിനീർ പൂവി​​െൻറ സുഗന്ധമാണ്. പുത്തൻ മണം മാറാത്ത യൂണിഫോമും വെള്ളം ചീറ്റുന്ന കുടയും സ്ലേറ്റും പുസ്തക കെട്ടുമായി ഉമ്മയുടെ കൈ പിടിച്ച് സ്കൂളിലേക്ക് പോവുമ്പോൾ കുറുമ്പുക്കാട്ടി എനിക്കു മുന്നേയെത്താൻ വെമ്പുന്ന മഴ പുത്തൻ ഷർട്ടി​​െൻറ പിറകിൽ നായരേട്ട​​െൻറ കടയിലെ തേൻ മിഠായി പോലെ ചുവന്ന നിറം പതിപ്പിക്കും.

അങ്ങിനെയിരിക്കെ ഞാൻ മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് സംഭവം. ‘അലീന’... വെള്ളത്തണ്ടും കല്ലുപെൻസി​​െൻറ കഷ്ണങ്ങളും കടം ചോദിച്ചു കൊണ്ട് തുടങ്ങിയ സൗഹൃദം. ഓരോ ഇൻറർവെല്ലിനും അവളെ കാണാൻ വരുന്ന നാലാം ക്ലാസിൽ പഠിക്കുന്ന അവളുടെ ചേച്ചിയോട്​ എന്നും എനിക്ക് അസൂയയായിരുന്നു. അവൾക്ക് പഴയ വർണ്ണ കലണ്ടർ കൊണ്ട്പുസ്തകം പൊതിഞ്ഞു കൊടുക്കുന്നതും ബാലരമയിൽ നിന്നോ പൂമ്പാറ്റയിൽ നിന്നോ നെയിം സ്ലിപ്പ് വെട്ടി ഒട്ടിച്ചു കൊടുക്കുന്നതും ഒക്കെ ചേച്ചിയാണെന്ന് അവൾ ഇടക്കിടെ വീമ്പടിക്കും.

‘‘നിനക്ക് കളിക്കാൻ വീട്ടിലാരുല്ല്യാലോ..? ’’

അന്നു വരെ ഇല്ലാതിരുന്ന ഒരു വമ്പൻ പ്രശ്നം എ​​െൻറ മുന്നിലേക്ക് വന്നു വീഴുകയായിരുന്നു. ‘ഇല്ല’ എന്നാണ് ചോദ്യത്തിനുത്തരം അവൾക്ക് നൽകിതെങ്കിലും അതൊരു ഹിമാലയൻ പോരായ്മയായ് എനിക്ക് തോന്നി.

ഞാൻ ഒറ്റ മകളാണ്. ഈയടുത്ത് അമ്മായിയും മക്കളും പുതിയ വീട് മാറി പോയിരുന്നു. ഒരുപാട് താത്തമാരും കാക്കമാരും ഉണ്ടെങ്കിലും അടുത്തുള്ളവരും അടുപ്പമുള്ളവരും ഒത്തുവരാത്തതും ഒരു കാരണം തന്നെ.

ചുരുക്കി പറഞ്ഞാൽ അലീന എന്നെ ഒരു അന്യഗ്രഹ ജീവിയെ പോലെ നോക്കുന്നത് കാണുമ്പോൾ ശരിക്കും സങ്കടം വരും. വൈകുന്നേരം വീട്ടിലെത്തിയപ്പോഴും ഞാൻ ആ ചിന്തയിലായിരുന്നു. അബൂബക്കർ സാറി​​െൻറ ചൂരൽ വടിയും ആകാശം കാണിക്കാതെ പുസ്തകത്തിൽ വിരിയാൻ വെച്ച മയിൽപീലിയുടെ കാര്യവും എല്ലാം മറന്നു. അങ്ങിനെയിരിക്കെ പെട്ടെന്നാണ് അത് സംഭവിച്ചത്. എ​​െൻറ ക്രയോൺസ് ബോക്സിൽ നിന്ന് ഒരു ശബ്ദം.. 

മേഘക്കൂട്ടങ്ങൾ ഒഴുകി നീങ്ങി. തണുത്ത കാറ്റാൽ ഇക്കിളിപ്പെടുത്തുന്ന മധുര ശബ്ദം പുറത്തു വന്നു... സ്വർണ്ണ നിറമുള്ള മുടിയും വെള്ളാരം കല്ല് കൊണ്ട് കൊത്തിവെച്ച പോലുള്ള കണ്ണും, ഓറഞ്ച് നിറമുള്ള ചുണ്ടും, മഴവില്ലി​​െൻറ നിറമുള്ള ഉടുപ്പും... ശരിക്കും മാലാഖ തന്നെ. ഞങ്ങൾ വേഗം കൂട്ടായി. എനിക്ക് വല്യ സന്തോഷവും അഭിമാനവും തോന്നി. ഞങ്ങൾ പറമ്പായ പറമ്പെല്ലാം ഓടി നടന്നു, ആകാശം മുട്ടേ വളർന്നു പന്തലിച്ച നാട്ടുമാവി​​െൻറ ചില്ലയിൽ ഊഞ്ഞാലുകെട്ടി, ഓരോ ആട്ടത്തിനും മാവ് ഉലഞ്ഞ് കുലുങ്ങും.... തെങ്ങിൻ ചുവട്ടിൽ വാടി വീഴുന്ന മച്ചിങ്ങയും പ്ലാവിലയും വെച്ച് കുട്ടി പുരയുണ്ടാക്കി, കുലം കുത്തി പെയ്യുന്ന മഴക്കൊടുവിൽ ചെമ്മണ്ണി​​െൻറ ഒഴുക്കു വെള്ളത്തിലേക്ക് കളിവഞ്ചി ഉണ്ടാക്കി അതിലേക്ക് തോണിക്കാരനായി ഉറമ്പിനെ പിടിച്ചിടുന്ന വികൃതിവിനോദങ്ങൾ, അങ്ങിനെയങ്ങിനെ  മാലാഖ എനിക്ക് സ്വപ്ന തുല്യമായ നിമിഷങ്ങൾ സമ്മാനിച്ചു. 

ഒരുപാട് ചിത്രങ്ങൾ വരക്കാൻ പഠിപ്പിച്ചു തന്നു, കഥകൾ പറഞ്ഞു തന്നു... ഞാൻ ഉമ്മ കാണാതെ പത്തിരിയും പാലും പഴവും എല്ലാം കഴിക്കാൻ കൊടുക്കും... അങ്ങിനെയിരിക്കെ മാലാഖക്ക് ത​​െൻറ കുന്നും മലയും കടന്നുള്ള ആകാശ താഴ്വാരത്തിലെ വീട്ടിലേക്ക് പോവാൻ വിളി വന്നു. എ​​െൻറ മുറ്റത്തെ തൈമുല്ലപ്പൂക്കളും മാവിൻ ചില്ലകളും പുഞ്ചിരി തൂകി യാത്രാമൊഴി നൽകി. പെട്ടെന്ന് മാലാഖക്ക് ചിറക് മുളക്കുകയും എനിക്ക് പുഞ്ചിരി സമ്മാനിച്ച് പറന്നു പോവുകയും ചെയ്തു. ഒരു നിമിഷം നെഞ്ചിൽ നിന്ന്​ എന്തോ ഇരച്ച് കയറി ചങ്കിൽ വന്ന് കണ്ണിലൂടെ ചാലിട്ടൊഴുകിയെങ്കിലും വലിയൊരു പാഠം എനിക്കതു തന്നിരുന്നു.. നമ്മുടെ അനുവാദത്തോടെ അല്ലാതെ ഒരിക്കലും നമുക്ക് തനിച്ചാവാൻ കഴിയില്ല. കാരണം എല്ലാവരേയും മനസറിഞ്ഞ് സ്നേഹിച്ചാൽ അവരാൽ നമ്മളും സ്നേഹിക്കപ്പെടും.

 

ദൂരദർശനിലെ വാർത്തയുടെ ശബ്ദം കേട്ടാണ് ഞാൻ ഞെട്ടി ഉണർന്നത്. കർക്കിടക മഴയുമായി വരുന്ന കാറ്റ് മാലാഖയുടെ നേർത്ത നിഴൽചിത്രം എ​​െൻറ ചുണ്ടിൽ വിടർത്തി. വീണ്ടും ഒരുപാട് അലീനമാർ വന്നു പോയ്​ക്കൊണ്ടിരുന്നു. അവർക്കൊക്കെ മറുപടിയായി ഞാൻ പുഞ്ചിരി സമ്മാനിച്ചു. കാലമെത്ര കഴിഞ്ഞാലും ആ സ്കൂളി​​െൻറ മുന്നിലൂടെ പോവുമ്പോൾ അനുഭവിക്കുന്ന വികാരം ആ പഴയ മൂന്നാം ക്ലാസുകാരിയുടെ കൗതുകം തന്നെയാണ്. ആ സ്കൂൾ മുറ്റത്തേക്ക് എത്തിനോക്കുമ്പോൾ എന്നെ മാടി വിളിക്കുന്ന മാലാഖ എന്നും എ​​െൻറ കൂടെ ഉണ്ടെന്ന് പലപ്പോഴും എനിക്ക് തോന്നാറുണ്ട്.

Tags:    
News Summary - friedly angel -literature news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.