മണ്ണിന്‍െറ മണമുള്ള നാടകാചാര്യന്‍

തിരുവനന്തപുരം: തന്‍െറ പേരുകൊണ്ടു മാത്രമല്ല, കലാരൂപങ്ങളുടെ പൊരുളുകൊണ്ടും കാവാലം കുട്ടനാട്ടുകാരനാണ്. നുരകുത്തിയൊഴുകുന്ന കുട്ടനാടന്‍ താളം അദ്ദേഹത്തിന്‍െറ സൃഷ്ടിയിലും ഒഴുകുകയാണ്. അദ്ദേഹം കുട്ടിക്കാലത്ത് കണ്ടുവളര്‍ന്ന പുഴയിലെ ചുഴിയും നാട്ടിന്‍പുറവും സൗന്ദര്യാത്മകമായ ഭാഷാസൃഷ്ടിയെ സ്വാധീനിച്ചു. അത് നാടന്‍ചിന്തുകളുടെ സംഗീതമായി. കുട്ടനാടന്‍ ഹൃദയതന്തുക്കള്‍ നാടകത്തിന്‍െറ ഊടും പാവുമായി. നാട്ടിന്‍പുറത്തിന്‍െറ മണ്ണിന്‍മണവും മനുഷ്യന്‍െറ ജീവതാളവും ചൊല്ലും ചേലും വാക്കും നോക്കും നാടകത്തിലേക്ക് ആവാഹിച്ചു.

ഇത് സംസ്കാരമായി അദ്ദേഹത്തിന്‍െറ ജീവിതത്തില്‍ ഒഴുകിത്തുടങ്ങിയത് ബാല്യത്തിലാണ്. തിരുവാതിരപ്പാട്ടും ഓണപ്പാട്ടും പാടി കേള്‍പ്പിച്ച അമ്മയും പുരാണകഥകള്‍ പരിചയപ്പെടുത്തിയ അച്ഛനും തന്‍െറ ഭാഷയെ സ്വാധീനിച്ചതായി അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. സര്‍ദാര്‍ പണിക്കര്‍ക്കൊപ്പം വര്‍ഷത്തിലൊരിക്കലെങ്കിലും തറവാട്ടിലത്തെിയ വള്ളത്തോളിന്‍െറ തലോടലായിരുന്നു ആദ്യ പ്രോത്സാഹനം. ആദ്യകാലത്ത് കവിതയിലായിരുന്നു കമ്പം. പിന്നെ കവിത നാടകമായും നാടകം കവിതയായും രൂപം മാറി. കുട്ടനാട് എന്ന ഗ്രാമവിസ്മയത്തില്‍െറ കറ്റകെട്ടിയ പൂക്കതിരുകള്‍ നാടകത്തിലൂടെ കാവാലം നഗരഹൃദയത്തിലത്തെിച്ചു. വയലുകളിലെ ചക്രപ്പാട്ടും ഞാറ്റുപാട്ടും കൊയ്ത്തുപാട്ടും വേദികളില്‍ ഓളംവെട്ടി. പാട്ടുപാടുന്നതിനും ‘പാട്ടുകൂലി’ കൊടുത്തിരുന്ന കാലമുണ്ടായിരുന്നു കുട്ടനാട്ടില്‍. കൃഷിപ്പാട്ടുകള്‍ ധാരാളമുണ്ടായതിന് കാരണങ്ങളിലൊന്നായിരുന്നു ഇത്.

1960 കളില്‍ നാടകത്തെ സാഹിതീയരൂപം മാത്രമായി കണ്ട കാലത്താണ് ‘സാക്ഷി’യെന്ന കാവ്യനാടകവുമായി കാവാലം രംഗത്തത്തെിയത്. അയ്യപ്പപ്പണിക്കരുടെ കേരളകവിതയില്‍ നാടകം പ്രസിദ്ധീകരിച്ചു. ‘സാക്ഷി’ തീവ്രമായൊരു ജീവിതകഥയുടെ കാവ്യാവിഷ്കാരമായിരുന്നു. 1960കളില്‍ കേരളത്തില്‍ നിലനിന്നിരുന്ന നാടകബോധത്തെയാകെ അത് മാറ്റിമറിക്കുന്ന അനുഭവമുണ്ടാക്കി. തോപ്പില്‍ ഭാസി, കെ.ടി. മുഹമ്മദ്, എന്‍.എന്‍. പിള്ള തുടങ്ങിയവരുടെ സംഭാഷണപ്രധാനമായ നാടകങ്ങള്‍ കൈയടി നേടുന്ന കാലത്താണ് ‘സാക്ഷി’ അരങ്ങേറിയത്. തിരുവനന്തപുരത്തെ ശ്രീചിത്തിര തിരുന്നാള്‍ ഗ്രന്ഥശാലയില്‍ നാടകം കണ്ടവര്‍ രംഗവേദിക്കെതിരെ രൂക്ഷവിമര്‍ശം നടത്തി. ഇത് നാടകമാണോ?... എന്നായിരുന്നു ചിലരുടെ ചോദ്യം. കാവാലത്തിന്‍െറ ഗുരു സി.ഐ. പരമേശ്വരപിള്ള ‘ഈ കടുംകൈ വേണ്ടിയിരുന്നു’വെന്നാണ് പ്രതികരിച്ചത്. എന്നാല്‍, ഇത് നല്‍കിയ അനുഭവത്തില്‍നിന്നാണ് കാവാലം ‘തിരുവാഴിത്താ’ന്‍െറ രചനയിലേക്കും രംഗപ്രയോഗത്തിലേക്കും കടന്നത്.

ഈ നാടകത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് സിനിമാ സംവിധായകന്‍ ഫാസില്‍ ആയിരുന്നു. നാടകപ്രയോഗത്തില്‍ ഫാസിലിന് വലിയ വിശ്വാസമൊന്നുമുണ്ടായിരുന്നില്ല. അത് തുറന്നുപറഞ്ഞിട്ടാണ് മികച്ച രീതിയില്‍ അഭിനയിച്ചതും. കാവാലത്തിന്‍െറ ‘ദൈവത്താര്‍’ നാടകത്തിലെ കാലന്‍ കണിയാനിലൂടെയാണ് നെടുമുടി വേണു അഭിനയരംഗത്ത് മികവുറ്റ നടനായി അവതരിച്ചത്. അത് അദ്ദേഹത്തിന്‍െറ അഭിനയജീവിതത്തിലെ വഴിത്തിരിവുമായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.