കുടുംബംപോറ്റാന്‍ കവിത വില്‍ക്കുകയാണ് രവീന്ദ്രന്‍

ബാലുശ്ശേരി: കുടുംബംപുലര്‍ത്താനും ചികിത്സക്കുമായി കവിതയെഴുതി വില്‍പന നടത്തുന്നു രവീന്ദ്രന്‍ ബാലുശ്ശേരി. സ്വന്തമായി എഴുതിയ നാടന്‍പാട്ടുകളും കവിതകളും പുസ്തകരൂപത്തിലാക്കി വില്‍പന നടത്തിയാണ് ബാലുശ്ശേരി കുറ്റ്യാട്ടുവയല്‍ രവീന്ദ്രന്‍ ഇപ്പോള്‍ ഉപജീവനമാര്‍ഗം കണ്ടത്തെുന്നത്. 24ഓളം കവിതകളാണ് സമാഹരിച്ച് ‘എന്‍െറ ഹൃദയവീണകള്‍’ എന്നുപേരിട്ട് കൊച്ചു പുസ്തകരൂപത്തിലാക്കി വില്‍പന നടത്തുന്നത്.

കോഴിക്കോട്, ബാലുശ്ശേരി ബസ്സ്റ്റാന്‍ഡ് കേന്ദ്രീകരിച്ചാണ് വില്‍പന. അക്ഷരസ്നേഹികള്‍ പുസ്തകം വാങ്ങിനല്‍കുന്ന സഹായമാണ് രവീന്ദ്രന്‍െറ കുടുംബത്തെ ഇപ്പോള്‍ സംരക്ഷിച്ചുനിര്‍ത്തുന്നത്. ഹെര്‍ണിയ ബാധിച്ച് മൂന്നുതവണ ശസ്ത്രക്രിയ നടത്തിയതിനാല്‍ ഭാരിച്ച ജോലിയൊന്നും രവീന്ദ്രന് ചെയ്യാന്‍ കഴിയില്ല. ഓണവും വിഷുവും ഗൃഹാതുരത്വത്തോടെ തന്‍െറ കവിതകളിലൂടെ സ്മരിക്കപ്പെടുന്ന രവീന്ദ്രന്‍ നാടന്‍പാട്ടും എഴുതുന്നുണ്ട്. പിതാവ് ചാത്തന്‍ നാടന്‍പാട്ടുകള്‍ പാടിയിരുന്നു.

അച്ഛന്‍െറ നാടന്‍പാട്ടില്‍നിന്നാണ് കവിതയുടെ താളവും വാക്കുകളും സ്വായത്തമാക്കിയതെന്ന് രവീന്ദ്രന്‍ പറയുന്നു. പിതാവ് മരിച്ചതോടെ രണ്ടു സഹോദരിമാരടക്കമുള്ള കുടുംബത്തിന്‍െറ ഏക ആശ്രയം രവീന്ദ്രനായിരുന്നു. ചെറുപ്പത്തിലെ കല്‍ക്കെട്ടുപണിയും മറ്റ് നാടന്‍ പണികളും എടുത്താണ് കുടുംബത്തെ സംരക്ഷിച്ചത്.

രണ്ടു സഹോദരിമാരെ വിവാഹം കഴിപ്പിച്ചയക്കുകയും ചെയ്തു. കവിത വില്‍പനയോടൊപ്പംതന്നെ ഉദാരമതികളുടെ സഹായവും തേടുകയാണ് ഈ അക്ഷരസ്നേഹി. സുഹൃത്തുക്കളും നാട്ടുകാരും ചേര്‍ന്ന് ബാലുശ്ശേരി സിന്‍ഡിക്കേറ്റ് ബാങ്ക് ശാഖയില്‍ 44032210013090 എന്ന നമ്പറില്‍ അക്കൗണ്ട് തുറന്നിരിക്കുകയാണ്. IFS Code: SYNB 0004403. ഫോണ്‍: 09539354474

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.