ആം ആദ്മിയെ ചെറുതായി കണ്ടു, പരാജയ കാരണം തുറന്ന് പറഞ്ഞ് ഷീലാ ദീക്ഷിത് 

രാഷ്ട്രീയത്തിന്‍റെയും ഭരണത്തിന്‍റെയും  തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞ് നിൽക്കുകയാണ് ഡൽഹിയിലെ മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിത്. ഒരു ഭരണാധികാരിയായിരുന്നപ്പോൾ തുറന്നു പറയാൻ പറ്റാത്ത വസ്തുതകളുമായാണ് ജീവചരിത്രം പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ് ഷീല. 'ഡൽഹി പൗര: എന്‍റെ കാലം, എന്‍റെ ജീവിതം' എന്ന പുസ്തകം ജയ്പുർ സാഹിത്യോത്സവത്തിലാണ് പുറത്തിറങ്ങുന്നത്.

തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങിയപ്പോൾ താൻ അനുഭവിച്ചിരുന്ന ലജ്ജയെക്കുറിച്ചും മുഖ്യമന്ത്രിയായി സെക്രട്ടറിയേറ്റിലേക്ക് ആദ്യമായി എത്തിയപ്പോഴുണ്ടായ ഉൾപ്പുളകത്തെക്കുറിച്ചും പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന സുഷമ സ്വരാജുമായി ഉണ്ടായ അസുഖകരമായ അനുഭവത്തെക്കുറിച്ചും അവർ തുറന്നുപറയുന്നു. 

വോട്ടർമാരെ സ്വാധീനിക്കാനുള്ള കഴിവും രാഷ്ട്രീയത്തിൽ അരവിന്ദ് കെജ് രിവാളിനുണ്ടായിരുന്ന ദീർഘവീക്ഷണവുമാണ് ഡൽഹി തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ തോൽവിക്ക് കാരണം. ഭൂരിഭാഗം പുതിയ വോട്ടർമാരും 15 വർഷം മുമ്പുള്ള ഡൽഹിയെക്കുറിച്ച് ഒന്നും അറിയാത്തവരായിരുന്നു. മെട്രോ റെയിലും ഫ്ളൈ ഓവറുകളും നിലക്കാത്ത വൈദ്യുതിയും പുതിയ സർവകലാശാലകളും എല്ലാം ഉള്ള ഡൽഹി തങ്ങളുടെ സ്വാഭാവിക അവകാശമാണെന്നായിരുന്നു അവരുടെ ധാരണ. ഈ നേട്ടങ്ങളിൽ അഭിമാനിക്കാൻ എന്തെങ്കിലും ഉണ്ടെന്ന് അവർ കരുതിയില്ല. 79 കാരിയായ ഷീലാ ദീക്ഷിത് പറയുന്നു.

എന്നാൽ കോമൺ വെൽത്ത് ഗെയിംസിനോട് അനുബന്ധിച്ച് നടന്ന അഴിമതിയെക്കുറിച്ച് പുസ്തകത്തിൽ പരാമർശിക്കുന്നില്ലെന്നാണ് സൂചന. 

ഡൽഹിയിലെ തോൽവിക്ക് ശേഷവും കൂടുതൽ വലിയ കാൻവാസിലേക്ക് തന്‍റെ പ്രവർത്തനം പറിച്ചു നടപ്പെടുമെന്ന് അവർ സ്വപ്നം കണ്ടിരുന്നു. പുസ്തകത്തിൽ കൂടുതലൊന്നും പറയുന്നില്ലെങ്കിലും ഷീല കേന്ദ്രമന്ത്രിയായി സ്ഥാനമേറ്റെടുത്തേക്കും എന്ന്  അന്ന് ഡൽഹിയിൽ അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ ഊർജമന്ത്രിയായിരുന്ന സുശീൽ കുമാർ ഷിൻഡേക്കാണ് കോൺഗ്രസ് ആ ചുമതല കൈമാറിയത്.

കാലാവധി പൂർത്തിയാകുന്നതിന് മുൻപ് തന്നെ രാജിവെക്കാൻ ആഗ്രഹിച്ച തന്നെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ പ്രേരിപ്പിച്ചത് നിർഭയ സംഭവമായിരുന്നു എന്നും ഷീല എഴുതുന്നു. താൻ പുസ്തകമെഴുതാനുള്ള തീരുമാനമെടുത്തത് 2014ൽ കേരള ഗവർണർ ആയിരിക്കുമ്പോഴാണെന്നും ഷീല വെളിപ്പെടുത്തുന്നു. 

Tags:    
News Summary - Why Congress lost Delhi, Sheila Dikshit reveals in autobiography-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.