ചാരക്കേസ് വീണ്ടും പുറത്തുവരു​േമ്പാള്‍

കേരളത്തെ പിടിച്ചുലച്ച വാര്‍ത്തകളില്‍ ഐ.എസ്.ആര്‍.ഒ ചാരക്കേസുമുണ്ടായിരുന്നു. 1990കളില്‍ രാഷ്ട്രീയ-ഭരണരംഗത്ത് ഏറെ കോളിളക്കമുണ്ടാക്കിയ ഈ കേസിന് എന്തുസംഭവിച്ചുവെന്ന് സമഗ്രമായി അന്വേഷിക്കാന്‍ പിന്നീട് മാധ്യമങ്ങള്‍ തയാറായില്ല. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരെ കോടതി വെറുതെവിട്ടു. ഐ.എസ്.ആര്‍.ഒയിലെ ശാസ്ത്രജ്ഞരായ നമ്പി നാരായണനെയും ശശികുമാറിനെയും അന്യായമായാണ് കേസില്‍ ഉള്‍പ്പെടുത്തിയതെന്നും അവരെ വേട്ടയാടുകയായിരുന്നുവെന്നുമാണ് പിന്നീടുണ്ടായ പ്രചാരണം. മാലി വനിതകളായ മറിയം റഷീദയും ഫൗസിയയുമായിരുന്നു ഇതിലെ പ്രധാന പ്രതികള്‍. കേസില്‍ ആരോപണവിധേയനായ ഡി.ഐ.ജി രമണ്‍ ശ്രീവാസ്തയെ രക്ഷിക്കാന്‍ ശ്രമിച്ചുവെന്ന് പറഞ്ഞാണ് കെ. കരുണാകരന്‍െറ മുഖ്യമന്ത്രിസ്ഥാനം തെറിപ്പിച്ചത്. ഇതില്‍ അന്നത്തെ കോണ്‍ഗ്രസ് ഗ്രൂപ്പുപോരുമുണ്ടായിരുന്നു.

മാധ്യമങ്ങള്‍ ഏറെ ആഘോഷിച്ച ഈ കേസിന് പിന്നീട് എന്താണ് സംഭവിച്ചത്. ‘‘അട്ടിമറിക്കപ്പെട്ട ചാരക്കേസ്’’ എന്ന പുസ്തകത്തിലൂടെ പത്രപ്രവര്‍ത്തകന്‍ രാജന്‍ ചെറുക്കാട് സമഗ്രമായി അന്വേഷിക്കുന്നത് യഥാര്‍ഥത്തില്‍ എന്താണ് ചാരക്കേസ് എന്നാണ്. ചാരപ്രവര്‍ത്തനം നടന്നിട്ടില്ളെന്നും പ്രതികള്‍ നിരപരാധികളാണെന്നും പറഞ്ഞ സി.ബി.ഐയുടെ വാദങ്ങളെ രേഖകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിലാണ് ലേഖകന്‍ പൊളിച്ചടുക്കുന്നത്. ചാരക്കേസ് അന്വേഷിച്ച ഐ.ബി ജോയന്‍റ് ഡയറക്ടര്‍ എം.കെ. ധര്‍ തന്‍െറ ‘open secrets India's Intelligence Unvieled’ എന്ന പുസ്തകത്തില്‍ പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവുവിനുവേണ്ടിയാണ് ചാരക്കേസ് അട്ടിമറിച്ചതെന്ന് തുറന്നുപറഞ്ഞതായി ഗ്രന്ഥകാരന്‍ വ്യക്തമാക്കുന്നു.

വന്‍സ്രാവുകള്‍ ഉള്‍പ്പെട്ടതിനാല്‍ കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ശിപാര്‍ശചെയ്തത് അന്ന് ക്രൈംബ്രാഞ്ച് ഡി.ഐ.ജിയായിരുന്ന സിബി മാത്യൂസാണ്. കേരള പൊലീസിലെ മിടുക്കരാണ് കേസ് തുടക്കത്തില്‍ കൈകാര്യം ചെയ്തത്. കേസ് കെട്ടിച്ചമച്ചതാണെന്നാണ് ഒടുവില്‍ സി.ബി.ഐ പറഞ്ഞത്. പ്രതികള്‍ കേരള പൊലീസിനും സി.ബി.ഐക്കും നല്‍കിയ മൊഴികളില്‍ വൈരുധ്യമുണ്ടായിരുന്നു. ചാരവൃത്തി നടന്നുവെന്ന് സുപ്രീംകോടതിയില്‍ ഡി.ഐ.ജി ടി.പി. സെന്‍കുമാര്‍ നല്‍കിയ സത്യവാങ്മൂലവും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിയുടെ ബന്ധുവായ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ബന്ധപ്പെട്ടവര്‍ക്ക് എന്താണ് പറയാനുള്ളത് എന്ന് കേള്‍ക്കാതെ റിപ്പോര്‍ട്ട് അതേപടി അംഗീകരിച്ച് പ്രതികളെ കുറ്റമുക്തരാക്കി എന്ന ഗുരുതര ആരോപണവും പുസ്തകത്തിലുണ്ട്. അതും റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ഒറ്റദിവസത്തിനുള്ളിലായിരുന്നു ഈ നടപടി.

പലരും വിശ്വസിക്കുന്നത് സുപ്രീംകോടതി പ്രതികളെ വിട്ടുവെന്നാണ്. എന്നാല്‍, സി.ബി.ഐ അന്വേഷിച്ച കേസ് വീണ്ടും കേരള പൊലിസ് അന്വേഷിക്കേണ്ടതില്ല എന്നുമാത്രമാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. ചാരക്കേസ് സമഗ്രമായി അന്വേഷിക്കുന്ന ഈ പുസ്തകം നല്ളൊരു വായനാനുഭവമാണ്.

 

Tags:    
News Summary - ISRO spying case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.