നരകത്തിന്‍റെ നിഗൂഢത ഡാൻ ബ്രൗണിന്‍റെ ഇൻഫർണോയിൽ

പത്തിൽ താഴെ പുസ്തകങ്ങളെഴുതുകയും അവ അമ്പതിലധികം ഭാഷകളിലായി 200 ദശലക്ഷം പുസ്തകങ്ങൾ വിറ്റഴിഞ്ഞ ഗ്രന്ഥകാരനാണ് ഡാൻ ബ്രൗൺ. സാഹിത്യത്തിൽ അപസർപ്പകകഥകൾക്കുശേഷം നിഗൂഢതകളുടെ പിന്നാലെ പായാനുള്ള മനുഷ്യമനസ്സിന്റെ വെമ്പലിനെ ചൂഷണം ചെയ്യുന്ന രചനകളിലൂടെ ശ്രദ്ധിക്കപ്പെടുകയായിരുന്നു ഡാൻ ബ്രൗൺ. സിംബോളജി അഥവാ ചിഹ്നശാസ്ത്രത്തിൽ ഹാർവാഡ് സർവ്വകലാശാലയിൽ പ്രൊഫസറായി പ്രവർത്തിക്കുന്ന റോബർട്ട് ലാങ്ഡൺ ആണ് അദ്ദേഹത്തിന്റെ നാലു നോവലുകളിലെ നായകകഥാപാത്രം. ഈ  നോവലുകളാണ് ലോകഭാഷകളിൽ പലതിലേക്കും പരിഭാഷപ്പെടുത്തുകയും വായിക്കപ്പെടുകയും ചെയ്തതും.

റോബർട്ട് ലാങ്ഡൺ ഉയരങ്ങളെ ഭയപ്പെടുകയും ചരിത്രത്തെയും കലയെയും ചിഹ്നങ്ങളെയും ആസ്വദിക്കുകയും ചെയ്യുന്ന പണ്ഡിതനായൊരു അധ്യാപകനാണ്. ചിഹ്നങ്ങളെ കൂട്ടിയിണക്കാനും നിഗൂഢഭാഷകളെയും സന്ദേശങ്ങളെയും നിർദ്ധാരണം ചെയ്തെടുക്കാനുള്ള അദ്ദേഹത്തിന്റെ അസാമാന്യ പാടവത്തെ വ്യക്തികളും സ്ഥാപനങ്ങളും ഭരണകൂടങ്ങളും ഉപയോഗിക്കുകയും ചെയ്യുന്നു. ഇതാണ് റോബർട്ട് ലാങ്ഡൺ നോവലുകളുടെ പശ്ചാത്തലം. ഈ പരമ്പരയിലെ നാലാമത്തെ നോവലായ ഇൻഫർണോയും ഇത്തരമൊരു പശ്ചാത്തലത്തിലാണ് രൂപപ്പെട്ടിരിക്കുന്നത്.

ഒരു രാത്രി ഉറക്കമുണരുന്ന ലാങ്ഡൺ തനിക്കു പരിചിതമല്ലാത്ത ഒരു അന്തരീക്ഷത്തിലാണെന്ന് തിരിച്ചറിയുന്നു. മുറിയുടെ ജാലകക്കാഴ്ചകളിൽനിന്നും താൻ ഇറ്റലിയിലെ ഫ്ലോറൻസിലാണെന്നും ചുറ്റുപാടുകളിൽനിന്നും ഒരു ആശുപത്രിക്കിടക്കയിലാണെന്നും തിരിച്ചറിയുന്നിടത്താണ് നോവൽ തുടങ്ങുന്നത്. തുടർന്നുള്ള സംഭ്രമജനകമായ സംഭവങ്ങൾക്കിടയിൽ ഒരു വനിതാകൊലയാളിയും അമേരിക്കൻ സർക്കാരും മറ്റേതോ ഗൂഢസംഘവും തന്നെ വേട്ടയാടുകയാണെന്ന് തിരിച്ചറിവും സ്വന്തം കോട്ടിനുള്ളിലെ രഹസ്യ അറയിൽ എങ്ങിനെയോ എത്തിയ ജൈവായുധമെന്നു തോന്നിക്കുന്ന ഒരു ഉപകരണവും നിഗൂഢതകളുടെ ആഴം വർദ്ധിപ്പിക്കുന്നു. അഴിക്കുന്തോറും മുറുകുന്ന കുരുക്കുകൾക്കിടയിലൂടെ ലാങ്ഡണും അദ്ദേഹത്തെ ആശുപത്രിക്കിടക്കയിലെ ആക്രമണത്തിൽനിന്നും രക്ഷപെടുത്തിയ ഡോ. സിയന്ന ബ്രൂക്സ് എന്ന യുവ ഡോക്ടറും ചേർന്ന് അന്വേഷണം തുടരുന്നു.

ലോകത്ത് എവിടെയുള്ളവർക്കും എന്തുസേവനവും ചെയ്യാൻ തയ്യാറായി നിൽക്കുന്ന ദി കൺസോർഷ്യം എന്നൊരു ഗൂഢസംഘത്തിന്റെ സഞ്ചരിക്കുന്ന ഓഫീസായ മെൻഡാഷ്യം എന്ന കപ്പലിലാണ് സമാന്തരമായി മറ്റൊരു കഥാതന്തു വികസിക്കുന്നത്. ഒരു വർഷം മുമ്പ് കൃത്യമായി നിശ്ചിത തീയതി ലോകം മുഴുവൻ വിവിധമാധ്യമങ്ങളിലൂടെയും ഇന്റർനെറ്റിലൂടെയും പ്രചരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു ഭ്രാന്തൻ ശാസ്ത്രജ്ഞൻ ഏല്പിച്ച വീഡിയോ ആണ് പ്രശ്നം. ലോകത്തെവിടെയോ ജലം നിറഞ്ഞ ഒരു ഗുഹയിൽ ഇവിടെ ഒരു നിശ്ചിത തീയതിയിൽ ലോകം മാറ്റിമറിയ്ക്കപ്പെടുമെന്ന സന്ദേശവും അടക്കം ചെയ്തതായിരുന്നു ആ വീഡിയോ. ആ ദിവസം ഇപ്പോൾ എത്തിയിരിക്കുന്നു.

ഈ സന്ദേശത്തെപ്പറ്റി രഹസ്യമായി അറിയാൻ ഇടയായ ലോകാരോഗ്യസംഘടന അവിടെ ഏതോ ജൈവായുധം അടക്കം ചെയ്തിരിക്കാമെന്ന ധാരണയിലെത്തുകയും ആ സന്ദേശം വിശകലനം ചെയ്ത് ആ സ്ഥലം കണ്ടെത്തി പ്രശ്നം പരിഹരിക്കാൻ ലാങ്ഡൺന്റെ സഹായം തേടുകയും ചെയ്യുന്നതാണ് കഥ. വിഖ്യാത ഇറ്റാലിയൻ കവിയായ ദാന്തെയുടെ ഇൻഫർണോ എന്ന കാവ്യഖണ്ഡത്തിലെ വരികളിലൊളിപ്പിച്ച ഒട്ടേറെ സൂചനകൾ കണ്ടെത്തി ആ പ്രശ്നത്തെ വിജയകരമായി പരിഹരിക്കുകയും ലോകം നേരിടുന്നൊരു വലിയവിപത്തിനെ തിരിച്ചറിയുകയും ചെയ്യുന്നിടത്ത് നോവൽ പുതിയ തലങ്ങളിലേക്ക് വളരുന്നു.

സമകാലികരായ നോവലിസ്റ്റുകൾക്കിടയിൽ ഡാൻ ബ്രൗണിനെ വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന്റെ രചനകളിലെ അസാമാന്യമായ പാരായണക്ഷമതയാണ്. ഇൻഫർണോയും വ്യത്യസ്തമല്ല. സാമാന്യം വലിയൊരു ആഖ്യാനമായിട്ടും ആസ്വാദകനെ മുഷിപ്പിക്കാതെ, വായിച്ചുതീർത്തിട്ട്മാത്രം താഴെവയ്ക്കാൻ പറ്റൂ എന്നൊരു നിലയിൽ കഥയിലൂടെ സഞ്ചരിക്കാൻ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. മലയാള വിവർത്തനം ചെയ്ത ജോണി എം എൽ മലയാളത്തിലും ഈ ശൈലി നിലനിർത്തിയിട്ടുണ്ട്. ഡാൻ ബ്രൗണിന്റെ മുൻകാല രചനകളിൽ ഡാവിഞ്ചികോഡും മാലാഖമാരും ചെകുത്താന്മാരും എന്നിവ ചലച്ചിത്രഭാഷ്യമായിട്ടുണ്ട്. ഇൻഫർണോയും 2016 ൽ റിലീസ് ചെയ്യത്തക്കവിധം ഹോളിവുഡിൽ തയ്യാറായിക്കൊണ്ടിരിക്കുന്നു.

Tags:    
News Summary - Dan browns inferno

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.