അഷിതയുടെ നിത്യക്കൊരു സ്നേഹപ്പുസ്തകം...

 

പ്രിയ നിത്യാ,

നിത്യയുടെ അഷിത പറയുന്നു , പേന  കടലാസിനെ ചുംബിക്കുകയാണ് എന്ന്. അപ്പോഴാണോ സ്‌നേഹം തന്നെ സ്‌നേഹത്താലെഴുതിയ കത്തുകളുണ്ടാവുന്നത് ? അഷിത,  ലോകത്തിന് എഴുതിയ ഈ  കത്തുകളിലൊന്നും  എനിക്കുള്ള ഒരുകത്തുപോലുമില്ല .

എന്നിട്ടും ഈ കത്തുസ്‌നേഹപ്പുസ്തകത്തിന്‍റെ തുടക്കത്തില്‍  ഞാന്‍  രണ്ടുവരി എഴുതിപ്പിടിപ്പിക്കണം എന്നു നിത്യയുടെ അഷിതക്കൂട്ടുകാരി ശാഠ്യം പിടിക്കുന്നു. 
എനിക്കുമെഴുതിയിട്ടുണ്ട് അഷിത. 
ഇരുപത്തഞ്ചുവയസ്സുമുതല്‍ ഒരു മുപ്പത്തെട്ടുവയസ്സോളം പ്രായത്തില്‍  അഷിതയില്‍ ആകെ ഭ്രമിച്ച്  ഞാനെഴുതിയ കത്തുകള്‍. എന്‍റെയാ കത്തുകള്‍ക്ക് വന്ന മറുപടിക്കത്തുകള്‍ ഇന്ന് എന്‍റെ കൈവശമില്ല. ജീവിതമൊരിക്കലും ഇനി പഴയതുപോലെയാവില്ല എന്നു സങ്കടത്തീര്‍ച്ചതോന്നിയ  ഒരു ദിവസം, 'അത്രമേല്‍ സ്‌നേഹിക്കയാല്‍ '  ഒരു കാല്‍പ്പെട്ടിയില്‍ ഭദ്രമായി സൂക്ഷിച്ചുവച്ച കത്തുകളും കുറിമാനങ്ങളുമെല്ലാമെടുത്ത്   നുറുനുറുങ്ങനെ കീറിക്കൂട്ടിയ ഒരാളാണ് ഞാന്‍. കീറിക്കളഞ്ഞാല്‍ ഇല്ലാതെയായിപ്പോവുന്ന, മായ്ച്ചുകളഞ്ഞാല്‍ മറന്നുകളയാവുന്ന ഒന്നല്ല ജീവിതം എന്നു പിന്നെപ്പിന്നെ മനസ്സിലായി .

പക്ഷേ  ഒന്നുണ്ട്. ഞാന്‍ കൊരുത്തുവിട്ട എന്റെ സംശയങ്ങളെ ഉള്ളം കൈയിലെടുത്തും  ഞാന്‍ വിളിച്ചുപറഞ്ഞ എന്‍റെ സ്‌നേഹത്തിനെ നെഞ്ചോടു ചേര്‍ത്ത് എന്റെ നെറ്റിമേല്‍ ഒരു തൂവലുമ്മ തന്നും എന്നെ ചേര്‍ത്തുനിര്‍ത്തി വന്ന  അഷിതയുടെ ഇളം നീല ഇന്‍ലന്‍ഡുകള്‍ .. അതു വായിച്ച് ഏറ്റുമാനൂരെ വീടിന്‍റെ മുന്നിലെ പവിഴമല്ലിയെയും നോക്കി ഇറയത്ത് കാല്‍നീട്ടിയിരുന്ന വൈകുന്നേരങ്ങള്‍.. എന്നെ ഞാനാക്കിയ ആ നീലയക്ഷരങ്ങള്‍.. 
നിത്യാ,  എന്‍റെ കാല്‍പ്പെട്ടികളില്‍നിന്ന്  ഒരിടത്തേക്കും പോയിട്ടില്ല ആ അക്ഷരങ്ങളൊന്നും .. പോക്കുവെയിലും  പവിഴമല്ലിപ്പൂക്കളും വഴിയിലൂടെ പാറിനടക്കുന്ന കുട്ടികളും എത്തിനോക്കിയ കുരുവിയും സാക്ഷിനില്‍ക്കവേ   ആകെ
സ്തബ്ധയായിരുന്നു ഞാന്‍  വായിച്ച ആ ചെറിയ വാചകങ്ങള്‍.. ആ സ്‌നേഹവാചകങ്ങള്‍ തന്നെയാണ്  ഇപ്പോഴും എന്‍റെ ബോധത്തിലെയും അബോധത്തിലെയും പിടക്കുന്ന നീലഞരമ്പുകള്‍ .
'നിനക്ക് ഞാനെഴുതിയ കത്തില്ലാതെ ഈ പുസ്തകം പൂര്‍ണ്ണമാവില്ല , നീ നോക്ക്, എവിടേലും ഏതെങ്കിലും കത്തുണ്ടോ' എന്ന് പറഞ്ഞ് ഇല്ലാക്കത്തുകള്‍ തേടാന്‍ എന്നെ ഉന്തിത്തള്ളിവിട്ടു അഷിത. എന്റെതന്നെ വേറെ വീടുകളിലെ വേറെ അലമാരകളില്‍ തിരഞ്ഞിട്ടും ഒന്നും കണ്ടുകിട്ടിയില്ല . പക്ഷേ കത്തുകളുടെ സ്‌നേഹപ്പുസ്തകം അച്ചടിച്ചുവന്നപ്പോള്‍ എന്നോടുള്ള പ്രിയം ,  ആരോ ഒളിച്ചുകടത്തിയ ഒരു വസ്തുപോലെ അവിടവിടെയൊക്കെ ചിതറിക്കിടക്കുന്നതു കാണാമായിരുന്നു . അപര്‍ണ്ണക്കെഴുതിയ കത്തിലെന്നെക്കുറിച്ചു പറയുന്നു -അവള്‍ എന്‍റെ കുട്ടിയല്ലേ, നിര്‍ഭയം, നിര്‍ലജ്ജം എന്നെ സ്‌നേഹിക്കുന്നുവെന്ന് ഉറക്കെ വിളിച്ചു പറയുന്ന ഈ ലോകത്തിലെ ഒരേ ഒരാള്‍..

അഷിത ആര്‍ക്കെഴുതുമ്പോഴും അത് എനിക്കുവേണ്ടി എഴുതിയതാണെന്നാണ് എനിക്കു തോന്നാറ്. അതു കൊണ്ടുതന്നെ കളഞ്ഞുപോയ ആ പഴയ കത്തുകളെക്കുറിച്ചുള്ള സങ്കടംപൊയ്‌പ്പോവുന്നു .  'ഒരു പാതി ചാരിയ ആ  വാതില്‍ അങ്ങനെ ഒരു പാതി തുറന്നും കിടക്കുകയാണ് 'എന്ന്  അഷിത ഗ്രേസിറ്റിച്ചറിനെഴുതുമ്പോള്‍ ,
'നിനക്ക് നൃത്തം വയ്ക്കുന്ന നക്ഷത്രമാകണോ ,അതാണ് ചോദ്യം'  എന്നോ 'നീ നിന്‍റെ ഒപ്പം ഇരിക്കാനിഷ്ടപ്പെടുന്നില്ലെങ്കില്‍, പിന്നെ ലോകത്തില്‍ ആരാണിഷ്ടപ്പെടുക' എന്നോ അഷിത പാര്‍വ്വതിക്കഴുതുമ്പോള്‍ അതെല്ലാം എനിക്കുള്ള കത്തുകള്‍ തന്നെയാണ് .
'മെഴുകുതിരികളില്ലാത്തതുകൊണ്ട് വാക്കുകള്‍ കൊളുത്തുകയാണ് ' എന്ന്, 'പകലിന്‍റെ ചുമലില്‍ കൈയിട്ടു നടക്കുമ്പോള്‍ രാത്രി എന്നെ മടിയിലിരുത്തുന്നു' എന്ന് അഷിത സുജാതറ്റീച്ചര്‍ക്കെഴുതുമ്പോള്‍ അതും എനിക്കെഴുതിയതാണ് .

'സന്തോഷങ്ങള്‍ ചിത്രശലഭങ്ങളെപ്പോലെയാണ് ,പിന്നാലെ ഓടിനടന്നാല്‍ കിട്ടുകയില്ല, വെറുതെയങ്ങനെ ഇരിക്കുമ്പോള്‍ കൈവെള്ളയില്‍ പറന്നിറങ്ങി വെറുതെയിരിക്കും'  എന്ന് ഷാഹിന ഇ കെക്കെഴുതുമ്പോള്‍, അതും എനിക്കുള്ളതു തന്നെ.
എനിക്കിപ്പോഴറിയാം 'പ്രേമം കൊണ്ടും ഒരാള്‍ മരിച്ചുപോകാം ' (ബിപിനുള്ള കത്ത്) എന്നും 'സ്‌നേഹം ആഹ്‌ളാദത്തിനും നൊമ്പരത്തിനും അപ്പുറത്തുള്ള ഒന്നാണ്' ( എഞ്ചിനീയര്‍ ജയരാജിനുള്ള കത്ത് ) എന്നും ..

മാധവിക്കുട്ടിക്കെഴുതുമ്പോഴും വെങ്കിക്കെഴുതുമ്പോഴും  ഡോക്റ്റര്‍ ശ്രീനാഥിനെഴുതുമ്പോഴും  ശ്രീബാലക്കെഴുതുമ്പോഴും
ബിപിന്‍ചന്ദ്രനെഴുതുമ്പോഴും   എനിക്കു മുന്നില്‍  അഷിത തെളിച്ചുതരുന്നത് എനിക്കെന്നെ കാണാന്‍ പറ്റുന്ന ഒരു വലിയ നിലക്കണ്ണാടിയാണ്. അഷിത എഴുതുന്നതെന്തും ലോകത്തിനു മൊത്തമായുള്ളതാണ്. അഷിത ലോകത്തിനായെഴുതുന്നതെന്തും നമുക്കോരോരുത്തര്‍ക്കുമുള്ളതാണ്. ഇപ്പുസ്തകത്തില്‍ നിത്യാ, നിത്യക്കുള്ള ഒഒരൊറ്റക്കത്തുപോലുമില്ല, അതെല്ലാം ചേര്‍ത്ത് അഷിത തുന്നാനിരിക്കുന്ന ഫേണ്‍ഹില്‍ക്കുപ്പായത്തെക്കുറിച്ചെനിക്കറിയാം. . അതോര്‍ത്തപ്പോഴാണ് , നിത്യക്ക് രണ്ടുവാക്കുകുറിക്കല്‍ ..അതുമാത്രമാണ്   ഈ പുസ്തകത്തിന് എന്‍റേതായി ചേരുക എന്നു തോന്നിയത്.

ഒരിക്കലും ഫേണ്‍ഹില്ലില്‍ വരാന്‍ കഴിയാതെ പോയ ഒരാളാണ് ഞാന്‍..  നിത്യ അയച്ചുതന്ന 'ഇത്തിരിക്കാര്യം' എന്ന  കുട്ടികള്‍ക്കുള്ള പുസ്തകം ഓര്‍മ്മ വരുന്നു . ബാലരമയില്‍ വച്ചാണ് ഞാനാദ്യമായി 'നിത്യ' എന്ന കുട്ടികളുടെ കൂട്ടുകാരനെ കാണുന്നത് എന്നും അന്ന് വായിച്ചതൊക്കെ ഇപ്പോഴും ഓര്‍മ്മയുണ്ട് എന്നും പറഞ്ഞെഴുതിയ കത്തിന്  പകരമായി നിത്യ തന്നത്
അന്നൊരിക്കല്‍ ബാലരമയില്‍ വന്ന   ആ ലേഖനങ്ങളുടെ സമാഹാരമായിരുന്നു . 'ഇത്തിരിക്കാര്യം' എന്നുതന്നെ പേരുള്ള ആ പുസ്തകം ഇപ്പോഴും ഒപ്പമുണ്ട് . എന്നു കൈയിലെടുക്കുമ്പോഴും എനിക്കാപ്പുസ്തകത്തിന്‍റെ പേര് 'ഇത്തിരിനേരം
ഒത്തിരിക്കാര്യം' എന്നാണെന്നുതോന്നും . അങ്ങനെ തന്നെയാണ് അഷിതക്കത്തുകളെക്കുറിച്ചും എനിക്ക് തോന്നാറ് - ഇത്തിരിനേരം
ഒത്തിരിക്കാര്യം...

എന്തോ അഷിതയെക്കുറിച്ചെഴുതുമ്പോള്‍ എനിക്ക് ലോകം  ഒരു തണുതണുത്തമഴനനവിലലിയുന്നതു പോലെ തോന്നും. സ്‌നേഹം തന്നെ സ്‌നേഹത്താലെഴുതുമ്പോഴാണ് മഴ ഉണ്ടാകുന്നത്.  മഴ , ഒരിലയെ ചുംബിക്കുന്നതു പോലെ, ഒരേയൊരു അഷിത ഒരു പ്രിയയെ ഒരു പൂര്‍ണ്ണകായപ്പുസ്തകത്തിന് മുഖക്കുറിപ്പ് എഴുതാനിരുത്തുന്നു. തോളത്തുവന്നിരിക്കുന്ന ഈ ചിത്രശലഭത്തിന്‍റെ ഒരോ ചിറകടിയിലും എന്‍റെ പ്രാണനുണ്ട് .

ഞാന്‍ വെറുതെ പറയുകയല്ല. നിത്യാ.. വെറുതെ ഒന്നും പറയരുത് എന്നും BE WHAT YOU ARE  എന്നും എന്നെ പഠിപ്പിച്ചത് നിത്യയുടെ  ഈ നീലാക്ഷരശലഭമാണ് . ഈ നീലാക്ഷരശലഭം കടലാസിനെയല്ല ലോകത്തെത്തന്നെ ചുംബിക്കുകയാണ് .
ലോകത്തെച്ചുംബിക്കാന്‍ നിത്യാ എത്ര കുറച്ചുപേര്‍ക്കേ ഇതുവരെ കഴിഞ്ഞിട്ടുള്ളൂ  !

നിത്യപ്രിയത്തോടെ
പ്രിയ

Tags:    
News Summary - A book to Ashithas nithya..- Priya A S- Literature

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.