വിവാദങ്ങളില്‍ വെന്ത 'ബിരിയാണി'

കേരളീയ ജീവിതത്തെ വരിഞ്ഞുമുറുക്കുന്ന നാഗരികതയുടെ ആസുരതകളെയും സാമൂഹ്യ യാഥാർഥ്യങ്ങളെയും തീക്ഷ്ണമായി അനുഭവവേദ്യമാക്കുന്ന കഥകളാണ് സന്തോഷ് ഏച്ചിക്കാനത്തിന്‍റെത്. മലയാളകഥയുടെ പാരമ്പര്യവഴികളുടെ തുടര്‍ച്ചയിലൂന്നിയുള്ള പ്രതിബദ്ധതയുടെ എഴുത്തിലാണ് ഈ കഥാകാരന് പ്രിയം. കൊമാല, പന്തിഭോജനം, ശ്വാസം തുടങ്ങി നിരവധി കഥകള്‍ അതിന് ഉദാഹരണമാണ്.

ബിരിയാണി എന്ന പുതിയ കഥ, സമീപകാലത്ത് ഏറെ ചര്‍ച്ചചെയ്യപ്പെടുകയും സാമൂഹിക മാധ്യമങ്ങളിലൂടെ വിവാദങ്ങള്‍ക്കു തിരികൊളുത്തുകയും ചെയ്തതാണ്. ഒരു ഉത്തരേന്ത്യന്‍ യാഥാർഥ്യത്തെ മലയാളിയുടെ പൊതുബോധവുമായി സമന്വയിപ്പിക്കുകയാണ് സന്തോഷ് ഏച്ചിക്കാനം ഈ കഥയിലൂടെ ചെയ്യുന്നത്. വടക്കെ മലബാറിലെ മുസ്ലിം കല്യാണങ്ങളിലെ ഭക്ഷണധൂര്‍ത്തും ഇതരസംസ്ഥാനക്കാരനായ ഒരു തൊഴിലാളിയുടെ വിശന്നുമരിച്ച മകളെക്കുറിച്ചുള്ള ദുഃഖവുമാണ് ബിരിയാണിയുടെ പ്രതിപാദ്യം എന്നു സാമാന്യമായി പറയാമെങ്കിലും അതിലുപരി കുഴിവെട്ടിമൂടേണ്ട നമ്മുടെ കപട സദാചാരങ്ങളുടെ മേല്‍ വന്നുപതിക്കു മഹാപ്രഹരമായി ബിരിയാണി എന്ന കഥ മാറുന്നുണ്ട്.  

ബിരിയാണി, സമീപകാലത്ത് സജീവ ചര്‍ച്ചയായപ്പോള്‍ അതിലുയര്‍ന്നുവന്ന ഒരാരോപണം, ഈ രചന മുസ്ലിം വിരുദ്ധമാണൊയിരുന്നു. അതിന് കഥാകൃത്തുതന്നെ വിശദമായ മറുപടി നല്‍കിയിരുന്നു. കേരളത്തിന്‍റെ വടക്ക്, പ്രത്യേകിച്ച് കാസര്‍ഗോട്ടെ തന്റെ പരിചയമുള്ള ഇടങ്ങളില്‍ കണ്ടിട്ടുള്ള ഹിന്ദു-മുസ്ലിം വിവാഹങ്ങളിലെ ഭക്ഷണധൂര്‍ത്ത് ഒരു യാഥാര്‍ത്ഥ്യമാണെും ഇതിന്റെയൊക്കെ പൊള്ളത്തരം പൊതു സമൂഹത്തിനുമുമ്പില്‍ തുറന്നുകാട്ടപ്പെടണം എന്നുതന്നെയാണ് താന്‍ അതുവഴി ലക്ഷ്യംവെച്ചതെന്നുമാണ്. പക്ഷെ, അതേതെങ്കിലും മതത്തില്‍പ്പെട്ടവരുടെ മാത്രം കാര്യമായിട്ടല്ല എഴുതിയത്. കഥക്കനുയോജ്യമായി കഥാപാത്രങ്ങളെ സൃഷ്ടിച്ചപ്പോള്‍ അതില്‍ ചിലര്‍ മുസ്ലിം നാമധാരികളായിപ്പോയി എന്നു മാത്രം.  

സന്തോഷ് ഏച്ചിക്കാനത്തിന്റെ സമീപകാലത്ത് ശ്രദ്ധിക്കപ്പെട്ട ഏഴു കഥകള്‍ ഉള്‍പ്പെടുന്ന ബിരിയാണി എന്ന കഥാസമാഹാരം ഇപ്പോള്‍ ഡി.സി ബുക്‌സ് പുറത്തിറക്കിയിരിക്കുന്നു. പുസ്തകപ്പുറംചട്ടകളില്‍ കാലാനുസൃതമായ പുതുമകൊണ്ടുവരാറുള്ള സൈനുല്‍ ആബിദിന്റേതാണ് കവര്‍. പ്രശസ്ത ഫോട്ടോഗ്രാഫര്‍ രഘുറാമിന്റെ ഭോപ്പാല്‍ ദുരന്തചിത്രങ്ങളിലൊന്നിനെ അനുസ്മരിപ്പിക്കുതാണിത്.   

കഥകള്‍, ശ്വാസം, കൊമാല, നരനായും പറവയായും എീ കഥാസമാഹാരങ്ങളും മലബാര്‍ വിസിലിങ് ത്രഷ് എ ഓര്‍മ്മപ്പുസ്തകവുമാണ് തിരക്കഥാകൃത്തുകൂടിയായ സന്തോഷ് ഏച്ചിക്കാനത്തിന്റെ മറ്റു പുസ്തകങ്ങള്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.