സക്കറിയക്കൊപ്പം ഒരു ആഫ്രിക്കൻ യാത്ര

'ഒരു ആഫ്രിക്കൻ യാത്ര'യിലായിരുന്നു ഞാൻ. പെട്ടെന്ന് തീര്‍ന്നുപോകരുതെന്ന ആഗ്രഹവുമായി വളരെ പതിയെയായിരുന്നു, യാത്ര.. ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിൽ തുടങ്ങി നെടുനീളെ ആഫ്രിക്കയെ മുറിച്ച് നൈൽ നദിയും കടന്ന് ഈജിപ്തിലെ അലക്സാണ്ട്രിയക്കപ്പുറവും നീണ്ട യാത്ര.. ഗുഡ്ഹോപ്‌ മുനമ്പ് മുതല്‍ സൂയസ് കനാല്‍ വരെ.. ആഫ്രിക്കയിലൂടെയുള്ള യാത്രയിലുടനീളം എഴുത്തുകാരനായ സക്കറിയയുമുണ്ടായിരുന്നു, എന്നോടൊപ്പം കൂട്ടിന്! ഞാൻ കണ്ട കാഴ്ചകളുടെ, എന്‍റെ അനുഭവങ്ങളുടെ, അതീവ ഹൃദ്യമായ വിവരണം നൽകിയത് സക്കറിയയായിരുന്നല്ലോ. സക്കറിയയുടെ എഴുത്തിലൂടെയായിരുന്നുവല്ലോ എന്‍റെ സഞ്ചാരം.

മലയാളത്തിന്‍റെ പ്രിയ സഞ്ചാരി എസ്.കെ. പൊറ്റെക്കാട്ടിന്‍റെ ആറു പതിറ്റാണ്ടുകൾക്കപ്പുറത്തെ സഞ്ചാരപഥങ്ങൾ പിന്തുടർന്ന് ആഫ്രിക്ക സന്ദർശിക്കുകയാണ് സക്കറിയ. കപ്പലിലേറിയായിരുന്നു എസ്.കെ.യുടെ യാത്ര. 1948-ൽ ഈസ്റ്റ് ആഫ്രിക്ക(മൊസാംബിക്)യിലെ 'ബൈറ'യിൽ എസ്.കെ. കപ്പലിറങ്ങിയെങ്കിൽ, കേപ്ടൗണിൽ സക്കറിയ വന്നിറങ്ങുന്നത് വിമാനത്തിൽ. ബോംബെയിൽനിന്ന് ബൈറ തുറമുഖത്തെത്താൻ എസ്.കെ.യ്ക്ക് വേണ്ടിവന്നത് പത്തു നാളുകൾ നീണ്ട യാത്ര. ജൊഹനാസ്ബർഗ് വഴി കേപ്ടൗണിലെത്താൻ സക്കറിയ ചിലവഴിച്ചതോ.. വെറും പന്ത്രണ്ടു മണിക്കൂറും! രണ്ട് കാലഘട്ടങ്ങളിലെ യാത്രകൾ തമ്മിലെ അന്തരം. രാജ്യാതിർത്തികളുടെ വാതിലുകൾക്ക് അത്രയൊന്നും 'അടച്ചുറപ്പില്ലാതിരുന്ന' എസ്.കെ.യുടെ കാലത്ത് പക്ഷെ ഒരു നാട്ടിൽനിന്നും മറ്റൊരു നാട്ടിലേക്ക് അനായാസമായി കടന്നുപോകാനായെങ്കിൽ, വിസ സംഘടിപ്പിക്കലും രാജ്യാതിർത്തി കടക്കലും സക്കറിയക്ക് പല നാടുകളിലും പ്രയാസകരവും, ചിലപ്പോൾ അസാധ്യവുമായി എന്നതാണ് ഇതിന്‍റെ മറുപുറം.


എസ്.കെ. സക്കറിയയുടെ 'സഹയാത്രികൻ' തന്നെയാണ്, യാത്രയിൽ. കൂടാതെ, 'ലോൺലി പ്ലാനെറ്റ്'ഉം, സന്ദർശിക്കുന്ന രാജ്യങ്ങളിലെ കൂട്ടുകാരും കൂട്ടിനുണ്ട്. ആഫ്രിക്കയെക്കുറിച്ച് എസ്. കെ. എഴുതിയ ഓരോ വരിയും, ഒരു അഭ്രപാളിയിലെന്നോണം സക്കറിയയുടെ മനോമുകുരത്തിലുണ്ട്. അത്രക്ക് പരിചിതമാണ് സക്കറിയക്ക് എസ്.കെ.യുടെ ആഫ്രിക്കയെ. സക്കറിയായിലൂടെ സാഹസിക സഞ്ചാരിയായ എസ്.കെ.യെയും ഒട്ടൊരു ആശ്ചര്യത്തോടെ നാം വായിക്കുന്നു. ഭൂപ്രകൃതി, കാലാവസ്ഥ, രാഷ്ട്രീയ സ്ഥിതി, ജനങ്ങൾ, യാത്രാസൗകര്യം, താമസ സാധ്യതകൾ എന്നുവേണ്ട, ഒരു ഭൂഖണ്ഡാന്തര യാത്രക്കുള്ള എല്ലാ മുന്നൊരുക്കവും ചെയ്ത സക്കറിയയെ നമുക്ക് വായിച്ചെടുക്കാം. എന്നിട്ടും പലയിടത്തും സക്കറിയയിലെ സാഹസികനായ സഞ്ചാരിയാണ് അദ്ദേഹത്തിന് കൂട്ടിനുള്ളത്.

എസ്.കെ.യെ മാത്രമല്ല, നമ്മെയും കൂടെകൂട്ടിയാണ് സക്കറിയയുടെ സഞ്ചാരം. തന്‍റെ ഓരോ അനുഭവങ്ങളും വായനക്കാരന്‍റേതുമാക്കുന്ന സൂത്രവിദ്യ സക്കറിയക്കറിയാം. ജയനും ബീനയും ഗുണിയും സാമിയും ഷമിദുരെയുമൊക്കെ നമ്മുടെയും പ്രിയപ്പെട്ടവരാകുന്നു. പുതിയ പുതിയ നാടുകളിലേക്ക് നീങ്ങുമ്പോള്‍ അവരെയൊക്കെ വഴിയിലുപേക്ഷിക്കുന്നതിന്‍റെ വിഷമം നമ്മളും അനുഭവിക്കുന്നു..താന്‍ സന്ദര്‍ശിക്കുന്ന നാടുകളുടെ, ജനങ്ങളുടെ രാഷ്ട്രീയ സാമൂഹിക അവസ്ഥകളെക്കുറിച്ച സൂക്ഷ്മവും കൃത്യവും കണിശവുമായ നിരൂപണങ്ങളും നിരീക്ഷണങ്ങളുമാണ് സക്കറിയയുടെത്. സിംബാബ്‌വേ മുതല്‍ ഈജിപ്ത് വരെയും ഇത് നീളുന്നു. ഒപ്പം മണ്ടേലയും ഗാന്ധിയുമൊക്കെ ഇങ്ങിനെ നിശിതമായി നിരീക്ഷിക്കപ്പെടുന്നുണ്ട്. മണ്ടേലയേയും ഗാന്ധിയേയുംകുറിച്ച താരതമ്യം ഇങ്ങിനെ: 'ഗാന്ധി അധികാര രാഷ്ട്രീയത്തിൽനിന്ന് സ്വയം വേർപ്പെടുത്തി. മണ്ടേലയ്ക്ക് അധികാര രാഷ്ട്രീയത്തിൽ പങ്കെടുക്കേണ്ടിവന്നു..'

ദക്ഷിണാഫ്രിക്കയിലെ ഗാന്ധിയുമായി ബന്ധപ്പെട്ട മിക്ക സ്ഥലങ്ങളും സന്ദർശിച്ച സക്കറിയ, 21-വർഷത്തെ ദക്ഷിണാഫ്രിക്കൻ ജീവിതം ഉരുവപ്പെടുത്തിയ ഗാന്ധിയെക്കുറിച്ചു സാമാന്യം വിശദമായിത്തന്നെ പ്രതിപാദിക്കുന്നുണ്ട്. ഗാന്ധിജി തന്‍റെ സത്യാഗ്രഹമെന്ന സമരമുറക്ക് ജന്മം നൽകിയതും പരീക്ഷിച്ചുറപ്പിച്ചതും അവിടെവച്ചായിരുന്നല്ലോ. വംശീയ വിവേചനത്തിന്‍റെ കഠിനാനുഭവങ്ങളെ നേരിട്ടാണ് തന്‍റെ 'passive resistance' (തിരിച്ചടിയില്ലാത്ത പ്രതിരോധം) ഗാന്ധി വളർത്തിയെടുത്തത്.

സിംബാബ്‌വേയുലുടനീളം ശക്തമായ മുഗാബേ വിരുദ്ധവികാരം നിലനിന്നിരുന്നു, തന്‍റെ സന്ദര്‍ശന കാലത്ത്. അധികാരവും പോലീസും ഗുണ്ടകളും സമംചേര്‍ന്ന് 'ജനാധിപത്യം' അനുകൂലമാക്കിയുള്ള ഗുണ്ടാഭരണമാണ് മുഗാബെയുടെത്. വെള്ളക്കാരില്‍നിന്നും പിടിച്ചെടുത്ത ലക്ഷക്കണക്കിന്‌ ഏക്കര്‍ ഭൂമി തനിക്കും സില്‍ബന്ധികള്‍ക്കും സ്വന്തം.! 'ജനാധിപത്യം' എത്ര എളുപ്പത്തിലാണ് സ്വേച്ഛാധിപത്യത്തിനു മറയാകുന്നത്!

ദർബനിലാണെങ്കിൽ, പോലീസുകാരും ഭൂമാഫിയയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട്. സുരക്ഷിതത്വമില്ലാതെ ഭീതിയിൽ തുച്ഛമായ വിലക്ക് വീടും ഭൂമിയും വിറ്റ് ആളുകള് നഗരം വിടുന്നു. 'ഭാഷയും നിറവും വസ്ത്രവും അത്യാഗ്രഹങ്ങളുടെ ഉള്ളടക്കവും മാത്രമേ വ്യത്യാസമുള്ളൂ - ലോകമെമ്പാടും രാഷ്ട്രീയക്കാരൻ ഒരൊറ്റ ജന്തു തന്നെ' എന്ന് സക്കറിയ. ദക്ഷിണാഫ്രിക്കയിലെയും,ഈദി അമീന്‍റെയും പിന്നീടുമുള്ള  ഉഗാണ്ടയിലേയും ഹുസ്നി മുബാറക്കിന്‍റെ ഈജിപ്തിലെയുമെല്ലാം രാഷ്ട്രീയം നിശിതമായി സക്കറിയ വിശകലനം ചെയ്യുന്നുണ്ട്..

സക്കറിയയെന്ന സാഹസികനായ യാത്രികനെ യാത്രയുടെ പല ഭാഗങ്ങളിലും ഉദ്വേഗത്തോടെ നമ്മൾ വായിക്കുന്നു. മൊസാംബിക്കിലെ ബൈറ തേടിയുള്ള യാത്രയിലെ അനുഭവങ്ങളെക്കുറിച്ച് പറയുന്നതിങ്ങനെ: ഇളകുന്ന കാബിനിൽ താമസം. രാത്രിയിൽ കനത്ത മഴയിൽ ഇരുമ്പ് വാതിലിൽ കറന്‍റ് കടന്നു. വാതിൽ തൊട്ടപ്പോള് തെറിച്ചു വീണു. വെള്ളം അകത്ത്. തണുത്ത് വിറച്ച് ഒരു മൂലയ്ക്ക്. പിന്നെ എങ്ങിനെയോ പുറത്ത് ചാടി നേരം വെളുപ്പിച്ചു. മഞ്ഞു മൂടിയ കിളിമാഞ്ചാരോ പർവതത്തിന്‍റെ തലപ്പ് കണ്ടുകിട്ടുകയെന്നത് അപൂർവ കാഴ്ച. സഞ്ചാരികളുടെ ഭാഗ്യം പോലിരിക്കും. പർവതത്തിന്‍റെ താഴ്ഭാഗത്ത് 22 കിലോമീറ്ററാണ് കാഴ്ചകൾ കണ്ട്, മഴയും വെയിലും കൊണ്ട് ഗൈഡിനോടൊപ്പം സക്കറിയ നടന്നത്..

താന്‍സാനിയയിലെ ദാര്‍ അല്‍ സലാമില്‍ പാതിരാത്രിയില്‍ സ്ത്രീകള്‍ക്ക് പോലും സ്വതന്ത്രമായി പുറത്തിറങ്ങി നടക്കാം. അത്രക്ക് സുരക്ഷിതമായ (കോഴിക്കോടും കൊച്ചിയും നഗരം പോലെ എന്ന് സക്കറിയ) ഇവിടുന്ന് പക്ഷെ സക്കറിയ പെട്ടെന്ന് സ്ഥലം വിട്ടു.. പുഴുക്കുന്ന കാലാവസ്ഥയും താമസത്തിന് കിട്ടിയത് അതിലും കടുത്ത അസഹനീയമായ മുറിയും. ആദ്യദിനം തന്നെ പാതിരാത്രിയിൽ റൂം വിട്ടോടി, ഒരു പള്ളിയുടെ അരമതിലിൽ കിടന്ന് ഉറങ്ങിപ്പോയി. സവിശേഷമാണ് സക്കറിയയുടെ ശൈലി.. ആഫ്രിക്കൻ സ്ഥല-കാലങ്ങളെ കേരളീയ-ഇന്ത്യൻ പരിസരവുമായി ചേർത്തുവായിക്കാനുള്ള, കേരളത്തിന്‍റെ സാമൂഹിക സാംസ്കാരിക ജീവിതവുമായി തട്ടിച്ചു നോക്കാനുള്ള ശ്രമം ഉടനീളമുണ്ട്..

കേപ്പ്ടൌണിൽനിന്നും ഗുഡ്ഹോപ്പ് മുനമ്പ് കാണാനുള്ള യാത്ര ചേരികളേറെയുള്ള കേപ്പ്ഫ്ലാറ്റ് വഴി കടന്നു പോകുമ്പോൾ, "പാതയ്ക്കരികിൽ കേരളത്തിലെപ്പോലെ, വെറുതെ കുത്തിയിരിക്കുന്ന മനുഷ്യർ". ധാരാവിപോലെ ഭീമൻ ചേരിപ്രദേശമായിട്ടും മലമൂത്ര-മാലിന്യങ്ങൾ തരിപൊലുമില്ലത്രെ.."വഴിനീളെ മൂത്രപ്പുരകളോ കക്കൂസുകളോ ആഫ്രിക്കയിലും ഇല്ല. ആഫ്രിക്കയിലെ സാധാരണ ജനങ്ങളുടെ വൃത്തി എന്‍റെ ഭാരതീയ പൊങ്ങച്ചങ്ങളെ പുനർവിചാരം ചെയ്യാൻ എന്നെ നിർബ്ബന്ധിതനാക്കി.." "പരസ്യ മലമൂത്ര മാലിന്യങ്ങൾ ദാരിദ്ര്യത്തിന്‍റെ ഭാഗമായിക്കൊള്ളണമെന്നില്ല എന്ന് ഞാൻ മനസ്സിലാക്കിയത് ആഫ്രിക്കയിലാണ്.."

 ശ്രദ്ധിക്കപ്പെടേണ്ട ചില നിരീക്ഷണങ്ങളുമുണ്ട്.. താൻ സന്ദർശിച്ച മിക്ക മിക്ക ആഫ്രിക്കൻ രാജ്യങ്ങളിലെയും മുസ്ലിം സ്ത്രീകളുടെ അവസ്ഥ മുന്നിൽവച്ച്, കേരളത്തിലെ മുസ്ലിംകളെക്കുറിച്ച് പൊതുവിലും സ്ത്രീകളെക്കുറിച്ച് വിശേഷിച്ചും നിരാശനാവുന്നുണ്ട്, പലപ്പോഴും സക്കറിയ:
"ഇസ്‌ലാമിക പാരമ്പര്യം പുലർത്തുന്നതിനോടൊപ്പം ആധുനിക ലോകത്തെ അതിന്‍റെതന്നെ വ്യവസ്ഥകളുപയോഗിച്ച് നേരിടാനുള്ള ഈ ശേഷി ഞാൻ ആഫ്രിക്കയിലെ ഇസ്‌ലാമിക സമൂഹങ്ങളിൽ ആവർത്തിച്ച് കണ്ടെത്തി. അപ്പോഴെല്ലാം ഞാൻ കാലത്തേക്കാൾ വേഗത്തിൽ പിന്നോട്ടോടാൻ ശ്രമിക്കുന്ന കേരള ഇസ്ലാമിക സമൂഹത്തെ നിരാശയോടെ സ്മരിച്ചു.."

ആഫ്രിക്ക ഒരത്ഭുത ലോകമാണ്, 'യൂറോപ്പിന്‍റെ ഏറ്റവും അടുത്ത അയൽവാസി' രാമേശ്വരത്തുനിന്ന് ശ്രീലങ്കയ്ക്കു പോകുന്ന അത്രയും അടുത്ത്. പ്രകൃതിവിഭവങ്ങളാൽ അതിലുപരി പ്രകൃതിയൊരുക്കിയ മനോഹര കാഴ്ചകളാൽ നിഷ്‌ക്കളങ്കരായ ജനങ്ങളാൽ സമ്പന്നമായ ഭൂഖണ്ഡം. അതേക്കുറിച്ചെഴുതുന്ന ഓരോ വരികളും സക്കറിയയേയും നമുക്ക് പ്രിയപ്പെട്ടവനാക്കുന്നു. അറുനൂറിലേറെ പേജുകൾ ഒട്ടും മടുപ്പുളവാക്കാതെ ഒരു നോവലെന്നപോലെ, നമ്മൾ വായിച്ചു പോകുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.