May I come in sir‍?

മുംബൈ നഗരത്തില്‍ തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ നനഞ്ഞൊട്ടിയ ദിവസങ്ങളിലൊന്നില്‍, ഒരു ഉച്ചക്കാണ് കൊറിയര്‍വാല ഒരു കൊച്ചുപുസ്തകവുമായി കയറിവന്നത്. കവി പി.പി. രാമചന്ദ്രന്‍െറ ‘ചാത്തൂണ്‍സ്’. ഉള്ളില്‍ നിറയെ കുറെ വികൃതിസൂര്യന്മാര്‍. വല്യേ വര്‍ത്തമാനങ്ങള്‍ പങ്കുവെക്കുന്ന കറുവരകളുടെ പ്രകാശരശ്മികള്‍ ചിന്നിച്ചിതറിയ പേജുകള്‍. കഴിഞ്ഞ ആറേഴുമാസമായി വാട്സ്ആപ്പിലൂടെ മുടങ്ങാതെ എത്തിക്കൊണ്ടിരുന്ന സുപ്രഭാത നമസ്കാരങ്ങള്‍. പലതും മലയാളികളല്ലാത്ത സുഹൃത്തുക്കളുമായും പങ്കുവെച്ചു. അവര്‍ക്കും അത് ആസ്വാദ്യകരമാകുന്നുണ്ടായിരുന്നു.

സ്ളേറ്റും പെന്‍സിലും കൈയില്‍ കിട്ടിയാല്‍ രണ്ട് കുന്നും നടുവിലൊരു സൂര്യനും വരച്ച് നിര്‍വൃതിയടയുന്ന കുട്ടിമനസ്സിന്‍െറ കൗതുകംതന്നെയാണ് സാംസങ് ഗാലക്സി നോട്ട് ത്രീയുടെ ടച്ച് സ്ക്രീനില്‍ എസ്-പെന്‍ ഉപയോഗിച്ച് വര തുടങ്ങുന്ന കവിക്കുമുള്ളത് എന്നുതോന്നുന്നു. രണ്ടു കുന്നുകള്‍ക്കിടയിലൂടെ ഉദിച്ചുയരുന്ന സൂര്യന്‍, കാക്കയോ പരുന്തോ എന്നൊന്നും തിരിച്ചറിയാത്ത ഒരു പക്ഷി -ആധുനിക സാങ്കേതികത എങ്ങനെ മൗലികമായ സൃഷ്ടികള്‍ക്കായി ഉപയോഗിക്കാം എന്നതിന്‍െറ തികച്ചും ലളിതമായ (ലളിതം -പി.പി. രാമചന്ദ്രന്‍െറ കവിത) ഓര്‍മപ്പെടുത്തല്‍!

ഇന്ന് ആവശ്യത്തിനും അനാവശ്യത്തിനും മാധ്യമങ്ങളും കലാസൃഷ്ടികളുമൊക്കെ വലിച്ചിഴക്കുന്ന രാഷ്ട്രീയ-വര്‍ണ അസഹിഷ്ണുതകളുടെ ദുര്‍ഗന്ധങ്ങളൊന്നും ചാത്തൂണ്‍സ് ഏറ്റെടുക്കുന്നില്ല. ഉപഭോക്തൃ സംസ്കാരത്തില്‍ അഭിരമിക്കുന്ന മലയാളിക്ക് എങ്ങനെ ക്രിയാത്മകമായി ആധുനിക സാങ്കേതികത ഉപയോഗപ്പെടുത്താം എന്നും പി.പി. രാമചന്ദ്രന്‍ ചാത്തൂണ്‍സ് പരമ്പരയിലൂടെ കാട്ടിത്തരുന്നുണ്ട്.

കവിതക്ക് മാത്രമായുള്ള മലയാളത്തിലെ ആദ്യ വെബ് ഭാഷാസംരംഭം 2003ല്‍ പി.പി. രാമചന്ദ്രന്‍ ആരംഭിച്ച  ഹരിതകം മലയാള കവിതാജാലികയാണ്. ആധുനിക സാങ്കേതിക സാഹചര്യങ്ങള്‍ സര്‍ഗാത്മകമായി പ്രയോജനപ്പെടുത്തുന്നതില്‍ വിജയിച്ച മാതൃക. മുഖ്യധാരാ പ്രസിദ്ധീകരണങ്ങള്‍ അകറ്റിനിര്‍ത്തിയ കാമ്പുള്ള ഒട്ടനവധി കവിതകള്‍, കവികള്‍ ഹരിതകത്തിലൂടെയാണ് ലോകം അറിഞ്ഞത്. നീളന്‍ സെല്‍ഫിസ്റ്റിക്കില്‍ സെല്‍ഫോണ്‍ ഘടിപ്പിച്ച് ഒരു ഉളുപ്പുമില്ലാതെ കണ്ണും തുറിച്ചുനില്‍ക്കുന്ന ഒരു സമൂഹത്തിനോടാണ് തന്‍െറ സെല്‍ഫോണ്‍ സ്ക്രീനില്‍ കുഞ്ഞുസൂര്യനും കുന്നുകളും കോറിയിട്ട് (വരക്കുന്നതിനെക്കാള്‍ എളുപ്പം മായ്ക്കുന്നതിനാണ് എന്ന് കവി) പി.പി. രാമചന്ദ്രന്‍  എന്ന ‘ചാത്തൂണിസ്റ്റ്’ വിനയാന്വിതനായി ചോദിക്കുന്നത്.
‘May I come in Sir?’

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.