ആഫ്രിക്കൻ സ്ത്രീ ജീവിതത്തിന്‍റെ തുറന്നെഴുത്ത്

ആഫ്രിക്കൻ-അമേരിക്കൻ എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ മായ ആഞ്ചലോ ഈ ലോകത്തോട് വിട പറഞ്ഞിട്ട് രണ്ടു വർഷമാകുന്നു. അവരുടെ കൃതികളിൽ നിന്നാണ് ആഫ്രിക്കൻ സ്ത്രീകളുടെ ജീവിതത്തിന്‍റെ  യഥാർഥചിത്രം നമുക്ക് ലഭിക്കുന്നത്. ആത്മകഥ ഏഴു ഭാഗങ്ങളായി പുറത്തിറങ്ങിയിട്ടുണ്ട്. അതിൽ തന്നെ ഏറ്റവും പ്രശസ്തമായത് ഐ നോ വൈ ദി കേജ്ഡ് ബേർഡ് സിങ്സ് എന്ന ആദ്യ ഭാഗമാണ്. ഈ കൃതിയുടെ മലയാള പരിഭാഷയാണ് എനിക്കറിയാം കൂട്ടിലെ കിളി പാടുന്നതെന്തിനെന്ന്.

മൂന്നാം വയസ്സിൽ സഹോദരൻ ബെയ്ലിക്കൊപ്പം സ്റ്റാംപ്സിലേക്ക് അയക്കപ്പെട്ടത് മുതൽ പതിനേഴാം വയസ്സിൽ മകൻ ഗയ് ജോൺസൺ ജനിക്കുന്നത് വരെയുള്ള കാര്യങ്ങളാണ് തന്റെ ആത്മകഥയുടെ ആദ്യ ഭാഗത്തിൽ മായ ആഞ്ചലോ വായനക്കാരുമായി പങ്കുവയ്ക്കുന്നത്. അമ്മയാൽ ഉപേക്ഷിക്കപ്പെട്ട മായയും സഹോദരൻ ബെയ്ലിയും തങ്ങളുടെ മുത്തശ്ശിയുടെയും അമ്മാവന്‍റെയുമൊപ്പം താമസിക്കാൻ സ്റ്റാപ്സിലേക്ക് വന്നു. അവർ അവിടെ അനുഭവിച്ചത് വംശീയ അധിക്ഷേപങ്ങളാണ്. അസഹനീയമായ പല്ലുവേദനയെത്തുടർന്ന് വെള്ളക്കാരനായ ദന്തഡോക്ടറുടെ അടുക്കൽ പോയതും അയാൾ അവളെ പരിശോധിക്കാൻ വിസമ്മതിച്ചതും മായ ആഞ്ചലോ ഈ കൃതിയിൽ വെളിപ്പെടുത്തുന്നുണ്ട്.

പിന്നീട് ഇവരുടെ അച്ഛൻ അമ്മയുടെ അടുക്കലേക്ക് അയയ്ക്കുന്നു. അവിടെ വച്ച് അമ്മയുടെ കാമുകനാൽ ബലാംൽസംഗം ചെയ്യപ്പെട്ട മായ പിന്നീട് നയിക്കുന്നത് ഏകാന്തജീവിതമാണ്. തുടർന്നുള്ള അവളുടെ ജീവിതത്തിൽ മാറ്റം വരുത്തിയ മിസ്സിസ് ബെർത്തയെപ്പറ്റിയും മായ ഓർമിക്കുന്നു. തന്‍റെ ജീവിതത്തെ തന്നെ മാറ്റിമറിച്ച അച്ഛനോടൊപ്പം ചിലവഴിച്ച കാലയളവിനെക്കുറിച്ചും അവർ ഈ കൃതിയിൽ വിവരിക്കുന്നുണ്ട്.

പുരുഷ മേധാവിത്വത്തിൽ അകപ്പെടുന്ന സ്ത്രീയാകാതെ പുരുഷനെ തന്‍റെ ലൈംഗിക ആസ്വാദനത്തിനായി ഉപയോഗപ്പെടുത്താൻ പോലും കൗമാരത്തിൽ അവർ മടി കാണിച്ചിരുന്നില്ല എന്നത് ഉന്നതവിദ്യാഭ്യാസ കാലത്തിലെ അവരുടെ പ്രണയത്തെക്കുറിച്ചുള്ള ഓർമകളിൽനിന്ന് വ്യക്തമാണ്. ഗർഭധാരണം പോലും ഈ അവസരത്തിൽ സഹോദരൻ ബെയ്ലിയോടല്ലാതെ മറ്റാരോടും മായ പങ്കുവച്ചിരുന്നില്ല. സ്വന്തം തീരുമാനങ്ങളാൽ ജീവിതം നയിക്കുന്ന സ്ത്രീയായി അവർ മാറിക്കഴിഞ്ഞിരുന്നു.

ആഫ്രിക്കൻ ജനത അനുഭവിച്ചിരുന്ന വംശീയ അധിക്ഷേപം, ലൈഗികത, ബാലപീഡനങ്ങൾ എന്നീ കാര്യങ്ങളെപ്പറ്റിയുള്ള തുറന്നെഴുത്തു കൂടിയാണ് മായ ആഞ്ചലോയുടെ ആത്മകഥ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.