ഗസയില്‍ നിന്നും ഒരു പെണ്‍കുട്ടി പറയുന്ന ദുരന്തകഥ

വലമാര്‍വാന്‍ എന്ന ഫലസ്തീനി ബാലികയുടെ യാതനകളും വേദനകളും സ്വപ്നങ്ങളുമാണ്  പങ്കുവയ്ക്കുകയാണ് വലമാര്‍വാന്‍ ഗസയില്‍നിന്നും അവളുടെ കഥ പറയുന്നു എന്ന കൃതി . വെടിമരുന്നിന്‍റെയും ചോരയുടെയും മടുപ്പിക്കുന്ന ഗന്ധങ്ങളില്‍ മോഹങ്ങള്‍ തകര്‍ന്നുപോയ ഗസ നിവാസികളുടെ ജീവിതം ആവിഷ്‌കരിക്കുന്ന ഈ കൃതി വേദനയെ കീഴ്‌പ്പെടുത്തിയ കുരുന്നുകളുടെ ജീവിതാനുഭവങ്ങളെ അടയാളപ്പെടുത്തുന്നു.

സര്‍വതും നഷ്ടപ്പെട്ട് ഒരു അന്യരാജ്യത്തെ അഭയാര്‍ത്ഥിക്യാമ്പില്‍ അതിഥികളായെത്തിയ ഒരുപറ്റം കുട്ടികളില്‍ ഒരാള്‍ മാത്രമാണു വലമാര്‍വാന്‍. സങ്കൽപത്തിലുള്ള തന്‍റെ കൂട്ടുകാരിക്ക് മാര്‍വാന്‍ എഴുതുന്ന പതിനഞ്ചോളം കത്തുകളിലൂടെയാണ് അവളുടെയും പലസ്തീനിന്‍റെയും വേദനകളും ദുരിതങ്ങളും പ്രതീക്ഷകളുമെല്ലാം റഹിം പങ്കുവെക്കുന്നത്. ആ കത്തുകളിലൂടെ നാം കടന്നുപോകുമ്പോള്‍ അവ പലസ്തീന്‍റെ മാത്രമല്ല ലോകത്തിന്‍റെ പല കോണുകളില്‍ പീഡിപ്പിക്കപ്പെടുന്ന എണ്ണമറ്റ കുഞ്ഞുങ്ങളുടേത് കൂടിയാണെന്നു നാം മനസ്സിലാക്കുന്നു.

ഓരോ യുദ്ധവും കലാപവും സംഘര്‍ഷവും നിഷ്‌കളങ്കരായ കുരുന്നുകളുടെ മനസ്സിനെ കീറിമുറിക്കും. എങ്കിലും പലസ്തീനിലെ കുഞ്ഞുങ്ങള്‍ വ്യത്യസ്തരാണ്. അവര്‍ മുതിര്‍ന്നവരേക്കാള്‍ പക്വതയുള്ളവരാണ്. കുഞ്ഞുങ്ങളെ മാത്രം ലക്ഷ്യം വച്ചെത്തുന്ന വെടിയുണ്ടകള്‍ വ്യക്തമാക്കുന്നതും മറ്റൊന്നുമല്ല. ഗസയിലെയും വെസ്റ്റ്ബാങ്കിലെയും ഇരുള്‍നിറഞ്ഞ തെരുവുകളെക്കുറിച്ച് മാര്‍വാന്‍ തന്‍റെ കൂട്ടുകാരിക്ക് എഴുതുകയാണ്. പ്രിയമുള്ളവളേ, എന്റെ വീടിനു മുറ്റമില്ല.

ഇടുങ്ങിയ തെരുവിലാണെന്റെ വീട്. പുറത്തിറങ്ങി നടക്കാന്‍ ഞങ്ങള്‍ക്കു റോഡുകളില്ല. ഞങ്ങളുടെ ചുറ്റും മതിലാണ്. വീടിനകത്തെ മുറികളിലെല്ലാം ഇരുട്ടാണ്. ഞങ്ങള്‍ക്കു വെളിച്ചം തന്നിരുന്ന വിളക്കുകാലുകളെല്ലാം അവര്‍ തകര്‍ത്തു... മുറിയില്‍ മാത്രമല്ല, ചുറ്റിലും തൊടിയിലും തൊടിക്കപ്പുറത്തും ഒക്കെ അടഞ്ഞുപോയ ലൈബ്രറിയും വിദ്യാലയവും മുടങ്ങിപ്പോയ ഒഴിവുനേരവിനോദങ്ങളുമാണ് മാര്‍വാനെയും കൂട്ടുകാരെയുംകൂടുതല്‍ ദുഃഖിപ്പിക്കുന്നത്. ഗസയില്‍ കളിപ്പാട്ടങ്ങള്‍ക്കുപോലും ഉപരോധമേര്‍പ്പെടുത്തിയപ്പോള്‍ നഷ്ടപ്പെട്ടുപോയ തങ്ങളുടെ കുഞ്ഞുസന്തോഷങ്ങളെക്കുറിച്ച് മാര്‍വാന്‍ സങ്കടപ്പെടുന്നു. ആളനക്കമൊഴിയാത്ത പലസ്തീനിലെ ഖബര്‍സ്ഥാനുകളെക്കുറിച്ചും. വലംകൈ നഷ്ടപ്പെട്ട സഹോദരന്റെ ഏകാന്തതയെക്കുറിച്ചും അവള്‍ ഓര്‍ക്കുന്നു.

വിശാലമായ ഖബര്‍സ്ഥാനില്‍ പേര് കൊത്തിവയ്ക്കപ്പെടാതെ ഒരുപാടു മീസാന്‍കല്ലുകളുണ്ട്. അതിനിടയിലാണ് അനിയന്‍റെ കൈ മറവുചെയ്ത ഖബറുള്ളത്. അതു തേടി ഒരുനാള്‍ അവള്‍ ശ്മശാനത്തിലെത്തി. തിരിച്ചെടുക്കാനാവാത്ത ആ നഷ്ടത്തില്‍ വ്യാകുലപ്പെടാന്‍ മാത്രമായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.