മഴക്കൊയ്ത്തും ജലസുരക്ഷയും

പ്രകൃതിയിൽനിന്നും ലഭിക്കുന്ന ഏറ്റവും പരിശുദ്ധമായ ജലസ്രോതസാണ് മഴവെള്ളം. ഭൂമധ്യരേഖാസമീപപ്രദേശങ്ങളിൽ കിടക്കുന്ന കേരളത്തിൽ നല്ലഅളവിൽ മഴ ലഭിക്കുന്നുണ്ട്. കടലിന്റെയും സൂര്യന്‍റെയും പശ്ചിമഘട്ട മലനിരകളുടെയും സ്വാധീനം കേരളത്തിലെ മഴലഭ്യതയിൽ പ്രധാന പങ്കാണ് വഹിക്കുന്നത്. സൂര്യപ്രകാശത്തിന്‍റെ സഹായത്താൽ കടൽവെള്ളം നീരാവിയായി തിരശ്ചീന ദിശയിൽ സഞ്ചരിക്കുമ്പോൾ മലനിരകളിൽ തട്ടി അതേ ദിശയിൽ പോകാനാകാതെ ലംബദിശയിൽ മേൽപ്പോട്ടുയരുന്നു. ഉയരങ്ങളിലേക്കു പോകുമ്പോൾ നീരാവി ചൂട് കുറഞ്ഞ് തണുത്ത് മഴമേഘങ്ങളായി മാറി കേരളത്തിൽ തന്നെ മഴയായി പെയ്യുന്നു. കാലാവസ്ഥാ ശാസ്ത്രജ്ഞനായിരുന്ന കുപ്പന്‍റെ പഠനമനുസരിച്ച് പർവത ജന്യമായ അഥവാ മലനിരകളാൽ തടയപ്പെടുന്ന മഴയാണ് നമുക്ക് ലഭിക്കുന്നത്.

സമ്പന്നമായ മഴ ഉപരിതല ജലസ്രോതസ്സുകളായ നദികൾ, തോടുകൾ, അരുവികൾ,കുളങ്ങൾ, കായലുകൾ, തണ്ണീർതടങ്ങൾ, വയലുകൾ എന്നിവിടങ്ങളിലും ഭൂജല സ്രോതസുകളായ തുറന്ന കിണറുകൾ, കുഴൽ കിണറുകൾ, തുരന്ന കിണറുകൾ, സുരംഗങ്ങൾ തുടങ്ങിയ ഇടങ്ങളിലുമായി വ്യാപിച്ചിരിക്കുന്നു. വിവിധയിനം മൺതരങ്ങൾ, പാറയിടുക്കുകൾ, പാറമടകൾ, ഭൂമിയുടെ ഉപരിതലത്തിനടിവശം തുടങ്ങിയ ഇടങ്ങളിലും മഴവെള്ളം സ്വാഭാവികമായി സംഭരിക്കപ്പെടുന്നുണ്ട്.

കേരളത്തിൽ ഓരോ വർഷവും പെയ്യുന്ന മഴവെള്ളത്തെ കടലിലേക്ക് ഒഴുകുവാനനുവദിക്കാതെ ഉപരിതലത്തിൽ തടഞ്ഞാൽ ഏകദേശം മൂന്നു മീറ്റർഉയരത്തിൽ മഴവെള്ളം കാണുമെന്ന് മഴയുടെ സമ്പന്നതയും വർദ്ധനയും മനസ്സിലാക്കുന്നതിനായി പറയാവുന്നതാണ്. ഈ വാദത്തിന് ശാസ്ത്രീയുടെ പിൻബലമില്ലാത്തതിനാലും മഴയെ ഇത്തരത്തിൽ കൃത്രിമമായി തടയാനാവാത്തതുകൊണ്ടും അതൊരു പെരുമയുടെ കണക്കായി കാണാവുന്നതാണ്.

കടലിലെ വെള്ളം സൂര്യതാപമേറ്റ് നീരാവിയായി മേൽപ്പോട്ട് സഞ്ചരിച്ച് തണുത്ത് മഴയായി വീണ്ടും ഭൂമിയിലെത്തി കാടും മേടും കരയും ജലസ്രോതസ്സുകളും സമ്പന്നമാക്കിയൊഴുകി വീണ്ടും കടലിലേക്കെത്തുകയും തിരികെ പോകുകയും വരികയും ചെയ്യുന്നതിനാൽ ജലത്തെ അവയുടെ സഞ്ചാരപ്രക്രിയയായ ജലചക്രത്തിന്‍റെ ഭാഗമായിവേണം മനസ്സിലാക്കേണ്ടത്. ജലത്തിന്‍റെ സഞ്ചാരം ജീവന്‍റെ നിലനിൽപ്പിന്‍റെയും പ്രകൃതി സന്തുലിതാവസ്ഥയുടെയും പ്രധാന ഘടകങ്ങളാണ്.

ഡോ.സുഭാഷ് ചന്ദ്രബോസ് എഴുതി ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച മഴക്കൊയ്ത്തും ജലസുരക്ഷയും എന്ന പുസ്തകത്തിൽ ഈ വിഷയങ്ങളെക്കുറിച്ചെല്ലാം ഗൗരവമായ ചർച്ചക്ക് വിധേയമാക്കുന്നുണ്ട്. ജലസംഭരണികളെക്കുറിച്ചും അവയുടെ നിർമ്മാണത്തെക്കുറിച്ചും സംരക്ഷണത്തെക്കുറിച്ചും ഇതിൽ വ്യക്തമായി പ്രതിപാദിച്ചിരിക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.