മനക്കരുത്തിന്‍െറ അരുണോദയങ്ങള്‍

റെയില്‍വേ ട്രാക്കില്‍ ചോര വാര്‍ന്ന് കിടന്ന നിസ്സഹായയായ പെണ്‍കുട്ടിയില്‍ നിന്ന് ലോകമറിയുന്ന കരുത്തുറ്റ വനിതയെന്ന ബഹുമതിയിലേക്ക് നടന്നു കയറിയ അരുണിമ സിന്‍ഹയുടെ ജീവിതകഥ പറയുന്ന പുസ്തകമാണ് ‘ബോണ്‍ എഗെയ്ന്‍ ഓണ്‍ ദ മൗണ്‍ടെയ്ന്‍’. മാധ്യമപ്രവര്‍ത്തകന്‍ മനീഷ് ചന്ദ്ര പാണ്ഡെയുമായി ചേര്‍ന്നാണ് അരുണിമ ഈ പുസ്തകം പൂര്‍ത്തീകരിച്ചത്. പെന്‍ഗ്വിന്‍ ഇന്ത്യയാണ് പ്രസാധകര്‍. കഴിഞ്ഞ ഡിസംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുസ്തകം വായനാലോകത്തിനു സമര്‍പ്പിച്ചത്.മനക്കരുത്ത് കൊണ്ട് ജീവിതം തിരിച്ചുപിടിച്ച   പെണ്‍കുട്ടിയുടെ ജീവിതം പറയുന്ന പുസ്തകം ലോകത്തിന്‍െറ ശ്രദ്ധ നേടിയിരിക്കുന്നു.


2011 ഏപ്രില്‍ 11 ന്  ഉത്തര്‍പ്രദേശില്‍ നിന്നുള്ള ദേശീയ വോളിബാള്‍ താരമായിരുന്ന അരുണിമയെ  ആഭരണക്കവര്‍ച്ചക്കാരായ അക്രമികള്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞതാണ് അവളൂടെ ജീവിതത്തെ തകര്‍ത്ത് കളഞ്ഞത് . അടുത്ത പാളത്തിലൂടെ അതിവേഗം വന്ന ട്രെയിനിനടിയില്‍ പെട്ട് അരുണിമക്ക് ഒരു കാല്‍ നഷ്ടമായി. സ്വപ്നങ്ങള്‍ ഉടഞ്ഞ, ജീവിതം തന്നെ വലിയ ചോദ്യചിഹ്നമായി മാറിയ ഘട്ടത്തില്‍ നിശ്ചയദാര്‍ഡ്യം കൈമുതലാക്കി അവള്‍ നടന്നു. യാത്ര അവസാനിച്ചത് എവറസ്റ്റ് കൊടുമുടിയിലായിരുന്നു.  അംഗഛേദം സംഭവിച്ചവരില്‍ എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത എന്ന ലോകറെക്കോര്‍ഡ് ഈ 26കാരി  അങ്ങനെ സ്വന്തം പേരില്‍ ചേര്‍ത്തു.
തനിക്ക് നേരെ അക്രമമുണ്ടായ ആ രാത്രി തന്‍െറ ജീവിതം എങ്ങനെയാണ് വഴിമാറി ഒഴുകാന്‍ തുടങ്ങിയതെന്ന ഹൃദയസ്പര്‍ശിയായ വിവരണത്തോടെയാണ്് അരുണിമ പുസ്തകം തുടങ്ങുന്നത്. സി.ഐ.എസ്.എഫില്‍ ജോലി  തേടി ദല്‍ഹിയിലേക്കുള്ള യാത്രയിലായിരുന്നു അവള്‍. പത്മാവത് എക്സ്പ്രസ് ട്രെയിനിന്‍െറ ജനറല്‍ കമ്പാര്‍ട്മെന്‍റില്‍ തിക്കിത്തിരക്കിയുള്ള യാത്രക്കിടെ ഒരു സംഘം അക്രമികള്‍ അവളുടെ മാല കവരാന്‍ ശ്രമിച്ചു. ഒരു കായികതാരത്തിന്‍െറ സകല ഊര്‍ജവും സംഭരിച്ച് അവള്‍ ഒറ്റക്ക് എതിരിട്ടു. തിങ്ങിനിറഞ്ഞ ട്രെയിനിലെ ഒരു സഹയാത്രികനും അവളുടെ തുണക്കത്തെിയില്ല. എന്താണു സംഭവിക്കുന്നതെന്നു പോലും ആരും തിരക്കിയില്ല. ഏറ്റുമുട്ടലിനൊടുവില്‍ അക്രമികള്‍ അവളെ ഓടുന്ന ട്രെയിനിനു പുറത്തേക്കെറിഞ്ഞു. തൊട്ടടുത്ത ട്രാക്കിലൂടെ വന്ന ട്രെയിന്‍ ഇടതു കാല്‍ ചതച്ചെടുത്തു. തണുത്തു മരവിച്ച രാത്രിയുടെ വന്യതയില്‍ ആ കരച്ചില്‍ അലിഞ്ഞുപോയി. രക്തത്തില്‍ കുതിര്‍ന്ന് അവള്‍ കിടന്നു. ഇടവേളകളില്‍ എങ്ങുനിന്നോ എലിക്കൂട്ടങ്ങളത്തെി അവളുടെ കാലില്‍ കരണ്ടു തുടങ്ങി. ഒന്നും ചെയ്യാനാവാതെ ആ രാത്രി മുഴുവന്‍ എല്ലാം സഹിച്ച് അവള്‍ അവിടെ കിടന്നു.

അടുത്ത പ്രഭാതം പുലരുമ്പോള്‍ രക്തം വാര്‍ന്ന്, കാഴ്ച മങ്ങിയ നിലയിലായിരുന്നു അരുണിമ. പിന്‍റു കശ്യാപ് എന്ന ഗ്രാമീണ യുവാവാണ് അവളെ ആദ്യം കാണുന്നത്. നാട്ടുകാരെ വിളിച്ചുകൊണ്ടു വന്ന അയാള്‍ അവളെ ചനേറ്റി റെയില്‍വേ സ്റ്റേഷനിലത്തെിച്ചു.
പരാധീനതകള്‍ നിറഞ്ഞ ബറേലി ജില്ലാ ആശുപത്രിയിലാണ് അരുണിമയെ പ്രവേശിപ്പിച്ചത്. ആശുപത്രി സ്റ്റാഫ് അവളെ കണ്ടു പകച്ചു. നല്‍കാന്‍ രക്തമില്ല, അനസ്തേഷ്യ നല്‍കാന്‍ സംവിധാനമില്ല. അടിയന്തര ഓപറേഷന്‍ ആവശ്യമായിരുന്നു. അനസ്തേഷ്യയില്ലാതെ ഇടതുകാല്‍ മുട്ടിനു താഴെയായി പച്ചക്കു മുറിച്ചു കളയാന്‍ അവള്‍ ആവശ്യപ്പെട്ടു. വേദന തിന്നു കഴിഞ്ഞ തലേരാത്രിയുടെ അനുഭവമായിരുന്നു അങ്ങനെ പറയാന്‍ അവളെ പ്രേരിപ്പിച്ചത്. ഈ മനക്കരുത്ത് കണ്ട് ആശുപത്രി സ്റ്റാഫ് അവള്‍ക്ക് രക്തം ദാനം ചെയ്തു. ഡോക്ടര്‍മാര്‍ അവളുടെ കാല്‍ മുറിച്ചെടുത്തു... നാടകീയവും അവിശ്വസനീയവുമായ രംഗങ്ങള്‍ അരുണിമ വിവരിക്കുമ്പോള്‍ ശ്വാസമടക്കി പിടിച്ചുള്ള വായനയാവുന്നു അത്.
.............................
ദുരിതങ്ങള്‍ മുമ്പും വേട്ടയാടിയ ജീവിതമാണ് അരുണിമ സിന്‍ഹയുടേത്. ആദ്യം പട്ടാള ഉദ്യോഗസ്ഥനായ അച്ഛന്‍ ഹരേന്ദ്രകുമാര്‍ സിന്‍ഹയുടെ ദുരൂഹ മരണവും തുടര്‍ന്നു വന്ന കള്ളക്കേസും കുടുംബത്തെ തളര്‍ത്തി. അമ്മയും സഹോദരങ്ങളും ജയിലിലായപ്പോള്‍ വീട്ടില്‍ കുട്ടികളായ അരുണിമയും സഹോദരന്‍ രാഹുലും തനിച്ചായിരുന്നു. പിന്നെ ജ്യേഷ്ഠന്‍ രവിയെ ബിസിനസ് പങ്കാളികള്‍ ചേര്‍ന്ന് കൊലപ്പെടുത്തി. തിരിച്ചടികള്‍ ഓരോന്നായി വന്നു പതിക്കുമ്പോഴും അമ്മ ഗ്യാന്‍ ബാല സിന്‍ഹ കാണിച്ച മനക്കരുത്ത് നിസ്തുലമായിരുന്നെന്ന് അരുണിമ ഓര്‍ക്കുന്നു. പ്രതിസന്ധികള്‍ക്കിടയിലും അരുണിമ കഠിനാധ്വാനം തുടര്‍ന്നു. സ്കൂള്‍ തലത്തില്‍ ഫുട്ബാള്‍ താരമായും പിന്നീട് വോളിബാളില്‍ ദേശീയതാരമായും അവള്‍ തിളങ്ങി. ഹോക്കിയിലും ഒരു കൈ നോക്കി. വിവിധ കായിക ഇനങ്ങളിലെ മികവു കണ്ട് നാട്ടുകാര്‍ അവള്‍ക്കൊരു ചെല്ലപ്പേരും നല്‍കി- ഓള്‍ റൗണ്ടര്‍.
..................................
മാധ്യമങ്ങളുടെ ഇടപെടല്‍ കാര്യങ്ങളെ എത്രമാത്രം സ്വാധീനിക്കുന്നെന്ന അനുഭവമാണ് തുടര്‍ചികില്‍സയെ കുറിച്ച് പറയുമ്പോള്‍ അരുണിമ എഴുതുന്നത്. ഹിന്ദി പത്രം ഹിന്ദുസ്ഥാനിലൂടെയാണ് അവളുടെ ദുരന്തം പുറംലോകമറിഞ്ഞത്. പിന്നെ, ദേശീയ മാധ്യമങ്ങള്‍ ഏറ്റുപിടിച്ചു. ആശുപത്രിക്കു മുന്നില്‍ ഒബി വാനുകള്‍ തമ്പടിച്ചു. അരുണിമയുടെ ദുരന്തം ദേശീയ ശ്രദ്ധനേടി. പിന്നെ സന്ദര്‍ശകരുടെ ഒഴുക്കായിരുന്നു. അഖിലേഷ് യാദവ് മുന്‍കൈയെടുത്ത് ലക്നോയിലെ കിങ് ജോര്‍ജ് മെഡിക്കല്‍ യൂനിവേഴ്സിറ്റിയിലേക്ക് തുടര്‍ചികില്‍സക്ക് മാറ്റി. അന്നത്തെ കേന്ദ്ര കായിക മന്ത്രി അജയ് മാക്കന്‍ വിഗദ്ധ ചികില്‍സക്കായി ദല്‍ഹിയിലെ ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സിലേക്ക് കൊണ്ടുപോയി. ആശുപത്രി വാസത്തിനിടെ നിരവധി ആരോപണങ്ങളും അവള്‍ നേരിട്ടു. അരുണിമ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു, ടിക്കറ്റില്ലാതെയായിരുന്നു യാത്ര തുടങ്ങി നിരവധി ആരോപണങ്ങള്‍ ഒരുഭാഗത്ത്. തന്‍െറ ഭാവിയെ കുറിച്ച കുടുംബത്തിന്‍െറ ആശങ്കയും വികലാംഗയായി എങ്ങനെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന ചോദ്യങ്ങള്‍ മറുഭാഗത്തും. ഇതിനെല്ലാമുള്ള മറുപടി ആയാണ് അരുണിമ എവറസ്റ്റ് ദൗത്യം ഏറ്റെടുത്തത്.
ഇടതുകാലില്‍ പൊയ്ക്കാലും വലതു കാലില്‍ കമ്പിയുമായാണ് അരുണിമ എയിംസില്‍ നിന്ന് ഡിസ്ചാര്‍ജ് ആവുന്നത്. ഈ അവസ്ഥയില്‍ എവറസ്റ്റ് ദൗത്യം ആരും വിശ്വസിക്കുമായിരുന്നില്ല. എന്നാല്‍, സഹോദരനും സഹോദരി ഭര്‍ത്താവും മാത്രമാണ് അനുകൂലിച്ചത്. എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യക്കാരി ബചേന്ദ്രപാലിനെ കാണാനാണ് അരുണിമ എയിംസിലെ ചികില്‍സക്കു ശേഷം പോയത്. ജാംഷഡ്പൂരിലെ ആദ്യ കാഴ്ചയില്‍ തന്നെ അവര്‍ പരിശീലനം നല്‍കാന്‍ സമ്മതിച്ചു. ‘അരുണിമാ, നീ മനസാ എവറസ്റ്റ് കീഴടക്കി കഴിഞ്ഞു. ഇനി ലോകത്തിനു മുന്നില്‍ അതു തെളിയിച്ചു കാണിക്കണമെന്നേയുള്ളൂ’ അവരുടെ വാക്കുകള്‍ നല്‍കിയ ഊര്‍ജം വാക്കുകള്‍ക്കതീതമായിരുന്നു.
...........................

എവറസ്റ്റ് കൊടുമുടിയില്‍ കാലു കുത്തുന്നതുവരെയുള്ള ഘട്ടങ്ങള്‍ വിശദമായി ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്. ദൗത്യത്തിനിടെ മഞ്ഞില്‍ ജീവന്‍ ഹോമിക്കപ്പെട്ടവര്‍, മൃതദേഹങ്ങള്‍ വകഞ്ഞുമാറ്റി മുന്നേറേണ്ടിവന്നതിലെ നടുക്കുന്ന ഓര്‍മകള്‍, പലപ്പോഴും അനുസരണക്കേടു കാണിച്ച പൊയ്ക്കാലുമായി എവറസ്റ്റിനോട് പൊരുതിയ സാഹസികത... നിശ്ചയദാര്‍ഡ്യവും ദൈവ സഹായത്തിലുള്ള ഒളിമങ്ങാത്ത പ്രതീക്ഷയുമായിരുന്നു പ്രതിസന്ധികള്‍ തരണം ചെയ്യാനുള്ള ഇന്ധനം.  2013 മെയ് 21 പകല്‍ 10.55നാണ് അരുണിമ സിന്‍ഹ എവറസ്റ്റിന്‍െറ ഉച്ചിയില്‍ കാലു കുത്തിയത്.  രോഗങ്ങള്‍ കൊണ്ടും അപകടത്തില്‍പെട്ടും ജീവിതയാത്രയില്‍ പതറിപ്പോകുന്നവര്‍ക്ക് പ്രതീക്ഷ നല്‍കുന്ന പുസ്തകമാണിത്. മനക്കരുത്ത് കൊണ്ട് നേടാന്‍ കഴിയാത്ത ഒന്നുമില്ളെന്നാണ് തന്‍െറ കഥയിലൂടെ അരുണിമ സിന്‍ഹ പറഞ്ഞുവെക്കുന്നത്. ‘നിങ്ങളെ തോല്‍പിക്കാന്‍ ആര്‍ക്കുമാവില്ല, നിങ്ങള്‍ സ്വയം തോറ്റുകൊടുക്കുന്നതു വരെ’ എന്ന് പുസ്തകത്തിലൊരിടത്ത് അവള്‍ പറയുന്നുണ്ട്. സംഭവബഹുലമായ ജീവിതകഥ പറയുന്ന ഈ പുസ്തകം എഴുതി നിര്‍ത്തുന്നത് പരീക്ഷണ വഴികളില്‍ താങ്ങായി നിന്നവരെ നന്ദി പൂര്‍വം സ്മരിച്ചു കൊണ്ടാണ്. അവരില്‍ റെയില്‍വേ ട്രാക്കില്‍ ആദ്യം കണ്ട പിന്‍റു കശ്യാപ് മുതല്‍ കാന്‍സറിനോട് പൊരുതി ജയിച്ച ക്രിക്കറ്റ് താരം യുവരാജ് സിങ് വരെയുണ്ട്.


 

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.