വാക്കിന്‍റെ ആത്മാവ് തേടി ഒരാള്‍....

‘വാക്കുകള്‍ക്ക് അദൃശ്യമായ ഒരാത്മാവുണ്ട് അതിനെ നാം മൗനമെന്ന് വിളിക്കുന്നു ’ -സുധാ രാജ്കുമാറിന്‍റെ ആദ്യ കവിതാ സമാഹരമായ ‘മിന്നാ മിനുങ്ങുകളുടെ പ്രകാശ’ത്തിലെ അവസാന കവിതയാണിത്, ഈ കവിത അവസാനമായി വന്നത് യാദൃശ്ചികമാവാം അല്ലാതെയിരിക്കാം രണ്ടായിരുന്നാലും വായനക്കാരില്‍ ഉണ്ടാക്കുന്ന അനുഭവം ഒന്നായിരിക്കും. സുധാ രാജ്കുമാറിന്‍റെ കവിതകളുടെ അദൃശ്യമായ ആത്മാവ് അവരില്‍ പലതും മന്ത്രിക്കുന്നു മൗനമായി  അത്രത്തോളം ആഴത്തില്‍ ഒരോ കവിതയിലൂടെയും വായനക്കാരില്‍ ചിന്തയുടെ പുതിയ വാതായനങ്ങള്‍  തുറന്നിടുവാന്‍ സുധക്ക് കഴിഞ്ഞിരിക്കുന്നു.
കവിതയുടെ താളുകളെ വായനക്കാരില്‍ അവസാനിക്കുന്നുള്ളു, കവയത്രി കൊളുത്തിവെച്ച ചിന്താശകലങ്ങള്‍ പ്രകാശിച്ചു കൊണ്ടേ ഇരിക്കും. ഇരുള്‍മൂടിയ ജീവിതം നയിക്കുന്നവര്‍ക്ക് അത് ആശ്വാസത്തിന്‍റെ തെളിദീപമായി വഴി കാട്ടുന്നു. അത്യപൂര്‍വ്വ സവിശേഷതകള്‍ ഉള്ള മലയാളക്കരയിലെ ആദ്യ ‘മിസ്റ്റിക്’ കവയത്രിയായി സുധാ രാജ്കുമാറിനെ വിശേഷിപ്പിക്കുവാന്‍ ആദ്യ കൃതി തന്നെ ധാരാളം. പത്തനംതിട്ട ജില്ലയിലെ ഇലന്തൂര്‍ ഗ്രാമത്തില്‍ ജനിച്ച് ഇപ്പോള്‍ ചെമ്പഴന്തി ശ്രീ നാരായണ കോളേജില്‍ അസോസിയേറ്റ് പാഫസറായി ജോലി ചെയ്യന്ന സുധാ രാജ്കുമാറിനെ മലയാള സാഹിത്യ മേഖലയില്‍ അത്രയൊന്നും ആര്‍ക്കും സുപരിചിതാവില്ല. മറ്റൊന്നും കൊണ്ടല്ല, സുധയുടെ ആദ്യ പുസ്തകം തന്നെ  ഇറങ്ങിയത് ഇംഗ്ളീഷിലായിരുന്നു. പ്രശസ്ത സൂഫി സാഹിത്യകാരന്‍ സിദ്ധീഖ് മുഹമ്മദിന്‍റെ ‘സൂഫി വനിതകള്‍’ എന്ന പുസ്തകത്തിന്‍്റെ ആമുഖത്തിനു പര്യാവസാനം കുറിക്കുന്നത് സുധാ രാജ്കുമാറിന്‍റെ ഇംഗ്ളീഷ് കവിത മലയാളത്തിലേക്ക് മൊഴി മാറ്റി കൊണ്ടായിരുന്നു ഇത്ര മാത്രമായിരുന്നു ഈ മിസ്റ്റിക് കവയത്രിയെ കുറിച്ച് മലയാള വായനക്കാരില്‍ ഉള്ള അറിവ്, ഇപ്പോഴിതാ സിദ്ധീഖ് മുഹമ്മദിന്‍റെ പരിഭാഷയിലൂടെ തന്നെ  സുധാ രാജ്കുമാറിന്‍റെ ‘മിന്നാ മിന്നുകളുടെ പ്രകാശം’ ( ഇന്‍ ദ ലൈറ്റ് ഓഫ് ഫയര്‍ഫൈ്ളസ്) ദൈവത്തിന്‍റെ സ്വന്തം നാട്ടിലും പരക്കുന്നു.

‘അതീവ സാധരണമായി ജീവിക്കുക എന്നതാണു ഏറ്റവും വലിയ അസാധാരണത്വം’ എന്ന മഹദ് വചനത്തെ കാവ്യാത്മകമായി അന്വര്‍ത്ഥമാക്കുന്നു സുധയുടെ ഒരോ കവിതയും അതീവ സാധാരണമായി എഴുതുന്നുവെന്നത് തന്നെയാണു സുധാ രാജ്കുമാറിന്‍റെ ഏറ്റവും വലിയ അസാധാരണത്വവും.

‘‘സ്നേഹിക്കപ്പെടുക എന്നത് എളുപ്പമായ ഒരു കളിയാണു
അത് നിങ്ങളുടെ അഹന്തയെ പെരുപ്പിക്കുന്നു
സ്നേഹിക്കല്‍ സമര്‍പ്പണമാണ്
അത് നിങ്ങളുടെ അഹന്തയെ പൊടിച്ചു കളയുന്നു’’

സ്രഷ്ടാവ് സൃഷ്ടികളില്‍ ചൊരിയുന്ന കരുണയുടെയും സ്നേഹത്തിന്‍റെയും കരുതലിന്‍റെയും ആഴമറിയുവാനും ആ സ്നേഹത്തെ വിസ്മരിച്ച് സമര്‍പ്പണ മനോഭാവം കൈവിടുന്ന അഹന്തയുടെ അപ നിര്‍മ്മിതിയായ ‘ഞാന്‍’ എന്ന ഭാവത്തെ തുറന്ന് കാണിക്കുവാനും സുധയുടെ അതീവ സാധാരണ കവിതക്ക് അസാധാരണമായി കഴിയുന്നു. ദൈവം സദാ നിങ്ങളെ സ്നേഹിച്ചു കൊണ്ടിരിക്കുന്നു എല്ലാ അര്‍ത്ഥത്തിലും എല്ലാ രൂപത്തിലും ഭാവത്തിലും. അനുഗ്രഹങ്ങളെ തന്‍റെ ഗുണമായി കണ്ട് അഹന്തയുടെ ആള്‍ രൂപമാവുന്നവരുടെ മിഥ്യാ ധാരണ കവയത്രി പൊടിച്ചു കളയുന്നുവെന്നതാണു  ഈ കവിതയിലൂടെ യാഥാര്‍ത്ഥ്യമാവുന്നത്. സ്നേഹിക്കല്‍ എന്ന സമര്‍പ്പണത്തിലൂടെ മാത്രമെ അഹന്തയെ സംഹരിക്കുവാനാവൂ എന്ന ലളിതമായ സന്ദേശം. ഏകമായ അസ്ഥിത്വത്തിന്‍റെ വെളിപാടുകളായ സൃഷ്ടികളിലൂടെ പരസ്പര സ്നേഹം സമര്‍പ്പണമായി മാറട്ടെയെന്ന ദിവ്യ സന്ദേശം. കവിത എന്നതിനപ്പുറം തത്വ ചിന്തയുടെയും നിഗൂഢാവബോധത്തിന്‍റെയും ചിന്താ ധാരയിലേക്കാണു സുധാ രാജ്  കുമാര്‍ വായനക്കാരെ കൈ പിടിച്ച് കൊണ്ടു പോവുന്നതെന്ന് അനുഭവേദ്യമാകുവാന്‍ ഇതില്‍പരം എന്ത് വേണം? ഇതുകൊണ്ട് തന്നെയാവാം  ഈ പുസ്തകത്തിന്‍റെ  അവതാരിക  എഴുതിയ  ഒ.എന്‍.  വി ഓരോരുത്തരുടെയും  അനുഭവ തലങ്ങള്‍വെച്ച് ഓരോരുത്തര്‍ക്കും പല തരത്തില്‍ ഇതിലെ കവിതകള്‍ വായിച്ചെടുക്കാമെന്നും പ്രചോദിത നിമിഷങ്ങളിലാണു സിദ്ധീഖ്  മുഹമ്മദ് ഇവ മൊഴി  മാറ്റം ചെയ്തതെന്നും  വിശേഷിപ്പിച്ചത്.


സൂഫി-മിസ്റ്റിക് ലോകത്തെ അതുല്യ രത്നങ്ങളായ ജലാലുദ്ധീന്‍ റൂമി,ഖലീല്‍ ജിബ്രാന്‍ , അല്ലാമ ഇഖ്ബാല്‍ തുടങ്ങിയവരെ അനുസ്മരിപ്പിക്കുന്ന ഇതിലെ പല കവിതകളും ‘മസ്നവി’യിലെയും പ്രവാചകനിലെയും സൂഫി- മിസ്റ്റിക് ചിന്തകളുടെ രൂപ ബോധങ്ങളായി അനുഭവപ്പെടും. ‘മനുഷ്യന്‍ സ്വതന്ത്രനായി ജനിക്കുന്നു പക്ഷെ സ്വാതന്ത്ര്യമെന്ന പക്ഷി അവനുള്ളില്‍ ബന്ധിതനായിരിക്കുന്നു'- സ്വാതന്ത്ര്യം എന്ന തലക്കെട്ടില്‍ തുടങ്ങുന്ന ഈ കവിത റൂമിയുടെ ‘മസ്നവിയിലെ’  കൂട്ടിലടച്ച തത്തയുടെ കഥയെ അനുസ്മരിപ്പിക്കുന്നു. എന്നാല്‍ തികച്ചും വ്യത്യസ്തമായ രീതിയും പുലര്‍ത്തുന്നതായി കാണാം. ‘വലിയ ഞാന്‍’ എന്ന കവിതയിലൂടെ അല്ലാമ ഇഖ്ബാലിന്‍റെ ‘നക്ഷത്രങ്ങള്‍ക്ക് അപ്പുറത്തെ ലോകത്തത്തെുവാന്‍ ’ ധൈര്യം കൈ വരിച്ച ധീര യോദ്ധാവിനെ ഓര്‍മ്മിപ്പിക്കുന്നു.


‘‘എന്നിലുണരുന്ന വിചാര വികാരങ്ങള്‍ എന്നെ വിഴുങ്ങാന്‍ ശ്രമിക്കുന്നു എന്നാല്‍ അവയ്ക്ക് ഒരിക്കലും അതിനു കഴിയിലെന്ന് ഞാന്‍ ആണയിടുന്നു എന്തെന്നൊ ഞാന്‍ അവയെക്കാളെല്ലാം വലുതാണു’’-ഇങ്ങനെ സുധ മൊഴിയുമ്പോള്‍ ദിവ്യാനുരാഗത്തിനു വേണ്ടത് ധീരതയാണെന്ന്  രചിച്ച അല്ലാമ ഇഖ്ബാലിന്‍റെ ചിന്താ തലത്തിലേക്ക് കവയത്രി ഉയരുന്നു. മറ്റൊരു കോണിലൂടെ നോക്കുമ്പോള്‍  നിന്‍റെ സ്വാതന്ത്ര്യത്തെ നീ ആസക്തികളില്‍ നിന്നും മോചിപ്പിക്കുക, ഇല്ലായെങ്കില്‍ അത് ജീവിതം ഒട്ടുക്കും  അതിന്‍റെ ആഗ്രഹ സാഫല്യത്തിനായി നിന്നെ തളച്ചിടുമെന്നും ഉള്ള വരികള്‍  ‘ഹല്ലാജ്’ തൂക്കിലേറും മുമ്പ് തന്‍റെ ശിഷ്യനു നല്‍കിയ ഉപദേശത്തോട് സാമ്യത പുലര്‍ത്തുന്നു. കവിയില്‍ വല്ലപ്പോഴുമുണ്ടാവുന്ന മിന്നലാട്ടങ്ങളല്ല സുധയുടെ കവിതകള്‍. ആത്മാവിന്‍റെ അന്തരാളങ്ങളില്‍ നിന്നും ഒഴുകുന്ന ദിവ്യ പ്രണയത്തിന്‍റെ വെളിപാടുകാളാണെന്ന് സാക്ഷ്യപ്പെടുത്താന്‍ ഈ സമാനതകള്‍ വഴിയൊരുക്കുന്നു.


ഉര്‍ദു അറബി ഭാഷകളുടെ സവിശേഷമായ ഭാഷാ ലാളിത്യവും ഇതിലെ ഒരോ കവിതയിലും പ്രകടമായി കാണാം. ഭാഷക്കും ദേശത്തിനും അതീതമാണു തന്‍്റെ ചിന്തകളെന്നും സുധ വായനക്കാരെ വീണ്ടും വീണ്ടും ഉണര്‍ത്തി കൊണ്ടിരിക്കും. ഒട്ടും പ്രകാശം നഷ്ടപ്പെടാതെയാണു സുധയുടെ മിന്നാ മിന്നുകളുടെ പ്രാകാശത്തെ സിദ്ധീഖ് മുഹമ്മദ് മലയാളക്കരയില്‍ എത്തിച്ചതെന്നതും ശ്രദ്ധേയമാണ്. എല്ലാ അര്‍ത്ഥത്തിലും നീതി പുലര്‍ത്തുന്ന പരിഭാഷയാണു സിദ്ധീഖ് മുഹമ്മദ് നിര്‍വ്വഹിച്ചിരിക്കുന്നത്.


വേദന നിറഞ്ഞ തീവ്ര ജീവിതാനുഭവങ്ങളുടെ ചിപ്പിയില്‍നിന്നും പൊഴിയുന്ന മണി മുത്തുകളാണു സുധയുടെ കവിതകളെന്ന് ഒരോ വരികള്‍ക്കിടയിലെയും അദൃശ്യമായ വാക്കുകള്‍ വായനക്കാരോട് വിളിച്ചോതും. ഏതു വരണ്ട ഹൃദയത്തിലും ദിവ്യാനുരാഗത്തിന്‍്റെയും സഹിഷ്ണുതയുടെയും സഹാനുഭൂതിയുടെയും വിത്തുകള്‍ പാകി നട്ടു വളര്‍ത്തുവാന്‍ ഈ അമൂല്യ ഗ്രന്ഥത്തിനു കഴിയും. ഏതൊരു സാഹിത്യ ആ്വാദകനും അതിലുപരി സഹൃദയനും വായിച്ചിരിക്കേണ്ട കൃതി !

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.