അണിയറയില്‍ നിന്ന് ഒരു നാടകജീവിതം

ഇബ്രാഹിം വെങ്ങര എന്ന നാടകകൃത്തിന്‍െറ ആത്മകഥ ‘ഗ്രീന്‍ റൂം’ ഒരു നാടിന്‍െറ പോയ കാലത്തെയൂം ജീവിത രീതികളെയും രേഖപ്പെടുത്തുന്നു

ഇബ്രാഹിം വെങ്ങര എന്ന നാടകകൃത്തിന്‍െറ നാടകങ്ങള്‍ ഒന്നും കാണാത്ത ആളാണ് ഈ ലേഖകന്‍. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്‍െറ ആത്മകഥ യാദൃശ്ചികമായി കണ്ണില്‍പെട്ടപ്പോള്‍ അത് വായിക്കണമെന്ന് തോന്നിയില്ല. എന്നാല്‍ ആത്മകഥയുടെ പേര് ‘ഗ്രീന്‍ റൂം’  ആകര്‍ഷിച്ചതുകൊണ്ട് വെറുതെ മറിച്ചുനോക്കി.  ‘എ.കെ.ജി’ എന്നു കണ്ടപ്പോള്‍ ആ ഭാഗം ആകാംക്ഷയോടെ വായിച്ചു. അടിമുടി നാടകീയമായ ആ ഭാഗം വായിച്ചപ്പോള്‍ തുടര്‍ന്നു വായിക്കണമെന്നു തോന്നി. അപ്പോള്‍ തന്നെ വായിച്ച് തുടങ്ങി 478 പേജുകളുള്ള കൃതി. അതിശയോക്തി ഒട്ടുമില്ലാതെ പറയട്ടെ, ആത്മകഥയായി തോന്നിയില്ല മറിച്ച് ഒരു നോവലിന്‍െറ രൂപഘടനയായിരുന്നു തുടക്കം മുതലെ. പത്രത്താളുകളില്‍ കേട്ടറിഞ്ഞിട്ടുള്ള ഒരു കലാകാരന്‍െറ ജീവിതം, അതും എഴുപത് കഴിഞ്ഞ ആളിന്‍െറ പതിറ്റാണ്ടുകള്‍ മുമ്പുള്ള കാലം അതീവ ഹൃദ്യമായി തെളിഞ്ഞ് തുടങ്ങുന്നു. 10 വര്‍ഷം മുമ്പുള്ള കേരളം പോലും നമുക്ക് ഏറെ ഗൃഹാതുരത്വവും ഇങ്ങനെയായിരുന്നോ നമ്മുടെ നാട് എന്ന് ചിന്തിക്കാന്‍ തോന്നിക്കുന്ന തരത്തിലുള്ള മാറ്റങ്ങളുമാണ് നമുക്ക് നല്‍കി കൊണ്ടിരിക്കുന്നത്. അത്തരത്തില്‍ മാറികൊണ്ടിരിക്കുന്ന ഒരു നാടിന്‍െറ പോയ കാലത്തെയൂം ജീവിത രീതികളെയും ഇബ്രാഹീം വെങ്ങര പറഞ്ഞുപോകുമ്പോള്‍ തീര്‍ച്ചയായും നാടകം കണ്ടിരിക്കുന്ന പോലെ നാം സ്തബ്ധരായി¤േപാകും.

കണ്ണുര്‍ ജില്ലയിലെ ഏഴിമലയുടെ കിഴക്ക് വശത്തുള്ള വെങ്ങരഗ്രാമത്തിലായിരുന്നു അദ്ദേഹത്തിന്‍െറ ജനനം. ഉപ്പ ബ്രീട്ടീഷ് ഗവണ്‍മെന്‍റിന്‍െറ കീഴില്‍ പോലീസുകാരനും നാട്ടിലെ എല്ലാവര്‍ക്കും ഇഷ്ടമുള്ളയാളും. അദ്ദേഹവും സുഹൃത്തുക്കളും ചേര്‍ന്ന് വീട്ടിന്‍െറ ഉമ്മറത്ത ് നടത്തുന്ന ‘മക്കാനി’ പാട്ട് കേട്ടാണ് കഥാനായകന്‍െറ വളര്‍ച്ച. നാട്ടില്‍ ധാരാളം ഭൂസ്വത്തുള്ള ഉപ്പ പൊടുന്നനെ മരിക്കുമ്പോള്‍ ആ വീടിന്‍െറ അകത്തളത്ത് നിന്നും ഉമ്മയുടെ നെഞ്ച് തകര്‍ന്നുള്ള വിലാപമല്ല ഇബ്രാഹിമിന്‍െറ മനസില്‍ ഇപ്പോഴുമുള്ളത്. ഉപ്പയുടെ ഗായക സംഘത്തിലെ അംഗമായ സൂലൈമാനിക്ക പൊട്ടി കരഞ്ഞുകൊണ്ട് പറഞ്ഞ വാക്കുകളായിരുന്നു. 'ചിറക് മുളക്കാത്ത ഏഴെണ്ണത്തിനെ യത്തീമാക്കിയിട്ടാണല്ളോ നീ പോയത്’
ഉപ്പയുടെ വിയോഗത്തെ തുടര്‍ന്ന്  ഉമ്മ മറ്റൊരു വിവാഹം വേണ്ടെന്ന് വക്കുന്നു. തന്‍െറ അരുമ മക്കളുടെ വയര്‍ നിറക്കാനായി പാടത്തും പറമ്പത്തും വിയര്‍ത്തൊലിക്കുന്നു. ഉപ്പ കണ്ണെത്താത്ത ഭൂമി പാട്ടത്തിന് നല്‍കിയിട്ടുണ്ടെങ്കിലും അതിനെ കുറിച്ചൊന്നും അവര്‍ക്ക് യാതൊരു അറിവുമില്ല.

തികച്ചും അരക്ഷിതമായ അന്തരീക്ഷത്തിലാണ് തീരെ കുട്ടിയായ ഇബ്രാഹിമിന്‍െറ മനസില്‍ നാടകഭ്രമം ഉദിക്കുന്നത്. നാടകം കാണാന്‍ സുഹൃത്തുമായി ദൂരസ്ഥലത്ത് പോയി മടങ്ങിവരുന്ന കുട്ടിയെ കാരണവര്‍ പാതിരാത്രി ക്രൂരമായി മര്‍ദിക്കുന്നു. മര്‍ദനമേറ്റ കുട്ടി തന്‍െറ വീട്ടുകാരെയും നാടിനെയും ഉപേക്ഷിച്ച് ആ രാത്രി  പലായാനം ആരംഭിക്കുകയാണ്. പത്ത് വയസിന് താഴെ മാത്രം ഉണ്ടായിരുന്ന ഇബ്രാഹീം കോയമ്പത്തൂരില്‍ എത്തുന്നു. അവിടെ അവനെ എതിരേല്‍ക്കുന്നത് അപരിചതനായ ഒരു മാന്യനാണ്. അയാളുടെ മകന്‍ ഈ പ്രായത്തില്‍ മരിച്ചുപോയിരുന്നുവത്രെ. എന്നാല്‍ അവരുടെ ആതിഥ്യം സ്വീകരിച്ച് സുഖിച്ച് കഴിയാന്‍ കുട്ടി തയാറായിരുന്നില്ല. അവരോട് തനിക്ക് ഒരു ജോലി വാങ്ങിത്തരണമെന്ന് നിര്‍ബന്ധം പിടിക്കുന്നു. അങ്ങനെ നെയ്ത്ത് വസ്ത്രങ്ങള്‍ ജയിലില്‍ നിന്ന് വില്‍പ്പന നടത്തുന്ന ഒരു ബ്രാഹ്മണന്‍െറ സഹായിയാകുന്നു. അവിടെ മൂന്ന് വര്‍ഷം ജോലി ചെയ്യകയും അദ്ദേഹത്തിന്‍െറ വീട്ടില്‍ കഴിയുകയും ചെയ്യുന്നു. പിന്നീട് അവിടെ നിന്നും ചെന്നൈക്ക് പോകുന്നു. അവിടെ മൂന്നുനാള്‍ പട്ടിണികൊണ്ട് അലഞ്ഞ് തളര്‍ന്ന അദ്ദേഹത്തിന്‍െറ മുന്നില്‍ ദൈവപുരുഷനെ പോലെ ഒരാള്‍ അവതരിക്കുകയാണ്. തുടര്‍ന്ന് സര്‍ക്കസ് കമ്പനിയില്‍ എത്തപ്പെട്ട ഇബ്രാഹീം കുറെ കാലം കഴിഞ്ഞ് കൊച്ചിയിലത്തെുന്നു. അവിടെ വെച്ച് കുറെ കാലത്തിന് മുമ്പ് വീട്ടില്‍ നിന്നും പുറപ്പെട്ട് പോയ സഹോദരനെ കണ്ടുമുട്ടുന്നു.

ഇത്തരത്തില്‍ ആത്മകഥയിലെ ഓരോ അധ്യായവും ചോരയും കണ്ണീരും പ്രണയവും വേദനയും നുരക്കുന്ന രേഖകളായി മാറുന്നു. സ്ഥലകാലങ്ങളും വ്യക്തികളും അവരുടെ പശ്ചാത്തലങ്ങളും അടങ്ങുന്ന എഴുത്തുകാരന്‍െറ ജീവിതം വലിയൊരു കാന്‍വാസായി പരിണമിക്കുകയാണ്. കൊച്ചിയില്‍ വെച്ച് വീണ്ടും കാണുന്ന നാട്ടിലെ പൂച്ചഖാദര്‍ എന്ന കഥാപാത്രം തന്നെ ഇതിന് ഉദാഹരണമാണ്. നാട്ടിലെ പൂച്ചകളെ പിടികൂടി ഇറച്ചിയാക്കി കഴിക്കുകയും മുയലിന്‍െറ പച്ചരക്തം കുടിക്കുകയും ചെയ്യുന്ന അയാള്‍ നാട്ടിലെ സ്ത്രീകളുടെ പേടിസ്വപ്നമായിരുന്നു. എന്നാല്‍ കൊച്ചിയില്‍ വെച്ച് വീണ്ടും കണ്ടുമുട്ടുമ്പോഴത്തെ അവസ്ഥ വായനക്കാരിലും സഹതാപം ഉണ്ടാക്കും.

നീണ്ട 14 വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് മടങ്ങി വരുന്ന ഇബ്രാഹീമിന്‍െറ ജീവിതമാണ് ഗ്രീന്‍ റുമിന്‍െറ അടുത്തഘട്ടം.  നാടകത്തിനോടുള്ള പ്രണയവും കമ്യൂണിസ്റ്റ് പാര്‍ട്ടിയോടുള്ള അടുപ്പവും നാട്ടിലെ യാഥാസ്ഥികമായ വ്യവസ്ഥിതികളോടുള്ള എതിര്‍പ്പുമാണ് അദ്ദേഹത്തിലുള്ളത്. വിവാഹത്തിലും ജീവിതാദര്‍ശങ്ങള്‍ നിലനിര്‍ത്തിയ ഇബ്രാഹീം പക്ഷെ മതയാഥാസ്ഥികരാലും സമൂഹത്തിലെ പ്രമാണിമാരാലും ഒറ്റപ്പെടുത്തപ്പെടുന്നു. കലാകാരന്‍ എന്ന നിലയില്‍ അദ്ദേഹത്തെ പോലുള്ളവര്‍ ഒരുകാലത്ത് അനുഭവിച്ച ദുരവസ്ഥകളെയാണ് ഇത് വരച്ചുകാട്ടുന്നത്. പ്രവാസ ജീവിതവും  സ്വന്തമായി നാടക കമ്പനി രൂപവല്‍ക്കരിക്കുന്നതും പോലുള്ള ഓരോ പ്രതിസന്ധി ഘട്ടങ്ങളും തളരാതെ  നേരിടുന്നതാണ് ഈ ജീവിതകഥയെ തികച്ചും വേറിട്ടതാക്കുന്നത്.

പ്രവാസ ജീവിതത്തിലും  നാടകമാണ് മനസില്‍ അടിമുടി നിറയെ. അങ്ങനെയുള്ള ഒരാള്‍ എങ്ങനെ സാമ്പത്തികമായി രക്ഷപ്പെടുന്നതെങ്ങനെ? ഒരു ഘട്ടത്തില്‍ അദ്ദേഹത്തിന്‍െറ കമ്പനിയുടെ ഉടമയായ ചൈനക്കാരന്‍ ഇബ്രാഹീം കലാകാരന്‍ ആണെന്നറിഞ്ഞപ്പോള്‍ ഇനിമുതല്‍ സ്ഥാപനത്തിലെ ശിപായിയുടെ പണി ചെയ്യാതെതന്നെ ശമ്പളം വാങ്ങിക്കൊള്ളാന്‍ ഉത്തരവിടുന്നു. ഇത്തരത്തില്‍ നമുക്ക് അത്ഭുതം നല്‍കുന്ന ഏറെ കഥാപാത്രങ്ങളുണ്ട്. നാടകം എന്ന ചിന്തയില്‍ സ്വന്തം ജീവിതം മറന്ന് പോകുന്ന ഇദ്ദേഹത്തോട് ഒരുപക്ഷെ വായനക്കാരന് തന്നെ കടുത്ത ദേഷ്യം തോന്നിയേക്കാം. സാമ്പത്തികമായി തകരുമ്പോഴും കല എന്ന ചിന്തയില്‍ പുഞ്ചിരിയോടെ നടന്ന് പോകുന്ന ഒരാളോട് ആര്‍ക്കും ഉണ്ടാകുന്ന സ്വാഭാവികമായ പ്രതികരണമാണിത്. എന്നാല്‍ ഓരോ വ്യക്തിക്കും തങ്ങളൂടെതായ നിയോഗം ഉണ്ടെന്ന തിരിച്ചറിവ് പുസ്തകത്തിലൂടെ കുറേക്കൂടി സഞ്ചരിക്കുമ്പോള്‍ നമുക്ക് മനസിലാകും. അപ്പോള്‍ ഇബ്രാഹീം വെങ്ങരയോടുള്ള വായനക്കാരന്‍െറ ആദരവ് ദൃഢമാകുകയും ചെയ്യും.

ഈ ആത്മകഥ വായിക്കുമ്പോള്‍ അനുഭവപ്പെട്ട കല്ലുകടി തത്വചിന്ത ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിക്കുന്നു എന്നതാണ്. ഗീതയും ഖുറാനും മറ്റ് ലോക സാഹിത്യ കൃതികളും ഒക്കെ ഇടക്കിടെ കടന്നുവരുന്നുണ്ട്. ആദ്യമൊക്കെ ഇത് അവസരത്തിനൊത്ത് ഉയരുന്നു. എന്നാല്‍ പിന്നീടാകട്ടെ വായനയുടെ രസം കെടുത്തുന്നു. മറ്റൊരു വീഴ്ചയായി എടുത്തുപറയാവുന്നത് കാലം അടയാളപ്പെടുത്തുന്നതില്‍ കൃത്യമായി ശ്രദ്ധയും പുലര്‍ത്തിയിട്ടില്ല എന്നതാണ്. ചില കാര്യങ്ങള്‍ പിന്നീട് പറഞ്ഞുകൊള്ളാം എന്ന് പറയുന്നുണ്ടെങ്കിലും പിന്നീട് അതിനെ കുറിച്ച് മൗനമാണ് പുലര്‍ത്തുന്നതും. എന്നാല്‍ ഈ കാരണങ്ങളൊന്നും പുസ്കത്തിന്‍െറ ശോഭ കെടുത്തുന്നുമില്ല എന്നു പ്രത്യേകം എടുത്തുപറയേണ്ടതാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.