ജീവിതത്തിന്‍െറ സ്ഥായിയായ അപൂര്‍ണതയിലേക്ക് വിരല്‍ചൂണ്ടുന്ന നോവലാണ് സുഭാഷ് ചന്ദ്രന്‍െറ ‘മനുഷ്യന് ഒരു ആമുഖം’. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡു ലഭിച്ച നോവലിനെക്കുറിച്ച്...
പൂര്‍ണവളര്‍ച്ചയത്തൊതെതന്നെ ജീവിതം അവസാനിപ്പിക്കേണ്ടിവരുന്ന ജീവിയാണ് മനുഷ്യന്‍. ഹ്രസ്വമായ തന്‍െറ ജീവിതചക്രം അബദ്ധമായ സങ്കല്‍പങ്ങളിലും കാമനകളിലും മാത്സര്യത്തിലും ശത്രുതയിലും ഘടിപ്പിച്ചുകൊണ്ടുള്ള അന്ധമായ പ്രയാണം. ‘തന്നത്തൊനറിയാതെ’യുള്ള ഈ യാത്രയില്‍ കല്‍പിതമായ നിയോഗത്തിന്‍െറ മനോഹാരിത എന്തെന്ന് ഒരിക്കലെങ്കിലും സ്വയം ബോധ്യപ്പെടാനോ അനുഭവിക്കാനോ സാധിക്കാതെ അകാലമൃത്യു വരിക്കാന്‍ നിര്‍ബന്ധിതരാകുന്നവര്‍. തച്ചനക്കര എന്ന ഗ്രാമത്തെയും അനുബന്ധ പ്രദേശങ്ങളെയും മുന്‍നിര്‍ത്തി ജീവിതത്തിന്‍െറ എക്കാലത്തെയും ധര്‍മസങ്കടങ്ങളെ ആഖ്യാനത്തിന്‍െറ ചാരുതകൊണ്ട്് ‘മനുഷ്യന് ഒരു ആമുഖം’ എന്ന നോവല്‍ പൊലിപ്പിച്ചെടുക്കുന്നു.
മനുഷ്യന് ഒരാമുഖം തേടുന്ന സുഭാഷ് ചന്ദ്രന്‍ മനുഷ്യനെ അഥവാ മനുഷ്യത്വത്തെ തേടുന്ന ദാര്‍ശനികതയുടെ ഒടുവിലത്തെ കണ്ണിയായി തീരുന്നു.
‘‘കഷ്ടം കഷ്ടം നിരൂപണം കൂടാതെ
ചുട്ടുതിന്നുന്നു ജന്മം പഴുതെ നാം’’ എന്ന ചിരന്തന സത്യത്തിലേക്കാണ് ഈ അന്വേഷണത്തിന്‍െറ വാതായനങ്ങള്‍ തുറക്കപ്പെടുന്നത്. തുടക്കം മുതല്‍ ഒടുക്കംവരെ ദാര്‍ശനികതയുടെ ഭാവതലം നോവലില്‍ നിറഞ്ഞുനില്‍ക്കുന്നു. എങ്കിലും ആസ്വാദനത്തിന്‍െറ അനുഭവതലത്തില്‍നിന്നു വേണം ഇത് മനസ്സിലാക്കപ്പെടേണ്ടത്. മൗലികമായ ഒരു ഭാഷയുടെ നിര്‍മിതികൊണ്ടാണ് ആഖ്യാനത്തെ നോവലിസ്റ്റ് ചേതോഹരമായ അനുഭവമാക്കുന്നത്. ചരിത്രബന്ധിതമായ വസ്തുതാകഥനത്തിനൊപ്പം മാംസനിബദ്ധമായ ജീവിതത്തിന്‍െറ ആത്മചൈതന്യം ഈ ഭാഷയില്‍ പ്രതിഫലിക്കുന്നു.
ഭാഷാനിര്‍മിതിയില്‍ ഒരേസമയം അസാധാരണ നിയന്ത്രണവും സ്വാതന്ത്ര്യവും ഇദ്ദേഹം പ്രകടിപ്പിക്കുന്നു. മൂര്‍ത്തവും അമൂര്‍ത്തവുമായ ഭാവചിത്രങ്ങളായി ഭാഷ വികസിക്കുന്നു. ‘‘ജനനത്തിനും നൂറ്റാണ്ടുകള്‍ക്കുമുമ്പേ ജനിച്ചുകഴിഞ്ഞിരുന്ന ആ മനുഷ്യന്‍ വാസ്തവത്തില്‍ അയാളുടെ മരണത്തിനും എത്രയോ മുമ്പേ മരിച്ചുംകഴിഞ്ഞിരുന്നു.’’ സ്വാര്‍ഥതയുടെ രക്തപ്പശിമയിലൂടെ ജനിച്ചും മരിച്ചും പുനര്‍ജനിച്ചും നൂറ്റാണ്ടുകളിലൂടെ പുലരുന്ന മനുഷ്യജന്മത്തെ നോവലിന്‍െറ തുടക്കത്തില്‍തന്നെ വിചാരണചെയ്യുന്നുണ്ട്.
ധ്വനിപ്രധാനമാണ് മൂര്‍ത്തവും അമൂര്‍ത്തവുമായ ഈ വാങ്മയചിത്രങ്ങള്‍. ‘‘കാലം ഒരു നാല്‍ക്കാലിയെപ്പോലെ പിന്‍കാലുകള്‍ ഓര്‍മയിലും മുന്‍കാലുകള്‍ പ്രതീക്ഷകളിലും കുത്തി തച്ചനക്കരയെ തുറിച്ചുനോക്കി വാലാട്ടി നില്‍ക്കുകയായിരുന്നു.’’ ‘‘ചമ്മരത്തെ ഉമ്മറത്തിരുന്നു മടുത്ത കമന്തന്‍ ഗംഗാധരന്‍ നായര്‍ പിന്നെയൊരു ദിവസം മരിച്ച് അവിടത്തെന്നെ നിലത്തുകിടന്നപ്പോള്‍ തച്ചനക്കര മുഴുവന്‍ ആ വീട്ടുമുറ്റത്തത്തെി.’’ ‘‘അപ്പോള്‍ മരണത്തിന്‍െറ കൊതിപ്പിക്കുന്ന സ്പര്‍ശമേറ്റ് ഭര്‍ത്താവിന്‍െറ ശരീരത്തില്‍ രോമാഞ്ചം പടര്‍ന്നിരിക്കുന്നതായും മുലക്കണ്ണുകള്‍ ജൃംഭിച്ചിരിക്കുന്നതായും അവള്‍ കണ്ടു.’’ ‘‘പ്രഭാതത്തിലെ കിളുന്തുവെയില്‍ വീണ് തെളിയാന്‍ തുടങ്ങുന്ന പുത്തന്‍പുരയുടെ കറുത്തുതുടങ്ങിയ ഓടുകള്‍ക്കുമീതെ അലിഞ്ഞുതീരുന്ന വെണ്‍മേഘങ്ങളുടെ ഛായയുള്ള പുക വിടര്‍ത്തിക്കൊണ്ട് ചിന്നമ്മയുടെ അടുക്കള ഉയര്‍ന്ന് കോട്ടുവായിട്ടു.’’ ഇത്തരത്തില്‍ ഭാഷാനിര്‍മിതിയുടെ മാന്ത്രികസ്പര്‍ശം അടയാളപ്പെടുത്തുന്ന നിരവധി ഉദാഹരണങ്ങള്‍ ഓരോ അധ്യായത്തില്‍നിന്നും എടുത്തുകാട്ടാനാകും.
ആസ്വാദനത്തിലെ മനനശേഷി, ദാര്‍ശനികമായ അവബോധം, ഭാവാത്മകമായ പദനിര്‍മിതി, പരോക്ഷകഥനത്തിന്‍െറ ചാരുത എന്നിങ്ങനെ സമകാലികരെക്കാള്‍ വിഭിന്നമായ ചില രചനാതന്ത്രങ്ങള്‍ സ്വായത്തമാക്കിയ കഥാകൃത്താണ് സുഭാഷ്ചന്ദ്രന്‍. കഥാസന്ദര്‍ഭങ്ങളുടെ സാന്ദ്രത താനുദ്ദേശിക്കുന്നതരത്തില്‍ പശിമപ്പെടുത്തി മൂശയിലാക്കാനുള്ള വാചികനിര്‍മിതിയില്‍ ഇദ്ദേഹം സമര്‍ഥനാണ്. ദൈനംദിന ജീവിതത്തിന്‍െറ അനുഷ്ഠിപ്പുകളെ ദാര്‍ശനികതലത്തിലേക്ക് പരിവര്‍ത്തിപ്പിച്ച് ഭാവാത്മകമായ ഈ ആസ്വാദനതലം നോവലിലും ഇദ്ദേഹം സൃഷ്ടിക്കുന്നു. ‘മനുഷ്യന് ഒരു ആമുഖം’ എന്ന നോവലിലെ ‘ഒന്നാമധ്യായം’ എന്ന കഥ സുഭാഷ് ചന്ദ്രന്‍ നേരത്തേ രചിച്ചിട്ടുണ്ട്. ഈ കഥ നോവല്‍രചനയുടെ മുന്നൊരുക്കമായി കണക്കാക്കാം. കണക്കുപുസ്തകത്തിന്‍െറ വരയിടാത്ത താളുകളില്‍ കവിതയെഴുതിയ കൗമാരക്കാരന്‍െറ ജീവിതാനുഭവങ്ങളും ദര്‍ശനങ്ങളുമാണ് കഥയായി വികസിക്കുന്നത്. നോവലിലെ ജിതേന്ദ്രന്‍ എന്ന മുഖ്യകഥാപാത്രത്തിന്‍െറ രൂപപ്പെടലാണിത്. ആര്‍ക്കുമുണ്ടാകും ഇത്തരത്തിലൊരു ബാല്യ-കൗമാരാനുഭവവും ജീവിതസമീപനങ്ങളും. അമ്മയും ചേച്ചിമാരും രാമ്പിള്ളയപ്പൂപ്പനുമെല്ലാം ഉള്‍ക്കൊള്ളുന്ന പോയകാലത്തിന്‍െറ ഗൃഹാതുരത സമര്‍ഥമായി നോവലില്‍ പുനരവതരിപ്പിക്കപ്പെടുന്നു. കഥയിലെ രാമ്പിള്ളയപ്പൂപ്പന്‍ അതേപേരില്‍തന്നെ നോവലില്‍ പ്രത്യക്ഷനാകുന്നു.
20ാം നൂറ്റാണ്ടിനെ പൂര്‍ണമായും ആവിഷ്കരിക്കുന്ന നോവല്‍ എറണാകുളം ജില്ലയുടെ ദേശചരിത്രവും സമൂഹചരിത്രവും കേരള നവോത്ഥാന പ്രക്രിയയുമായി ബന്ധിപ്പിക്കുന്നു. സമര്‍ഥമായ സൂചകങ്ങളിലൂടെ ഭാരതത്തിന്‍െറ രാഷ്ട്രീയ-സാമൂഹിക ചരിത്രമായി അത് വികസിക്കുന്നു. നാടിന്‍െറ അനുക്രമമായ വളര്‍ച്ചയും ചരിത്രത്തിന്‍െറ നാഴികക്കല്ലുകളും കഥാപാത്രങ്ങളുടെ പത്രവായനയിലൂടെയും സംഭാഷണങ്ങളിലൂടെയും മറ്റും പ്രതിഫലിപ്പിക്കുന്ന തന്ത്രമാണ് ഉപയോഗിക്കുന്നത്. നാറാപിള്ള, അപ്പുനായര്‍, കുഞ്ഞു അമ്മ, ചിന്നമ്മ, പൂശാപ്പി, അലമ്പൂരി, ഗോവിന്ദന്‍ മാഷ്, സുലോചന ടീച്ചര്‍, മേനോന്‍മാഷ്, നാണു, ആന്‍മേരി എന്നിങ്ങനെ മരണമില്ലാത്ത അനേകം കഥാപാത്രങ്ങള്‍. അതോടൊപ്പം മണ്‍മറഞ്ഞ മഹാരഥന്മാരായ ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും നോവലിലെ സജീവ കഥാപാത്രങ്ങളാണ്. ഇതിനുപുറമെ അചേതന വസ്തുക്കളും സ്ഥാപനങ്ങളും പ്രകൃതിദൃശ്യങ്ങളുമെല്ലാം അതേ സജീവതയോടെ കഥാപാത്രങ്ങളായി വരുന്നു. പെരിയാറും ആലുവയിലെ അദൈ്വതാശ്രമവും മാര്‍ത്താണ്ഡവര്‍മ പാലവും യു.സി കോളജും ഇക്കൂട്ടത്തിലുണ്ട്.
നോവലിന്‍െറ തുടക്കത്തില്‍ യഥാര്‍ഥ മനുഷ്യനുവേണ്ടിയുള്ള അന്വേഷണം ആരംഭിക്കുന്നതുതന്നെ ശ്രീനാരായണ ദര്‍ശനങ്ങളുടെ പിന്‍ബലത്തില്‍നിന്നാണ്.
‘‘അവനവനാത്മസുഖത്തിനാചരിക്കു-
ന്നവയപരന്നു സുഖത്തിനായ് വരേണം’’ എന്ന ഗുരുവിന്‍െറ വിഖ്യാതമായ ഈരടികള്‍ തുടക്കത്തില്‍തന്നെ ചേര്‍ത്തിരിക്കുന്നു. ഗുരുവിനെ ഒരു പ്രത്യേക ജാതിയുടെയോ പ്രസ്ഥാനത്തിന്‍െറയോ വക്താവായി ഒതുക്കിക്കളഞ്ഞതാണ് സമൂഹം ചെയ്ത ഗുരുതരമായ തെറ്റ് എന്ന് വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. സവര്‍ണര്‍ക്കും അവര്‍ണര്‍ക്കും ഇതില്‍ ഒരേ രീതിയില്‍ പങ്കുണ്ടെന്നുവരുന്നു. ജാതിഭേദം എന്ന അധ്യായത്തില്‍ ജ്ഞാനികളായ ഗുരുശ്രേഷ്ഠന്മാരെപ്പോലും ജാതിഭേദത്താല്‍ വേര്‍തിരിച്ചുകാണുന്ന അജ്ഞാനികളെ പരിഹസിക്കുന്നുണ്ട്. ഗുരുവിനെ നിന്ദിക്കുന്ന നാറാപിള്ള എന്ന കഥാപാത്രത്തിനുള്ള തിരിച്ചടി ആദ്യരാത്രിയില്‍തന്നെ ലഭിക്കുന്നു. തന്‍െറ ഭാര്യ നാരായണഗുരുവിനെ ആരാധിക്കുന്ന നായര്‍സ്ത്രീ ആണെന്നുള്ള തിരിച്ചറിവാണത്. വിഭിന്നജാതിക്കാരായ ഗോവിന്ദന്‍ മാഷും സുലോചന ടീച്ചറും തമ്മിലുള്ള വൈവാഹികബന്ധത്തിലൂടെ ജാതിരഹിത സമൂഹത്തിന്‍െറ പ്രസാദാത്മകത ഉയര്‍ത്തിപ്പിടിക്കുന്നു.
ഒരുപക്ഷേ, അപ്രസക്തമെന്ന് തോന്നിയേക്കാവുന്ന ഡയറിക്കുറിപ്പുകളിലൂടെയാണ് ഓരോ അധ്യായവും ആരംഭിക്കുന്നത്. എന്നാല്‍, ആദ്യന്തം നോവലിന്‍െറ ദാര്‍ശനികഭാവം സംരക്ഷിക്കപ്പെടുന്നതിനുള്ള തന്ത്രമാണിത്. ‘‘ധീരനും സ്വതന്ത്രനും സര്‍വോപരി സര്‍ഗാത്മകനുമായ മനുഷ്യശിശു അറുപതോ എഴുപതോ വര്‍ഷംകൊണ്ട് ഭീരുവും പരതന്ത്രനുമായിത്തീര്‍ന്ന് സ്വന്തം സൃഷ്ടിപരത വംശവൃദ്ധിക്കുവേണ്ടി മാത്രം ചെലവിട്ട് ഒടുവില്‍ വൃദ്ധവേഷം കെട്ടിയ വലിയൊരു കുട്ടിയായി മരിച്ചുപോകുന്നതിനെയാണ് മനുഷ്യജീവിതം എന്നു പറയുന്നതെങ്കില്‍ പ്രിയപ്പെട്ടവളേ, മനുഷ്യനായി പിറന്നതില്‍ എനിക്ക് അഭിമാനിക്കാന്‍ ഒന്നുമില്ല. ജീവിതത്തിന്‍െറ സ്ഥായിയായ ഈ അപൂര്‍ണതയിലേക്കാണ് നോവലിസ്റ്റ് വിരല്‍ചൂണ്ടുന്നത്.
(മാധ്യമം ആഴ്ചപ്പതിപ്പ് 2015 ജനുവരി 19 പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനം)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.