വിടരാത്ത ഓണപ്പൂക്കള്‍

മുക്കുറ്റിയും തുമ്പയും കാശിത്തുമ്പയും ഓണപ്പൂവും പൂത്തുലയുമ്പോഴാണ് ഓണത്തിന്‍െറ പൂവിളി ഉയരുന്നത്. പക്ഷേ, ഓണത്തിനുപോലും വിരിയാത്ത പൂക്കളുടെ ദു$ഖമാണ് ഈ കവിതയുടെ പ്രതിപാദ്യം.

ആധുനിക മലയാള കവിതയില്‍ ശൈലി, ശീല്, പ്രമേയം എന്നിവയുടെ മൗലികത്വം കൊണ്ട് വ്യത്യസ്തനായ കവിയാണ് ഒളപ്പമണ്ണ സുബ്രഹ്മണ്യന്‍ നമ്പൂതിരി (1923-2000). ആദ്യസമാഹാരമായ ‘വീണ’ 1947ലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. തുടര്‍ന്ന് 13 കവിതാ സമാഹാരങ്ങളും അഞ്ച് ഖണ്ഡകാവ്യങ്ങളും ഒരു ആത്മകഥയുമടക്കം 23 കൃതികള്‍ പുറത്തുവരുകയുണ്ടായി. എല്ലാ കവിതകളും അവതാരികകളും പഠനങ്ങളും ഉള്‍ക്കൊള്ളിച്ച് ഒരു ബൃഹദ്കൃതി (1048 പേജ്) ‘നിത്യകല്യാണി’ എന്ന പേരില്‍ 2014ല്‍ പ്രസിദ്ധീകരിക്കപ്പെട്ടു. കേരളീയ രംഗകലകളില്‍ സൂക്ഷ്മജ്ഞാനമുണ്ടായിരുന്ന ഒളപ്പമണ്ണ ദീര്‍ഘകാലം കേരള കലാണ്ഡലം വൈസ് ചെയര്‍മാന്‍, ചെയര്‍മാന്‍ (1977-84, 1991-93) പദവികള്‍ വഹിച്ചിട്ടുണ്ട്. നമ്പൂതിരി സമുദായത്തില്‍ ആഞ്ഞടിച്ച നവോത്ഥാനവാദം ഒളപ്പമണ്ണയെയും പുരോഗമനവാദിയാക്കിത്തീര്‍ത്തു. ചൂഷിതരുടെയും പീഡിതരുടെയും കണ്ണീരൊപ്പുകയാണ് തൂലികയുടെ ധര്‍മം എന്ന് അദ്ദേഹം കരുതി. തറവാട്ടു പാരമ്പര്യം തളംകെട്ടിനില്‍ക്കുന്ന നാലുകെട്ടിലാണ് പിറന്നുവീണതെങ്കിലും മണ്ണിലെ മനുഷ്യന്‍െറ കദനം കാണാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. സാമൂഹികവിമര്‍ശവുമായാണ് അദ്ദേഹം കവിതയിലേക്ക് കടന്നുവന്നത്. അതോടൊപ്പം, ഗാര്‍ഹസ്ഥ്യ സൗഭാഗ്യത്തിന്‍െറ ആവിഷ്കാരങ്ങളായ കുടുംബഗാഥകളും ഒട്ടേറെ രചിച്ചു. ഗാര്‍ഹികാന്തരീക്ഷത്തിലെ വൈകാരികതയുടെ ഹൃദ്യമായ പരിമളം പകര്‍ന്നുതരുന്നവയാണ് അദ്ദേഹത്തിന്‍െറ കവിതകള്‍ എന്ന് നിരൂപകര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
1966ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച ‘കഥാകവിതകള്‍’ എന്ന സമാഹാരത്തിലാണ് ‘വിടരാത്ത ഓണപ്പൂക്കള്‍’ എന്ന കവിത പ്രത്യക്ഷപ്പെടുന്നത്. ഓണവുമായി ബന്ധപ്പെട്ട സ്മരണകളും അനുഭവങ്ങളും അനുഭൂതികളും ആവിഷ്കരിക്കാത്ത ഒരൊറ്റ മലയാളകവിയും ഉണ്ടാവില്ല. ഓണക്കവിതകളുടെ പൊതുവിതാനത്തില്‍നിന്ന് മാറിനില്‍ക്കുന്നതാണ് ഒളപ്പമണ്ണയുടെ ഈ കവിത.

മുക്കുറ്റിയും തുമ്പയും കാശിത്തുമ്പയും ഓണപ്പൂവും പൂത്തുലയുമ്പോഴാണ് ഓണത്തിന്‍െറ പൂവിളി ഉയരുന്നത്. പക്ഷേ, ഓണത്തിനുപോലും വിരിയാത്ത പൂക്കളുടെ ദു$ഖമാണ് ഈ കവിതയുടെ പ്രതിപാദ്യം. മാനുഷരെല്ലാം ആമോദത്തോടെ ഒന്നായി ജീവിച്ച മാബലിക്കാലം പുനര്‍രചിക്കാനാണ് ഓണാഘോഷത്തിലൂടെ മലയാളികള്‍ ശ്രമിക്കുന്നത്. ഓണം ഉണ്ട്, ഉടുത്ത്, ഓണപ്പൂക്കളം തീര്‍ത്ത്, ഓണക്കളികള്‍ കളിച്ച്, ഓണപ്പാട്ടുകള്‍ പാടി ഓണമുണ്ണുമ്പോള്‍ ജീവിതത്തില്‍ ഒരിക്കലും ഓണം വന്നത്തൊത്തവരെക്കുറിച്ച് നാം ഓര്‍ക്കാറില്ല. അമ്മയാകാത്തതിന്‍െറ പേരില്‍ ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ട് വാര്‍ധക്യത്തിലത്തെിയിട്ടും ഒരു മൃദുപദവിന്യാസത്തിനായി ഏകാന്തതയില്‍ കാത്തിരിക്കുന്ന വൃദ്ധയുടെയും ഉറ്റവരാല്‍ ഉപേക്ഷിക്കപ്പെട്ട, മാറാരോഗത്തിന്‍െറ അവശത രാപ്പകല്‍ പേറുന്ന വൃദ്ധനും തിരുവാതിരക്കളിക്കാര്‍ ‘പൂവേ പൊലി പൂവേ’ പാടുമ്പോള്‍ കൂടെ ചേരാനാവാത്ത ഊമപ്പെണ്ണിന്‍െറ ദു$ഖവും കവിയെ വ്രണിത ഹൃദയനാക്കുന്നു. ഓണമുണ്ടാല്‍ എല്ലാവര്‍ക്കും സന്തോഷമാവും എന്ന ധാരണ മിഥ്യയാണെന്ന് കവിക്ക് ബോധ്യമായി. പതിവുതെറ്റാതെ എല്ലാ തിരുവോണത്തിനും ഉണ്ണാനത്തെുന്ന മുത്തിയോട്
‘മാനുഷരെല്ലാരുമൊരുപോലാണോ
മാബലി വാഴുന്നന്നൊക്കെ?’ എന്ന് സംശയ നിവൃത്തിക്കായി കവി ചോദിക്കുന്നുണ്ട്.
‘മാനുഷരൊരുപോലാമോ, മകനേ,
മതിയാവോളം ചോറുണ്ടാല്‍’ എന്ന മറുചോദ്യമായിരുന്നു മുത്തശ്ശിയുടെ മറുപടി. വയറു നിറയുന്നതോടെ വിശപ്പ് മാത്രമേ ശമിക്കൂ. എന്നും ദു$ഖിത പക്ഷത്തു നിന്ന കവിക്ക് മറ്റു ദു$ഖങ്ങളും കാണാതെ വയ്യ. വിടരുന്ന പൂക്കളുടെ സൗന്ദര്യത്തില്‍ മുഴുകുന്ന വേളയിലും വിടരാത്ത പൂക്കളിലേക്ക് കണ്ണെത്തിക്കുന്നതാണ് മാനവികതയുടെ കാതല്‍ എന്ന് കവി ഇവിടെ ഓര്‍മിപ്പിക്കുന്നു.

 

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.