ഖത്തർ മ്യൂസിയം ചെയർപേഴ്സൻ ശൈഖ മയാസ ബിൻത് ഹമദ് ആൽഥാനി 

കരുത്തായ ഇന്ത്യൻ സാന്നിധ്യം

ആറു പതിറ്റാണ്ട് പിന്നിട്ട ഇന്ത്യൻ പ്രവാസത്തോളം തന്നെ പഴക്കമുള്ളതാണ് ഖത്തറിലെ ഇന്ത്യൻ വനിത പ്രവാസവും. ആദ്യനാളുകളിൽ കോൺക്രീറ്റ് കെട്ടിടങ്ങളുടെ നാലു ചുവരുകൾക്കുള്ളിൽ തളച്ചിടപ്പെട്ടിരുന്ന ഇന്ത്യൻ വനിത സമൂഹം കാലചക്രം കറങ്ങിയപ്പോൾ ഖത്തറിന്റെ വനിത മുന്നേറ്റത്തോടൊപ്പം സഞ്ചരിക്കാൻ തുടങ്ങി. സ്വന്തമായുള്ള ബിസിനസ് സംരംഭം മുതൽ രാജ്യത്തിന്റെ ഉന്നത ഉദ്യോഗങ്ങളിൽ വരെ ഇന്ത്യൻ വനിതകൾ ഇന്ന് നിറസാന്നിധ്യമാണ്.

കലാകായിക രംഗത്തും സാമൂഹിക സാംസ്കാരിക മേഖലയിലും ജീവകാരുണ്യപ്രവർത്തനങ്ങളിലും നിറഞ്ഞുനിൽക്കുന്ന പ്രവാസി സമൂഹം കൂടിയാണ് ഖത്തറിലെ ഇന്ത്യൻ വനിതകൾ. കോവിഡ് കാലത്ത് ഇന്ത്യൻ സമൂഹത്തിന്റെ പ്രത്യേകിച്ച് വനിത കൂട്ടായ്മകളുടെ ഇടപെടൽ വേറിട്ട മാതൃകയായിരുന്നു. ഖത്തർ ആരോഗ്യമേഖലയിലെ നിറസാന്നിധ്യമാണ് ഇന്ത്യൻ നഴ്സുമാർ.

2009-2012 കാലയളവിൽ ഖത്തറിലെത്തിയ വനിതകൂടിയായ ഇന്ത്യൻ അംബാസഡർ ദീപ ഗോപാലൻ വാദ്വ ഖത്തറിലെ ഇന്ത്യൻ വനിത പ്രവാസി സമൂഹത്തിന് കൂടുതൽ പ്രചോദനമായിരുന്നു. വനിത സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിൽ വലിയ പങ്കാണ് അവർ വഹിച്ചത്.

ഖത്തറിലെ ഇന്ത്യൻ എംബസിക്ക് കീഴിലെ സാംസ്കാരിക വിഭാഗമായ ഇന്ത്യൻ കൾച്ചറൽ സെന്ററി​ന്റെ പ്രഥമ വനിത പ്രസിഡന്റായി 2016-2018 കാലയളവിൽ മിലൻ അരുൺ തെരഞ്ഞെടുക്കപ്പെട്ടത് മറ്റൊരു ചരിത്രമായിരുന്നു. ഐ.സി.സി, ഐ.സി.ബി.എഫ്, ഐ.എസ്.സി തുടങ്ങിയ ഔദ്യോഗിക ബോഡികളിലും പൊതു സാമൂഹിക-സാംസ്കാരിക സംഘടനകളിലും നേതൃപദവിയിൽ ഉൾപ്പെടെ വനിത സാന്നിധ്യം ഏറെ ദൃശ്യമാണ്.

ഖത്തറിലെ ഇന്ത്യൻ പ്രവാസി വനിതകളുടെ ശാക്തീകരണത്തിൽ അവർക്കിടയിൽ രൂപംകൊണ്ട വനിത കൂട്ടായ്മകളും വലിയ പങ്കുവഹിച്ചിട്ടുണ്ട്. വനിതകളിലെ കഴിവുകളെ കണ്ടെത്താനും വനിതകൾക്ക് ആത്മവിശ്വാസം നൽകാനും വനിതകളെ സംരംഭകരായി മാറ്റുന്നതിലും ഇത്തരം സംഘടനകൾ വലിയ പങ്കുവഹിച്ചു. ഇന്ത്യൻ കൾച്ചർ സെന്ററിന് കീഴിലും അല്ലാതെയും നിരവധി വനിത കൂട്ടായ്മകളാണ് ഖത്തറിൽ ഇന്ത്യൻ പ്രവാസി സമൂഹത്തിൽ പ്രവർത്തിക്കുന്നത്.

1986 രൂപവത്കരിച്ച ഇന്ത്യൻ വിമൻസ് അസോസിയേഷൻ ഖത്തറിലെ ആദ്യകാല വനിത കൂട്ടായ്മകളിൽ ശ്രദ്ധേയമായ ഒന്നാണ്. വുമൺ ഇന്ത്യ, നടുമുറ്റം ഖത്തർ, കേരള വിമൻസ് ഇനീഷ്യേറ്റിവ് ഖത്തർ, ഖത്തറിൽ കൃഷിയിൽ താൽപര്യമുള്ള സ്ത്രീകൾ മുൻകൈ എടുത്ത് ആരംഭിച്ച നമ്മുടെ അടുക്കളത്തോട്ടം, വനിതകൾക്കിടയിൽ വ്യാപാര സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാൻ രൂപവത്കരിച്ച മുസാവ, എം.ജി.എം ഖത്തർ തുടങ്ങി ചെറുതും വലുതുമായ നിരവധി വനിത കൂട്ടായ്മകൾ ഖത്തറിൽ ഇന്ത്യക്കാർക്കിടയിൽ പ്രവർത്തിക്കുന്നുണ്ട്.

ഖത്തറിൽ വിദ്യാഭ്യാസ സമുച്ചയമായ ഖത്തർ ഫൗണ്ടേഷന് കീഴിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിതാക്കളായും നിരവധി ഇന്ത്യൻ വിദ്യാർഥികളുണ്ട്. ചുരുക്കത്തിൽ ഖത്തറിലെ സാമൂഹിക മേഖലകളിൽ സർവതല സ്പർശിയായി ഇന്ത്യൻ വനിതകൾ ഇടംപിടിച്ചതായി കാണാം.

Tags:    
News Summary - Strong Indian presence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-10 06:48 GMT