ഒരു കാലഘട്ടത്തിൽ കഥാപ്രസംഗ വേദികളിൽ ശോഭിച്ച മലയാലപ്പുഴ സൗദാമിനിയെന്ന പാട്ടമ്മക്ക് പ്രായം 97 ആയെങ്കിലും ഇപ്പോഴും കഥപറയാൻ റെഡി. ചെറുപ്പത്തിൽ തന്നെ സംഗീതം അഭ്യസിച്ച് അരങ്ങേറ്റം കുറിച്ച ഇവർ സ്വദേശത്തും വിദേശത്തുമായി 5000ലധികം വേദികളിൽ കുമാരനാശാെൻറ കാവ്യങ്ങൾ അവതരിപ്പിച്ചു. പാട്ടുകാരിയായി നിന്ന സൗദാമിനി പിൽക്കാലത്ത് ഹാർമോണിയം അഭ്യസിച്ച് പ്രഫ. മന്മഥൻ, കെ.ജി. കേശവപണിക്കർ എന്നിവരുടെ പിന്നണിയിൽ ഹാർമോണിസ്റ്റായി. ആ കാലഘട്ടത്തിൽ തന്നെ കെ.കെ. വാധ്യാരുടെ പിന്നണിപ്പാട്ടുകാരിയായി. പിന്നീട് ആ പാട്ടുകാരിെയത്തന്നെ വാധ്യാർ ജീവിതസഖിയാക്കി.
വിവാഹിതയായ ശേഷവും സൗദാമിനി വേദിവിട്ടില്ല. 75ാം വയസ്സിൽ വാധ്യാർ മരിച്ചശേഷം പാട്ടമ്മ കഥാപ്രസംഗം അവതരിപ്പിക്കാൻ തുടങ്ങി. ആദ്യ പരിപാടി ഉദ്ഘാടനം ചെയ്തത് മഹാകവി പുത്തൻകാവ് മാത്തൻ തരകനാണ്. ഭർത്താവ് ഏറ്റവും കൂടുതൽ വേദികളിൽ അവതരിപ്പിച്ച ദുരവസ്ഥയും ചണ്ഡാലഭിക്ഷുകിയും കരുണയും അരങ്ങിലെത്തിച്ചു. കേരളത്തിനുപുറെമ സിംഗപ്പൂർ, മലേഷ്യ, ചെന്നൈ, നാഗ്പൂർ എന്നിവടങ്ങളിലും കഥാപ്രസംഗം അവതരിപ്പിച്ചു.
സൗദാമിനിയെ നാലുവർഷം മുമ്പ് സർക്കാർ ഗുരുപൂജ പുരസ്കാരം നൽകി ആദരിച്ചിരുന്നു. കൊല്ലം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സാംബശിവൻ ഫൗണ്ടേഷെൻറ അവാർഡ് കഴിഞ്ഞ വർഷം ലഭിച്ചതായി സംഘാടകർ അറിയിച്ചെങ്കിലും ഇത് നൽകാത്തതിൽ പരിഭവമുണ്ട്. ഇപ്പോൾ പഴയകാല കലാജീവിതങ്ങൾ പങ്കുെവച്ച് മലയാലപ്പുഴ ദേവിസദനത്തിൽ മകനോടൊപ്പം വിശ്രമജീവിതം നയിക്കുകയാണ് മലയാലപ്പുഴ മുണ്ടോത്തറ കേശവെൻറയും കുഞ്ഞിക്കാമ്മയുടെയും മകളായ മലയാലപ്പുഴയുടെ പാട്ടമ്മ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.