മക്കാട്ട് ഫാത്തിമ     ഫോട്ടോ: മുഹമ്മദ് ഹിലാൽ എം.

ഫാത്തിമ്മായുടെ ആട്

വെട്ടംവെച്ചാൽ പിന്നെ പൊരേന്നൊരു പോക്കാണ്. ആ സർക്കീട്ടും കഴിഞ്ഞ് തിരിച്ചെത്തുമ്പോഴേക്കും നേരം നട്ടുച്ചയായിട്ടുണ്ടാകും. ചെറിയ ഓർമക്കുറവും, കണ്ണിന് നേരിയ മങ്ങിച്ചയും, കാലിലെ മുറിവുമെല്ലാം ഈ നൂറാമത്തെ വയസ്സിലും ആടുമ്മയുടെ നടത്തത്തിന് തടസ്സമല്ല. വലതുകാലിന്റെ പാദത്തിന് താഴെയായി ഒരു വലിയ തുളയുണ്ട്. ആണി തുളച്ച് കയറിയതോ മറ്റോ, ‘അന്ന് വീട്ടിലിരുന്നാൽ ന്റെ മക്കൾ പട്ടിണിയാവേ...’ എന്ന് പറഞ്ഞ് അന്നും ആടുമ്മ നടന്നു.

ഫറൂഖ് കോളജിന്റെ എല്ലാ ഇടവഴികൾക്കും ഇടനാഴികൾക്കും ആടുമ്മയെ അറിയാം. മക്കാട്ട് ഫാത്തിമ ഫറൂഖ് കോളജിന്റെ പരിസരത്ത് ജനിച്ച് വളർന്ന് ജീവിച്ചു. സ്വന്തമെന്ന് പറയാൻ മൂന്ന് നാലു പൊണ്ണാടുകളും അതിന്റെ കുഞ്ഞുങ്ങളും കൂടെ അഞ്ചുപത്ത് കോഴികളും. റോഡ് കടന്ന് വീടുകൾക്കിടയിലൂടെ നടന്ന് ചെല്ലുന്നത് പണി തീരാത്ത ആടിനെ മണക്കുന്ന ആടുമ്മയുടെ സ്വർഗത്തിലേക്കാണ്. പാതിവഴിയിൽനിന്ന് കാൽപെരുമാറ്റം കേൾക്കുമ്പോഴേക്കും ആട്ടിൻ കൂടും കോഴിക്കൂടും ഇളക്കിമറിച്ച് കൊണ്ടുള്ള കരച്ചിൽ കേൾക്കാം.

‘ആടീ...വരുന്ന്, മുണ്ടാതിരിക്ക്’ ആടുമ്മയുടെ നീട്ടിയുള്ള പറച്ചിൽ കേൾക്കാൻ കാത്തു നിൽക്കുന്നത് പോലെ കൂടുകൾ നിശ്ശബ്ദമാകും. എന്നും ഫറൂഖ് കോളജ് കണികണ്ടുണരുന്നത് ആടുമ്മയെയാണ്. കോഴി കൂവിക്കഴിഞ്ഞാൽ പിന്നെ സുബ്ഹ് നമസ്കാരവും കഴിഞ്ഞ് ആടുമ്മ സർക്കീട്ടിന് ഇറങ്ങും. കോളജിന്റെ പിറകുവശത്തിലൂടെ നടന്ന് മാഞ്ചോട് ക‍യറി മുൻവശത്ത് എത്തുമ്പോഴേക്കും നേരം വെളുത്തിട്ടുണ്ടാകും. വഴിയിലെ പ്ലാവിലയും... കോഴിത്തീറ്റിയും സ്വരുക്കൂട്ടി ക‍ഴിഞ്ഞാൽ പിന്നെ ആടുമ്മയുടെ സീറ്റോമിലേക്ക് ഒരു നടത്തമാണ്.

 മുഹമ്മഹദ് ഹിലാൽ .എം

 സീറ്റോമും ആടുമ്മയും

ഫറൂഖ് കോളജിന് അടുത്തായുള്ള ഒരു ഹോട്ടലാണ് സ്വീറ്റ് ഹോം. എത്ര തിരക്കാണെങ്കിലും ഒരും ചായയും പഴം പൊരിയും എന്നും ആടുമ്മയെ കാത്ത് അവിടെയുണ്ടാകും. ഇംഗ്ലീഷ് വഴങ്ങാത്ത ആടുമ്മക്ക് സ്വീറ്റ് ഹോം, സീറ്റോമാണ്. എന്നും സർക്കീട്ട് കഴിഞ്ഞ് അവിടെ എത്തി ചായ കുടിക്കും. കിട്ടിയ പഴംപൊരിയുടെ പാതി എടുത്ത് ആടിന്റെ തീറ്റയിലേക്കിടും എന്നിട്ട് ഒരു ചിരിയും പാസാക്കി പറയും ‘ഇതെന്റെ മക്കൾക്കാണ്...’

മുപ്പത്തൊന്ന് ആടുകൾക്കൊപ്പം

ഒരു മനുഷ്യായുസ്സിന്റെ പകുതിയും ആടുകളുടെ കൂടെ ജീവിച്ചുതീർത്തു. ഉറങ്ങുന്നതും ഉണരുന്നതും ഉണ്ണുന്നതും ആടിനിടയിൽ തന്നെ. എല്ലാ ആടുകളും ആടുമ്മക്ക് മക്കളാണ്. അങ്ങനെ തന്നെയാണ് അവരെ വിളിക്കുന്നതും. പഞ്ചായത്തിൽനിന്ന് കിട്ടിയ പൈസകൊണ്ട് ഉമ്മയുടെ പേരിൽ തനിക്ക് കിട്ടിയ പറമ്പിൽ വീട് കെട്ടി. അതാണേൽ പാതിവ‍ഴിയിലും. എന്നാൽ പറമ്പിന്റെ ഇരുവശത്തായി രണ്ട് മരക്കൂടുകളുണ്ട്. ഒന്ന് ആടിനും മറ്റൊന്ന് കോഴിക്കും. ഒറ്റക്കുള്ള ജീവിതത്തിൽ ഖൽബിലും കണ്ണിലും ആടുമ്മക്ക് എപ്പോഴും ആടുകൾ മാത്രമാണ്.

ഒരിക്കൽ ആടുമ്മ ഒന്ന് തളർന്നു. എല്ലാവരും കൂടി ആശുപത്രിയിലെത്തിച്ചു. നീണ്ട ഒരുമാസത്തെ ആശുപത്രിക്കിടക്കയിൽ നിന്ന് തന്റെ പൊന്നാര മക്കളെ കാണാൻ ഓടിക്കിതച്ച് എത്തിയ അവരെ കാത്തിരുന്നത് വേദനിപ്പിക്കുന്ന സത്യമായിരുന്നു. 31 ആടുകളെയും ബന്ധു വിറ്റിരിക്കുന്നു. ‘എന്റെ കണ്ണോത്ത് കാത്തിരുന്നവർക്ക് തെറ്റിപ്പോയി, ഞാൻ എണീക്കൂന്ന് ഓര് ചിന്തിച്ചിട്ടുണ്ടാകൂല...’ ആടുമ്മ പല്ലുപോയ മോണക്കാട്ടി നിശ്ശബ്ദമായൊരു ചിരി പാസാക്കി. അതിൽ തളരാത്ത ആടുമ്മ വീണ്ടും ഒന്നിൽ നിന്ന് ആരംഭിച്ചു. ഇപ്പോൾ എത്ര ആടുകൾ ഉണ്ടെന്ന ചോദ്യത്തിന് ഇങ്ങനെയാണ് മറുപടി. ‘രണ്ടു പെണ്ണാട്, മൂത്തവൾക്ക് മൂന്നാളും’.

ബാക്കിയായ ഒരു മൊഴി!

കല്യാണം കഴിക്കുമ്പോൾ മക്കാട്ട് ഫാത്തിമക്ക് പ്രായം 12. പതിനഞ്ചാം വയസ്സിൽ ആദ്യത്തെ കുഞ്ഞിനെ എട്ട് മാസം വയറ്റിലുള്ളപ്പോൾ പേറ്റുനോവ് വന്നു. പ്രസവിച്ചെങ്കിലും കുഞ്ഞ് കരഞ്ഞില്ല. അനക്കംവെക്കാത്ത കൊച്ചിനെക്കണ്ട് പരിഭ്രാന്തയായ ഫാത്തിമ കട്ടിലിൽ കിടന്ന് തിരഞ്ഞത് ഭർത്താവിനെയായിരുന്നു. എന്നാൽ, വാപ്പാക്കൊപ്പം പണിക്കുപോയ മൂപ്പര് പിന്നെ തിരിച്ചു വന്നില്ല. ഇന്നും രണ്ട് മൊഴി ചൊല്ലി നിർത്തി ബാക്കി ഒന്നിന് വേണ്ടി കാത്തിരിപ്പാണ്. ഉമ്മാക്ക് പിന്നാലെ വാപ്പയും മരണപ്പെട്ടതോടെ ആടുമ്മ തനിച്ചായി. പിന്നീടങ്ങോട്ട് ഫാത്തിമയുടെ കുടുംബം ആടുകളായി. അങ്ങനെ മക്കാട്ട് ഫാത്തിമ ആടുമ്മയായി.

ഉടുക്കാനും കഴിക്കാനും മഴ ചതിക്കാതെ ഉറങ്ങാനും കുറച്ച് നല്ല മനുഷ്യർ ഓരോ ദിവസവും ആടുമ്മയെ ഓർക്കുന്നതുകൊണ്ട് അവർ പ്രായം പറ്റിയ ശരീരവുമായി ഇപ്പോഴും ജീവിക്കുന്നു. ആടുമ്മ നടന്നു തീർത്ത വഴികളും ഫറൂഖ് കോളജും അതേറ്റുപറയും.  “ഒരിക്കൽ, ഇവിടെ ഒരാടുമ്മയും 31 ആടുകളുമുണ്ടായിരുന്നു...”

Tags:    
News Summary - story of fathima

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.