ഉമ്മമ്മയുടെ നോമ്പ്, അമ്മമ്മയുടെയും

വ്യത്യസ്ത മതത്തിൽ​പെട്ട എന്റെ മാതാപിതാക്കളുടെ വിവാഹശേഷം ഇരുവരുടെയും കുടുംബങ്ങൾ അകൽച്ചയിലായിരുന്നു. ഞാൻ ജനിച്ചതോടെ അവരുടെ പിണക്കങ്ങളെല്ലാം മാറി. സ്നേഹത്തിലും സന്തോഷത്തിലുമാണ് പിന്നീട് ഞങ്ങളുടെ കുടുംബം. ഓണവും വിഷുവും പെരുന്നാളുമെല്ലാം വീട്ടിൽ ഒരേപോലെ ആഘോഷിക്കും.

നോമ്പും അത്തരത്തിൽ തന്നെയായിരുന്നു. ഞാനും അനിയത്തിയും പലപ്പോഴും നോമ്പെടുക്കാറുണ്ട്. ഉപ്പയുടെ ഉമ്മ തറവാട്ടിലാണ് ഉണ്ടാവുക. അവർ നന്നായി വിഭവങ്ങളുണ്ടാക്കും. വീട്ടിലെ നോമ്പുതുറ ദിവസം അമ്മയുടെയും ഉപ്പയുടെയും വീട്ടുകരെല്ലാം ഒന്നിക്കും.

ശരിക്കുമൊരു ആഘോഷമാണ് അന്ന്. അമ്മമ്മയും(അമ്മയുടെ അമ്മ) ഉമ്മമ്മ (ഉപ്പയുടെ ഉമ്മ)യുമൊക്കെ ഒരുമിച്ചിരിന്ന് നോമ്പ് തുറക്കുന്നത് ഒരുപാട് സന്തോഷത്തോടെ ഞാൻ നോക്കിനിൽക്കും. അമ്മമ്മയുടെ വീട്ടിലും നോമ്പുതുറ വെക്കും. ഉമ്മുമ്മയും ഉപ്പയുടെ കുടുംബക്കാരുമൊക്കെ ആ നോമ്പുതുറക്കും സജീവമായിരിക്കും.

വ്യത്യാസമൊന്നുമില്ലാതെ എല്ലാ വീടുകളിലും മാറി മാറി നോമ്പുതുറയും പെരുന്നാളും മറ്റ് ആഘോഷങ്ങളുമൊക്കെ പ്ലാൻ ചെയ്യും. രസകരമായ മറ്റൊരു കാര്യം, കോളജിൽ പഠിക്കുമ്പോൾ നോമ്പുകാലത്ത് കോളജ് ഒരു മണിക്കൂർ നേരത്തേ കഴിയും. അന്ന് ഒരു മണിക്കൂർ നേരത്തേ വീട്ടിലെത്താമല്ലോ എന്ന സന്തോഷത്തിൽ നോമ്പുകാലത്തിനുവേണ്ടി കാത്തിരിക്കാറുണ്ട്.

വീട്ടിലെത്തിയാൽ പലഹാരങ്ങൾ ഉണ്ടാക്കുന്നുണ്ടാവും. നോമ്പില്ലെങ്കിൽ അതൊക്കെ രുചിയോടെ കഴിക്കും. വല്ലാത്തൊരു ചേലാണ് നോമ്പ് ദിനങ്ങൾക്കും പെരുന്നാൾ ആഘോഷങ്ങൾക്കും. പ്രോഗ്രാം തിരക്കിലായതിനാൽ ഇത്തവണത്തെ പെരുന്നാളിന് വീട്ടിലുണ്ടാവില്ലല്ലോ എന്ന സങ്കടം ഇപ്പോൾതന്നെ എന്നെ വല്ലാതെ അലട്ടുന്നുണ്ട്.

ത​യാ​റാ​ക്കി​യ​ത്​: എസ്. മൊയ്തു

Tags:    
News Summary - Ummamma's fasting and Ammamma's too

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.