കളനാട്ടെ ജമാഅത്ത് പള്ളിയിൽനിന്നുള്ള ആരവങ്ങൾക്കിടയിൽ ഉമ്മയുടെ ഓർമകൾ അലയടിച്ചുവന്നു, കണ്ണു നിറഞ്ഞു. ഉമ്മയുടെ ഖബർ അവിടെയാണ്. കാളവണ്ടി പള്ളിയുടെ മുന്നിൽക്കൂടി കടന്നുപോകുമ്പോൾ ഓർത്തു, സ്വർഗത്തിലും പെരുന്നാളാഘോഷമുണ്ടാകുമോ? അങ്ങനെയാണെങ്കിൽ ഞങ്ങളെ ഓർത്ത് ഉമ്മ സങ്കടപ്പെടുന്നുണ്ടാവുമോ... ഉമ്മയുടെ ഓർമകളെ തഴുകിത്തലോടി യാത്ര തുടർന്നു. പുത്തനുടുപ്പിൽ കണ്ണീരിന്റെ നനവ് പടർന്നു
അഞ്ചാം ക്ലാസിൽ പഠിക്കുന്ന പെരുന്നാൾദിനം. മൂത്ത ഇത്തയെ ഭർതൃവീട്ടിൽ പോയി കൂട്ടാൻ ഉപ്പ ഏൽപിച്ചത് എന്നെയാണ്. അന്നത്തെ അങ്ങനെയുള്ള യാത്രകളായിരുന്നു മനസ്സിന്റെ വേലിയേറ്റത്തോളമുള്ള സന്തോഷങ്ങൾ. സന്തോഷിക്കാൻ കാരണങ്ങളേറെയുണ്ട്. ഒന്ന്, കടൽ കാണാം. മറ്റൊന്ന്, കാളവണ്ടിയാത്രയും. മറ്റു സഹോദരങ്ങൾക്ക് കിട്ടാത്ത ഭാഗ്യം ഇത്തവണ എനിക്ക് കിട്ടിയതിന്റെ സന്തോഷം പോകുന്നതിന്റെ തലേന്നാളത്തെ ഉറക്കംകെടുത്തി.
പിറ്റേന്ന് കാളവണ്ടിയാത്രയുടെ സ്വപ്നത്തിലായിരുന്നു ഞാൻ. സുബ്രമണ്യത്തുനിന്ന് കൊമ്പുകൾക്ക് വെളുത്ത പെയിന്റടിച്ച് കൊണ്ടുവന്ന മാങ്ങാട്ടെ കൊട്ടേട്ടന്റെ കാളവണ്ടിയിലാണ് യാത്ര. തന്നെ ഇതിന് ചുമതലപ്പെടുത്തിയതിൽ കുശുമ്പുകൊണ്ട് ഇത്ത അയയിൽനിന്ന് തന്റെ പെരുന്നാൾ കുപ്പായം താഴെ വലിച്ചിട്ടതെല്ലാം ഇപ്പോൾ ചിരിക്കാനുള്ള ഓർമകൾ സമ്മാനിക്കും. പിറ്റേന്ന് രാവിലെ പെരുന്നാക്കുപ്പായമിട്ട് പള്ളിയിൽപോയി തിരിച്ചെത്തിയപ്പോഴേക്കും കൊട്ടേട്ടനും കാളവണ്ടിയും റെഡിയാണ്. ഇനി രാജകീയ യാത്ര.
നല്ല ഉയരവും ശരീരപുഷ്ടിയുമുള്ള കാളകൾ കൊമ്പുകുലുക്കി നിൽക്കുന്നത് കാണാൻതന്നെ ഗരിമയാണ്. വയ്ക്കോലെടുത്ത് കൊട്ടേട്ടൻ കാളകളെ തീറ്റിക്കുന്നതും ഇടക്കിടെ അവയുടെ മുതുകിൽ തട്ടി ഉഷാറാക്കുന്നതും കൗതുകത്തോടെ ഞാനന്ന് നോക്കിനിന്നിട്ടുണ്ട്. പിറകുവശത്ത് കർട്ടൻകൊണ്ട് മറച്ചിരിക്കുന്നതിനുള്ളിലെ യാത്രയിൽ വീശിയടിച്ച കാറ്റിൽ എന്റെ പുത്തനുടുപ്പ് ഇളകിയാടുന്നത് ഞാനാസ്വദിച്ചു. ചോയിച്ചിങ്കൽ ഇറക്കമെത്തിയതോടെ കൊട്ടേട്ടൻ കാളയുടെ മൂക്കുകയറിൽ വലിച്ചുപിടിച്ച് പിൻചക്രത്തെ ബന്ധിക്കുന്ന കയറിൽ ചവിട്ടി വണ്ടിയുടെ വേഗം കുറക്കുന്നത് അറിയാമായിരുന്നു.
യാത്രയിൽ കളനാട്ടെ ജമാഅത്ത് പള്ളിയിൽ പെരുന്നാൾ നമസ്കാരം കഴിഞ്ഞ് പോകുന്നവരുടെ ആരവം കേൾക്കാമായിരുന്നു. കളനാട്ടെ ജമാഅത്ത് പള്ളിയിൽനിന്നുള്ള ആരവങ്ങൾക്കിടയിൽ ഉമ്മയുടെ ഓർമകൾ അലയടിച്ചുവന്നു, കണ്ണുനിറഞ്ഞു. ഉമ്മയുടെ ഖബർ അവിടെയാണ്. കാളവണ്ടി പള്ളിയുടെ മുന്നിൽക്കൂടി കടന്നുപോകുമ്പോൾ ഓർത്തു, സ്വർഗത്തിലും പെരുന്നാളാഘോഷമുണ്ടാകുമോ? അങ്ങനെയാണെങ്കിൽ ഞങ്ങളെ ഓർത്ത് ഉമ്മ സങ്കടപ്പെടുന്നുണ്ടാവുമോ... ഉമ്മയുടെ ഓർമകളെ തഴുകിത്തലോടി യാത്ര തുടർന്നു. പുത്തനുടുപ്പിൽ കണ്ണീരിന്റെ നനവ് പടർന്നു.
ഇടുവുങ്കാൽ രക്തേശ്വരിക്ഷേത്രവും കടന്ന് ഇടവഴിയിലെത്തി. കയറ്റം കഴിഞ്ഞ് കുന്നിന്മുകളിലെത്തിയപ്പോൾ കടൽക്കാറ്റ് വീശാനും തുടങ്ങി. റെയിൽപാതക്കരികിലെത്തിയപ്പോൾ എന്നോട് ഇറങ്ങിക്കോളാൻ കൊട്ടേട്ടൻ പറഞ്ഞു. അതിനപ്പുറം വണ്ടി പോകില്ലത്രെ. തിരിച്ചെത്തുന്നതുവരെ വണ്ടി കാത്തുനിൽക്കും.
ഒറ്റക്ക് കുന്നിറങ്ങി. പുത്തൻ സാരിയുടുത്ത് മാങ്ങാട്ടേക്കുവരാൻ തയാറായിനിൽക്കുന്ന ഇത്തയെ കണ്ടു. അവിടത്തെ ഉമ്മ എന്നെ നടുമുറിയിൽ ഇരുത്തി നെയ്യപ്പവും പഴം പൊരിച്ചതും തന്നു. ഉമ്മയുടെ കണ്ണിൽ നിറയെ കരുണയാണ്. എല്ലാ ഉമ്മമാരും അങ്ങനെയാണ്, കരുണയും കരുതലും ആവോളം വിളമ്പിത്തരും.
ഇത്തയെയും കൂട്ടി മടക്കയാത്ര ആരംഭിച്ചപ്പോൾ സൂര്യൻ പടിഞ്ഞാറോട്ടു ചാഞ്ഞുതുടങ്ങിയിരുന്നു. ഞങ്ങളെയും കാത്ത് ഉപ്പയുടെ നേതൃത്വത്തിൽ ഒരുസംഘം നിൽക്കുന്നു. ഇത്തയെ കണ്ടതോടെ ആച്ചിബി പിണക്കം മറന്ന് ഉത്സാഹത്തിലായി. സന്ധ്യയായതോടെ കമ്പിത്തിരിവെളിച്ചത്തിൽ പെരുന്നാളാഘോഷം സമാപിച്ചു.
തയാറാക്കിയത്: ഷബിൻരാജ് മട്ടന്നൂർ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.