വല്യക്ക കൊണ്ടുവന്ന പെരുന്നാൾ കുപ്പായം

പുണ്യ റമദാന്റെ മാസപിറവി കണ്ടാൽ എന്റെ ഉമ്മാക്ക് സന്തോഷത്തോടൊപ്പം ഖൽബിൽ സങ്കടവും പൊന്തിവരും. മുപ്പത് നാൾ എങ്ങനെയാണ് എന്റെ കുട്ട്യൾക്ക് നോമ്പ് തുറക്കാൻ ഞാൻ വയറ് നിറയെ കൊടുക്കുക റബ്ബേ എന്ന ആധിയായിരിക്കും ഉമ്മാക്ക്. മുപ്പത് വർഷം പഴക്കമുള്ള ഓർമയാണ്. അന്ന് ഇല്ലായ്മയുടെ ഇരുളിൽ മക്കളെയും കൊണ്ട് ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ഉപ്പ പ്രയാസപ്പെടുന്ന നാളുകളായിരുന്നു. റമദാനിലെ അവസാനത്തെ ദിവസങ്ങളാണ്. കൂട്ടുകാർക്കെല്ലാം പെരുന്നാൾ കുപ്പായമെല്ലാം എടുത്ത് കഴിഞ്ഞിരിക്കുന്നു. എനിക്കും എന്റെ അനുജന്മാർക്കും എടുത്തിട്ടില്ല. രാത്രി ഉമ്മ കോലായിൽ ഇരുന്ന് മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ ഖുർആൻ ഓതുന്ന സമയം ഞാൻ ഉമ്മാടെ അരികിൽ ചേർന്നിരുന്നു. എന്നിട്ട് പെരുന്നാൾ കുപ്പായം കിട്ടാത്തതിന്റ സങ്കടത്തിന്റെ കെട്ട് ഞാൻ ഉമ്മാക്ക് മുന്നിൽ അഴിച്ചു.

എന്റെ കരച്ചിലും പറച്ചിലും കേട്ടതോടെ ഉമ്മാടെ ഖുർആൻ ഓത്ത് പാതി വഴിയിൽ നിലച്ചു. എന്റെ മുഖത്ത് നോക്കാതെ ഉമ്മ മുറ്റത്തെ ഇരുട്ടിലേക്ക് നോട്ടം നീട്ടി എറിഞ്ഞു. കരയണ്ട എന്തെങ്കിലും വഴിയുണ്ടാകും, ഇനിയും ഇല്ലേ പെരുന്നാളിന് നാല് ദിവസം കൂടി. പടച്ചോൻ എന്തെങ്കിലും വഴി കാണിച്ച് തരും. മൂപ്പർക്ക് അറിയാലോ നമ്മുടെ കയ്യിൽ ഒന്നും ഇല്ലാന്ന്. ഉമ്മാടെ വാക്കുകൾക്ക് ഉത്തരം കൊടുക്കാതെ ഉമ്മാടെ അരികിൽ നിന്നും ഞാൻ എഴുന്നേറ്റു. പെരുന്നാളിന് കിട്ടുമെന്ന് ഉറപ്പില്ലാത്ത പുതിയ കുപ്പായവും സ്വപ്നം കണ്ട് ഞാൻ അനുജന്മാരോടൊപ്പം ഉറക്ക പായയിലേക്ക് ചെരിഞ്ഞു.

പിറ്റേന്ന് സ്കൂൾ വിട്ട് വീട്ടിൽ എത്തിയ ഞാൻ കാണുന്നത് വീടിന്റ മുറ്റത്ത് കിടക്കുന്ന ഒരു ജീപ്പാണ്. വീടിന്റെ അകത്തേക്ക് ഓടി കയറിയ ഞാൻ കണ്ടത് വല്യക്ക എന്ന് ഞങ്ങൾ സ്നേഹത്തോടെ വിളിക്കുന്ന ഉമ്മാടെ മൂത്ത ആങ്ങളയെയാണ്. അധികം വൈകാതെ തന്നെ വല്യക്ക താൻ ഇറങ്ങുകയാണെന്ന് ഉമ്മാട് പറഞ്ഞു. പോകുന്ന സമയം വെള്ള കുപ്പായം ഉയർത്തി, അരയിലെ പച്ചനിറമുള്ള ബെൽറ്റിന്റെ കീശയിൽ നിന്നും കുറച്ച് പൈസ എടുത്ത് ഉമ്മാടെ കയ്യിൽ കൊടുത്തു.

ജീപ്പ് മുറ്റത്ത് നിന്നും ദൂരേക്ക് മാഞ്ഞു. ഉമ്മ ഞങ്ങളോട് പറഞ്ഞു -നോമ്പ് തുറക്കാൻ ഇനിയും സമയം ഉണ്ട്, വായോ. കുപ്പായം മേടിക്കാൻ പോകാമെന്ന്. വളരെ സന്തോഷത്തോടെ ആ പെരുന്നാളിന് ഞങ്ങൾ പുത്തൻ ഉടുപ്പുകൾ ഇട്ട് പള്ളിയിൽ പോയി. പെരുന്നാൾ നമസ്കാരം കഴിഞ്ഞ് തിരിച്ച് വീട്ടിൽ എത്തിയ എനിക്ക് മനസിലായി, ഉപ്പയും ഉമ്മയും ഉടുത്ത വസ്ത്രങ്ങൾക്ക് നിറം തീരെ കുറവായിരുന്നു എന്ന്.

Tags:    
News Summary - ramdan- bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.