​റൗലബി ഉമ്മ

നൂറംഗങ്ങളുള്ള തറവാട്ടിലെ പിരിശം

നൂറോളം കുടുംബാംഗങ്ങളുണ്ടായിരുന്ന തന്റെ വീട്ടിലെ ചെറിയ പെരുന്നാൾ ആഘോഷമാണ് റൗലബി ഉമ്മയുടെ മനസ്സിലിപ്പോഴും. കണ്ണൂരിലെ കൂട്ടുകുടുംബത്തിന്റെ ഊഷ്മളതയിൽനിന്ന് ബഹ്റൈനിന്റെ സ്നേഹത്തിലേക്ക് അടുത്തിടെയാണ് ഉമ്മ കുടിയേറിയത്. പവിഴദ്വീപിന്റെ സ്നേഹവാത്സല്യങ്ങൾ ആവോളം അനുഭവിച്ചുവരുകയാണ്. അടുത്തടുത്തുള്ള പള്ളികളും നോമ്പുതുറകളും സൗഹൃദക്കൂട്ടായ്മകളും വ്യത്യസ്തമായ അനുഭവമാണ്. ഇപ്പോൾ താമസിക്കുന്ന മരുമകൻ ഫസലുൽ ഹഖിന്റെ അദിലിയയിലെ വീടിന്റെ മുറ്റത്ത് ചെടികളും മരങ്ങളുമൊക്കെയുണ്ട്. അതുകൊണ്ടുതന്നെ പ്രവാസഭൂമിയിലാണെന്ന തോന്നലൊന്നുമില്ല. എങ്കിലും പെരുന്നാളാകുമ്പോൾ കണ്ണൂർസിറ്റിയിലെ ആനയിടുക്ക് റെയിൽവേ ഗേറ്റിനടുത്ത് തലയുയർത്തി നിൽകുന്ന ഇബ്രാഹിം മൻസിലിലേക്ക് മനസ്സൊന്നു പായും.

കണ്ണൂക്കരയിലായിരുന്നു കുട്ടിക്കാലമെങ്കിലും അധികം താമസിയാതെ ഉപ്പയുടെ ഇബ്രാഹിം മൻസിലിലേക്ക് താമസം മാറി. പിന്നെ അവിടെയായിരുന്നു ജീവിതത്തിലേറെക്കാലവും. ഉപ്പുക്ക എന്ന് നാട്ടിലും വീട്ടിലും അറിയപ്പെടുന്ന ഉപ്പക്ക് പലചരക്ക് പീടികയായിരുന്നു. ഇന്നും ആ കട അവിടെയുണ്ട്. ബന്ധുക്കളാണ് നടത്തുന്നത്. വളരെയധികം ദയാലുവും സ്നേഹസമ്പന്നനുമായിരുന്ന ഉപ്പ, ഉമ്മയുടെ സഹോദരിമാരുടെ ഭർത്താക്കൻമാർ മരിച്ചപ്പോൾ ആ കുടുംബങ്ങളെയുൾപ്പെടെ വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. ഓരോ വർഷം ചെല്ലുന്തോറും വലുതായിക്കൊണ്ടിരുന്ന കുടുംബം. അമ്പതിലധികം കിടക്കകൾ തന്നെയുണ്ട്. താഴെയും മുകളിലുമായി 12 മുറികളാണ് വീട്ടിലുണ്ടായിരുന്നത്. പിന്നീട് ചുറ്റും അറകൾ വർധിച്ചുവന്നു. ഓരോ നിക്കാഹും കഴിയുമ്പോൾ അറകളുടെ എണ്ണം കൂട്ടേണ്ടി വരും. ചെമ്പിലാണ് അന്ന് ചോറ് വെക്കുന്നത്. പെരുന്നാൾ ആകുമ്പോൾ ആ ചെമ്പ് ബിരിയാണിച്ചെമ്പായി മാറുമെന്നു മാത്രം.

നോമ്പുകാലത്തു മാത്രമാണ് അന്ന് കാരക്ക കാണുന്നത്. ഒരു കാരക്ക പല കഷണങ്ങളാക്കിയാണ് നോമ്പു​ തുറക്കാൻ തരുന്നത്. കൂടെ നാരങ്ങവെള്ളം മാത്രമാണുണ്ടായിരിക്കുക. ഉപ്പക്ക് മാത്രം സ്‍പെഷലായി ഒരു തക്കാളി പിഴിഞ്ഞ് തക്കാളി ജ്യൂസ് കൊടുക്കും. അംഗങ്ങൾ കൂടുതലായതുകൊണ്ടുതന്നെ നോമ്പുതുറക്കൊരുക്കുന്ന പത്തിരിയും കറിയുമൊന്നും പലപ്പോഴും തികയാറില്ല. പക്ഷെ, ആരും അതിൽ പരിഭവിക്കുകയൊന്നുമില്ല. ഉള്ളതുകൊണ്ട് സമാധാനിക്കും. പരിഭവത്തിനുള്ള അവസരം ഉപ്പുക്ക ഒരുക്കിയിരുന്നില്ല എന്നതാണ് ശരി. ഒരു തരത്തിലുള്ള വഴക്കും പിണക്കവും ഉപ്പുക്ക അനുവദിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ കൂട്ടുകുടുംബത്തിൽ അലോസരങ്ങൾക്ക് അവസരമുണ്ടായിരുന്നില്ല.

 

ഇബ്രാഹിം മൻസിൽ

​ജോലികൾ ഓരോരുത്തർക്കും വീതം വെച്ച് നൽകിയിരുന്നു. എന്റെ ഉമ്മയാണ് അത് നിർവഹിച്ചിരുന്നത്. ഉമ്മയുടെ കാലശേഷം ഞാനായി അത് നിർവഹിക്കേണ്ടയാൾ. എനിക്ക് പത്തിരിയുണ്ടാക്കലായിരുന്നു സ്ഥിരമായി ലഭിച്ചിരുന്ന ജോലി. അതിന് ഞങ്ങൾ മൂന്നു നാലു പേരുണ്ടാകും. മറ്റൊരു ഗ്രൂപ് കറിയുണ്ടാക്കും. അങ്ങനെയങ്ങ​നെ... തൂണിയലക്കാൻ മൂന്ന് നാലു പേരുണ്ടാകും. ഒരാൾ വെള്ളം കോരും. മറ്റൊരാൾ തുണി കല്ലിലടിക്കും. അടുത്തയാൾ പിഴിയും. ജോലികൾ ഒരുമിച്ചാണ് ചെയ്തിരുന്നത് എന്നതിനാൽ അത് കഠിനമായി തോന്നിയിരുന്നില്ല.

നോമ്പുകാലമാകുമ്പോൾ ‘ഉഠോ ബാബ’മാർ ദഫ്മുട്ടി പാട്ടുപാടി വരും. ഇവർ ഉത്തരേന്ത്യയിൽനിന്ന് അക്കാലത്ത് കുടുംബമായാണ് എത്തുന്നത്. അർധരാത്രിക്കുശേഷം വീടുകളിലെത്തി അത്താഴത്തിനായി വീട്ടുകാരെ ഉണർത്തുന്നവരായതുകൊണ്ടാണ് അവർക്ക് ഉഠോ ബാബമാർ എന്ന പേര് വന്നത്. അത് പറഞ്ഞുപറഞ്ഞ് ഠോ ബാബ ആയി മാറി. മാസം കണ്ടുകഴിഞ്ഞാൽ ഫിത്വർ സകാത്തിന്റെ അരി വാങ്ങാനായി ധാരാളം പാവങ്ങളെത്തും. അന്ന് പെരുന്നാൾ അറിയുന്നതൊക്കെ അർധരാത്രിക്കുശേഷമാണ്. പിറ കണ്ടാൽ അത് ഫോൺകാൾ വഴിയൊക്കെ അറിഞ്ഞറിഞ്ഞ് വരുമ്പോൾ അർധരാത്രി കഴിയും. അതിനുശേഷം വേണം ഒരുക്കങ്ങൾ തുടങ്ങാൻ. ഉറക്കമില്ലാത്ത രാത്രിയായിരിക്കും അത്. വീടിനടുത്തുള്ള പറമ്പിൽ അറുക്കാനുള്ള ഉരുക്കളെ നിർത്തിയിട്ടുണ്ടാകും. പെരുന്നാൾ ഉറപ്പിച്ചാൽ മാത്രമേ അറുക്കുകയുള്ളൂ. രാവിലെ പുട്ടും നല്ല എരിവുള്ള ഇറച്ചിക്കറിയുമാണ് പെരുന്നാൾ വിഭവം. ഉച്ചക്ക് ​ബിരിയാണിയും. അന്ന് കോഴിയിറച്ചിയൊന്നുമില്ല. ബിരിയാണി പെരുന്നാളുകൾക്ക് മാത്രമുള്ള വിഭവമാണ്. സമൂസ, പഴം നിറച്ചത്, പഴംപൊരി തുടങ്ങിയവയുണ്ടാകും. നോമ്പുകാലത്ത് സകാത്ത് കിട്ടും. 25, 50 പൈസയൊക്കെയാണ് കിട്ടുക. അങ്ങനെയിരിക്കുമ്പോൾ ഒരിക്കൽ ഉപ്പയുടെ കസിൻ വന്നപ്പോൾ രണ്ടു രൂപ സകാത്തു കിട്ടി. 68 വർഷം മുമ്പാണ്. അന്നത് വലിയ തുകയാണ്. പുതുപുത്തൻ നോട്ടാണ്. വളരെക്കാലം അത് സൂക്ഷിച്ചുവെച്ചിരുന്നു. പെരുന്നാളിന് മൈലാഞ്ചിയിടും. അന്ന് മൈലാഞ്ചിയില പറിച്ച് കല്ലിലിട്ടരച്ച് കൈയിലിടുകയാണ്. എല്ലാവരും ​ചേർന്ന് മൈലാഞ്ചിയിടുന്നതൊക്കെ വലിയ സന്തോഷമാണ്.

അടുത്തകാലം വരെ ഇബ്രാഹിം മൻസിലിൽ തന്നെയായിരുന്നു താമസം. മക്കളൊക്കെ പലയിടങ്ങളിലായി. കാലം മാറിയതോടെ കുടുംബത്തിലുണ്ടായിരുന്നവരൊ​ക്കെ സ്വന്തം വീടുവെച്ച് മാറിത്താമസിച്ചു. അങ്ങനെ കുടുംബത്തിലെ അംഗസംഖ്യ കുറഞ്ഞുകുറഞ്ഞു വന്നു. അവസാനം ഒറ്റക്കാകുമെന്ന അവസ്ഥ വന്നപ്പോഴാണ് ബഹ്റൈനിലുള്ള മകളുടെ വീട്ടിലേക്ക് വന്നത്. കുടുംബാംഗങ്ങൾ പലയിടത്തായി എങ്കിലും കുടുംബത്തിലെ ഏറ്റവും മുതിർന്നയാൾ എന്ന നിലക്ക് എല്ലാവരും എല്ലാദിവസവും ഫോണിൽ വിളിക്കുകയും സുഖവിവരങ്ങൾ അന്വേഷിക്കുകയും ചെയ്യും. അന്നത്തെ ആ ബന്ധത്തിന്റെ ശക്തിയാണത്. കാലം മാറിയായും ബന്ധങ്ങൾ ശക്തമായി തുടരുന്നു. ബഹ്റൈനിലെ പെരുന്നാൾ പുതിയ അനുഭവമാണ്. പ്രാർഥനാനിരതമാകാനും മറ്റുമൊക്കെ കൂടുതൽ സൗകര്യം ഇവിടെയുണ്ട്. സ്നേഹസമ്പന്നരായ സ്വദേശികളുടെയും പ്രവാസികളുടെയും കരുതലും വാത്സല്യവും അനുഭവിക്കുന്നു. എങ്കിലും മനസ്സിപ്പോഴും ഇബ്രാഹിം മൻസിൽ എന്ന കൂട്ടുകുടുംബത്തിന്റെ ഉള്ളിലാണെന്ന് എഴുപത്തിയഞ്ച് കഴിഞ്ഞ റൗലബിയുമ്മ പറഞ്ഞു നിർത്തുമ്പോൾ കേട്ടിരിക്കുന്നവരുടെ മനസ്സിലും വർണങ്ങൾ വിടർത്തുന്നു, ആ പെരുന്നാൾക്കാലം.

Tags:    
News Summary - Love in a family with a hundred members

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-10 06:48 GMT