ഈദുല്‍ ഫില്‍റ്റര്‍

രാഷ്ട്രീയത്തടവുകാരനായ ഉപ്പ വായിച്ചറിയാന്‍ മക്കള്‍ ജയിലിലേക്കയച്ച കത്തുകളുണ്ട് പില്‍ക്കാലത്ത് ബോസ്നിയയുടെ പ്രസിഡന്റായി മാറിയ അലിയാ ഇസ്സത്ത് ബഗോവിച്ചിന്റെ ജയില്‍ കുറിപ്പുകളുടെ പുസ്തകത്തില്‍. ഒരു കത്തില്‍ മകന്‍ ബാകിര്‍ ജയിലിലേക്കെഴുതിയ ഒരു വിശേഷമിതാണ്, 'എല്ലാ ദിവസവും കാര്‍സിജ മാർക്കറ്റിലേക്ക് ഞാനൊന്നു നടക്കും, അങ്ങനെ ചെയ്തില്ലെങ്കില്‍ അന്നത്തെ ദിവസം ജീവിച്ചിട്ടില്ലെന്ന തോന്നലാണെനിക്ക്'. മറ്റൊരാള്‍ക്ക് നോക്കിയാല്‍ ആഴം അറിയാനാവാത്ത കിണറുകളാണ് മനുഷ്യാനുഭവം, നിസ്സാരമെന്നു തോന്നുന്ന ഒരുനുഭവം അനുഭവസ്തന് നിര്‍ണായകമായിരിക്കാം, ജീവിക്കുക മാത്രമല്ല, ജീവിക്കുന്നതായി അവരവര്‍ക്കു തോന്നുകയെന്നതും മനുഷ്യര്‍ക്ക് മുഖ്യമാണ്, വളരെ ചെറിയ കാര്യങ്ങളിലൂടെ ആളുകളതു സാധിക്കുന്നു.

വീട്ടില്‍വന്ന കൂട്ടുകാരന് മകളെ പരിചയപ്പെടുത്തിയ ശേഷം അവളുടെ ഫോട്ടോകള്‍ കാണിക്കാന്‍ തുടങ്ങിയ പിതാവിനെക്കുറിച്ച് എഴുതിയിട്ടുണ്ട് കല്‍പറ്റ നാരായണന്‍. തൊട്ടുമുമ്പു നേരിട്ടുകണ്ട അവളല്ല, വിരുന്നുകാരന്‍ കാണണമെന്നു വീട്ടുകാരനാഗ്രഹിക്കുന്ന അവള്‍ ആ ഫോട്ടോകളിലാണുള്ളതെന്നു ധരിക്കുന്നൂ അയാള്‍, ആ ഒരാള്‍ നമ്മളെല്ലാവരുമാണ്. എല്ലാവര്‍ക്കും അവനവനെയും പ്രിയപ്പെട്ടവരെയും ആശിക്കുന്ന അഴകില്‍ തെളിഞ്ഞുകാണണം. മൊബൈല്‍ ഫോണുകള്‍ക്ക് കാമറ വന്നതോടെയാണ് അനുഭവങ്ങളെ ഫോട്ടോയെടുത്തു, തെളിമയുള്ള ഓർമദൃശ്യമാക്കി സൂക്ഷിക്കുക മനുഷ്യരുടെ ദൈനം ദിനരീതിയായത്. അതൊരു ശീലമായി, ഫോണില്‍ ഓർമയുടെ ആപ്പുകള്‍ തുരുതുരെ വന്നു. 2012ല്‍ മൊബൈല്‍ ഫോണുകള്‍ക്ക് ഫ്രണ്ട് കാമറകൂടി വന്നതോടെ, സെല്‍ഫികളായി ആളുകള്‍ എടുക്കുകയും പങ്കിടുകയും ചെയ്യുന്ന ഓർമ, ഈ പെരുന്നാളും എല്ലാവരും ആഘോഷിക്കുന്ന ഒരുവിധം സെല്‍ഫികളായിരിക്കും. ഫില്‍റ്ററിട്ടെടുത്ത സ്വന്തം പ്രതിച്ഛായകളിലൂടെ ഒരു ഈദുല്‍ ഫിത്ർ.

സ്റ്റോറികളും റീലുകളും തിരതല്ലുന്ന പെരുന്നാള്‍ രാപകലുകള്‍. നോമ്പിന്റെയും പെരുന്നാളിന്റെയും സത്ത അതിലെ ഒത്തുചേരലുകളും കൂട്ടുപ്രാർഥനകളും സാമൂഹികതയുമാണ്. ഈ സാമൂഹികതയുടെ പാരമ്യമാണ് പെരുന്നാള്‍. അതു സഫലമാക്കാന്‍ പുതുകാലരീതികള്‍ വേണം പുതുതലമുറക്ക്. ആ സാഫല്യമാണ് പെരുന്നാള്‍ സെല്‍ഫികള്‍ പകരുന്നത്. മൊബൈല്‍ ഫോണുകള്‍ മനുഷ്യശരീരത്തിലെ ഒരവയവമായിത്തീര്‍ന്ന കാലത്തെ സുന്നത്തായ മുസാഫഹത്ത് (ആലിംഗനം) സെല്‍ഫികളാണെന്ന് ഇന്ന് എല്ലാവരും ധാരണയായി. സെല്‍ഫികള്‍ കാഴ്ചവെക്കുന്നത് ജീവിതത്തിലെ ഓരോ നിമിഷവും എത്ര വിലപ്പെട്ടതാണെന്ന സത്യത്തെക്കൂടിയാണ്.

പണ്ടത്തെ പെരുന്നാളോർമകളില്‍ ഈദാശംസകള്‍ നേരുന്നതിനായി അച്ചടിച്ചുവെച്ച ലഘുലേഖകളുണ്ട്. വിദ്യാർഥി, യുവജന പ്രസ്ഥാനങ്ങളും പ്രാദേശിക കൂട്ടായ്മകളും കലാവേദികളുമെല്ലാം ചെറുകുറിപ്പും നിലാക്കീറിന്റെ ചിത്രണവുമുള്ള ഈദാശംസകള്‍ അച്ചടിപ്പിക്കും, അതിലൊരു മിഠായി കൂടി പിന്നിപ്പിടിപ്പിച്ചാണു പെരുന്നാളിനു വിതരണം ചെയ്യാറ്. ഈദാശംസകള്‍ അച്ചടിക്കുന്ന കാലം കഴിഞ്ഞുപോയി. ഈദാശംസ നേരാന്‍ പണ്ടച്ചടിച്ചിരുന്ന ലഘുലേഖകള്‍ക്കു സമാനമാണ് ഇന്നത്തെ സ്റ്റോറികളും റീലുകളും. മുസ്‍ലിംകളുടെ ആത്മീയയാത്രയിലേക്കും ആഘോഷങ്ങളിലേക്കും അനുഭൂതിപ്രപഞ്ചത്തിലേക്കും തുറന്നിട്ട കിളിവാതില്‍ക്കാഴ്ചകള്‍ അവയിലെല്ലാമുണ്ട്. മുസ്‍ലിം ജീവിതരീതികളുമായും അതിന്റെ പ്രകാശനങ്ങളുമായും സഹവസിക്കാന്‍ സഹോദര സമുദായങ്ങളെ സഹായിക്കുന്നുമുണ്ടത്. ഫില്‍ട്ടറുകള്‍ സാധ്യമാക്കുന്ന സൗന്ദര്യവർധക സഹായങ്ങള്‍ ഈ സാംസ്‌കാരിക വിനിമയത്തെ കൂടുതല്‍ ആകര്‍ഷകവുമാക്കുന്നു. കഴിഞ്ഞ രണ്ടു ദശകങ്ങളായി സ്മാര്‍ട്ട് ഫോണുകള്‍ ജീവിതത്തിന്റെയെന്നപോലെ ആഘോഷങ്ങളുടെയും മുഖച്ഛായ മാറ്റുകയാണ്. ഇന്‍സ്റ്റഗ്രാമാണ് തലമുറകളുടെ ഇഷ്ടഗ്രാമമിന്ന്. സ്റ്റോറികളും റീലുകളും തീര്‍ക്കുന്ന നോമ്പും പെരുന്നാളുമാണവിടെ. നാട്ടിന്‍പുറത്തെ പെരുന്നാളുകേറാമൂലയില്‍ നിന്നൊരാള്‍ക്ക് ലോകത്തോട് സംസാരിക്കാം, ലോകത്തെ പാടിക്കേള്‍പിക്കാം. വയനാട്ടിലെ സല്‍മാന് കുട്ടിക്കാലത്തെ നോമ്പിന് ഉമ്മയെ തവാഫ് ചെയ്തതിന്റെ ഓമയില്‍ റമദാന്‍ റാപ്പുമായി വന്ന് പുതിയ കാലത്തിന്റെ ഉറുദി പറയാം. തൊടുക്കുമ്പോള്‍ ഒന്നും പതിക്കുമ്പോള്‍ ആയിരവുമായി മാറുന്ന പുരാണത്തിലെ അമ്പ് പോലെയാണ് റീലുകള്‍, ചെന്നു കൊള്ളേണ്ടിടത്തെല്ലാം എത്തുമത്.

ഇസ്‍ലാമോഫോബിയയുടെ കാലത്ത് മുസ്‍ലിം ആയിരിക്കുക എന്നതും, സങ്കീർണവും സങ്കരവുമായ സമൂഹങ്ങളില്‍ മുസ്‍ലിംകള്‍ തമ്മിലും സഹോദര മതസ്ഥരുമായും ബന്ധംസ്ഥാപിക്കുകയെന്നതും എളുപ്പമാക്കുന്നുണ്ട് റീലുകളും സെല്‍ഫികളുമെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഉംറക്കും ഹജ്ജിനുമെത്തുന്ന വിശ്വാസികളുടെ സെല്‍ഫികളെ കുറിച്ചുള്ള ടൊറന്റോ യൂനിവേഴ്സിറ്റിയുടെ പഠനത്തില്‍ (Holy Selfies: Performing Pilgrimage in the Age of Social Media) തമ്മിലറിയാത്ത മനുഷ്യരുമായി സെല്‍ഫികള്‍ സംഭാഷണത്തിലേര്‍പ്പെടുന്നതും മുസ്‍ലിംകളുടെ ജീവിത മുഹൂര്‍ത്തങ്ങളിലേക്കവ ജാലകം തുറക്കുന്നതും അപരത്വത്തിന്റെ വിരി നീക്കുന്നതും എങ്ങനെയെന്ന് വിശദീകരിക്കുന്നതു വായിക്കാം. ഫോണിന്റെ മുഖപ്പിലേക്ക് വിരുന്നായെത്തുകയാണ് ദൃശ്യങ്ങള്‍. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ മുസ്‍ലിംകള്‍ അവശേഷിപ്പിക്കുന്ന അടുപ്പത്തിന്റെ അടയാളങ്ങളായവ പ്രവര്‍ത്തിക്കുന്നു. മാനത്ത് ചന്ദ്രക്കല തെളിയുന്നതിന്റെയും മിനാരങ്ങളില്‍ മിന്നിത്തെളിയുന്ന നിറങ്ങളുടെയും മുന്നാമ്പുറത്ത് നിന്ന്, വീടുകളില്‍ പെരുന്നാളലങ്കാരങ്ങള്‍ക്കൊപ്പം, പെരുന്നാള്‍ നമസ്കാരം കഴിഞ്ഞിറങ്ങുന്നേരം എന്നിങ്ങനെ ഇടതടവില്ലാതെ എടുക്കുന്ന ഫോട്ടോകളും വിഡിയോകളും അതിരുഭേദങ്ങളെയും ലിംഗഭേദങ്ങളെയും മറികടന്നാണ് ലക്ഷ്യത്തിലെത്തുന്നത്.

മുഖം തിരിഞ്ഞുനില്‍ക്കുന്ന ലോകത്തിനു അഭിമുഖം വന്നു നിന്നുകൊണ്ട് അവ അതതു ജനതകളുടെ സന്തോഷം മാത്രമല്ല, ദുഃഖവും പ്രകടിപ്പിക്കുകയാണ്. ഫലസ്തീനിലെ വംശഹത്യ ചെയ്യപ്പെടുന്ന ജനതയുടെ റീലുകളും സ്റ്റോറികളും വെറെന്താണ് നമ്മെ ധരിപ്പിക്കുന്നത്. ആളുകള്‍ അവനവനിലേക്കുമാത്രം ചുരുങ്ങിപ്പോകുന്നതാണ് സെല്‍ഫികളുടെ മറുപുറം. ഇഹലോക ജീവിതം പലദിക്കിലും ദുരിതപൂര്‍ണമായിരിക്കുകയും ലോകം മൗനം പാലിക്കുകയും ഒന്നും സംഭവിക്കാത്തതുപോലെ പെരുമാറുകയും ചെയ്യുന്നതാണതിലെ ആപൽസൂചന. ഏറ്റവും വലിയ ആഘോഷത്തിനും പ്രാർഥനകള്‍ കൊണ്ട് ചാരുതയേകുന്ന ഇസ്‍ലാം, വിശ്വാസികളെ പ്രാപ്തരാക്കുന്നത് പ്രാർഥനകളോടെ ഭൂമിയെ നോക്കാനാണ്. ലോകത്തെയാകെ ആശ്ലേഷിക്കുന്ന, വിശ്വാസത്തിന്റെ ഒരു സെല്‍ഫി ഭാവന ചെയ്യാം നമുക്ക്. ഭൂമിയിലാകെ നല്ല പെരുന്നാളും നല്ല വരുംനാളുകളും നേരാം.

Tags:    
News Summary - eid-ul-fitr-Memory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.