ലോകത്ത് ജിഹാദിനോളം തെറ്റിദ്ധരിക്കപ്പെട്ട മറ്റൊരു പദവും ഉണ്ടെന്ന് തോന്നുന്നില്ല. ഇസ്ലാമിക സമൂഹത്തിനകത്തും പുറത്തും അതിനെ നന്നായി മനസ്സിലാക്കിയവർ തുച്ചമാണ്. യുദ്ധങ്ങളിലൂടെയും മറ്റും ബലാൽക്കാരമായി ഇസ്ലാം മതത്തിലേക്ക് ആളെക്കൂട്ടുന്ന പ്രക്രിയയാണ് ജിഹാദെന്നാണ് പലരും ധരിച്ചിരിക്കുന്നത്. അനാചാരങ്ങൾക്കും അധാർമികതകൾക്കുമെതിരിലും അക്രമങ്ങൾക്കും അധീശത്വങ്ങൾക്കുമെതിരിലും വിശ്വ മാനവികതയുടെയും സാർവലൗകിക സാഹോദര്യത്തിന്റെയും സംസ്ഥാപനത്തിനായി ദൈവിക മാർഗത്തിലുള്ള സമ്പൂർണ സമർപ്പണവും ത്യാഗ പരിശ്രമങ്ങളുമാണ് ജിഹാദുകൊണ്ടുദ്ദേശിക്കുന്നത്. അതിനൊരിക്കലും വർഗീയമോ ദേശീയമോ ആയ മാനങ്ങളില്ല.
സ്വന്തത്തോടുള്ള സമരത്തെ ജിഹാദിന്റെ ഭാഗമായിട്ടാണ് ഇസ്ലാം കണക്കാക്കുന്നത്. ഒരിക്കൽ ഒരു ധർമസമരംകഴിഞ്ഞ് മടങ്ങിയ പ്രവാചകന് അനുചരന്മാരോട് പറഞ്ഞു: ‘‘നാം ചെറിയൊരു ജിഹാദിൽനിന്ന് വലിയൊരു ജിഹാദിലേക്ക് കടക്കാൻ ഒരുങ്ങുകയാണ്’’. അനുയായികൾ ചോദിച്ചു: ‘‘ഏതാണ് ആ വലിയ ജിഹാദ്?’’ നബി തിരുമേനി പറഞ്ഞു: ‘‘സ്വന്തം ശരീരത്തോടുള്ള ജിഹാദാണത്’’. റമദാനിലെ വ്രതാനുഷ്ഠാനം ഇത്തരമൊരു വിശുദ്ധ യുദ്ധമാണ്. വ്രതാനുഷ്ഠാനത്തിലൂടെ ഓരോ വിശ്വാസിയും തന്നിലെ ജന്തുസഹജമായ താൽപര്യങ്ങളെ കീഴ്പ്പെടുത്തുകയും ആത്മസംസ്കരണവും ആത്മനിയന്ത്രണവും നേടിയെടുക്കുകയും ചെയ്യുന്നു.
‘‘അതിക്രമകാരിയായ ഭരണാധികാരിയുടെ മുഖത്തുനോക്കി സത്യം വിളിച്ചുപറയലും ജിഹാദാണ്’’ എന്ന നബിവചനം ലോകത്തെവിടെയുമുള്ള ജനസമൂഹങ്ങൾക്ക് ഭരണകൂട ഭീകരതകൾക്കെതിരെ ശബ്ദിക്കാനും പ്രതികരിക്കാനുമുള്ള പ്രചോദനം നൽകുന്നു. എന്നാൽ, അതെല്ലാം വ്യവസ്ഥാപിതവും നന്മയിലും നീതിയിലുമധിഷ്ഠിതവുമായ മാർഗങ്ങളിലൂടെയായിരിക്കണമെന്ന് ഇസ്ലാമിന് കൃത്യമായ നിർദേശമുണ്ട്.
പീഡിത സമൂഹങ്ങൾക്ക് നീതി ലഭ്യമാക്കുന്നതിനായി പോരാടേണ്ടത് മതത്തിന്റെ നിർബന്ധ ബാധ്യതയായിട്ടാണ് ഇസ്ലാം കണക്കാക്കുന്നത്. ‘‘ദൈവിക സരണിയിൽ സമരം ചെയ്തു വധിക്കപ്പെടുകയോ വിജയിക്കുകയോ ചെയ്യുന്നവന് നാം മഹത്തായ പ്രതിഫലം നൽകുകതന്നെ ചെയ്യും. പീഡിതരും അടിച്ചമർത്തപ്പെട്ടവരുമായ പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുംവേണ്ടി പോരാടാതിരിക്കാൻ എന്തുണ്ട് ന്യായം’’ എന്ന് ഖുർആൻ ചോദിക്കുന്നു. നീതി നിഷേധിക്കപ്പെടുന്നവർക്കായി ശബ്ദിക്കലും പോരാടേണ്ടതും വിശ്വാസികളുടെ ജീവിതത്തിന്റെ ഭാഗമായി അടയാളപ്പെടുത്തുകയാണിവിടെ. കോളനിവാഴ്ചകൾക്കെതിരെ ഇന്ത്യയിൽ നടന്ന പോരാട്ടങ്ങളും ഇസ്രായേൽ അധിനിവേശത്തിനെതിരെ ഫലസ്തീൻ ജനത നടത്തിക്കൊണ്ടിരിക്കുന്ന അതിജീവനത്തിനായുള്ള ചെറുത്തുനിൽപുകളും ഇതിന്റെ ഭാഗംതന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.