ദുബൈ സിലിക്കൺ ഒയാസിസിലെ സ്ഥാപനത്തിന് മുൻപിൽ അണിയിച്ചൊരുക്കിയ ക്രിസ്മസ് പാപ്പയും ക്രിസ്മസ് ട്രീയും
ദുബൈ: പ്രവാസലോകത്തും ക്രിസ്മസ് ആഘോഷത്തിന് തുടക്കം. ശനിയാഴ്ച ഉച്ചക്കും വൈകിട്ടും രാത്രിയും വിവിധ പള്ളികളിൽ ക്രിസ്മസ് ശുശ്രൂഷകൾ നടന്നു. ഞായറാഴ്ച പുലർച്ച മുതൽ രാത്രി വരെ നീണ്ടുനിൽക്കുന്ന ചടങ്ങുകളും പള്ളികളിൽ സംഘടിപ്പിച്ചിട്ടുണ്ട്. ഇതിന് പുറമെ, കുടുംബാംഗങ്ങളും അയൽക്കാരും സുഹൃത്തുക്കളുമെല്ലാം പ്രവാസലോകത്ത് ഒത്തുചേരുന്ന ദിവസം കൂടിയാണ് ഇന്ന്.
ഇക്കുറി ക്രിസ്മസ് ഞായറാഴ്ച എത്തിയത് പ്രവാസികൾക്ക് അനുഗ്രഹമായി. ഞായറാഴ്ച വാരാന്ത്യ അവധിയായി പ്രഖ്യാപിച്ച ശേഷമുള്ള ആദ്യ ക്രിസ്മസാണിത്. അതിനാൽ തന്നെ, പ്രവാസികൾക്ക് കുടുംബത്തോടും കൂട്ടുകാർക്കുമൊപ്പം ആഘോഷിക്കാനുള്ള അവസരമാകും ക്രിസ്മസ് ദിനം. ഇതിനകം ദീർഘദൂര ട്രിപ്പുകൾ പലരും പ്ലാൻ ചെയ്തുകഴിഞ്ഞു. ചൂട് കുറഞ്ഞതിനാൽ വിനോദ സഞ്ചാരികളുടെ എണ്ണം വർധിക്കും. പുതുവൽസരവും ക്രിസ്മസും ഒരുമിച്ചാഘോഷിക്കുന്ന രീതിയിലാണ് ദുബൈയിലെയും ഷാർജയിലെയും വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പരിപാടികൾ ഒരുക്കിയിട്ടുള്ളത്.
ക്രിസ്മസും ന്യൂഇയറും അടുത്തെത്തിയ സമയത്ത് തന്നെ ദുബൈ ഷോപ്പിങ് ഫെസ്റ്റിവലും ആരംഭിച്ചത് ദുബൈ നഗരം അലങ്കാര വെളിച്ചത്തിൽ മുങ്ങാൻ കാരണാമായിരിക്കയാണ്. എക്സ്പോ സിറ്റിയിലും ഗ്ലോബൽ വില്ലേജിലും ധാരാളം പരിപാടികൾ വരും ദിവസങ്ങളിൽ സംഘടിപ്പിക്കുന്നുണ്ട്. കഴിഞ്ഞ വർഷം കോവിഡ് മഹാമാരിയുടെ ആശങ്ക പൂർണ്മായും മാറിയിരുന്നില്ല. അതിനാൽ തന്നെ ആഘോഷത്തിന് പൊലിമ കുറവായിരുന്നു.
ഇത്തവണ നിയന്ത്രണങ്ങൾ പൂർണമായും നീക്കിയ സാഹചര്യത്തിൽ കുടുംബങ്ങൾ സന്തോഷത്തിലാണ്. വിവിധ പള്ളികളുടെ നേതൃത്വത്തിൽ കരോളുകളും മലയാള കൂട്ടായ്മകളുടെ നേതൃത്വത്തിൽ മറ്റു ആഘോഷ പരിപകാടികളും ദിവസങ്ങൾക്ക് മുമ്പേ തന്നെ ഒരുക്കിയിരുന്നു. ലോകകപ്പ് ഫുട്ബാളിൽ അലിഞ്ഞതിനാൽ പ്രവാസ ലോകവും വൈകിയാണ് ക്രിസ്മസ് ആഘോഷത്തിലേക്ക് കടന്നത്.
എങ്കിലും, ഫുട്ബാളുമായി കൂട്ടിക്കലർത്തിയാണ് പലയിടത്തും ആഘോഷങ്ങൾ നടക്കുന്നത്. അർജന്റീനൻ പതാകയുടെ നിറത്തിലുള്ള കേക്ക്, മെസ്സിയുടെ ചിത്രമുള്ള നക്ഷത്രം തുടങ്ങിയവയെല്ലാം വിപണിയിൽ സജീവമാണ്. യഥാർഥ മിശിഹയുടെ ജൻമദിനം ആഘോഷിക്കുമ്പോഴും ഫുട്ബാളിന്റെ മിശിഹയെ ചേർത്തുപിടിക്കുകയാണ് അവർ. ഫ്ലാറ്റുകളിലും വില്ലകളിലും നക്ഷത്രങ്ങൾ നേരത്തെ ഇടം പിടിച്ചിരുന്നു. ക്രിസ്റ്റ്യോനോ, നെയ്മർ, എംബാപ്പെ എന്നിവക്ക് പുറമെ അവതാറും നക്ഷത്രപ്പട്ടികയിലുണ്ട്.
ക്രിസ്മസ് ട്രീക്ക് ഇക്കുറി ആവശ്യക്കാർ വർധിച്ചതായി സ്ഥാപന ഉടമകൾ പറയുന്നു. വിവിധ പരിപാടികൾ നടക്കുന്നതിനാൽ ക്രിസ്മസ് പാപ്പായുടെ വേഷവും വിറ്റുപോകുന്നുണ്ട്. കരോൾ ഗാന മത്സരവുമായി വിവിധ കൂട്ടായ്മകൾ രംഗത്തുണ്ട്. വിവിധ എമിറേറ്റിലുള്ള കുടുംബങ്ങൾ ഇന്ന് എവിടെയെങ്കിലും ഒത്തുചേർന്ന് ക്രിസ്മസ് ആഘോഷിക്കും. സ്കൂളുകൾക്ക് അവധിക്കാലമായതിനാൽ നാട്ടിലേക്ക് പോയവരും കുറവല്ല. എങ്കിലും, ഭൂരിപക്ഷം പ്രവാസികളും ഇവിടെ തന്നെയാണ് ക്രിസ്മസ് ആഘോഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.