???????? ??????
നാല്‍പത് വര്‍ഷത്തെ പ്രവാസത്തിനുശേഷം  ജബ്ബാറിക്ക പത്നി സൗദയുടെ കൈയുംപിടിച്ച് ഖത്തറില്‍നിന്ന് മടങ്ങി. എങ്കിലും ഇനിയും പത്നിക്കൊപ്പം യാത്ര തുടരണം. പുതിയ കാഴ്ചകള്‍ക്കും അനുഭവങ്ങള്‍ക്കും വേണ്ടിയുള്ള ദാഹവുമായി എത്രയെത്ര രാജ്യങ്ങളിലൂടെ സകുടുംബം സഞ്ചരിച്ച ആ മനുഷ്യന്‍െറ ആഗ്രഹമാണിത്. എന്നാല്‍, മണലാരണ്യത്തില്‍ മലയാളികള്‍ അടക്കമുള്ളവര്‍ ഈ ദമ്പതികളുടെ മടങ്ങിപ്പോക്കില്‍ വേദനിക്കുന്നു. ഇത്രയും കാലം അവരുടെ ജീവിതത്തിന്‍െറ നല്ളൊരു പങ്കും മറ്റുള്ളവരുടെ സുഖദു:ഖങ്ങള്‍ക്കുവേണ്ടി കൂടിയായിരുന്നു എന്നതാണതിന്‍െറ ഏറ്റവും ലളിതമായ കാരണം.

ഖത്തറിന്‍െറ വെള്ളിയാഴ്ച വൈകുന്നേരങ്ങളില്‍ ചില മലയാളി കൂട്ടായ്മകളുടെ നടുത്തളങ്ങളിലേക്ക് ജബ്ബാറിക്കയും പത്നി സൗദയും കൈയില്‍ സുഗന്ധം പേറുന്ന പാത്രങ്ങളും പേറി ഒരു വരവുണ്ടായിരുന്നു. മധുരം പാകത്തിനുള്ള പായസമാകാം അത്. അല്ലെങ്കില്‍ കോഴിബിരിയാണിയോ നല്ല അസ്സല്‍ കോഴിക്കോടന്‍ മധുരപലഹാരങ്ങളോ. ചില  സാംസ്കാരിക സംഘടനകളുടെ പരിപാടികളില്‍ മുന്‍കൂട്ടി അറിയിപ്പ് ഉണ്ടായിരിക്കും. ജബ്ബാറിക്കയും സൗദത്തയും പരിപാടിക്ക് വരുന്നുണ്ട്. അവര്‍ വന്നിട്ടേ മടങ്ങിപ്പോകാവൂ എന്നൊരു അദൃശ്യമായ അറിയിപ്പ് ഉള്ളതുപോലെ. ആരും പരിപാടി തീരുംമുമ്പേ സ്ഥലം വിടാതിരിക്കാനുള്ള സംഘാടകരുടെ ഒരു തന്ത്രംകൂടിയാണ്. പക്ഷേ, സൗദത്തയും ഭര്‍ത്താവും വരുന്നത് പാതിരാത്രി വരെ താമസിച്ചാലും കാത്തിരിക്കാന്‍ ഖത്തറില്‍ മലയാളികള്‍ അടക്കമുള്ളവര്‍ തയാറായിരുന്നു.  കാരണം അതൊരു രുചിപ്പെയ്ത്താണ്.

കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി ഖത്തറിലെ മലയാളികള്‍ അനുഭവിച്ച വാത്സല്യം കലര്‍ന്ന രുചിയും സ്നേഹവും നന്മയും ഒക്കെയാണ് ആ രണ്ടുപേരുകള്‍. പൊതുചടങ്ങുകളില്‍ അവര്‍ എപ്പോഴും കൈനിറയെ എന്തെങ്കിലുമൊക്കെയായി വന്നുകയറും. മറ്റുള്ളവരെ തീറ്റിക്കുന്നതിലും സ്നേഹിക്കുന്നതിലും സാഫല്യം കണ്ടെത്തുന്ന ദമ്പതികള്‍. അവര്‍ എപ്പോഴും തിരക്കിലാണ്. മറ്റുള്ളവരുടെ കാര്യങ്ങള്‍ക്കായി ഓടിച്ചാടി നടക്കുന്ന ജബ്ബാറിക്കയെയും പത്നിയെയും ഇതെഴുതുന്നയാള്‍ ആദ്യമായി കണ്ടത് ഖത്തറിലെ വക്റ ബീച്ചില്‍വെച്ച് ഒരു പുലര്‍ച്ചെയാണ്. ബീച്ചിലെ മാലിന്യങ്ങള്‍ പെറുക്കിക്കളഞ്ഞ് വൃത്തിയാക്കാന്‍ വന്ന ഖത്തര്‍ ചാരിറ്റിയുടെ കീഴിലുള്ള ഫ്രണ്ട്സ് കള്‍ചറല്‍ സെന്‍ററിന്‍െറ വളന്‍റിയര്‍മാരായി മക്കള്‍ക്കൊപ്പം അവര്‍ രണ്ടുപേരും ഓടിനടക്കുന്നു. അപ്പോള്‍ സമയം പുലര്‍ച്ചെ അഞ്ചരയായിരുന്നു. ക്ലീനിങ്ങിനുശേഷം കൈയില്‍ കരുതിയിരുന്ന മധുരപലഹാരം പകുത്തുകൊടുത്തശേഷം മടങ്ങിപ്പോയപ്പോഴും ആ രണ്ടുപേരുടെയും മുഖം മനസ്സില്‍നിന്ന് പോയില്ല. ആ പോയവര്‍ ആരാണെന്ന് ചോദിച്ചപ്പോഴാണ് കൂട്ടത്തിലുണ്ടായിരുന്ന മൊയ്തീന്‍ സാഹിബ് പറഞ്ഞത്, അവര്‍ ആരെന്ന് ചോദിച്ചാല്‍ ആരാണെന്ന് പറഞ്ഞുതരാന്‍ പെട്ടെന്ന് അല്‍പം വിഷമമുണ്ട്. പക്ഷേ, അവര്‍ ഞങ്ങളുടെ എല്ലാം എല്ലാമാണ്.

പിന്നീട് അവരെ ഖത്തറിലെ പല സ്ഥലത്തുവെച്ചും കണ്ടു. പലയിടത്തും അവര്‍ക്ക് പല റോളുകളാണെന്നതും കൗതുകം വര്‍ധിപ്പിച്ചു. ഒരിടത്ത് നടന്ന സാംസ്കാരിക പരിപാടിയില്‍ ജബ്ബാറിക്ക രക്ഷാധികാരിയാണ്. അടുത്ത പരിപാടി സ്ഥലത്തുവെച്ച് കണ്ടപ്പോള്‍ അദ്ദേഹം മൈക്ക് ഓപറേറ്ററുടെ ചുമതലയാണ് വഹിക്കുന്നത്. മറ്റൊരിടത്ത് വേദിയിലെ അതിഥിയും. സൗദത്തയുടെ കഥയും അങ്ങനെതന്നെ. അടുത്തിടെ, മീഡിയവണിലെ എം80 മൂസയിലെ താരങ്ങളായ വിനോദ് കോവൂരിനും സുരഭിക്കും സ്വീകരണം നല്‍കുന്ന ചടങ്ങിനിടയിലും കണ്ടു. താന്‍ ഉണ്ടാക്കിയ പായസവും കേക്കും ഒക്കെ കൊണ്ടുവന്ന് അതിഥികളെ കഴിപ്പിക്കുന്നത്. പിന്നെ കുട്ടികളുടെ അവധിക്കാല ശില്‍പശാലയില്‍. കള്‍ചറല്‍ ഫോറത്തിന്‍െറ നേതൃത്വത്തില്‍ നടന്ന ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷ വേദിയില്‍. അങ്ങനെയങ്ങനെ.

ജബ്ബാറിക്കയെയും സൗദത്തയെയും കുറിച്ച് പലരോടും ചോദിച്ചു. അവരെല്ലാം ഓരോ കഥകള്‍ പറഞ്ഞു. അതില്‍ എല്ലാം സ്നേഹവായ്പ് ആകാശത്തോളം ഉയര്‍ന്നുനിന്നു. അഗാധമായ ആത്മബന്ധം നിഴലിച്ചുനിന്നിരുന്നു. അത് എങ്ങനെ സാധ്യമാകുന്നുവെന്ന് ചിന്തിക്കുന്നത് സ്വാര്‍ഥതയുടെ ചങ്ങലകള്‍ നമ്മുടെ ഉള്ളില്‍ ഒച്ചപ്പാടുകള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുന്നതു കൊണ്ടാകണം. ആശുപത്രികളില്‍ അവരെത്തുന്നു. അനാഥരായ രോഗികളെ കാരുണ്യത്തോടെ പരിചരിക്കുന്നു. അജ്ഞാത ശവശരീരങ്ങളുടെ അരികില്‍പ്പോലും അന്ത്യകര്‍മങ്ങള്‍ക്കായി അവര്‍ പോകുന്നു. അവരുടെ ലോകം വലുതാണ് ഭായീ... അതിനെക്കുറിച്ച് പറഞ്ഞാല്‍ കുറെയേറെ രാപ്പകലുകള്‍ പറയാന്‍ കാണുമെന്ന് പറഞ്ഞത് മറ്റൊരു മലയാളി സുഹൃത്ത്. മണല്‍ഭൂമിയില്‍ വന്ന് ഉരുകിയൊലിച്ച് പണിയെടുക്കുകയും അതുകൊണ്ട് മറ്റൊരു ലോകം കെട്ടിപ്പടുക്കാന്‍ സ്വപ്നം കാണുകയും ചെയ്യുന്നവര്‍ക്കിടയില്‍ ഇവര്‍ തീര്‍ച്ചയായും വ്യത്യസ്തരാണ്. കാരണം അവരുടെ ഉള്ളിലും മുന്നിലും എന്നും മറ്റുള്ളവരുടെ ചിന്തകളും ലോകവുമായിരുന്നു.

റജ ഗരോഡി, പത്നി സല്‍മ ഗരോഡി എന്നിവരുമായി സൗദ അഭിമുഖം നടത്തുന്നു
 


കപ്പലില്‍ വന്നത് 21ാം വയസ്സില്‍
പൊന്നാനി സ്വദേശി കോലക്കാട് അബ്ദുല്‍ ജബ്ബാര്‍ 1976ല്‍ തന്‍െറ 21ാം വയസ്സിലാണ് ഖത്തറിലെത്തുന്നത്. ചായക്കട നടത്തുന്ന മുഹമ്മദ്കുട്ടിയുടെ 14 മക്കളില്‍ ഒരാളായ ജബ്ബാര്‍ പത്താംക്ളാസ് വിദ്യാഭ്യാസവുമായാണ് കപ്പലിലെ ആറു ദിവസത്തെ യാത്രക്കുശേഷം കറാച്ചി വഴി ദുബൈയിലൂടെ ഖത്തറിലത്തെുന്നത്. മെക്കാനിക്കല്‍ എക്യുപ്മെന്‍റ് ഡിപ്പാര്‍ട്മെന്‍റിലായിരുന്നു ആദ്യത്തെ നിയമനം. തുടര്‍ന്ന് ജബ്ബാര്‍ ഇലക്ട്രിസിറ്റി ഡിപ്പാര്‍ട്മെന്‍റിലേക്ക് മാറുകയായിരുന്നു. ഓവര്‍ടൈം ഉള്‍പ്പെടെ ലഭിക്കുന്ന ശമ്പളം 1200ഓളം വരുമായിരുന്നു. അതെല്ലാം അപ്പാടെ ഉപ്പക്ക് അയച്ചുകൊടുത്തു. കഠിനാധ്വാനം നടത്തുന്ന പിതാവിന്‍െറ ജോലിഭാരം കുറക്കുകയായിരുന്നു ഉദ്ദേശ്യം. മൂന്ന് സഹോദരന്മാര്‍ ഇതിനിടെ പ്രവാസികളായി തീര്‍ന്നിരുന്നു. 1980ലായിരുന്നു വിവാഹം. സഹോദരന്‍െറ പത്നിയുടെ അനുജത്തിയായ പൊന്നാനിക്കാരി സൗദയായിരുന്നു വധു. 1984, 1986 വര്‍ഷങ്ങളില്‍ സൗദയും വിസിറ്റിങ് വിസയില്‍ ഖത്തറിലത്തെി. 1988ല്‍ സ്ഥിരം വിസയും കിട്ടി. അവിടെനിന്നുമാണ് ജബ്ബാര്‍-സൗദ ദമ്പതികള്‍ ഖത്തറിലുള്ള പലരുടെയും ഹൃദയത്തില്‍ നന്മ പരത്താന്‍ തുടങ്ങിയത്. ആദ്യകാലത്ത് ജബ്ബാര്‍ ജോലിക്ക് പോകുമ്പോള്‍ വീട്ടില്‍ ഒറ്റക്കുള്ള സൗദക്ക് കൂട്ട് അയല്‍ക്കാരികളായ സുഡാനി സ്ത്രീകളായിരുന്നു. ഭാഷയും സംസ്കാരവും ഒക്കെ വിഭിന്നമായിരുന്നിട്ടും ആദ്യ ദിനങ്ങളില്‍തന്നെ അയല്‍പക്കത്തെ സ്ത്രീകള്‍ സൗദയെ സ്നേഹിച്ചു തുടങ്ങി.

അവര്‍ തങ്ങളുടെ വീട്ടിലേക്ക് കൊണ്ടുപോയി ഭക്ഷണം വിളമ്പിക്കൊടുത്തു. പിന്നെ തലമുടി അലങ്കരിച്ചും സുഗന്ധങ്ങള്‍ പൂശിക്കൊടുത്തും സൗഹൃദം കൊടുക്കുകയും വാങ്ങുകയും ഒക്കെ ചെയ്തുകൊണ്ടിരുന്നു. ആദ്യകാലത്ത് ഏറ്റവും കൂടുതല്‍ ആത്മബന്ധം പുലര്‍ത്തിയിരുന്ന ഒരു അയല്‍ക്കാരിയുണ്ടായിരുന്നു അവര്‍ക്ക്. സുഡാനിക്കാരിയായ ‘ക്നായ’ക്ക് സൗദയോട് തന്‍െറ നാട്ടിലുള്ള ഏറ്റവും അടുത്ത കൂട്ടുകാരിയോടുള്ള സ്നേഹവായ്പ്പ് സൗദയോടും ഉണ്ടായി. അതിനുള്ള കാരണം എന്തെന്ന് ഇന്നും അവര്‍ക്ക് അറിയില്ല. ക്നായയുടെ ഭര്‍ത്താവ്  ജോലിക്ക് പോകുമ്പോള്‍ അവള്‍ സൗദയെ തിരക്കി വരും. രണ്ടുപേര്‍ക്കും സംസാരിച്ചാലൊന്നും മനസ്സിലാകില്ല. അതുകൊണ്ട് ആംഗ്യം കാണിച്ചും ചിരിച്ചും ഒക്കെയാണ് ആശയവിനിമയം. പോരാന്‍ നേരം സൗദ തന്‍െറ അടുക്കളയിലേക്ക് ഭക്ഷണം കഴിക്കാന്‍ ക്നായയെ ക്ഷണിക്കും. ഒരിക്കല്‍ ബിരിയാണി വിളമ്പിയപ്പോള്‍ ക്നായ ആംഗ്യം കാട്ടി അദ്ഭുതത്തോടെ ആസ്വാദിച്ച് കഴിച്ചു. ഒരിക്കല്‍  ക്നായ ഓടി വരുന്നു. തന്‍െറ വീട്ടിലെ പാചകവാതകം തീര്‍ന്നുപോയിരിക്കുന്നു. ഒഴിഞ്ഞ സിലിണ്ടറും തലയിലേറ്റി താന്‍ മുമ്പെ നടന്നു. ക്നായ പിന്നാലെയും. പാചകവാതക ഷോറൂം അന്വേഷിച്ചാണ് പോകുന്നത്. ദോഹയിലെ ജനത്തിരക്കേറിയ സ്ഥലത്തുകൂടെ പോകുമ്പോഴാണ് തന്നെ പലരും ശ്രദ്ധിക്കുന്നത് സൗദ ശ്രദ്ധിച്ചത്. അടുക്കളയില്‍നിന്ന വേഷത്തില്‍ ആയിരുന്നല്ലോ കൂട്ടുകാരിയുടെ ആവലാതി കേട്ട് ഇറങ്ങിത്തിരിച്ചത്. കരിയും അഴുക്കും പുരണ്ട വസ്ത്രങ്ങളാണ് തന്‍റേത്. എന്നാലും വിഷമം തോന്നിയില്ല. ക്നായക്ക് പാചകവാതകം കിട്ടണം. ഇല്ലെങ്കില്‍ അവളുടെ ഭര്‍ത്താവ് വരുമ്പോള്‍ എങ്ങനെ അവള്‍ ഭക്ഷണം കൊടുക്കും.

ഏഴു തവണ വീടുകള്‍ മാറി താമസിക്കേണ്ടിവന്ന ഈ ദമ്പതികള്‍ക്ക് ഓരോ വീട്ടുപരിസരവും നൂറുകണക്കിന് സൗഹൃദങ്ങള്‍ നേടിക്കൊടുത്തു. സ്വദേശികളും വിദേശികളും ഒക്കെ അവരുമായി സൗഹൃദത്തിലാകാന്‍ ഏറെ താമസമൊന്നും വേണ്ടിവന്നില്ല. മറ്റുള്ളവര്‍ക്ക് സഹായങ്ങള്‍ ചെയ്തുകൊടുക്കാന്‍ ഇവര്‍ കാണിക്കുന്ന താല്‍പര്യമായിരുന്നു മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. മുമ്പ് ഖത്തറിലെത്തുന്ന മലയാളികളില്‍ പലര്‍ക്കും വിവിധ പ്രശ്നങ്ങള്‍ നേരിടുന്നത് അറിഞ്ഞാല്‍ ഇവര്‍ തങ്ങളാല്‍ കഴിയുന്ന സഹായങ്ങളുമായി അവിടേക്ക് കുതിക്കും. സ്വന്തമായി കാര്‍ വാങ്ങിയതു പോലും അതിനാണെന്ന് സുഹൃത്തുക്കള്‍ തമാശയായി പറയാറുണ്ടായിരുന്നെന്ന് ഇവര്‍ ഓര്‍ക്കുന്നു. പിന്നെ ടെറസിലെ പച്ചക്കറികൃഷി. കത്തുന്ന ചൂടത്തും അതൊക്കെ വളര്‍ത്താനും വിളയിക്കാനും അവര്‍ക്ക് നല്ല മിടുക്കാണ്. ജൈവ പച്ചക്കറികള്‍ വിളവെടുക്കുമ്പോള്‍ എല്ലാവര്‍ക്കും സമ്മാനിക്കുകയും ചെയ്യും.

90കളില്‍ ഖത്തറില്‍ ഇന്നത്തെപ്പോലെ ജനത്തിരക്കില്ല. മലയാളികള്‍ ഇന്നത്തെപ്പോലെ കുടിയേറിയിട്ടുമില്ല. അന്ന് ഏതെങ്കിലും മലയാളികള്‍ വന്നിട്ടുണ്ടെന്ന് അറിഞ്ഞാല്‍ ഇവര്‍ അങ്ങോട്ടുപോയി പരിചയപ്പെടും. എന്തെങ്കിലും ആവശ്യങ്ങള്‍ ഉണ്ടെങ്കില്‍ പറയണമെന്ന് പറയും. കഴിയുന്നിടത്തോളം സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ ശ്രമിക്കും. ഇതിനിടയിലാണ് ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍െറ പ്രവര്‍ത്തനങ്ങളുമായി ഇവര്‍ മുന്നിട്ടിറങ്ങുന്നത്. അതിന്‍െറ വനിതാ വിഭാഗത്തിന്‍െറ നേതൃത്വത്തിലേക്ക് സൗദത്തയുമെത്തി. അതോടെ ഒഴിവുവേളകളില്‍ കൂടുതല്‍ സേവന പ്രവര്‍ത്തനങ്ങള്‍ക്കായി ഇറങ്ങിത്തിരിച്ചു. ആശുപത്രികളിലും ലേബര്‍ ക്യാമ്പുകളിലും ഒക്കെ ഇവര്‍ കാരുണ്യവുമായി കടന്നുചെന്നു. അനാഥരുടെ അടക്കമുള്ള മയ്യിത്തുകള്‍ കുളിപ്പിക്കുന്നതിലും അവര്‍ മടി കാണിച്ചില്ല. സഹോദര മതസ്ഥയുടെ മയ്യിത്ത് കുളിപ്പിച്ച അനുഭവവും സൗദത്തക്ക് പറയാനുണ്ട്. അതിനൊപ്പം അവര്‍ക്ക് പറയാനുള്ളത് ഖത്തരികളുടെ നന്മയെക്കുറിച്ചാണ്. പാവങ്ങളെയും മറ്റും സഹായിക്കാന്‍ ഖത്തരികള്‍ കാട്ടുന്ന മനസ്സ് പലര്‍ക്കും മാതൃകയാണെന്നും അവര്‍ എടുത്തുപറയുന്നു.

ജബ്ബാർ
 


പുതിയ ഇടങ്ങളിലേക്ക് പോകുമ്പോള്‍
യാത്രകളായിരുന്നു ഇവരുടെ ഏറ്റവും ഇഷ്ടപ്പെട്ട ഘടകങ്ങളിലൊന്ന്. തുര്‍ക്കി, ജോര്‍ഡന്‍, മലേഷ്യ, സിംഗപ്പൂര്‍, കുവൈത്ത് ഒഴിച്ചുള്ള ജി.സി.സി രാജ്യങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഇവര്‍ കുടുംബത്തോടൊപ്പം സഞ്ചരിച്ചു. ജി.സി.സി രാജ്യങ്ങളില്‍ പലതും പോയത് സ്വന്തം വാഹനത്തിലും. അതുകാരണം കൂടുതല്‍ അനുഭവങ്ങള്‍ ഉണ്ടായി. ജോര്‍ഡനിലെ യാത്രക്കിടയില്‍ ടെന്‍റില്‍ കഴിയുന്ന ആ രാജ്യക്കാരായ കുടുംബക്കാരെ കണ്ടതും അവരുടെ ദാരിദ്ര്യത്തിന്‍െറ ആഴം അറിഞ്ഞതും ഒക്കെ മുന്‍ധാരണകളെ തിരുത്തി. സൗദി അറബ്യേയില്‍ പോയപ്പോള്‍ ദമ്മാമിന് അടുത്തുവെച്ച് പൊടിക്കൊടുങ്കാറ്റില്‍പ്പെട്ട് എല്ലാം അവസാനിച്ചെന്ന് കരുതിയതും ഒക്കെ യാത്രക്കിടയിലെ അനുഭവങ്ങളില്‍പെടുന്നു. മറക്കാനാകാത്ത അനുഭവങ്ങളിലൊന്നാണ് സൗദത്ത ഫ്രഞ്ചുകാരനും മുന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായിരുന്ന റജ ഗരോഡിയെയും പത്നി സല്‍മ ഗരോഡിയെയും ‘ആരാമം മാസിക’ക്കായി ഇന്‍റര്‍വ്യൂ ചെയ്യാന്‍ പോയത്. ഖത്തറിലെ പ്രമുഖ പത്രപ്രവര്‍ത്തകന്‍ മുഹമ്മദ് പാറക്കടവ് ആയിരുന്നു അതിന് വഴിയൊരുക്കിക്കൊടുത്തത്. ആ അഭിമുഖ നിമിഷങ്ങളും അവരുമായി ചെലവിട്ട നിമിഷങ്ങളും ഇന്നും ഓര്‍മയിലുണ്ട് ഇരുവര്‍ക്കും. അതിനൊപ്പം ഖത്തറില്‍ കഴിഞ്ഞ കാലങ്ങളില്‍ ഉള്‍ഗ്രാമങ്ങളിലേക്കും മണല്‍ഭൂമിയിലേക്കും അവര്‍ യാത്രകള്‍ ചെയ്തുകൊണ്ടിരുന്നു. ഇടയന്മാരെയും ഒറ്റപ്പെട്ടവരെയും കാണുമ്പോള്‍ അവര്‍ വാഹനം നിര്‍ത്തി ഭക്ഷണവും വസ്ത്രങ്ങളുമൊക്കെ നല്‍കുമായിരുന്നു. അതില്‍ വര്‍ഷങ്ങള്‍ക്കുമുമ്പുള്ള ഒരു അനുഭവമുണ്ട്.

മണലാരണ്യത്തില്‍ ആടുജീവിതം നയിക്കുന്ന ഒരു മലയാളിയെക്കുറിച്ചറിഞ്ഞ് പോയതാണത്. ദോഹയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയായി മണല്‍ക്കാട്ടിലായിരുന്നു അയാളുടെ താവളം. അവിടെ ചെല്ലുമ്പോള്‍ കണ്ട കാഴ്ചയും രസകരമായിരുന്നു. പശുക്കള്‍ കറക്കാന്‍വേണ്ടി അയാള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കുന്നു. ഒരു പശുവിനെ കറന്നാല്‍ അടുത്ത പശു വരും. അത് കഴിഞ്ഞാല്‍ മറ്റൊന്ന്. ഇങ്ങനെ അവിടെയുള്ള ഓരോ ആടും പശുവും മുയലും കോഴികളുമൊക്കെ അയാളെ അനുസരിക്കുന്നു. അയാള്‍ മുയലുകളോട് വര്‍ത്തമാനം പറയുന്നത് കേട്ടു. മുയലുകള്‍ നിശ്ശബ്ദമായി തിരിച്ച് വര്‍ത്തമാനം പറയുന്നുണ്ടെന്ന് തങ്ങള്‍ക്ക് തോന്നിച്ചതായി ഇരുവരും പറയുന്നു. തന്നെ തേടിപ്പിടിച്ച് വന്നവര്‍ മലയാളികളാണെന്ന് അറിഞ്ഞപ്പോള്‍ അയാളുടെ അദ്ഭുതം വിരിഞ്ഞ മുഖം മറക്കാന്‍ കഴിയാത്തതായിരുന്നു. മടങ്ങാന്‍ നേരം അയാളുടെ കണ്ണുകള്‍ നനഞ്ഞിരുന്നു. മറ്റൊരിക്കല്‍ മണലാരണ്യത്തിലുള്ള നാട് ഇടയന്മാരെ തേടിപ്പിടിച്ച് ചെന്ന് പെരുന്നാള്‍ വസ്ത്രം നല്‍കിയതും, അത് കിട്ടിയവര്‍ പെരുന്നാള്‍ ആണെന്നുള്ള കാര്യം അപ്പോഴാണെന്ന് അറിഞ്ഞ പോലെയായിരുന്നു പെരുമാറിയത്.

മഞ്ജുവിന്‍െറ വാക്കുകള്‍
ഇരുവരുമായി വര്‍ത്തമാനം പറയാന്‍ നേരത്ത് അവര്‍ക്കൊപ്പം മഞ്ജു എന്നൊരു യുവതിയെ കണ്ടു. പത്രപ്രവര്‍ത്തകനാണെന്ന് അറിഞ്ഞപ്പോള്‍ അവര്‍ പറഞ്ഞത്, ഇത് എന്‍െറ സ്വന്തം ഉമ്മച്ചിയും ഉപ്പച്ചിയുമാണ് എന്നായിരുന്നു. അതിനൊപ്പം തന്‍െറ കൈയിലിരുന്ന ഒരു ഭക്ഷണപ്പൊതിയും കാട്ടി. എപ്പോള്‍ ഉമ്മച്ചി കാണുമ്പോഴും എനിക്ക് ഒരു ഭക്ഷണപ്പൊതി തരും. എനിക്ക് മാത്രമല്ല മറ്റുള്ള പലര്‍ക്കും’. തുടര്‍ന്ന് മഞ്ജു  ഇവരുടെ നന്മയാര്‍ന്ന മനസ്സുകളെക്കുറിച്ച് ഏറെ വാചാലയായി. അതിനൊപ്പം തങ്ങളുടെ ഉമ്മമാരെ നാട്ടില്‍പോയി സംരക്ഷിക്കാനാണ് ഈ മടക്കയാത്ര എന്നുകൂടി ഇരുവരും പറഞ്ഞപ്പോഴാണ് നന്മയുടെ വേരുകളെക്കുറിച്ച് കൃത്യമായത്. സൗദത്തയുടെ ഉമ്മ ഫാത്തിമ ഉമ്മറിന് 80 കഴിഞ്ഞിരിക്കുന്നു. എന്നാല്‍, ആള്‍ ഇപ്പോഴും മിടുക്കിയാണ്. കൃഷി ഇപ്പോഴൂം നടത്തുന്നു. മാത്രമല്ല, ഉമ്മയും നല്ല യാത്രാപ്രിയയാണ്. ഇംഗ്ലണ്ടിലുള്ള മകളെ കാണാന്‍ ഇടക്കിടക്ക് അവര്‍ ഒറ്റക്ക് പോയി വരാറുണ്ട്. ജബ്ബാറിക്കയുടെ ഉമ്മ ഫാത്തിമക്ക് 90 വയസ്സായി. ഇവരെ ശുശ്രൂഷിക്കണം. പിന്നെ യാത്രകള്‍ നടത്തണം. പിന്നെ ഖത്തറിലേക്ക് ഹ്രസ്വ സന്ദര്‍ശനങ്ങള്‍ നടത്താതിരിക്കാനും കഴിയില്ല. മക്കളായ ജസീം മുഹമ്മദ്, മുഹമ്മദ് സലീല്‍ എന്നിവര്‍ ഖത്തറിലാണ്; അവരുടെ കുടുംബവും.

Tags:    
News Summary - nri Jabbar and wife Saudha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.