???????? ???????????????? ????? ?????? ???? ?????????

ഈ കെട്ടകാലം പോലൊന്നുമല്ല മോനേ... അന്ന് മനിച്ചന്‍മാരൊക്കെ പിരിശത്തില്‍ (ഇഷ്ടത്തില്‍) കഴിഞ്ഞ നാളാ. മരിക്കുന്നബരേ എന്നെ സ്വന്തം പെങ്ങളെപ്പോല്യാ ഓര്‍ നോക്ക്യത് -ഓര്‍മയുടെ ഗൃഹാതുരതകളില്‍ തരിമ്പുപോലും മങ്ങലില്ലാതെ ചിരുതാമ്മ തുടരുകയാണ്. സാഹോദര്യത്തിന്‍െറയും വിശ്വാസത്തിന്‍െറയും പാരസ്പര്യത്തിന്‍െറയും വര്‍ണരാജികള്‍ തീര്‍ത്ത ആ സ്നേഹബന്ധത്തിന്‍െറ സുന്ദരസുരഭിലമായ കഥ.
•••
അശാന്തിയുടെ കാര്‍മേഘങ്ങള്‍ നാദാപുരത്തിനുമേല്‍ പെയ്തിറങ്ങിയ നാളുകള്‍. അക്രമം കൈവെടിഞ്ഞ് ശാന്തിയിലേക്ക് തിരികെവരാന്‍ കേരളത്തിലെ മനുഷ്യസ്നേഹികള്‍ മുഴുക്കെ നാദാപുരത്തുകാരോട് ആഹ്വാനം ചെയ്തുകൊണ്ടിരുന്നു. നീതിയുടെ കാവലാളും കേരളത്തിന്‍െറ സാംസ്കാരിക ഭൂമികയിലെ നിറസാന്നിധ്യവുമായിരുന്ന ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ വാര്‍ധക്യത്തിന്‍െറ അവശതകള്‍ മറന്ന് നാദാപുരത്തിന്‍െറ കലാപഭൂമിയിലേക്ക്. കലര്‍പ്പില്ലാത്ത സ്നേഹത്തിന്‍െറയും മതസൗഹാര്‍ദത്തിന്‍െറയും നല്ല നാളുകളിലേക്ക് തിരിച്ചു പോകണമെന്ന് ജനസഞ്ചയങ്ങളെ സാക്ഷിനിര്‍ത്തിയുള്ള അദ്ദേഹത്തിന്‍െറ അഭ്യര്‍ഥന. നാദാപുരത്തെ തെരുവന്‍പറമ്പില്‍ നടന്ന ആ സ്നേഹ സമ്മേളനത്തില്‍ പങ്കെടുത്ത പ്രദേശത്തുകാരനായ കെ. മൊയ്തുമൗലവവി തന്‍െറ പ്രസംഗത്തിനിടെ നടത്തിയ വെളിപ്പെടുത്തല്‍ കൃഷ്ണയ്യര്‍ക്കും നാട്ടുകാര്‍ക്കും അദ്ഭുതവും സന്തോഷവും നല്‍കുന്നതായിരുന്നു.

രാഷ്ട്രീയവും മതവും നോക്കി ആളുകള്‍ തമ്മില്‍ കടിച്ചുകീറുകയും ബന്ധവും ബഹുമാനവുമെല്ലാം കാറ്റില്‍ പറത്തുകയും ചെയ്യുന്ന നാളില്‍ നാളിതുവരെ പരസ്യമാക്കാതെവെച്ചിരുന്ന ഒരു ബന്ധമായിരുന്നു അദ്ദേഹം  പ്രഖ്യാപിച്ചത്, തയ്യുള്ളതില്‍ ഉണിച്ചിരയുടെ മകള്‍ ചിരുത തന്‍െറ പെങ്ങളാണെന്ന പ്രഖ്യാപനം.

കെ. മൊയ്തുമൗലവിയും ചിരുതയും
രണ്ടു മൊയ്തു മൗലവിമാരാണ് കോഴിക്കോട്ടുകാര്‍ക്കുണ്ടായിരുന്നത്. സ്വാതന്ത്ര്യസമരത്തിന്‍െറ വീരേതിഹാസങ്ങള്‍ രചിച്ച ഇ. മൊയ്തുമൗലവി. രണ്ടാമന്‍ കോഴിക്കോട്ട് നാദാപുരത്തിനടുത്ത കെ. മൊയ്തുമൗലവിയും. ജമാഅത്തെ ഇസ്ലാമിയുടെ മുന്നണിപ്പോരാളി, കവി, ചരിത്രകാരന്‍, പ്രസംഗകന്‍, സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകന്‍, അധ്യാപകന്‍ തുടങ്ങി ജീവിതത്തിന്‍െറ നാനാതുറകളില്‍ നിറഞ്ഞുനിന്ന നാട്ടുകാരുടെ പ്രിയപ്പെട്ടവനായിരുന്നു കോറോത്ത് മൊയ്തുമൗലവി.

കോഴിക്കോട് ജില്ലയിലെ വടക്കന്‍ പ്രദേശമായ നാദാപുരത്തിനടുത്ത  ചിയ്യൂര്‍ ഗ്രാമം ഹിന്ദു, മുസ്ലിംകള്‍ ഇടകലര്‍ന്നു പാര്‍ക്കുന്ന പ്രദേശമാണ്. മയ്യഴിപ്പുഴയുടെ ആരംഭമായ വാണിമേല്‍പ്പുഴയുടെ ഓരത്താണീ ഗ്രാമം. കൃഷിയും കച്ചവടവും മറ്റുമായി കഴിയുന്ന ആളുകള്‍. പഴയ നാടുവാഴിത്ത കാലത്ത് ജന്മി-കുടിയാന്‍ ബന്ധങ്ങള്‍ നിലനിന്നു. ദാരിദ്ര്യവും കഷ്ടപ്പാടുകളും കൊടികുത്തിവാഴുമ്പോള്‍ സ്നേഹവും കൊടുക്കല്‍ വാങ്ങലുകളുമായി തലമുറകളോളം ഈ നാട്ടിലെ ജനതയും കഴിഞ്ഞുകൂടി. അവരവരുടെ വിശ്വാസങ്ങളിലും ആചാരങ്ങളിലും കണിശതയും കൃത്യതയുമുണ്ടായിരുന്നപ്പോള്‍ പോലും പരസ്പരബന്ധത്തിന്‍െറ ഇഴപിരിയാത്ത നൂലുകളാല്‍ അവര്‍ കോര്‍ക്കപ്പെട്ടിരുന്നു. മൊയ്തുമൗലവിയുടെ തറവാടായ പത്തായക്കോടന്‍ കുടുംബത്തിലെ കോറോത്തുകാര്‍ ഈ സ്നേഹബന്ധത്തിന്‍െറ ഊഷ്മളത നിലനിര്‍ത്തിയവരായിരുന്നു.

കെ. മൊയ്തുമൗലവി
 


ചിയ്യൂരിലെ ചാത്തോത്ത് കാടന്‍െറയും ഉണിച്ചിരയുടെയും മൂന്നു മക്കളില്‍ ഇളയവളാണ് ചിരുത. ചന്ദമ്മനും മന്ദിയും മറ്റു മക്കള്‍. കോറോത്തു കുടുംബവുമായി ഇവര്‍ക്കുള്ള ബന്ധം അഭേദ്യമാണ്. ചിരുതയെ പെറ്റ പള്ളയുമായി ഉണിച്ചിരാമ്മക്ക് അധികകാലം തന്‍െറ കൂരയില്‍ കഴിയാനായില്ല. മൂത്തമക്കളെയും ശിശുവായ ചിരുതയെയും കൂട്ടി കാടനും ഉണിച്ചിരയും കോറോത്ത് പണിക്കുപോകും. കോറോത്തെ ആയിശഹജ്ജുമ്മയുടെ പുത്രനായ മൊയ്തുവിനന്ന് മുലകുടിപ്രായം. പറമ്പത്തും പാടത്തും പണിയെടുത്ത് തളര്‍ന്ന് കഞ്ഞികുടിക്കാന്‍ കോറോത്തെ  കോലായിലെത്തുന്ന ഉണിച്ചിര വറ്റുകുറഞ്ഞ വലിയ പിഞ്ഞാണത്തിലെ കഞ്ഞിവെള്ളം കുടിച്ചുതീരുമ്പോഴേക്കും മധുരപീയൂഷത്താല്‍ നിറഞ്ഞുതുടുത്ത ഉണിച്ചിരാമ്മയുടെ മാറിടം മൊയ്തു കാലിയാക്കിയിരിക്കും. അല്ല മോനേ, ചിരുതക്ക് കൊടുക്കേണ്ട പാലു തീര്‍ത്തും നീ കുടിച്ചുതീര്‍ത്തല്ളോയെന്ന് ചിരിച്ചുകൊണ്ട് പരിതപിക്കുന്ന ഉണിച്ചിരാമ്മയുടെ മടിയില്‍നിന്ന് ആ കുസൃതിക്കുരുന്ന് മോണകാട്ടും. ചിരുതക്കൊപ്പം മൊയ്തുവും ഉണിച്ചിരയുടെ മുലപ്പാല്‍ നുകര്‍ന്നു വളര്‍ന്നു. ആരും പരാതി പറഞ്ഞില്ല. തന്‍െറ പുന്നാരമോന്‍ അന്യജാതിക്കാരിയുടെ അമ്മിഞ്ഞപ്പാലു കുടിച്ചതിന് ആയിശുമ്മ ആശങ്കപ്പെട്ടില്ല.

ഇസ്ലാമിക വിശ്വാസമനുസരിച്ച് രക്തബന്ധത്തോളം തന്നെ പ്രാധാന്യമുള്ളതാണ് മുലകുടിബന്ധം. രക്തബന്ധത്താല്‍ നിഷിദ്ധമായതും അനുവദനീയമായതുമായ കാര്യങ്ങള്‍ ഭൂരിഭാഗവും മുലകുടിബന്ധത്തിലും പാലിക്കപ്പെടണമെന്നാണ് വിശ്വാസം. പ്രവാചകന്‍ വളര്‍ന്നതുതന്നെ ഹലീമയുടെ മുലകുടിച്ചാണെന്നാണ് ചരിത്രം. മുലകുടി ബന്ധങ്ങളെ പവിത്രമായി കണ്ടിരുന്നതിനാല്‍ ചിരുതയെ തന്‍െറ സ്വന്തം പെങ്ങളെപ്പോലെയാണ് മൊയ്തു മൗലവി കണ്ടത്. അവള്‍ക്കുള്ള അവകാശങ്ങളെല്ലാം അദ്ദേഹം നല്‍കിപ്പോന്നു. 2005 മാര്‍ച്ച് നാലിന് മൊയ്തുമൗലവി വിടപറയും വരെ. വാണിമേല്‍ ചിയ്യൂര്‍ പള്ളിയിലെ ആറടി മണ്ണിലേക്ക് മൗലവി യാത്രയാകുമ്പോള്‍ ആയിരങ്ങള്‍ വിടപറയാനത്തെിയിരുന്നു. തറവാട്ടു വീടിന്‍െറ അടുക്കള ജനലഴികള്‍ക്കിടയിലൂടെ നിറകണ്ണുകളാല്‍ തന്‍െറ സഹോദരന്‍െറ അന്ത്യയാത്രക്കു സാക്ഷിയാവുകയായിരുന്നു തയ്യുള്ളതില്‍ ഉണിച്ചിരയുടെ മകള്‍ ചിരുത.

മുലകുടിബന്ധത്തിലെ സഹോദരിയായ ചിരുതക്ക് ഒരു പെങ്ങളുടെ എല്ലാ സ്ഥാനവും കല്‍പിച്ചാദരിച്ചെന്ന് മൗലവിയുടെ മക്കളും പറയുന്നു. മരിക്കുവോളം ആ ബന്ധം നിലനിര്‍ത്തി. ചിരുതക്ക് ഒരു സ്വര്‍ണക്കമ്മല്‍ വാങ്ങിക്കൊടുത്തത് മരിക്കുന്നതിനടുത്താണ്. ഹിന്ദു കുടുംബത്തിലെ ആ സഹോദരിയെക്കുറിച്ച് പറയുമ്പോള്‍ ഉപ്പാക്കും ഉപ്പയെക്കുറിച്ച് പറയുമ്പോള്‍ ചിരുതക്കും ആയിരം നാക്കാണ്. ചിരുതയോട് നല്ലനിലയില്‍ വര്‍ത്തിക്കണമെന്ന് ഉപ്പ ഞങ്ങളോട് ഉപദേശിച്ചിട്ടുണ്ട്, പറയുന്നത് മൗലവിയുടെ മൂത്തമകന്‍ അബ്ദുല്‍ മജീദ്. പിതാവ് പകര്‍ന്നു നല്‍കിയ സ്നേഹ സാഹോദര്യത്തിന്‍െറ ജ്വാലകള്‍ കെടാതെ സൂക്ഷിക്കുകയാണ് ചിയ്യൂരിലെ മൗലവിയുടെ തറവാട്ടു വീട്ടില്‍ താമസിക്കുന്ന ഇളയ മകന്‍ ബഷീര്‍ മുഹ് യിദ്ദീന്‍. പ്രായാധിക്യത്താല്‍ വീടുവിട്ടിറങ്ങാനാവാതെ തയ്യുള്ളതില്‍ തറവാട്ടില്‍ കഴിയുന്ന ചിരുതാമ്മയെ കാണാന്‍ ബഷീറുമൊത്തു ചെന്നപ്പോള്‍ അമ്മിഞ്ഞപ്പാലിന്‍െറ നറുമണമുള്ള ചിരിയുമായി എതിരേറ്റു. ‘ഇതാ ഉപ്പാന്‍െറ പെങ്ങള് ചീരുവമ്മ’, ബഷീറിന്‍െറ കൈവിരലുകള്‍ ആ സ്നേഹനിലാവിനെ തലോടി.

Tags:    
News Summary - k moidu maulavi sister chirutha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.