??????? ??????? ?????? ????????????

2012ന്‍െറ അവസാനത്തിലാണ് വീട്ടിലെ ദാരിദ്ര്യവും കഷ്ടപ്പാടുംകൊണ്ട് സഞ്ജിത് മണ്ഡല്‍ എന്ന 33കാരന്‍ ചെന്നൈയിലെത്തുന്നത്. പിന്നെ അവിടെനിന്ന് ആലുവയിലേക്ക് വണ്ടി കയറി. തുടര്‍ന്ന് കണ്ണൂര്‍, തൃശൂര്‍, പാലക്കാട്, എറണാകുളം... എല്ലായിടത്തും പലപല ജോലികള്‍ ചെയ്തു. ഒടുവില്‍ രണ്ടര വര്‍ഷം മുമ്പ് കലാകാരന്മാരുടെ സ്വന്തം നാടായ കോഴിക്കോട്ടേക്ക്. നഗരത്തിലെ നിരവധി ഹോട്ടലുകളില്‍ പണിയെടുത്തു. ചിലയിടത്തു നിന്ന് പറഞ്ഞ പണമൊന്നും കിട്ടാതെ വന്നപ്പോള്‍ ജോലി വിട്ടു. ഉറക്കം ബീച്ചിലും മറ്റു സ്ഥലങ്ങളിലും. അങ്ങനെ നാളുകള്‍ കഴിച്ചുകൂട്ടി.

എട്ടു ദിവസത്തെ മര്‍ദനം
ആലപ്പുഴയില്‍ താമസിക്കുമ്പോള്‍ ഒരു തമിഴ് പയ്യന് റൂമില്‍ നില്‍ക്കാന്‍വേണ്ടി സ്വന്തം തിരിച്ചറിയല്‍ കാര്‍ഡ് കൊടുത്തതായിരുന്നു പ്രശ്നങ്ങള്‍ക്ക് തുടക്കം. ആ പയ്യന്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളയാളായിരുന്നുവെന്ന് പിന്നീടാണ് അറിയുന്നത്. തിരിച്ചറിയല്‍ കാര്‍ഡ് തെറ്റായ കാര്യങ്ങള്‍ക്ക് ഉപയോഗിച്ചതായി വൈകിയാണ്  അറിയുന്നത്. സഞ്ജിത്തിനെ പൊലീസ് പൊക്കി. എട്ടു ദിവസമാണ് ലോക്കപ്പില്‍ കിടന്നത്. ആദ്യത്തെ ദിവസം ചോദ്യംചെയ്യലായിരുന്നു. പിന്നെ തുണിയെല്ലാം അഴിച്ചുവാങ്ങി മൂന്നു ദിവസം ലോക്കപ്പിലിട്ടു. തുടര്‍ന്ന് കൈരണ്ടും പിറകോട്ടാക്കി കെട്ടിത്തൂക്കി. മണിക്കൂറുകളോളം മര്‍ദിച്ചതിനു ശേഷമാണ് കെട്ടിത്തൂക്കിയത്. എട്ടു ദിവസത്തിനു ശേഷമാണ് ഏതോ പൊലീസ് ഉദ്യോഗസ്ഥന്‍ സഞ്ജിത്തിന്‍െറ ബാഗ് പരിശോധിക്കുന്നത്. അതില്‍  ചിത്രങ്ങള്‍ കണ്ടു. ‘നീ വരച്ചതാണോ’യെന്ന ചോദ്യത്തിന് അതേ എന്നുപറഞ്ഞിട്ടും അവര്‍ക്ക് ആദ്യമൊന്നും വിശ്വാസമായില്ല. സത്യം മനസ്സിലായപ്പോള്‍ ആ പൊലീസ് ഉദ്യോഗസ്ഥന്‍ ലോക്കപ്പില്‍നിന്ന് മോചിപ്പിക്കാന്‍ മുന്‍കൈയെടുത്തു. പോരാന്‍ നേരത്ത് കീശയില്‍ 400 രൂപയും വെച്ചുകൊടുത്തു. അവിടെ നിന്ന് ഇറങ്ങിയിട്ട് രണ്ടുമൂന്ന് ആഴ്ച കുനിയാന്‍പോലും പറ്റാത്ത അവസ്ഥയായിരുന്നുവെന്ന് സഞ്ജിത് പറയുന്നു. തൃശൂരില്‍നിന്നും പൊലീസ് ഇതുപോലെ പിടിച്ചു കൊണ്ടു പോയിട്ടുണ്ട്. കൊതുകുകടി സഹിക്കാതെ വന്നപ്പോള്‍ റോഡിലേക്ക് മാറിക്കിടന്നപ്പോഴാണ് പൊലീസ് പൊക്കുന്നത്. എവിടെപ്പോയാലും സംശയത്തിന്‍െറ കണ്ണുകളോടെയാണ് പൊലീസ് ഇപ്പോഴും നോക്കുന്നത്.

സഞ്ജിത് മണ്ഡലിന്‍റെ ചിത്രപ്രദര്‍ശന ബ്രോഷര്‍
 


കോഴിക്കോട് മാനാഞ്ചിറയിലെ ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിക്ക് സമീപത്തെ തട്ടുകടയില്‍ സഹായിയായി നിന്നതാണ് തന്‍െറ ജീവിതത്തിലെ വഴിത്തിരിവായത്. നീ ചിത്രം വരക്കുന്ന ആളല്ളേ, ഇടക്ക് ആ ആര്‍ട്ട് ഗാലറിയില്‍ പോയി നോക്ക്. തട്ടുകടയിലെ ചേച്ചിയാണ് അങ്ങനെ  പറഞ്ഞത്. അങ്ങനെ ആര്‍ട്ട് ഗാലറിയിലെ സ്ഥിരം സന്ദര്‍ശകനായി. ആ സന്ദര്‍ശനങ്ങള്‍ എന്തായാലും കോഴിക്കോട്ടെ ചിത്രകാരന്മാരുടെ സംഘത്തിന്‍െറ ശ്രദ്ധയില്‍പെട്ടു. അങ്ങനെയാണ് തങ്ങള്‍ പരിചയപ്പെടുന്നതെന്ന് ചിത്രകാരനായ സംഗീത് ബാലകൃഷ്ണന്‍ പറയുന്നു. ഒരുകൂട്ടം കലാകാരന്മാരുടെ സൗഹൃദവലയം അവന് നല്‍കിയത് പുതിയ ജീവനമായിരുന്നു. വരക്കാന്‍ കടലാസും പേനയും പെന്‍സിലുമെല്ലാം അവര്‍ നല്‍കി. അവനിലെ ചിത്രപ്രതിഭയെ കൂടുതല്‍ ശക്തിയോടെ ഉണര്‍ത്തി.

കഴിഞ്ഞ ആറുമാസം ഊണും ഉറക്കവുമില്ലാതെ സഞ്ജിത് വരച്ചു തീര്‍ത്തത് 60ഓളം ചിത്രങ്ങളാണ്. ബംഗാളി ജീവിതത്തിന്‍െറ നേര്‍സാക്ഷ്യമാണ് ഓരോ ചിത്രവും. അവിടത്തെ പ്രകൃതിയും മനുഷ്യ ജീവിതങ്ങളും അതുപോലെ ഒപ്പിയെടുക്കും. ചെറുപ്പത്തില്‍ കണ്ട കാഴ്ചകളും ചിത്രങ്ങളുടെ പ്രധാന വിഷയമാണ്. സ്വന്തം നാടിന്‍െറ ചരിത്രം തന്‍േറതായ ശൈലിയില്‍ വരച്ചിടുക മാത്രമല്ല, കോഴിക്കോടിന്‍െറ സാംസ്കാരിക പൈതൃകങ്ങളും വരക്കാന്‍ ശ്രമിക്കുന്നുണ്ട്. ഒരു ചിത്രം വരച്ചുതീര്‍ക്കാന്‍ മൂന്നോ നാലോ ദിവസമെടുക്കും. അത് വരച്ചുതീരുന്നതുവരെ ജലപാനം പോലും ചെയ്യാറില്ലെന്ന് ചിത്രകാരന്‍െറ സുഹൃത്തുക്കള്‍ പറയുന്നു.

വീടും അമ്മയും
കൊല്‍ക്കത്തയിലെ ഭവാനിപൂരില്‍ മണ്ണുകൊണ്ടുണ്ടാക്കിയ ഒറ്റമുറി വീട്ടിലാണ് സഞ്ജിത്തും അച്ഛന്‍ കമല്‍ മണ്ഡലും അമ്മ രെനു മണ്ഡലും രണ്ടു സഹോദരന്മാരും സഹോദരിയും കഴിഞ്ഞിരുന്നത്. ചേട്ടന്‍ രഞ്ജിത് മണ്ഡലും സഹോദരി ശിഖ മണ്ഡലും നന്നായി വരക്കും. വരക്കാനുപയോഗിക്കുന്ന പേപ്പറൊന്നും വാങ്ങിത്തരാനുള്ള സാമ്പത്തികശേഷി വീട്ടിലില്ലായിരുന്നു. അമ്മക്ക് ആയുര്‍വേദ മസാജ് ജോലിയായിരുന്നു. ഒരു ദിവസം പോയാല്‍ എട്ടു രൂപയാണ് കിട്ടുക. അച്ഛന്‍ ജോലിയന്വേഷിച്ച് ഗ്രാമങ്ങളില്‍ പോകും. വീട്ടിലെ ചെലവുപോലും നടക്കാത്ത അവസ്ഥ. ചേട്ടനും ചേച്ചിയും കല്യാണം കഴിച്ച് താമസം മാറി. അനിയന്‍ സുനിലും അമ്മയും മാത്രമാണ് വീട്ടിലുണ്ടാകുക. അങ്ങനെയാണ് തൊഴിലന്വേഷിച്ച് നാടുവിട്ടത്.

ചിത്രങ്ങളില്‍ ചിലത്
 


ഇപ്പോള്‍  അമ്മയെ വിളിക്കും. വിശേഷങ്ങളറിയും. പാവം ഇപ്പോള്‍ ജോലി നഷ്ടപ്പെട്ടിരിക്കുന്നു. അസുഖങ്ങളും വന്നിട്ടുണ്ട്. കഴിഞ്ഞ രണ്ടര വര്‍ഷമായി വീട്ടില്‍ പോയിട്ട്. തെരഞ്ഞെടുപ്പിനും നാട്ടിലൊന്നും പോകുന്നില്ല. അവിടെ രാഷ്ട്രീയ പാര്‍ട്ടികളൊന്നും ജനങ്ങള്‍ക്കു വേണ്ടി ഒന്നും ചെയ്യുന്നില്ളെന്നാണ് സഞ്ജിത്തിന്‍െറ അഭിപ്രായം. ഇന്ത്യയില്‍ ഇദ്ദേഹം പോകാത്ത സ്ഥലങ്ങളൊന്നുമില്ല. ഡല്‍ഹി, മഹാരാഷ്ട്ര, ഗുജറാത്ത്, ഒഡിഷ, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്... സ്ഥലപ്പേരുകള്‍ ഇനിയും നീണ്ടുപോകും. കല്യാണം കഴിക്കാത്തത് എന്താണെന്ന ചോദ്യത്തിനും ഉത്തരം യാത്രയാണ്. കല്യാണം കഴിച്ചാല്‍ ഇങ്ങനെ യാത്രയൊക്കെ പോകാന്‍ പറ്റുമോ? ഇപ്പോള്‍ കൈയില്‍ പണമില്ളെങ്കിലും ഒറ്റക്ക് പിടിച്ചുനില്‍ക്കാം. പക്ഷേ, കല്യാണം കഴിച്ചാല്‍ അതൊന്നും പറ്റില്ലല്ലോ...

യാത്രപോലെ തന്നെ പ്രിയപ്പെട്ടതാണ് സിനിമയും. മലയാളത്തിലിറങ്ങുന്ന എല്ലാ സിനിമയും വിടാതെ കാണും. മോഹന്‍ലാലാണ് ഇഷ്ടനടന്‍. അതുപോലെ തന്നെ വിനീത് ശ്രീനിവാസനെയും വലിയ ഇഷ്ടമാണ്. സഞ്ജിത് നല്ലൊരു ബാവുല്‍ ഗായകന്‍ കൂടിയാണ്. മലയാളം പാട്ടുകളും നന്നായി പാടും. ആറുമാസം കൊണ്ട് വരച്ചുതീര്‍ത്ത ചിത്രങ്ങളുമായി കോഴിക്കോട് ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശനം നടത്തിയപ്പോള്‍ വന്‍ പ്രതികരണമാണ് ലഭിച്ചത്.  ‘നൊഥുന്‍ ഭുവന്‍’ അഥവാ പുതിയ പ്രപഞ്ചം എന്നായിരുന്നു ചിത്രപ്രദര്‍ശനത്തിന്‍െറ പേര്. വലിയ കാന്‍വാസില്‍ വരച്ച 17 ചിത്രങ്ങളും മീഡിയം വലുപ്പത്തിലുള്ള ഏഴു ചിത്രങ്ങളും 20 ചെറിയ ചിത്രങ്ങളുമായിരുന്നു പ്രദര്‍ശനത്തിലുണ്ടായിരുന്നത്. രണ്ടാമത്തെ പ്രദര്‍ശനമാണ് ആര്‍ട്ട് ഗാലറിയില്‍ നടന്നത്. അതിനുമുമ്പ് കോഴിക്കോട് എന്‍.ഐ.ടിയിലെ രാഗം ഫെസ്റ്റിവലിലായിരുന്നു ആദ്യം പ്രദര്‍ശിപ്പിച്ചത്.

ജോലി വേണം; കിടക്കാന്‍ ഒരിടവും
‘വരക്കുന്ന നേരം കൊണ്ട് നിനക്ക് വല്ല ജോലിക്കും പൊയ്ക്കൂടേ? ചിത്രം വരച്ചാല്‍ പൈസ കിട്ടുമോ എന്നൊക്കെയായിരുന്നു ചിത്ര പ്രദര്‍ശനം നടത്തിയതിനെക്കുറിച്ചും ചിത്രം വരക്കുന്നതിനെക്കുറിച്ചുമെല്ലാം പറഞ്ഞപ്പോള്‍ അമ്മ ചോദിച്ചത്. എന്‍െറ ഇഷ്ടത്തെക്കുറിച്ച് അറിയാവുന്ന അമ്മ പിന്നെയൊന്നും പറഞ്ഞില്ല. നിനക്ക് ശരിയെന്നു തോന്നുന്നത് ചെയ്താല്‍ മതിയെന്നു പറഞ്ഞ് അമ്മ അനുഗ്രഹിച്ചു. വലിയൊരു ചിത്രകാരനാകണം എന്നതാണ് ആഗ്രഹം. ചിത്രങ്ങള്‍ കണ്ട് ചിലര്‍ നല്ല അഭിപ്രായം പറയുമ്പോള്‍ ആ ആഗ്രഹം കൂടിക്കൂടിവരുകയാണ്. പക്ഷേ, എല്ലാറ്റിനും പണം വേണം. അതിനൊരു ജോലിയും വേണം. അമ്മക്ക് പണം അയച്ചുകൊടുക്കാന്‍ പറ്റുന്നൊരു ജോലി. പിന്നെ കിടക്കാനൊരു ഇടവും. കോഴിക്കോട് ബീച്ചിലും മറ്റുമാണ് ഇപ്പോള്‍ കിടത്തം. പൊലീസുകാരുടെയും നാട്ടുകാരുടെയും നൂറുനൂറു ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞ് മടുത്തു. എങ്കിലും അവന്‍ കേരളത്തെ അത്രയേറെ സ്നേഹിക്കുന്നുണ്ട്. അതിനെക്കാളേറെ അവനെ അവനാക്കിയ കോഴിക്കോടിനെയും... ഇവിടത്തെ എല്ലാവരുടെയും പ്രാര്‍ഥനയുണ്ടായാല്‍ മതി. സ്വപ്നങ്ങളെല്ലാം നടക്കും... സഞ്ജിത്തിന്‍െറ പ്രതീക്ഷ അതുമാത്രമാണ്.

Tags:    
News Summary - artist sanjith mandal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.