???. ????????????? ??????????

ചരിത്രത്തിലേക്ക് തുറക്കുന്ന മിഴികൾ

ഒറ്റനിമിഷം.. കണ്ണ് ചിമ്മിത്തുറക്കുന്ന വേഗത്തില്‍ ഒരു കാമറക്കണ്ണ് ഒപ്പിയെടുക്കുന്നത് എത്ര മായ്ച്ചാലും മായാത്ത ചരിത്രത്തെയാണ്. കാലത്തിന്‍െറയും സമയത്തിന്‍െറയും വേദനയുടെയും കലാപങ്ങളുടെയും മരിക്കാത്ത തെളിവുകളാണ് ഓരോ ചിത്രവും. ആയിരം വാക്കുകളെ അപ്രസക്തമാക്കുന്നതാണ്  ചിത്രമെന്ന് പറയുന്നതും ഇതുകൊണ്ടാണ്. ഫോട്ടോമ്യൂസും സംഘവും കൊച്ചി ദര്‍ബാര്‍ ഹാളില്‍ നടത്തിയ ‘ഓപണ്‍ ഒറിജിന്‍സ്, ഓപണ്‍ എന്‍ഡ്സ്’ എന്ന അന്താരാഷ്ട്ര ഫോട്ടോഗ്രഫി പ്രദര്‍ശനം അത്തരമൊരു ചരിത്രയാത്രയായിരുന്നു. മനുഷ്യന്‍െറയും മൃഗങ്ങളുടെയും പക്ഷികളുടെയും ജീവിതം പറയുന്ന ഫോട്ടോകളായിരുന്നു പ്രദര്‍ശനത്തിലൊരുക്കിയിരുന്നത്. ലോകത്തെ വിവിധ ഭാഗങ്ങളിലെ മനുഷ്യരുടെ ജീവിതങ്ങള്‍, പ്രകൃതിയും മനുഷ്യനും, പ്രകൃതിയും മൃഗങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍, പ്രകൃതി ഒരുക്കുന്ന കാഴ്ചാവിസ്മയങ്ങള്‍, ഏകാന്തത, സ്ത്രീസൗന്ദര്യം, ബാല്യകാലം തുടങ്ങിയവയെല്ലാം ആസ്വാദകന്‍െറ മനം നിറക്കുന്നു. വെറുമൊരു ഫോട്ടോപ്രദര്‍ശനം മാത്രമായിരുന്നില്ല അവിടെ നടന്നത്. ഇന്ത്യയിലെതന്നെ ആദ്യത്തെ സമ്പൂര്‍ണ ഫോട്ടോഗ്രാഫി മ്യൂസിയം എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഫോട്ടോമ്യൂസാണ് പ്രദര്‍ശനം നടത്തിയത്. ഫോട്ടോമ്യൂസ് ക്ലബ് അംഗങ്ങള്‍  2015 ജനുവരി മുതല്‍ ശേഖരിച്ച 45,000 ചിത്രങ്ങളില്‍നിന്ന് തെരഞ്ഞെടുത്ത 140 ഫോട്ടോഗ്രാഫര്‍മാരുടെ 300ഓളം ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഓരോ മാസവും മികച്ച ചിത്രങ്ങള്‍ തെരഞ്ഞെടുക്കും.

ഫോട്ടോമ്യൂസ് സംഘടിപ്പിച്ച ‘ഓപണ്‍ ഒറിജിന്‍സ്, ഓപണ്‍ എന്‍ഡ്സ്’ ഫോട്ടോഗ്രഫി പ്രദര്‍ശനത്തില്‍നിന്ന്
 

 

കഴിഞ്ഞ രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ പല ഫോട്ടോഗ്രാഫര്‍മാര്‍ പല സ്ഥലത്ത് പല സമയത്ത് എടുത്ത ചിത്രങ്ങളാണിത്. അവളുടെ കഥ, രാത്രി പൂക്കുമ്പോള്‍ തുടങ്ങി ഏകദേശം 40 ഗ്രൂപ്പുകളാക്കിയാണ് ഫോട്ടോയെ തരംതിരിച്ചത്. കൂടാതെ പ്രത്യേക ക്ഷണിതാക്കളുടെ വിഭാഗത്തില്‍ 15 വിദേശ ഫോട്ടോഗ്രാഫര്‍മാരുടെ ചിത്രങ്ങളും പ്രദര്‍ശനത്തിലുണ്ടായിരുന്നു. നെതര്‍ലന്‍ഡുകാരായ തിയോ ബെറന്‍സ്, സാകെ എല്‍സിങ്, ജര്‍മന്‍ ഫോട്ടോഗ്രാഫര്‍മാരായ ക്രിസ്റ്റല്‍ ലുക്ക്, എവാള്‍ഡ് ലുക്ക്, സെബാസ്റ്റിന്‍ കൊപേക്, റെജീന വെക്, മാന്‍ഫ്രഡ് വെക്, യു.എസ് ഫോട്ടോഗ്രാഫര്‍മാരായ ഹെര്‍ബര്‍ട്ട് അഷേര്‍മാന്‍ ജൂനിയര്‍, ഹലിം ഇന, പ്രശസ്ത ഇന്ത്യന്‍ ഫോട്ടോഗ്രാഫര്‍മാരായ ടി.എന്‍.എ. പെരുമാള്‍, ദില്‍വാലി, സുരേഷ് എളമന്‍, നീലാഞ്ജന്‍ ദാസ്, ബി. ശ്രീനിവാസ, നന്ദകുമാര്‍ മൂടാടി എന്നിവരുടെ ചിത്രങ്ങള്‍ പ്രദര്‍ശനത്തിന്‍െറ പ്രധാന ആകര്‍ഷണമായിരുന്നു. ആര്‍ക്കൈവ് പ്രിന്‍റിങ്ങില്‍ തയാറാക്കിയ ചിത്രങ്ങളായിരുന്നതിനാല്‍ രണ്ടു നൂറ്റാണ്ട് കഴിഞ്ഞാലും കേടുവരില്ലെന്ന പ്രത്യേകതയും ചിത്രങ്ങള്‍ക്കുണ്ടായിരുന്നു. ജൂലൈ 31 മുതല്‍ ആഗസ്റ്റ് നാലു വരെ നടന്ന പ്രദര്‍ശനം ഫോട്ടോഗ്രഫിയുടെ പുതിയ വാതായനങ്ങള്‍ തന്നെയാണ് കാഴ്ചക്കാര്‍ക്ക് മുന്നില്‍ തുറന്നിട്ടത്.

ഓരോ ചിത്രത്തിനുമുണ്ട്  വലിയൊരു ചരിത്രം

ചരിത്രത്തില്‍ കെട്ടുകുടുങ്ങി കിടക്കുന്ന ജീവിതമാണ് മനുഷ്യന്‍റേത്. കുടുംബവേരുകളുടെ ഓര്‍മപ്പെടുത്തലാണ് കുടുംബ ഫോട്ടോയെങ്കില്‍ കഴിഞ്ഞു പോയ കാലത്തിന്‍െറ നിറമുള്ള ഓര്‍മകളാവും ക്ലാസ് ഫോട്ടോക്കുണ്ടാകുക. ഇത്തരത്തില്‍ ഫോട്ടോഗ്രാഫിയുടെ ചരിത്രം പറയാന്‍ മാത്രമായി ഒരു മ്യൂസിയം. അതാണ് ഫോട്ടോമ്യൂസ്. ഇന്ത്യയില്‍ ആദ്യമായി പൂര്‍ണമായും ഫോട്ടോഗ്രാഫിക്ക് മാത്രമായി ഒരു മ്യൂസിയം തുടങ്ങുക എന്ന ലക്ഷ്യത്തോടെയാണ് 2014 ജൂലൈയില്‍ ഡോ. ഉണ്ണികൃഷ്ണന്‍ പുളിക്കലും സംഘവും ഫോട്ടോമ്യൂസിന്  തുടക്കമിട്ടത്. കേരളത്തിന്‍െറ ഫോട്ടോഗ്രഫി ചരിത്രം പഠിക്കാന്‍ തുടങ്ങിയപ്പോഴാണ് അത്തരമൊരു ചരിത്രം എവിടെയും രേഖപ്പെടുത്തിയിട്ടില്ലെന്ന സത്യം തിരിച്ചറിച്ചറിഞ്ഞതെന്നും വിദേശരാജ്യങ്ങളിലും മറ്റുമുള്ളതുപോലെ ഒരു ഫോട്ടോഗ്രഫി മ്യൂസിയം എന്തുകൊണ്ട് കേരളത്തില്‍ തുടങ്ങിക്കൂട എന്ന ചിന്തയില്‍ നിന്നുമാണ് ഫോട്ടോമ്യൂസിന്‍െറ പിറവിയെന്നും ഡോ. ഉണ്ണികൃഷ്ണന്‍ പറയുന്നു. കൂട്ടുകാരുടെ പ്രോത്സാഹനവും പിന്തുണയും കൂടിയായപ്പോള്‍ വലിയൊരു ലക്ഷ്യത്തിലേക്ക് അദ്ദേഹം ചെന്നത്തെുകയായിരുന്നു.


ഫോട്ടോകള്‍ മാത്രമല്ല, ഫോട്ടോഗ്രഫിയുടെ ചരിത്രം പറയുന്ന പഴയ കാമറകള്‍, ലെന്‍സുകള്‍, പ്രിന്‍റുകള്‍, ഫിലിമുകള്‍, ഡെവലപ്മെന്‍റ് മെഷീനുകള്‍, കാമറയുമായി ബന്ധപ്പെട്ട എല്ലാ ഉപകരണങ്ങളും ഈ മ്യൂസിയത്തിലുണ്ട്. അപൂര്‍വമായ ഫോട്ടോകളുടെ ശേഖരണവും അതിന്‍െറ സംരക്ഷണവുമാണ് മറ്റൊരു പ്രത്യേകത. ബെറ്റര്‍ ആര്‍ട്സ് ഫൗണ്ടേഷന്‍ എന്ന ചാരിറ്റബ്ള്‍ ട്രസ്റ്റിന്‍െറ കീഴില്‍ തൃശൂര്‍ കോടാലിയില്‍ താല്‍ക്കാലിക കെട്ടിടത്തില്‍ മ്യൂസിയം ആരംഭിച്ചിട്ടുണ്ട്. അഞ്ചു വര്‍ഷത്തിനുള്ളില്‍ തൃശൂര്‍ കേന്ദ്രമാക്കി അന്താരാഷ്ട്ര നിലവാരത്തിലുള്ള മ്യൂസിയമാണ് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. 50 കോടിയുടെ പദ്ധതി ഇതിനകം തയാറായിക്കഴിഞ്ഞു. കഴിഞ്ഞ ഒന്നരവര്‍ഷമായി ഇതിലേക്കുള്ള ശേഖരണങ്ങള്‍ തുടങ്ങിയിട്ടുമുണ്ട്.

സീമ സുരേഷ്
 


2500ഓളം ചിത്രങ്ങളും കാമറയുമായി ബന്ധപ്പെട്ട നിരവധി ഉപകരണങ്ങളും ഇതിനോടകംതന്നെ ലഭിച്ചു. ഫോട്ടോമ്യൂസ് ക്ലബിന്‍െറ ഫേസ്ബുക് ഫ്രണ്ട്സ് ക്ലബില്‍ 7000ത്തോളം അംഗങ്ങളുണ്ട്. ഓണ്‍ലൈന്‍ രംഗത്ത് കൂട്ടായ്മയുടെ വലിയ ശൃഖലതന്നെയാണ് ഫോട്ടോമ്യൂസിനുള്ളത്. അംഗങ്ങളെടുത്ത ഏത് ഫോട്ടോയും പോസ്റ്റ് ചെയ്യാം, മറ്റ് അംഗങ്ങള്‍ക്ക് കൃത്യമായി വിലയിരുത്തുകയും അഭിപ്രായം പ്രകടിപ്പിക്കുകയുമാവാം. ഇവയില്‍നിന്ന് തെരഞ്ഞെടുക്കുന്നവ മ്യൂസിയത്തിലെത്തിക്കാനും കഴിയും. കൂടാതെ ഫോട്ടോമ്യൂസിന്‍െറ അഡ്വൈസറി ബോര്‍ഡില്‍ രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി പ്രമുഖ ഫോട്ടോഗ്രാഫര്‍മാരും ചരിത്രകാരന്മാരുമുണ്ട്. മ്യൂസിയത്തിലേക്ക് ആളുകളെ എത്തിക്കാനായി നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. സ്കൂളുകള്‍, കോളജുകള്‍, നാട്ടിന്‍പുറങ്ങള്‍ തുടങ്ങി പലസ്ഥലത്തും പരിപാടികള്‍ ഫോട്ടോമ്യൂസിന്‍െറ നേതൃത്വത്തില്‍ നടത്തുന്നു. പ്രകൃതി ക്യാമ്പുകള്‍, വര്‍ക് ഷോപ്പുകള്‍, സെമിനാര്‍, യാത്രകള്‍ തുടങ്ങി നീളുന്ന പദ്ധതികള്‍.


അപൂര്‍വമായ ഫോട്ടോകള്‍ സൂക്ഷിക്കാനും ഫോട്ടോമ്യൂസില്‍ സൗകര്യമൊരുക്കുന്നുണ്ട്. കുടുംബ ഫോട്ടോയോ പൂര്‍വികരുടെ ഫോട്ടോയോ എന്തും ഫോട്ടോ മ്യൂസില്‍ ഭദ്രം. ഫോട്ടോ ഏല്‍പിക്കുന്ന സമയത്തുതന്നെ അതിനെ സംബന്ധിച്ച് നിയമാനുസൃതമായ സര്‍ട്ടിഫിക്കറ്റും ലഭിക്കും. മ്യൂസിയത്തില്‍ അവ ഏല്‍പിച്ച ദിവസം, സമയം തുടങ്ങി എല്ലാ വിവരങ്ങളും അതിലുണ്ടാകും. ഏത് നിമിഷവും വന്ന് അത് തിരിച്ചെടുക്കുകയും ചെയ്യാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.