????? ?? ??????? ??????? ??????? ???????????????

ഈ അവഗണന നേരിടാനുള്ള ശക്തിയില്ല

കൈക്കരുത്തിന്‍റെ ശക്തിയില്‍ ഒരു മിനിറ്റിനുള്ളില്‍ 136 തേങ്ങ ഉടച്ച് റെക്കോഡ് സ്ഥാപിച്ച പൂഞ്ഞാര്‍ കൈപ്പള്ളി പിതിപ്പറമ്പില്‍ അഭീഷ് പി. ഡൊമനിക് എന്ന യുവാവ് പരാജയപ്പെടുന്നത് സ്വന്തം ജീവിത പ്രാരാബ്ധങ്ങളോട് മാത്രം. അന്തര്‍-ദേശീയ തലങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്ന പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള അഭീഷ് ഒമ്പതു വര്‍ഷമായി ഈരാറ്റുപേട്ട കെ.എസ്.ആര്‍.ടി.സിയിലെ താല്‍ക്കാലിക ജീവനക്കാരനാണ്.

തേങ്ങ ഉടയ്ക്കല്‍ മാത്രമല്ല 2000 ആര്‍.പി.എച്ച് സ്പീഡില്‍ കറങ്ങുന്ന ഫാന്‍ തല കൊണ്ട് ഇടിച്ച് നിര്‍ത്തുക, കൈ കൊണ്ട് മാത്രം തേങ്ങ പൊതിക്കുക, കരിക്ക് കൈ കൊണ്ട് ഇടിച്ച് പിളര്‍ക്കുക, കറങ്ങുന്ന ഫാനിന്‍റെ ലീഫുകള്‍ വാദ്യോപകരണമാക്കി മാറ്റുക, 30 ഓളം മാര്‍ബ്ള്‍ പീസുകള്‍ ഒന്നിച്ചടുക്കി കൈ കൊണ്ട് തല്ലിപ്പൊട്ടിക്കുക... കൈക്കരുത്തില്‍ അഭീഷ് ചെയ്യുന്ന ഇത്തരം കാര്യങ്ങളില്‍ പലതും ഏറെ അപകടം നിറഞ്ഞതാണ്.

വിവിധയിനങ്ങളില്‍ 200ല്‍പരം സര്‍ട്ടിഫിക്കറ്റുകളാണ് ഇതിനോടകം അഭീഷിനെ തേടിയെത്തിയത്. 50 ലക്ഷത്തോളം പ്രേക്ഷകരുടെ നിര്‍ദേശം അനുസരിച്ച് ലഭിക്കുന്ന അസോസിയേറ്റ് വേള്‍ഡ് റെക്കോഡ്, യു.ആര്‍.എഫ് ഏഷ്യന്‍ റെക്കോഡ്, യു.ആര്‍.എഫ് ഗ്ലോബല്‍ അവാര്‍ഡ്, ഇന്ത്യന്‍ ബുക് ഓഫ് റെക്കോഡ്, ലിംക റെക്കോഡ് എന്നിവ അഭീഷിന് ലഭിച്ച അംഗീകാരത്തില്‍ ചിലത് മാത്രം.

ഇന്ത്യക്ക് വെളിയില്‍ രാജ്യത്തിന്‍റെ പേരില്‍ അഭിമാനത്തോടെ താന്‍ ചെയ്ത നേട്ടങ്ങള്‍ അംഗീകരിക്കാനോ പ്രോത്സാഹിപ്പിക്കാനോ ആരുമില്ലെന്നതാണ് അഭീഷിനെ വിഷമിപ്പിക്കുന്നത്. ഒമ്പതു വര്‍ഷമായി കെ.എസ്.ആര്‍.ടി.സി ഈരാറ്റുപേട്ട ഡിപ്പോയില്‍ താല്‍ക്കാലിക മെക്കാനിക്കായി ജോലി ചെയ്യുന്നു. തന്നെ സ്ഥിരപ്പെടുത്താന്‍ പോലും സര്‍ക്കാര്‍ തയാറാവുന്നില്ലെന്ന് അഭീഷ് പറയുന്നു. 10 ടണ്‍ ഭാരമുള്ള കെ.എസ്.ആര്‍.ടി.സി ബസ് പല്ലുകൊണ്ട് കടിച്ചുവലിച്ച് അഭീഷ് ശ്രദ്ധേയനായിട്ടുണ്ട്.

കായികരംഗത്തെ പ്രതിഭകളെ ഏറെ ആദരിക്കുന്ന നമ്മുടെ നാട് വ്യക്തിഗത റെക്കോഡ് ഉടമകളെ പ്രോത്സാഹിപ്പിക്കാന്‍ മടിക്കുകയാണെന്ന് അഭീഷ് പറയുന്നു. ഇന്ത്യയെ പ്രതിനിധീകരിച്ചാണ് താന്‍ പുറത്തുപോയി റെക്കോഡുകള്‍ കരസ്ഥമാക്കിയത്. ഉടന്‍ ഗിന്നസ് ബുക്കിലും താന്‍ ഇടംതേടും.സര്‍ക്കാറില്‍നിന്ന് അര്‍ഹിക്കുന്ന പരിഗണന ലഭിക്കാത്തതില്‍ വിഷമമുണ്ട്- അഭീഷ് വ്യക്തമാക്കി. സ്പോണ്‍സര്‍മാരില്ലാതെ സ്വന്തം ചെലവിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

ഗിന്നസ് ബുക്കില്‍ ഇടംതേടാനുള്ള അപേക്ഷകള്‍ക്കു പോലും സഹായം ലഭിച്ചിട്ടില്ല. പിതാവായ പി.ജെ. ഡൊമനിക് ആണ് ആദ്യ പരിശീലകന്‍. പിന്നീട് ഈരാറ്റുപേട്ടയിലുള്ള ബോഡിലൈന്‍ ജിംനേഷ്യത്തിലെ സജി മാസ്റ്റര്‍ക്കൊപ്പമായി പരിശീലനം. അമ്മ ത്രേസ്യാമ്മയും ഭാര്യ നിഷയും ഏക മകള്‍ എയ്ഞ്ചലിനയും മാനസിക പിന്തുണയുമായി ഈ യുവാവിനൊപ്പമുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.