കണ്ണെത്തുന്നിടത്ത് മെയ്യെത്തണം, മെയ്യെത്തുന്നിടത്ത് മനമത്തെണമെന്നാണ് കളരിയിലെ അലിഖിത നിയമം. പക്ഷേ രാഹുലിന്‍റെ കാര്യത്തില്‍ ജനനവേളയില്‍ത്തന്നെ കാല്‍ പിഴച്ചു. പക്ഷേ, അതൊന്നു കൊണ്ട് ഈ കാലടിക്കാരന്‍ തളര്‍ന്നില്ല. ജന്മനാ തനിക്കു വഴങ്ങാത്ത കാല്‍പാദങ്ങള്‍ക്കൊണ്ട് തെക്കന്‍ കളരിയില്‍ രാഹുല്‍ പയറ്റ് പഠിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ദേശീയ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ രാഹുലിന്‍റെ ഉറച്ച ചുവടുകള്‍ക്കും വീശുകള്‍ക്കും മുന്നില്‍ എതിരാളികള്‍ വിയര്‍ത്തതോടെ ഞെട്ടിയത് കളരി ഗുരുക്കന്മാരായിരുന്നു.
ജന്മനാ വഴങ്ങാത്ത ഇരുപാദങ്ങള്‍ക്കും ഉടമയായ രാഹുലിന് കുട്ടിക്കാലത്ത് ഒരാളുടെ സഹായമില്ലാതെ നടക്കാനോ കളിക്കാനോ എന്തിന് അത്യാവശ്യകാര്യങ്ങള്‍ നിര്‍വഹിക്കാന്‍പോലും പാടുപെട്ട കാലമുണ്ടായിരുന്നു. സ്കൂള്‍ അസംബ്ലിക്കായി കുട്ടികള്‍ പുറത്തേക്ക് പോകുമ്പോള്‍ നില്‍ക്കാനുള്ള ബുദ്ധിമുട്ട് കാരണം ക്ലാസ് മുറിയില്‍ മാത്രം ഒതുങ്ങുന്നതായിരുന്നു രാഹുലിന്‍റെ പ്രാര്‍ഥനകളും പ്രതിജ്ഞയും. ഇടവേളകളില്‍ കൂട്ടുകാര്‍ ഗ്രൗണ്ടില്‍ കളിച്ചു മറിയുമ്പോള്‍ അധ്യാപകര്‍ക്കൊപ്പം സ്റ്റാഫ് റൂമില്‍ ഇരിക്കാനായിരുന്നു രാഹുലിന്‍റെ വിധി. കുട്ടി കളിക്കാനിറങ്ങി അപകടം പറ്റിയാല്‍ ഉത്തരം പറയേണ്ടത് അധ്യാപകരലേ. ഇതോടെ കൂട്ടുകാരുടെ കളികളും നോക്കി നിറകണ്ണുകളോടെ ഇരിക്കേണ്ടി വന്നിട്ടുണ്ട്.
എന്നാല്‍, ഇന്ന് സ്ഥിതി അതല്ല. നില്‍ക്കാനും ഓടാനും മാത്രമല്ല വേണമെന്നുവെച്ചാല്‍ ഉപദ്രവിക്കാന്‍ വരുന്നവനിട്ട് രണ്ടെണ്ണം കൊടുക്കാനുള്ള കൈവിരുതും രാഹുലിനുണ്ട്. ജന്മനായുള്ള വൈകല്യമായതുകൊണ്ട് ഇനിയൊന്നും ചെയ്യാനില്ലെന്നു പറഞ്ഞ് എട്ടാം ക്ലാസില്‍ വെച്ച് ഊന്നുവടി കൈയിലേക്ക് കൊടുത്തതാണ്. പക്ഷേ, ഊന്നുവടിക്ക് വഴങ്ങിക്കൊടുക്കാന്‍ രാഹുല്‍ തയാറായില്ല. ഈ ഘട്ടത്തിലാണ് ദൈവദൂതനെ പോലെ അമ്മയുടെ ചേച്ചിയുടെ മകനും കളരിയഭ്യാസിയുമായ വേലപ്പന്‍ ഇദ്ദേഹത്തെ തേടിയെത്തുന്നത്. കളരിയിലൂടെ സ്വന്തം കാലില്‍ നില്‍ക്കാമെന്ന ആത്മവിശ്വാസമായിരുന്നു അദ്ദേഹം രാഹുലിനും മകന്‍റെ അവസ്ഥയില്‍ കരഞ്ഞു തളര്‍ന്ന മാതാപിതാക്കള്‍ക്കും നല്‍കിയത്. ഇതോടെ കണ്ണ് മെയ്യാകുന്ന ആയോധന കലയിലേക്ക് രാഹുലും ഇറങ്ങി.
നാലുതവണ കളരിയില്‍ ദേശീയ ജേതാവായ വേലപ്പനാണ് കളരിയില്‍ ആദ്യമുറയും ആത്മവിശ്വാസവും രാഹുലിന് നല്‍കുന്നത്. തുടര്‍ന്ന് തിരുവല്ലം ട്രാവന്‍കൂര്‍ സ്കൂള്‍ ഓഫ് മാര്‍ഷല്‍ ആര്‍ട്സില്‍ ജി. രാധാകൃഷ്ണന്‍ ഗുരുക്കളുടെ കീഴിലായി അഭ്യാസം. തുടക്കത്തില്‍ പര സഹായമില്ലാതെ നില്‍ക്കാന്‍പോലും ബുദ്ധിമുട്ടിയെങ്കില്‍ മാസങ്ങള്‍ കഴിഞ്ഞതോടെ സാധാരണ അഭ്യാസികളെപ്പോലെ രാഹുലും ചുവടുകള്‍ ഒന്നായി ചെയ്തു തുടങ്ങി. ഒമ്പതു വര്‍ഷത്തിനു ശേഷം ചുവട്, കൈപ്പോര്, നടുവടി, കുറുവടി ഐറ്റങ്ങളില്‍ സാധാരണ അഭ്യാസികളെ വെല്ലുന്ന പ്രകടനമാണ് ഈ ഡി.സി.എ വിദ്യാര്‍ഥിയുടേത്. കാലടി വിളയില്‍ റോഡില്‍ ശിവകൃപയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ശിവന്‍കുട്ടിയുടെയും അജയയുടെയും മകനായ രാഹുല്‍ ഇപ്പോള്‍ പൂജപ്പുര സെന്‍റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസില്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമ വിദ്യാര്‍ഥിയാണ്. രോഹിണിയാണ് സഹോദരി.
തയാറാക്കിയത്: അനിരു അശോകന്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.