പുരുഷ കില്ലാഡിമാര്‍ അടക്കി വാണിരുന്ന കിണര്‍നിര്‍മാണം സ്ത്രീകള്‍ ഏറ്റെടുത്ത് സഫലമാക്കിയപ്പോൾ നിലയ്ക്കാത്ത നീരുറവ. കോട്ടയം ജില്ലയിലെ ചിറക്കടവ് പഞ്ചായത്തിലെ അറാം വാര്‍ഡിലാണ് 19 അംഗ വനിതാസംഘം ദേശീയ തൊഴിലുറപ്പ് പദ്ധതിപ്രകാരം കുടിവെള്ള കിണര്‍ പൂര്‍ത്തീകരിച്ചത്. 25 അടി താഴ്ചയുള്ള കിണറിന്‍റെ 20 അടിയും കുഴിച്ചത് വനിതകള്‍ തന്നെ. തുടര്‍ന്നുള്ള ഭാഗം പാറയായപ്പോള്‍ അതു പൊട്ടിച്ചു നീക്കുന്നതിനു മാത്രമാണ് പുരുഷസഹായം വേണ്ടിവന്നത്.
20 അടിവരെ മണ്ണു മാറ്റിയതും കിണറ്റിലിറങ്ങി കുഴിച്ചതും വളയിട്ട കരങ്ങള്‍ തന്നെ. മുട്ടത്തു കിഴക്കേതില്‍ ചന്ദ്രികാ രാമചന്ദ്രനും പറഞ്ഞുകാട്ടില്‍ മിനി സാബുവും കിണറ്റിലിറങ്ങി കുഴിച്ച് മണ്ണ് കോരി കുട്ടയിലാക്കി കൊടുത്തു. കരയില്‍ നിന്ന് മണ്ണു വലിച്ചു കയറ്റുകയും മറ്റ് ജോലി ചെയ്യുകയും ചെയ്തത് ഇവര്‍ക്കൊപ്പമുള്ള പുത്തന്‍വീട്ടില്‍ രമ സജി, മഴുവഞ്ചേരില്‍ റാണി വിജയകുമാര്‍, വെട്ടിയാങ്കല്‍ ജയശ്രീ ദയാല്‍, ജി ഭവനില്‍ രാധാമണി തുടങ്ങിയവരടങ്ങുന്ന സംഘമാണ്.
സമീപവാസിയും വാര്‍ഡ് മെംബറുമായ സുബിത ബിനോയിയും ഇവര്‍ക്കൊപ്പം സജീവമായിരുന്നു. ചിറക്കടവ് പൊന്നയ്ക്കല്‍കുന്ന് ഒറ്റപ്ലാക്കല്‍പ്പടിയില്‍ കൃഷ്ണപ്രിയയില്‍ പ്രസീത സന്തോഷിന്‍റെ വീട്ടുവളപ്പിലാണ് സ്ത്രീകള്‍ കിണര്‍ നിര്‍മിച്ചത്. 14 ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയ കിണറ്റില്‍ ഈ കൊടും വേനലിലും വറ്റാത്ത നീരുറവയാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.